Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷവത്കരണ പരിശീലനപരിപാടിക്ക് റാംസ്‌ഗേറ്റില്‍ തുടക്കമായി

Published on 11 March, 2020
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷവത്കരണ പരിശീലനപരിപാടിക്ക് റാംസ്‌ഗേറ്റില്‍ തുടക്കമായി

റാംസ്ഗേറ്റ്, ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷവത്കരണ പരിശീലനപരിപാടിക്ക് റാംസ്‌ഗേറ്റില്‍ തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീമിനു വേണ്ടി റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്തപെടുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.

ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രഘോഷിക്കുക എന്നതാണ് സുവിശേഷവത്കരണത്തിന്റെ കാതല്‍. വചനം പ്രഘോഷിക്കുന്നതിലൂടെയാണ് സഭയ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കുകയെന്നും സുവിശേഷവത്കരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളിലൂടെ ദൈവവചനം ദൈവജനമൊന്നാകെ വര്‍ഷിക്കപ്പെടുവാന്‍ ഇടയാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വചനമാകുന്ന അടിത്തറമേലാണ് സഭയും സമൂഹവും പണിതുയര്‍ത്തപ്പെടേണ്ടതെന്ന് ചടങ്ങില്‍ ആമുഖ സന്ദേശം നല്‍കിയ അദിലബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ പറഞ്ഞു. വചനം വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും പ്രഘോഷിക്കുന്നതിലൂടെയുമാണ് സഭയെ പടുത്തുയര്‍ത്തേണ്ടതെന്നും ഈശോയാകുന്ന അടിസ്ഥാനമായിട്ടുള്ള പാറമേലായിരിക്കണം ഇതുപണിയേണ്ടതെന്നും പിതാവ് ഓര്‍മിപ്പിച്ചു.

മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്പതോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നത്.

എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക എന്ന സുവിഷവല്‍ക്കരണ സന്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീം. ചൊവ്വാഴ്ച രാവിലെ 11 ന് ആരംഭിച്ച ക്ലാസുകള്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക