Image

ബാബരി ധ്വംസനം: നീതി എപ്പോള്‍ ?

കുല്‍ദീപ് നയാര്‍ Published on 20 May, 2012
ബാബരി ധ്വംസനം: നീതി എപ്പോള്‍ ?
ഇന്ത്യയുടെ മതേതര പൈതൃകത്തിന് ഏറ്റവും മാരകമായ ക്ഷതമേല്‍പിച്ച സംഭവമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 20 വര്‍ഷം മുമ്പ് അരങ്ങേറിയ പ്രസ്തുത സംഹാരക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴിതാ വീണ്ടും നമ്മുടെ ചര്‍ച്ചാവേദികളെ മുഖരിതമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ദുര്‍ബല ഭരണകര്‍ത്താക്കളും വഴിവിട്ട നിഗൂഢ നീക്കുപോക്കുകളും മൂലം ഇത്തരം ഗൗരവപ്രശ്നങ്ങള്‍ പല സന്ദര്‍ഭത്തിലും രംഗവേദികളില്‍ ഉയരാതെ അണിയറകളില്‍ താഴ്ന്നൊടുങ്ങിപ്പോകാറുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ആന്തരികമായ കരുത്തുമൂലമാകാം ബാബരി വിഷയത്തെ വെറുതെയങ്ങ് തമസ്കരിക്കാന്‍ ആരും ധൈര്യപ്പെടില്ല. നിയമവാഴ്ചയുടെയും ധാര്‍മികതയുടെയും കടുത്ത ലംഘനമായിരുന്നു പള്ളി തകര്‍ക്കല്‍ നടപടി. വിസ്മൃതിയുടെ പൊടിമൂടാതെ ബാബരി ധ്വംസനപ്രശ്നം ഇനിയും ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാകും.
ബാബരി പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി പദ്ധതി നടപ്പാക്കിയ രണ്ട് പ്രധാനികള്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമായിരുന്നുവെന്ന് സി.ബി.ഐ നടത്തിയ അന്വേഷണം കണ്ടെത്തിയിരിക്കുന്നു. ഇരുവരും കുറ്റക്കാരാണെന്ന റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായതിനാല്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ സി.ബി.ഐക്കെതിരെ ചിലര്‍ സംശയത്തിന്റെ പുരികക്കൊടി ഉയര്‍ത്താറുണ്ട്. എന്നാല്‍, ബാബരി ധ്വംസനകേസില്‍ കുറ്റമറ്റ അന്വേഷണമാണ് സി.ബി.ഐ നടത്തിയത്. അതിനാല്‍, ആ റിപ്പോര്‍ട്ടിനെ ചവറുപോലെ തള്ളിക്കളയാന്‍ വയ്യ.
മസ്ജിദ് തച്ചുടച്ച സംഭവം നിസ്സാരരീതിയില്‍ നിര്‍വഹിക്കപ്പെട്ട പദ്ധതിയായിരുന്നില്ല. കര്‍സേവകര്‍ അങ്ങേയറ്റം അവഹേളനപരമായി പള്ളിക്കുമുകളില്‍ കയറി വടങ്ങളും പണിയായുധങ്ങളുമായി മസ്ജിദ് പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ വഴി ദേശവ്യാപകമായി സംപ്രേഷണം ചെയ്യുകയുണ്ടായി. പള്ളിയുടെ അവസാന ഇഷ്ടികയും നീക്കിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി നേതാക്കള്‍ പ്രകടിപ്പിച്ച ആഹ്ലാദാരവങ്ങള്‍ നമ്മുടെ സ്മൃതിപഥങ്ങളില്‍ മായാതെ ശേഷിക്കുന്നുണ്ട്. സന്യാസിനിയായ ഉമാഭാരതി മുരളീമനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചായിരുന്നു ആഹ്ലാദാവേശം പങ്കിട്ടത്. ഇന്ത്യയുടെ ബഹുസ്വര സമീപനത്തിന്റെ സാക്ഷ്യമായി നൂറ്റാണ്ടുകളായി നിലകൊണ്ട ബാബരി മസ്ജിദ് നിലംപൊത്തിയപ്പോള്‍ സംഹാരകര്‍ നടത്തിയ ആഘോഷനൃത്തങ്ങളും നാം വിസ്മരിച്ചിട്ടുണ്ടാകില്ല.
ബാബരി പള്ളി തകര്‍ക്കപ്പെട്ടതിലല്ല ബി.ജെ.പി നേതാക്കള്‍ പരിഭവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുത്ത സമയം ഉചിതമായില്ല എന്നതിലാണ് അവര്‍ക്ക് പരാതി. ഭരണകക്ഷിയിലെ ഏതാനും അംഗങ്ങളുടെ സമ്മര്‍ദമാണ് റിപ്പോര്‍ട്ട് ഈ സന്ദര്‍ഭത്തില്‍ പുറത്തുവരാന്‍ ഇടയാക്കിയതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ട് തയാറാക്കപ്പെടുന്ന ഘട്ടം ഏതാകട്ടെ, അതൊരു നിലക്കും മസ്ജിദ് ധ്വംസനം എന്ന ക്രിമിനല്‍ കുറ്റത്തിന്റെ ഗൗരവത്തെ ഒട്ടും ചോര്‍ത്തുന്നില്ല എന്നതാണ് സത്യം. അദ്വാനിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചന കോടതികളില്‍ തെളിയിക്കപ്പെടാനോ തെളിയിക്കപ്പെടാതിരിക്കാനോ സാധ്യതയുണ്ട്. എന്നാല്‍, അതല്ല സമകാലിക പ്രശ്നം. പള്ളി തകര്‍ത്തതിന്റെ പാപക്കറ യഥാര്‍ഥത്തില്‍ ആരുടെ കരങ്ങളിലാണ് പുരണ്ടിരിക്കുന്നത്? അഥവാ യഥാര്‍ഥ കുറ്റവാളികള്‍ ആര് എന്നതാണ് പ്രധാന പ്രശ്നം. യഥാര്‍ഥ പ്രശ്നങ്ങളെ വക്രീകരിക്കാനാണ് ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ഊര്‍ജിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗൂഢാലോചന തെളിയിക്കപ്പെടട്ടെ അല്ലാതിരിക്കട്ടെ, മസ്ജിദ് തകര്‍ക്കപ്പെട്ടു എന്ന യാഥാര്‍ഥ്യം യാഥാര്‍ഥ്യമായിത്തന്നെ നിലനില്‍ക്കും. പള്ളി നിലംപരിശായപ്പോള്‍ ബി.ജെ.പി നേതാക്കളുടെ വദനങ്ങളില്‍ കളിയാടിയ ആഹ്ലാദപ്രഭയുടെ ദൃശ്യങ്ങള്‍ കാമറയില്‍നിന്ന് മാഞ്ഞുപോകാനുമിടയില്ല. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി അദ്വാനി നടത്തിയ രഥയാത്ര യഥാര്‍ഥത്തില്‍ ധ്വംസനത്തിനുവേണ്ടിയുള്ള കളവും അന്തരീക്ഷവും ഒരുക്കാന്‍വേണ്ടി മാത്രമായിരുന്നു എന്ന സത്യം പകല്‍വെളിച്ചംപോലെ വ്യക്തം. പ്രസ്തുത യാത്രയിലൂടെ ഇന്ത്യന്‍ ജനത മുമ്പില്ലാത്തവിധം ധ്രുവീകരിക്കപ്പെട്ടു. ധ്വംസനാനന്തരം മുസ്ലിംകള്‍ കുരുതികഴിക്കപ്പെട്ട സംഭവങ്ങള്‍ ഈ ധ്രുവീകരണത്തിന്റെ പരിണതിയായിരുന്നു.
വിഭജനം ഏല്‍പിച്ച വ്രണങ്ങളില്‍നിന്ന് മുക്തി നേടി, പതുക്കെ മുഖ്യധാരയില്‍ ലയിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ മുസ്ലിംകളെ മസ്ജിദ് ധ്വംസനം വീണ്ടും സംശയാലുക്കളാക്കി. ഉപഭൂഖണ്ഡം വിഭജിച്ച് പാകിസ്താന്‍ രൂപവത്കരിച്ചത് തെറ്റായിരുന്നില്ല എന്ന ചിന്തപോലും പലരിലും അങ്കുരിക്കാന്‍ തുടങ്ങി. ഇന്ത്യ മുസ്ലിംകള്‍ക്ക് സുരക്ഷിതമല്ലെന്ന ആശങ്ക ശക്തിപ്പെട്ടു. മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു മുസ്ലിം നേതാവിന് ഇവ്വിധം പ്രതികരിക്കേണ്ടി വന്നു. 'ഇന്ത്യക്കാര്‍ക്കിടയില്‍ ഞാന്‍ മുസ്ലിമാണെന്ന ബോധം ഇതാദ്യമായി എന്റെ മനസ്സിലേക്ക് കടന്നുവന്നിരിക്കുന്നു' എന്നായിരുന്നു ആ പ്രതികരണം.
വോട്ടുബാങ്കുകള്‍ ഭദ്രമാക്കുന്നതിലും ഹിന്ദുത്വ ചിന്ത പുനരുജ്ജീവിപ്പിക്കുന്നതിലും ബി.ജെ.പി വിജയംവരിച്ചിട്ടുണ്ടാകാം. എന്നാല്‍, ഏതാനും പാര്‍ലമെന്റ് സീറ്റുകളോ അധികാരമോ നേടാനായി ഇന്ത്യയുടെ മതേതരത്വത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് ആ പാര്‍ട്ടി കളഞ്ഞുകുളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിന് അത് ഏല്‍പിച്ച ആഘാതത്തിന്റെ വ്യാപ്തി ഗ്രഹിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കിലും സാധാരണക്കാരന് സാധിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സാധിച്ചേനേ. എന്നാല്‍, സി.ബി.ഐ റിപ്പോര്‍ട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങാനാണ് സാധ്യത. കാരണം, ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള ഇച്ഛാശക്തി മന്‍മോഹന്‍ ഗവണ്‍മെന്റിനില്ല. ഇതിനു സമാനമായി 2002ല്‍ ഗുജറാത്തില്‍ മുസ്ലിംകുരുതി നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി നരേന്ദ്ര മോഡിയും നിയമങ്ങള്‍ക്കു പിടികൊടുക്കാതെ രക്ഷപ്പെടാനാണ് സാധ്യത. സുപ്രീംകോടതി നിയമിച്ച പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) അങ്ങോരെ പൂര്‍ണ കുറ്റമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കിയിരിക്കുന്നത്.
ബാബരി ധ്വംസനത്തില്‍ അദ്വാനിക്കും ജോഷിക്കുമുള്ള പങ്ക് വെളിപ്പെട്ടതുപോലെ, മോഡിക്ക് ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എസ്.ഐ.ടിയെ പ്രേരിപ്പിച്ച ഘടകങ്ങളും ഒരുനാള്‍ പുറത്തുവരാതിരിക്കില്ല.
എസ്.ഐ.ടിയുടെ ചില പ്രധാന നിഗമനങ്ങളെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയാറാക്കിയിരിക്കുന്നത്. ഗോധ്ര സംഭവത്തിനു തൊട്ടുപിറകെ നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ യോഗത്തില്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് ഹാജരായിരുന്നില്ല എന്നാണ് എസ്.ഐ.ടിയുടെ വാദം. ഗോധ്രക്ക് മുസ്ലിംകളോട് പകരംവീട്ടാന്‍ ഹിന്ദുക്കള്‍ക്ക് ആയുധം നല്‍കാന്‍ അനുവദിക്കുമെന്ന് മോഡി ഈ യോഗത്തിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പ്രസ്തുത യോഗത്തില്‍ തന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് വസ്തുത ഭട്ട് സത്യവാങ്മൂലത്തിലൂടെ ഉറപ്പിച്ചുപറഞ്ഞതായി അമിക്കസ് ക്യൂറി രാജു ചൂണ്ടിക്കാട്ടുന്നു.
മോഡിക്കെതിരായ കേസ് തുടരാന്‍ നിരവധി തെളിവുകള്‍ ഉണ്ടെന്ന രാജുവിന്റെ വാദവും പരിഗണിക്കപ്പെട്ടില്ല. അമിക്കസ് ക്യൂറിയെ നിയമിച്ചതും സുപ്രീംകോടതിയാണെന്ന കാര്യം ഓര്‍മിക്കുക. അദ്ദേഹം നല്‍കിയ സൂചനകള്‍ പരിഗണിക്കാതെ മോഡിയുടെ കേസ്ഫയല്‍ തിടുക്കപ്പെട്ട് കേ്ളാസ് ചെയ്യുകയാണുണ്ടായത്.
ബാബരി പള്ളി തച്ചുടച്ചതിന്റെയും ഗുജറാത്തില്‍ ക്രൂരമായ മനുഷ്യക്കുരുതി നടത്തിയതിന്റെയും പാപപങ്കിലത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ തിരോഭവിക്കില്ലെന്ന വസ്തുത ബി.ജെ.പി മനസ്സിലാക്കുന്നത് നന്നായിരിക്കും. സംവരണങ്ങള്‍കൊണ്ടുമാത്രം മുസ്ലിംകളുടെ വിശ്വാസംനേടാന്‍ സാധിക്കില്ല. നീതി ലഭ്യമാക്കുമെന്ന ഉറപ്പാണ് രാഷ്ട്രം മുസ്ലിംകള്‍ക്ക് നല്‍കേണ്ടത്. ചുരുങ്ങിയപക്ഷം സ്വന്തം വിശ്വാസ്യതയുടെ രക്ഷക്കുവേണ്ടിയെങ്കിലും ഈ ദൗത്യം നിര്‍വഹിക്കേണ്ടത് ബഹുസ്വര സമൂഹത്തിന്റെ കര്‍ത്തവ്യമാകുന്നു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക