Image

അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമർപ്പണത്തിന്റെ മുപ്പത് വർഷങ്ങൾ

അനിൽ പെണ്ണുക്കര Published on 09 March, 2020
അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമർപ്പണത്തിന്റെ മുപ്പത് വർഷങ്ങൾ
അപ്പുപിള്ളയെ അറിയാത്ത അമേരിക്കൻ മലയാളികൾ ഇല്ല .  അവർക്ക് അദ്ദേഹം  അവരുടെ സ്വന്തം മഹാബലിയാണ് .അമേരിക്കയിലെ ഓണം സാംസ്കാരിക സദസ്സിലെ മഹാബലി .അദ്ദേഹം മഹാബലിയായി വേഷമിട്ടു വന്നാൽ ഒറിജിനൽ മഹാബലി പോലും ഞെട്ടിപ്പോകും .എന്നാൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ആയാൽ മഹാബലി ഓടി തിരുവനന്തപുരത്തു വരും .പരമ ഭക്തനായിരുന്നു  മഹാബലി എങ്കിൽ അതിനേക്കാൾ വലിയ  ഭക്തനാണ് ചപ്പു ചേട്ടൻ .നാട്ടിലെത്തിയാൽ അദ്ദേഹം  സന്ദർശിക്കാത്ത ക്ഷേത്രങ്ങൾ ഇല്ല .എത്ര വലിയ തിരക്കാണെങ്കിലും എല്ലാ വർഷവും ഫെബ്രുവരി മാർച്ചു മാസങ്ങളിൽ തിരുവന്തപുരത്തെ വീട്ടിൽ ഉണ്ടാവും അപ്പു പിള്ള.ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടണം .അതിനേക്കാൾ പ്രധാനം  ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുവാനെത്തുന്ന  ഭക്തജങ്ങൾക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയും  പൊങ്കാലയിടുന്ന ഭക്തജങ്ങൾക്ക് തന്റെ വീട്ടിൽ എല്ലാ സൗകര്യവും ചെയ്തുകൊടുത്തു സന്തോഷത്തോടെ യാത്രയാക്കുകായും ചെയ്യുന്നു അപ്പുച്ചേട്ടൻ .

ഫൊക്കാനാ നാഷണൽ കമ്മിറ്റിയംഗം ,കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ സ്ഥാപക മെമ്പർ ,നായർ ബെനവലന്റ് അസോസിയേഷൻ സ്ഥാപക മെമ്പർ ,കെ എച്ച്  എൻ എ യുടെ സംഘാടകൻ ,എന്നീ നിലകളിൽ പ്രശസ്തനായ സംഘടകനാണ് അപ്പു പിള്ള.അമേരിക്കയിൽ ഒരു ഓണം ഉണ്ടെങ്കിൽ മലയാളികളുടെ പൊന്നു തമ്പുരാൻ മാവേലിയായി അപ്പു പിള്ളയുണ്ടാകും.രണ്ട് സിനിമകളുടെ നിർമ്മാതാവ് ,നടൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അപ്പു പിള്ള ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ സാധാരണ ഭക്തനാകുന്നു .

മുപ്പതു   വർഷമായി അപ്പുപിള്ളയുടെ കുടുംബം പൊങ്കാല സമർപ്പണത്തിനായി അമേരിക്കയിൽ നിന്നെത്തുന്നത്.ഭാര്യ രാജിയാണ് പൊങ്കാല ഇടുന്നതെങ്കിലും കാര്യക്കാരനായി അപ്പു പിള്ളയും ഉണ്ടാകും.ഇത്തവണ ഭാര്യ രാജി അമേരിക്കയിലാണ് . പൊങ്കാല സമർപ്പണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഭക്തജനങ്ങളെ സഹായിക്കുന്ന ദൗത്യവും ഈ കുടുംബം എല്ലാ തവണയും  ഏറ്റെടുക്കുന്നു.

ആറ്റുകാൽ ക്ഷേത്രത്തിനു അടുത്താണ് അപ്പു പിള്ളയുടെ വീട്.പൊങ്കാലയുടെ  തലേ ദിവസം തന്നെ വീടും പരിസരവും ഭക്ത ജനങ്ങളെ കൊണ്ട് നിറയും.അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും എത്തിച്ചു നൽകുക,അവരെ തൃപ്തിപ്പെടുത്തുക എന്നതിലാണ് അപ്പുച്ചേട്ടന്റെ കുടുംബത്തിന്റെ സന്തോഷം.ഇത്തവണ ഏതാണ്ട് ഇരുന്നൂറിലധികം  കുടുംബങ്ങൾ ആണ്  അപ്പു പിള്ളയുടെഅതിഥികൾ ആയി എത്തിയത്.ആറ്റുകാൽ യുവ കേസരി ക്ലബ് ചുക്കാൻ പിടിക്കുന്ന സഹായ പ്രവർത്തനങ്ങളിലും മുഖ്യ സഹായിയായി അദ്ദേഹവും കൂടി.ഇത്തവണ യുവ കേസരി ക്ലബിന്റെ പൊങ്കാല സഹായ ഹസ്തം പരിപാടികൾ  പരിപാടികളിൽ സജീവമായി ഉണ്ടായിരുന്നു  .ക്ലബ് സംഘടിപ്പിച്ച അന്നദാനത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുന്നതും അപ്പുചേട്ടനാണ് .

തന്റെ ജീവിതത്തിലെ പുണ്യ നിമിഷങ്ങളിൽ ഒന്നാണ് ആറ്റുകാൽ പൊങ്കാല എന്ന് അപ്പു പിള്ള ഈ - മലയാളിയോട് പറഞ്ഞു .
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ പൊങ്കാല വഴിപാട് നടന്നു വരുന്നതാണ് . കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ ആളുകളുടെ എണ്ണം കൂടി .തിരുവനതപുരം നഗരവും പരിസര പ്രദേശങ്ങളിലെല്ലാം പൊങ്കാല സമർപ്പണം നടക്കുന്നു.

പൊങ്കാല മഹോത്സവം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് പൊങ്കാല നൈവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹപുണ്യം നേടാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തുന്നത്.അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നാട്ടുകാർ ചെയ്തു കൊടുക്കും.അത് അമ്മയ്ക്ക് ഞങ്ങൾ തിരുവന്തപുരത്തുകാർ നൽകുന്ന ആത്മ സമർപ്പണം കൂടിയാണ് .

പൃഥ്വി, ആപം, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലം-പൃഥ്വി, ജലം-ആപം, സൂര്യപ്രകാശം-അഗ്നി, തേജസ്സ്, കാറ്റ്-വായു, തുറന്ന അന്തരീക്ഷം-ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം.

ഓരോ പൊങ്കാല കഴിയുമ്പോളും മായാതെ ഈ ദൃശ്യം എപ്പോളും മനസ്സിൽ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ജോലി ആയിരുന്ന അപ്പു പിള്ള ഇപ്പോൾ റിട്ടയർമെന്റിനു ശേഷം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുകയാണ്.

എന്തെല്ലാം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തലും പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന ആത്‌മീയ നിർവൃതി  ഒന്ന് വേറെ തന്നെയാണെന്ന് അപ്പു പിള്ള പറഞ്ഞു .ഇത്തവണ കൊറോണ വൈറസ് ഭീതിയിലാണ്ടിയിരുന്നു പൊങ്കാല നടന്നതെങ്കിലും ആരോഗ്യ വകുപ്പിന്റെയും ,സംഘാടകരുടെയും ആത്മാർത്ഥമായ പ്രവർത്തനം മൂലം ഭംഗിയായി ആറ്റുകാൽ പൊങ്കാല നടന്നുവെന്നും അദ്ദേഹം പറഞ്ഞു
അപ്പു പിള്ളയ്ക്ക് ജന്മ സുകൃതം ; പൊങ്കാല സമർപ്പണത്തിന്റെ മുപ്പത് വർഷങ്ങൾ
Join WhatsApp News
VJ Kumr 2020-03-10 15:01:46
Vijay, NY: അപ്പുകുട്ടൻ പിള്ളക്ക് എല്ലാവിധത്തിലുള്ള ആശംസകൾ , ദൈവം താങ്കളെ അനുഗ്രഹിച്ചോണ്ടിരിക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക