Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 74: ജയന്‍ വര്‍ഗീസ്)

Published on 11 March, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 74: ജയന്‍ വര്‍ഗീസ്)
മകളുടെ ഇളയ കുട്ടി സച്ചിന്റെ മാമോദീസായും, വീടിന്റെ കയറിക്കൂടാലും ഒരു ദിവസമാണ് നടത്തിയത്. അതിനായി ഞങ്ങള്‍ എല്ലാവരും നാട്ടില്‍ പോയിരുന്നു. ഡല്‍ഹിയില്‍ നിന്ന് റോയിയും കുടുംബവും, കൊച്ചപ്പന്റെ മക്കളും, കുടുംബവും അത്യാവശ്യം അടുത്ത സുഹൃത്തുക്കളും ഒക്കെക്കൂടി ചെറിയൊരു സദ്യവട്ടത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു. പണിക്കാര്‍ക്ക് എല്ലാവര്‍ക്കും ചെറിയ തുകകളും വസ്ത്രങ്ങളും കൊടുത്തു. ഇതിനേക്കാളൊക്കെ അവര്‍ക്കു വേണ്ടത് മദ്യമാണ് എന്ന് നേരത്തെ ബേബിയെ അറിയിച്ചിരുന്നതിനാല്‍ അതും ഏര്‍പ്പാട് ചെയ്തിരുന്നു. എല്ലാ പണിക്കാരും സന്തോഷിച്ചു കൂവി കൂത്താടിയാണ് അന്ന് വീടുകളില്‍ എത്തിയത്.

ബേബിയുടെ മകള്‍ സ്വപ്‌നയെ വിവാഹം ചെയ്തിരുന്നത് ഷിനോജ് ജോസഫ് എന്ന പുരോഹിതന്‍ ആയിരുന്നു. കോതമംഗലം മാര്‍ തോമാ ചെറിയ പള്ളി വികാരിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഇദ്ദേഹമാണ് മാമോദീസായുടെയും, വീട് കൂദാശയുടെയും ആത്മീക ചടങ്ങുകള്‍ നിര്‍വഹിച്ചത്. ഒരു പുരോഹിതനില്‍ ഉണ്ടായിരിക്കണം എന്ന് കരുതപ്പെടുന്ന എല്ലാ നല്ല ക്വളിറ്റികളുടേയും വിള നിലമായിരുന്ന ഈ യുവ വൈദികന്‍ എന്നെയും പിതൃ തുല്യനായിക്കണ്ട് ബഹുമാനിച്ചിരുന്നു.

വീട്ടിലെ ഓരോ മുറികളും കുടുംബത്തിലെ അംഗങ്ങള്‍ക്കായി പറഞ്ഞു നിശ്ചയപ്പെടുത്തിയിരുന്നു. താഴത്തെ മൂന്നു ബെഡ് റൂമുകളില്‍ ഒന്ന് അപ്പനമ്മമാര്‍ക്കും, രണ്ടാമത്തേത് ബേബി ഫാമിലിക്കും, മൂന്നാമത്തേത് ഞങ്ങള്‍ക്കുമായി തീരുമാനിച്ചിരുന്നു. മുകളിലെ രണ്ടു ബെഡ് റൂമുകളില്‍ ഒന്ന് റോയി ഫാമിലിക്കും, രണ്ടാമത്തേത് അപ്പപ്പോള്‍ ആവശ്യം വരുന്ന മുറക്കും ഉപയോഗിക്കാനായിരുന്നു തീരുമാനം. കൂടാതെ മുകളിലത്തെ ലിവിങ് റൂം ആവശ്യം വന്നാല്‍ ഒന്നോ,  രണ്ടോ പേര്‍ക്ക് ഉപയോഗിക്കാനും പാകത്തിന് എല്ലാ മുറികളിലും ആവശ്യത്തിനുള്ള ഫര്‍ണീച്ചര്‍ ഒക്കെ വാങ്ങി നിറച്ച് എല്ലാ സൗകര്യങ്ങളും ഉള്ള വീട് അപ്പനെയും, ബേബിയേയും ഏല്‍പ്പിച്ചു മടങ്ങിപ്പോന്നു. ഡല്‍ഹിയില്‍ നിന്ന് റോയി കണ്ടെത്തിയ മാരുതി സുസുക്കിയുടെ  ' സെന്‍ ' വിഭാഗത്തിലുള്ള ഒരു യൂസ്ഡ് കാര്‍ കൂടി വാങ്ങിച്ച് കുടുംബത്തിന് ഏല്‍പ്പിച്ചു കൊടുത്തു. ബേബിയുടെ ആണ്‍മക്കള്‍ സുനിലും, ബിനിലും വീട്ടിലുള്ളപ്പോള്‍ അവരാണ് കാര്‍ െ്രെഡവ് ചെയ്തിരുന്നത്.

നാടിനെക്കുറിച്ചുള്ള സ്മരണകളില്‍ അഭിമാനം നുരയിടുന്ന ഒരു കാലഘട്ടമായിരുന്നു അത്. അനന്തമായ കടല്‍പ്പരപ്പില്‍ അപകടകരമായ പത്തേമാരികളില്‍ അറബിപ്പൊന്ന് തേടപ്പോയ  ആദ്യ പ്രവാസി മുതല്‍, ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള കാണാമറയത്തെ വളക്കൂറുള്ള മണ്ണില്‍ സ്വന്തം സ്വപ്‌നങ്ങള്‍ വിതച്ചു വിളവെടുക്കുന്ന ഏതൊരു പ്രവാസിക്കും തന്റെ വേരുകള്‍ ആഴ്ന്നു നില്‍ക്കുന്ന സ്വന്തം  മണ്ണില്‍ ചേക്കേറാന്‍ ഒരു ചില്ല ഉണ്ടാവുന്‌പോള്‍ അത് നല്‍കുന്ന സന്തോഷവും, സംതൃപ്തിയും വാക്കുകളില്‍ വരച്ചു ചേര്‍ക്കാന്‍ കഴിക്കുന്നതിനേക്കാള്‍ വലുതാണ്, എന്ന് തിരിച്ചറിവ് ലഭിച്ച ദിവസങ്ങളായിരുന്നു അതിന്റെ ഇതളുകള്‍.

എന്റെ അനുജന്‍ ജോര്‍ജിന്റെ മകന്‍ അനീഷ് വിവാഹിതനാവുകയും, ലണ്ടനില്‍ എത്തുകയും ചെയ്തു. പണ്ട് ചാത്തമറ്റം സ്കൂളില്‍ പഠിക്കുന്‌പോള്‍ പരിചയപ്പെടുകയും, കൗമാര സ്വപ്നങ്ങളില്‍ പ്രണയം മുള പൊട്ടുകയും ചെയ്തിരുന്ന നാട്ടുകാരിയായ ജിഷ എന്നൊരു പെണ്‍കുട്ടിയായിരുന്നു വധു.  പാട്ടും, കഥാപ്രസംഗവും ഒക്കെയായി നടന്നിരുന്ന അനീഷിനോട് ജിഷക്കുണ്ടായിരുന്ന ആരാധന അവള്‍ പഠിച്ചു നേഴ്‌സായി ലണ്ടനില്‍ ജീവിക്കുന്‌പോളും സജീവമായിരുന്നു.

കച്ചവടവല്‍ക്കരിക്കപ്പെട്ട ന്യൂജെന്‍ വിവാഹ മാര്‍ക്കറ്റില്‍ നിന്ന് അനീഷിനെക്കാള്‍ ( കച്ചവടപരമായി ) എത്രയോ ഉയര്‍ന്ന ഒരു വരനെ കച്ചവടം ഉറപ്പിക്കുവാന്‍ ജിഷക്ക് സാധിക്കുമായിരുന്നിട്ടും, അവളുടെ വീട്ടുകാരുടെ സന്പൂര്‍ണ്ണ അമ്മര്‍ദ്ദം അതിന്മേല്‍ ഉണ്ടായിരുന്നിട്ടും, ലണ്ടനില്‍ നിന്ന് പറന്നെത്തിയ അവള്‍ അനീഷിനെത്തന്നെ മതിയെന്ന ഉറച്ച തീരുമാനത്തില്‍ ആ വിവാഹം നടക്കുകയായിരുന്നു.  ( അനീഷിന്റെ വിവാഹത്തിന് നാട്ടില്‍ പോയിരുന്ന എല്‍ദോസ് ഷോപ്പിംഗിനിടയില്‍ എറണാകുളത്തെ റോഡില്‍ തല കറങ്ങി വീഴുകയും, വിവരം അറിഞ്ഞ ഞങ്ങള്‍ രണ്ടു ദിവസത്തോളം തീയില്‍ ചവിട്ടി നില്‍ക്കുന്ന ഒരവസ്ഥയില്‍ ഇവിടെ ജീവിക്കുകയും ചെയ്തുവെങ്കിലും, ദൈവ കൃപയാല്‍ സുരക്ഷിതനായി അവന്‍ തിരിച്ചെത്തി.) 

ആദര്‍ശാധിഷ്ഠിതവും, മൂല്യാവബോധമുള്ളതുമായ ഒരു ദാന്പത്യ ജീവിതമാണ്  അനീഷും,ജിഷയും നയിച്ചിരുന്നത്. അവര്‍ക്കുണ്ടായ മൂന്നു പെണ്‍കുട്ടികള്‍ക്ക് സാറാ, മറിയാ, അന്നാ എന്നിങ്ങനെയാണ്  പേരുകള്‍ ഇട്ടിരുന്നത് എന്നത് കൊണ്ട് തന്നെ അവരുടെ ചിന്താ ലാളിത്യം ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു. പൊതുവേ ദരിദ്രരായിരുന്ന അവരുടെ വീട്ടുകാരെ അവര്‍ ഒരു പോലെ സ്‌നേഹിക്കുകയും, അകമഴിഞ്ഞു സഹായിക്കുകയും, ചെയ്തു കൊണ്ടിരുന്നു.

ലണ്ടനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന  ജോലികള്‍ വഹിച്ചിരുന്ന  അവരുടെ സാന്പത്തിക നില ഭദ്രമായിരുന്നിട്ടും, ലണ്ടനിലെ കലാ  സാംസ്കാരിക രംഗങ്ങളില്‍ അവര്‍ വളരെ സജീവമായിരുന്നിട്ടും, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഇതിനായി അവര്‍ നാട്ടില്‍ പതിനഞ്ചേക്കറോളം ഭൂമി പല സ്ഥലങ്ങളിലായി വാങ്ങി റബര്‍ ഉള്‍പ്പടെയുള്ള കൃഷികള്‍ ആരംഭിക്കുകയും, കൃഷിയില്‍ നിന്നുള്ള ആദായം എടുക്കുവാന്‍ രണ്ടു വീട്ടുകാരെയും ഒരു പോലെ അനുവദിക്കുകയും ചെയ്തിരുന്നു. ( ഇതിനിടയില്‍ അനീഷിന്റെ ലണ്ടനിലെ വീട്ടില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തുകയും ഒരു പഴയകാല സബ് മറൈന്‍ ഉള്‍പ്പടെ ലണ്ടനിലെ പല കാഴ്ചകളും കാണുകയുമുണ്ടായി. അനീഷ് കുടുംബം ഒരാഴ്ച ഞങ്ങളോടൊപ്പവും വന്നു താമസിക്കുകയും, ന്യൂ യോര്‍ക്ക് കാഴ്ചകള്‍ കുറച്ചൊക്കെ കാണുകയും ചെയ്തു മടങ്ങി. )

എന്റെ ഏറ്റവും പ്രിയപ്പെട്ട മില്‍ട്ടണ്‍ റിട്ടയര്‍മെന്റ് എടുക്കുകയാണെന്നു എന്നോട് പറഞ്ഞു. ' അങ്ങേയ്ക്ക് ആരോഗ്യക്കുറവ് ഒന്നും ഇല്ലാത്തത് കൊണ്ട് ആവുന്നിടത്തോളം തുടരുകയാണ് വേണ്ടാത് 'എന്നു ഞാന്‍ പറഞ്ഞു. '  തനിക്കും അങ്ങിനെയായിരുന്നു ആഗ്രഹം എന്നും, അത് കൊണ്ടാണ് ഇത്രയും കാലം നിന്നത് എന്നും, ( മില്‍ട്ടന് റിട്ടയര്‍മെന്റ് പ്രായം എന്നേ തികഞ്ഞിരുന്നു. ) തന്റെ പിന്നിലുള്ള ചിലര്‍ക്ക് താന്‍ അവരുടെ വഴി മുടക്കി നില്‍ക്കുകയാണെന്ന ഒരു തോന്നല്‍ ഉള്ളതായി തനിക്കു ബോധ്യപ്പെട്ടുവെന്നും, അത് കൊണ്ടാണ് പെട്ടെന്ന് തീരുമാനം എടുത്തതെന്നും ' അദ്ദേഹം വിശദീകരിച്ചു.

മില്‍ട്ടണ്‍ എന്റെ ബോസും, സുഹൃത്തും, സഹായിയും ഒക്കെയായിരുന്നു. ജന്മ ദേശമായ ഹെയ്റ്റിയില്‍ മില്‍ട്ടണ്‍ പണിയിച്ച വലിയ വീട്ടിലേക്കുള്ള ഉപകരണങ്ങളും, ഫര്‍ണീച്ചറുകളും എല്ലാം ഇവിടെ നിന്ന് വാങ്ങിയാണ് അയച്ചിരുന്നത്. ജോലി സംബന്ധമായും, മറ്റു കാരണങ്ങളാലും മറ്റു സ്‌റ്റേറ്റുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ അവരുടെ വിലയേറിയ വസ്തുക്കള്‍ ഇവിടെ വിറ്റിട്ടു പോകും. അത്തരം സാധനങ്ങളാണ് മില്‍ട്ടണ്‍ കണ്ടെത്തി നിസ്സാര വിലക്ക് വാങ്ങിയിരുന്നത്. ഇത് കാണാന്‍ പോകാനും, പിക് ചെയ്ത് കൊണ്ട് വരുന്നത്തിനും, പാക്ക് ചെയ്ത് ഷിപ്പിംഗിനും എല്ലാം മില്‍ട്ടന്റെ നിഴല്‍ പോലെ എപ്പോഴും ഞാനുമുണ്ടായിരുന്നു കൂടെ. ( പില്‍ക്കാലത്ത് ഹെറ്റിയില്‍ സംഭവിച്ച ഭീകരമായ ഭൂകന്പത്തില്‍ മില്‍ട്ടന്റെ വീട് തകര്‍ന്നടിഞ്ഞതായി ഞാനറിഞ്ഞു.)

റിട്ടയര്‍ മെന്റിനു ശേഷവും മില്‍ട്ടണ്‍ എന്ന വിളിക്കുകയും, രണ്ടോ മൂന്നോ തവണ എന്റെ  വീട്ടില്‍ വരികയും ചെയ്തിരുന്നു. മില്‍ട്ടന് എന്തെങ്കിലും ബില്‍ഡിംഗ് മെറ്റീരിയല്‍  വാങ്ങാനുണ്ടെങ്കില്‍ എന്നെയും കൂട്ടി പല സ്‌റ്റോറുകളില്‍ കറങ്ങിയിട്ടാണ് വാങ്ങുക. ഇതിനിടയില്‍ ചൈനീസ്, ഇറ്റാലിയന്‍ ബഫേകളില്‍ നിന്ന് സമൃദ്ധമായി ഭക്ഷണം കഴിക്കാന്‍  കൂടി വേണ്ടിയായിരുന്നു  പ്രധാനമായും ഈ കറക്കം.

അങ്ങിനെ മില്‍ട്ടണ്‍ പോയി. അതി സാഹസികനും, ആരെയും കൂസാത്ത തന്റേടിയും എന്നെ പിതൃ നിര്‍വിശേഷം സ്‌നേഹിച്ചിരുന്നവനുമായ ആ വലിയ മനുഷ്യന്‍ ജോലി അവസ്സാനിപ്പിക്കുന്‌പോള്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് കെയര്‍ സെന്റര്‍ അസ്ഥിവാരം ഇടുന്‌പോള്‍ അത് നിയന്ത്രിച്ചിരുന്ന എന്‍ജിനീയര്‍ ആണ് സര്‍വീസ് അവസാനിപ്പിച്ചു മടങ്ങിയത്. മെയിന്റനന്‍സ് എന്‍ജിനീയറിങ്ങിന്റെ എല്ലാ ടെക്‌നിക്കുകളൂം ഞാനുള്‍പ്പടെയുള്ള ഞങ്ങളുടെ ടീമിനെ പറഞ്ഞു കൊടുത്തും, കാണിച്ചു കൊടുത്തും പരിധീലിപ്പിച്ചെടുത്തത് ഇദ്ദേഹമായിരുന്നു.

ഒരു ഞായറാഴ്ച ഒറ്റക്ക് ഞാന്‍ മെയിന്റനന്‍സ് ഓഫീസില്‍ ഇരിക്കുകയായിരുന്നു. വീക്കെന്‍ഡുകളില്‍ മെയിന്റനന്‍സില്‍ ഒരാള്‍ മാത്രമേ ഉണ്ടാവൂ. ഒരു മാസത്തില്‍ ഒരു വീക്കെന്‍ഡ് ഓരോരുത്തര്‍ക്കുമായി  വീതിച്ചു നല്‍കിയിട്ടാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുള്ളത്. വീക്കെന്റുകളില്‍ പ്രത്യേക അസൈന്മെന്റുകള്‍ ഒന്നുമില്ല. ഏതെങ്കിലും ഫ്‌ളോറില്‍ നിന്ന് എന്തെങ്കിലും എമര്‍ജന്‍സി വിളി വന്നാല്‍ മാത്രം അതിന് പരിഹാരം കണ്ടാല്‍ മതി. പൊതുവായി ഫ്‌ലോറുകള്‍ ഒന്ന് ചെക്ക് ചെയ്‌യണം എന്നതൊഴിച്ചാല്‍ അന്ന് ജോലിയില്‍ ഇരുന്നു കൊണ്ടുള്ള വിശ്രമമാണ്. ഇത്തരം ദിവസങ്ങളില്‍ ആണ് ഞാന്‍ മില്‍ട്ടനെ വിളിക്കാറുള്ളത് എന്നതിനാല്‍ അന്നും ഞാന്‍ ക്യൂന്‍സില്‍ ഉള്ള മില്‍ട്ടന്റെ വീട്ടിലേക്കു വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. എന്റെ വിളിക്ക് മില്‍ട്ടന്‍ തന്നെ എന്നും ഫോണ്‍ എടുക്കാറുള്ളതാണ്. അഥവാ, അദ്ദേഹം വീട്ടിലില്ലെങ്കില്‍ ഭാര്യ എടുത്ത് കാര്യംപറയും. അതായിരുന്നു രീതി.

എന്ത് പറ്റി എന്ന് ശങ്കിച്ചുവെങ്കിലും കുടുംബ സഹിതം ഹെയ്റ്റിയില്‍ പോയതായിരിക്കും എന്നാശ്വസിച്ചു. സാധാരണ ഗതിയില്‍ ഇത്തരം ദീര്‍ഘ യാത്രകള്‍ ഉണ്ടെങ്കില്‍ എന്നോട് പറയാറുണ്ട്. ഇത്തവണ മറന്നതാവും എന്ന് കരുതി. ഒന്ന് കൂടി മില്‍ട്ടന്റെ നമ്പറില്‍ വിളിച്ചു നോക്കി. അഞ്ചെട്ടു പ്രാവശ്യം റിംഗ് ചെയ്തു കഴിഞ്ഞപ്പോള്‍ അങ്ങേത്തലക്കല്‍ ആരോ എടുത്തു. ഞാന്‍ മില്‍ട്ടന്റെ ഫ്രണ്ട് ആണെന്നും, പതിവായി വിളിക്കാറുള്ളതാണെന്നും പരിചയപ്പെടുത്തി. താന്‍ മില്‍ട്ടന്റെ ഗ്രാന്‍ഡ് സണ്‍ ആണെന്നും, ഗ്രാന്‍ഡ് പാ പറഞ്ഞ് എന്നെക്കുറിച്ചു അറിയാമെന്നും പയ്യന്‍ പറഞ്ഞു. ' മില്‍ട്ടനെവിടെ? ' എന്ന എന്റെ ചോദ്യത്തിന് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മറുപടി തന്നെ അവന്‍ പറഞ്ഞു :
" ഗ്രാന്‍ഡ്പാ മരിച്ചു പോയി. "
" എന്ന് ? എപ്പോള്‍ ? "
" ഫ്യൂണറല്‍ കഴിഞ്ഞിട്ടിപ്പോള്‍ രണ്ടാഴ്ചയായി. "

ഞാനിരുന്ന കസേര കറങ്ങുന്നതായി എനിക്ക് തോന്നി. വീഴാതിരിക്കാന്‍ കസേരപ്പടിയില്‍ മുറുകെപ്പിടിച്ച് ഞാനിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക