Image

പൂഴ്ത്തിവയ്പ് ( കഥ : സൂസൻ പാലാത്ര )

Published on 11 March, 2020
പൂഴ്ത്തിവയ്പ് ( കഥ : സൂസൻ പാലാത്ര )


        

കൊറോണ വൈറസിനെക്കുറിച്ചും അതു തടയേണ്ടത് എപ്രകാരമാണെന്നുമുള്ള ചർച്ച ചാനലുകളിൽ നിറഞ്ഞു നില്ക്കുന്നു.  എല്ലാവരും കൂടെക്കൂടെ സാനിറ്റൈസർ കൊണ്ട് കൈതുടയ്ക്കുക, യാത്രകളിൽ ഫെയ്സ് മാസ്കുകൾ ധരിക്കുക. 

       ബിജുവിനും തന്റെ ഭാര്യ ഓമനയ്ക്കും,  സിറ്റിയിൽ നന്നായി നടക്കുന്ന ഒരു മെഡിക്കൽ ഷോപ്പുണ്ട്.

      നാട്ടിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത അതിവേഗം നാട്ടിലെങ്ങും പാട്ടായി. ഉച്ചയൂണു  കഴിക്കാൻ വീട്ടിൽ പോയ ബിജു ഓമനയെ വിളിച്ചു പറഞ്ഞു:  " എടീ ഇനി ഞാൻ പറയുന്നതു വരെ ഹാൻഡ് സാനിറ്റൈസറോ, ഫെയ്സ് മാസ്കോ വില്ക്കരുത്, സ്റ്റോക്ക് എല്ലാം എടുത്തു പൂഴ്ത്തിവയ്ക്ക്"

 " ബിജുവേട്ടാ ഇപ്പോൾ നല്ല ചെലവാണ്, ഒന്നോ രണ്ടോ രൂപ കൂട്ടിയിട്ടങ്ങു  വില്ക്കാം, തീരുമ്പോൾ വേറെ വാങ്ങി വയ്ക്കാമെന്നേ"

" എടീ പൊട്ടി നിമിഷ വേഗത്തിലാണ് രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം നിർമ്മിച്ചു കൊണ്ടിരുന്ന ചൈനയിൽ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ നമുക്കു് 
 ഇപ്പോൾ ആറു രൂപയ്ക്കു വില്ക്കുന്ന മാസ്ക്കുകൾ പതിനഞ്ചു രൂപയ്ക്കു പിന്നീട് വില്ക്കാം, എല്ലാ ഷോപ്പുകാരും വില്പന നിർത്തി പൂഴ്ത്തിവച്ചിരിക്കുകയാ"

     ബിജു കിട്ടാവുന്നിടത്തു നിന്നെല്ലാം സാനിറ്റൈസറും മാസ്ക്കും സംഭരിച്ചു.

      അലച്ചിലിനിടയിൽ ശരിയായ ഭക്ഷണം  കിട്ടാഞ്ഞ ബിജു ഒന്നു രണ്ടു ഹോട്ടലുകളിൽ നിന്നാണ് അത്യാവശ്യത്തിന് ഭക്ഷണം കഴിച്ചത്. 

        ഇതെന്താ ഇങ്ങനെ തുമ്മുന്നത്? തലവേദനയും പനിയും കലശലാണ്. ശ്വാസം മുട്ടുന്നു. ആകെ അങ്കലാപ്പായി. 

       അടുത്തുള്ള ഡോക്ടറെ കാണിച്ചു. കോവിഡ് ആയിരിക്കുമോ? വിദഗ്ദ്ധ പരിശോധന വേണം. മെഡിക്കൽ കോളജിൽ അഭയം തേടി. രോഗം സ്ഥിരീകരിച്ചു. ഐസലേഷനിലായി. പൂഴ്ത്തിവയ്ക്കാൻ സാധനങ്ങൾ സംഭരിക്കുന്ന യാത്രക്കിടയിൽ കടന്നു കൂടിയ വൈറസുകൾ ബിജുവിന്റെ ശ്വാസകോശം ഭീകരാവസ്ഥയിലാക്കി.

      ബിജു നെഞ്ചു പൊട്ടി കരഞ്ഞു. " എടീ ഓമനേ ആ സാനിറ്ററൈസറും മാസ്ക്കുകളുമൊന്നും ഇനിയും സൂക്ഷിച്ചു വച്ചോണ്ടിരിക്കണ്ട അതു പഴയ വിലയ്ക്ക് വിറ്റുതീർക്ക്,  നെഞ്ചിനകത്തെ വിമ്മിട്ടം ഭയങ്കരമാടീ, ശ്വാസംമുട്ടൽ സഹിക്കാൻമേല, ഞാനിപ്പം മരിച്ചു പോകുമേ" 

susan palathra   ph:  91 90742 70983
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക