Image

ഫൊക്കാനയ്ക്ക് പുതിയൊരു ദിശാ ബോധം നൽകും: ജോർജി വർഗീസ്

സ്വന്തം ലേഖകൻ Published on 11 March, 2020
ഫൊക്കാനയ്ക്ക് പുതിയൊരു ദിശാ ബോധം നൽകും: ജോർജി വർഗീസ്

ജോർജി വർഗീസിന്റെ  സംഘടനാ പാടവത്തെക്കുറിച്ചു നാട്ടിലും അമേരിക്കൻ മലയാളികൾക്കിടയിലും മറിച്ചൊരു അഭിപ്രായമില്ല. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയായി നിർവഹിക്കുവാൻ കഴിയുന്ന ഒരു വ്യക്തിത്വം. മുപ്പത്തിയാറുവർഷമായ ഫൊക്കാനയുടെ മഹാചരിത്രത്തിന്റെ ഭാഗമാകാൻ, ഒരു പടികൂടി കടന്ന്  അടുത്ത ഘട്ടത്തിലേക്ക് തന്റെ ടീമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് ജോർജി വർഗീസ് .

വിവിധ റീജിയനുകളിൽ ഒന്നാം റൗണ്ട് സന്ദർശനം കഴിഞ്ഞു.  ഫൊക്കാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ സംഘടനയുടെ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി പുതിയ ഭാവങ്ങളും രൂപങ്ങളും നൽകി പുതിയ ദിശാബോധം ഉണ്ടാക്കുമെന്ന് ജോർജി വർഗീസ് ഇ-മലയാളിക്ക് നൽകിയ അഭിമുഖത്തിൽ  പറഞ്ഞു . 
 
ജോർജി വര്ഗീസുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

ചോ: ഫ്ളോറിഡയിലേക്കു കൺവൻഷൻ കൊണ്ടുവരാൻ ശ്രമിക്കുന്ന ജോർജി വർഗീസ് എന്ന പ്രസിഡണ്ട്  സ്ഥാനാർത്ഥി ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഉ.: എന്നെ സംബന്ധിച്ച് സംഘടനാ പ്രവർത്തങ്ങൾ ഇവിടെ വന്നതിനു ശേഷം തുടങ്ങിയതല്ല. കോളേജിൽ പഠിക്കുന്ന കാലം മുതൽ സാമൂഹ്യ സംഘടനാ രംഗത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു വന്ന വ്യക്തിയാണ് ഞാൻ. അമേരിക്കയിൽ എത്തിയ ശേഷവും അത് തുടരുന്നു.

ഫ്ലോറിഡയിലെ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ഭാഗമായി. കേരള സമാജത്തിന്റെ സെക്രട്ടറിയായും, പ്രസിഡണ്ടായും  ഉപദേശക സമിതി അധ്യക്ഷനായും പ്രവർത്തിച്ചു.വിവിധ പദവികൾ ഫൊക്കാനയിൽ ഏറ്റെടുക്കുകയും ഫൊക്കാന ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം ഏറ്റവും ഭംഗിയായി കൃത്യതയോടെ നിർവഹിച്ചിട്ടുണ്ട്. ആ പ്രവർത്തനങ്ങൾ അതേ ആത്മാർത്ഥതയോടെ തുടരാനും ഫൊക്കാനയെ കൂടുതൽ പ്രവർത്തന നിരതമാക്കുവാനുമാണ് എന്റെ ശ്രമം. ഫ്ളോറിഡയിലേക്ക് ഫൊക്കാന കൺവൻഷൻ വരുന്നത് 16 വര്ഷങ്ങള്ക്കു ശേഷമാണ്.ഫ്ലോറിഡാ ഫൊക്കാനാ കൺവെൻഷന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്. ഓർലാണ്ടോ, ടാമ്പാ, ഫോർട്ട് ലൗഡർഡേൽ, മയാമി തുടങ്ങിയ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ തന്നെ. അമേരിക്കയിലെ കൊച്ചു കേരളം തന്നെയാണ് ഫ്ലോറിഡ. അതുകൊണ്ട് ഫ്ലോറിഡയിൽ കൺവെൻഷൻ വച്ചാൽ വൻ വിജയമാകുമെന്നതിൽ തർക്കമില്ല. കുട്ടികൾ ഉൾപ്പെടെ പുറമെ നിന്നുള്ള അതിഥികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫ്ലോറിഡ.

ചോ: കപ്പലിൽ കൺവെൻഷൻ നടത്തുന്നതിനെപ്പറ്റി എന്താണ് താങ്കളുടെ നിലപാട്?

ഉ : കപ്പലിൽ വച്ച് കൺവെൻഷൻ നടത്തുന്നതിന് താല്പര്യമേ ഇല്ല.  അമേരിക്കയിൽ ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉള്ളപ്പോൾ നടുക്കടലിൽ സഞ്ചരിക്കുന്ന ആഡംബരക്കപ്പലിൽ കൺവെൻഷൻ നടത്തുന്നതിൽ എന്തർത്ഥമാണുള്ളത്. കൺവെൻഷൻ ഒക്കെ കുറച്ചു കഷ്ട്ടപ്പെട്ടു നടത്തണം. കൺവെൻഷന് വരുന്ന ഫൊക്കാന കുടുംബങ്ങൾ എന്നും പരസ്‌പരം കാണുകയും സംസാരിക്കുകയും അതുവഴി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുകയും ചെയ്യും.

ചോ: ഏറെ വിമര്ശനങ്ങൾ നേരിടേണ്ടി വരുന്ന ഉത്തരവാദിത്വമായിരിക്കും ഏറ്റെടുക്കേണ്ടി വരിക. എങ്ങനെ അതിജീവിക്കും?

ഉ: പലരും അമേരിക്കൻ മലയാളി സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും വിമർശിച്ചു കാണാറുണ്ട്. വിമര്ശനങ്ങളെ  അതിന്റെതായ അർത്ഥത്തിലെടുക്കുകയും കാമ്പുള്ളവയ്ക്ക് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് എന്റെ രീതി. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മുപ്പത്തിയാറു വർഷങ്ങൾ സാംസ്കാരിക പ്രവർത്തനത്തിന്റെയും, ചാരിറ്റി പ്രവർത്തങ്ങളുടെയും കാലമായിരുന്നു. നിങ്ങൾ ശ്രദ്ധിച്ചു നോക്കു. ഫൊക്കാന ഓരോ വർഷവും കേരളത്തിൽ നടത്തിയിട്ടുള്ള പ്രവർത്തങ്ങൾ. പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾ. ആര് പ്രസിഡണ്ടായാലും  അത്തരം പ്രവർത്തനങ്ങൾ സുഗമമായി നടക്കും. അതരത്തിലുള്ള ഒരു കീഴ്വഴക്കമാണ്  ഫൊക്കാനയിൽ  എക്കാലവും തുടരുന്നു വരുന്നത്. അത് ഫൊക്കാനയെ മനസിലാക്കുന്ന കേരളത്തിലെ സാധാരണക്കാർക്ക് അറിയാം. ഞാൻ ഫൊക്കാന പ്രസിഡണ്ട് ആയി മത്സരിക്കുന്നത് അത്തരമൊരു  പദവി കൈക്കലാക്കാൻ വേണ്ടിയല്ല. നിലവിൽ ഞാൻ ചെയ്തുവരുന്ന സാമൂഹ്യ സാംസ്കാരിക-,ജീവകാരുണ്യ പ്രവർത്തങ്ങൾ ഫൊക്കാനയുടെ ഭാഗമാക്കി  തുടരാൻ കൂടിയാണ്. അതിൽ യാതൊരു രാഷ്ട്രീയ അജണ്ടകളോന്നുമില്ല .ഫൊക്കാനയെ ശക്തിപ്പെടുത്തുക. അതിനായി വേണ്ടത് ചെയ്യുക. അമേരിക്കൻ മലയാളികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുക .അവരെ കേൾക്കുക. എല്ലാവരെയും ഒപ്പം നിർത്തി സംഘടനയെ മുന്നോട്ടു നയിക്കുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം. അങ്ങനെയൊരു ടീമിനെയാണ് ഞാൻ അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. അവരിലും അതിലുപരി അമേരിക്കൻ മലയാളികളിലും എനിക്ക്  വലിയ പ്രതീക്ഷയുണ്ട്.

ചോ: കഴിഞ്ഞ വർഷങ്ങളിൽ ഫൊക്കാനയുടെ നേതൃ നിരയിലേക്ക് വരാൻ വളരെയധികം ആളുകൾ മുൻപോട്ടു വന്നതായി കാണാൻ കഴിഞ്ഞു. എന്താണ് ഇതിനു കാരണം. വിവാദങ്ങളും ഫൊക്കാനയുടെ ഭാഗമായി എപ്പോഴും കാണാറില്ലേ?

ഉ: ഫൊക്കാനാ അമേരിക്കയിലെ ആദ്യത്തെ മാതൃ സംഘടനയാണ്. അതുകൊണ്ടു തന്നെ എല്ലാത്തിലും ഒരു മുൻ‌തൂക്കവും ഇദംപ്രദമായ സ്ഥാനവും ഫോക്കാനായ്ക്കുണ്ട്. പുതിയ പുതിയ നേതാക്കൾ ഫൊക്കാനയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടു തന്നെ. പ്രസിഡണ്ട് സ്ഥാനത്തിന് പിന്നിൽ വളരെയധികം കഠിനാധ്വാനവും പണച്ചെലവും ഉണ്ടെങ്കിൽ തന്നെ, ഇതു ജനങ്ങളെ സേവിക്കുവാൻ ഉള്ള ഒരു അവസരമാണ്.

വളരെ കെട്ടുറപ്പോടുകൂടിയാണ് ഫൊക്കാനയുടെ പ്രവർത്തങ്ങൾ മുന്നോട്ടു പോകുന്നത്. പിന്നെ സംഘടനകളാകുമ്പോൾ പ്രശ്നങ്ങൾ ഉരുത്തിരിയുക സ്വാഭാവികമാണ്. ഏതു സംഘടനയിലും ചില പ്രശ്നങ്ങൾ വരും. അവ പരിഹരിക്കപ്പെടും. സംഘടന മുന്നോട്ടു തന്നെ പോകും. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങളോ അഭിപ്രായ വിത്യാസങ്ങളോ ബാധിക്കുന്ന വിഷയങ്ങൾ അല്ല. എന്നെ അറിയാവുന്ന ഓരോ ഫൊക്കാന അംഗങ്ങൾക്കും ഞാൻ ആരാണെന്നും ഫൊക്കാനയോടും അംഗ സംഘടനകളോടും പ്രവർത്തകരോടും എന്നും  നീതി പൂർവ്വമായേ പ്രവർത്തിച്ചിട്ടുള്ളുവെന്നും എല്ലാവർക്കും അറിയാം. നീതി പൂർവമായ പ്രവർത്തങ്ങൾ തുടരാനും ഫൊക്കാനയെ ശക്തിപ്പെടുത്തുവാനും ആണ് ശക്തമായ ഒരു ടീമിനെ അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് .എനിക്ക് വിവാദങ്ങളിൽ അല്ല വിശ്വാസം. അമേരിക്കൻ മലയാളികളിലാണ് .

ചോ: ഫൊക്കാന കേരളാ കൺവൻഷൻ ചെയർമാൻ ആയിരുന്നല്ലോ .കൺവൻഷൻ ചെയർമാൻ എന്ന നിലയിൽ വളരെ പ്രശംസ പിടിച്ചുപറ്റിയ സംഘാടനം ആയിരുന്നു താങ്കളുടെ പ്രവർത്തനങ്ങൾ .എന്തായിരുന്നു കഴിഞ്ഞ കേരളാ കൺവൻഷന്റെ പ്രത്യേകത ?

ഉ. ഫൊക്കാനയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഗംഭീര  കൺവെൻഷൻ തന്നെയാണ് ഇത്തവണ നടന്നത്. ഒരു വലിയ ചരിത്ര സംഭവം തന്നെ. കേരള ഗവർണർ, മുഖ്യ മന്ത്രി, മന്തിമാർ, പ്രതിപക്ഷ നേതാവ് , ജില്ലാ കളക്ടർ, വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെ വലിയ ഒരു നേതൃനിര, ഫൊക്കാനയുൾപ്പെടയുള്ള ഏതെങ്കിലുമൊരു സംഘടനയുടെ കൺവെൻഷനിൽ പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.അമേരിക്കയിൽ നിന്നും പോയ നൂറു കണക്കിന് ഫൊക്കാനാ പ്രവർത്തകരെ കൂടാതെ കേരത്തിൽ നിന്നും അനേകമാളുകൾ ക്ൺവെൻഷനിൽ പങ്കെടുത്തു. ഒരാൾക്ക് പോലും ഒരു കുറ്റവും കുറവും ഇന്നേ വരെ പറയാൻ പോലും സാധ്യമാകാത്ത വിധം തികച്ചും ജനാധിപത്യ രീതിയിൽ തന്നെ മാതൃകാപരമായി നടത്തിയ കൺവെൻഷനായിരുന്നു.
ഫൊക്കാനയുടെ ഒരു സഹായമോ, അംഗീകാരമോ വാങ്ങാൻ വരുന്നയാൾ വ്യക്തികളെ കണ്ടു കൊണ്ട് വരുന്നതല്ല; ഫൊക്കാനയെന്ന അമേരിക്കൻ മലയാളികളുടെ ശക്തമായ സംഘടനയുടെ ആദരവ് വാങ്ങാൻ വരുന്നതാണ്. അതിനു ഫൊക്കാനയുടെ നിലവിലുള്ള കമ്മിറ്റി എന്നെ ഭരമേല്പിച്ച ചുമതല വൃത്തിയായും ഭംഗിയായും  കൃത്യതയോടെ  ചെയ്യുവാൻ സാധിച്ചു .ആ ക്രെഡിറ്റ് എനിക്കുള്ളതല്ല.
ഫൊക്കാനയ്ക്കുള്ളതാണ് .പിന്നെ മറ്റൊരു കാര്യം .ഇത്തരം പദവികളിൽ നമ്മൾ പ്രവർത്തിക്കുമ്പോൾ നമുക്ക് സാധാരണക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും സമയബന്ധിതമായി അവ നടപ്പിലാക്കുവാനും സാധിക്കും .കേരള മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാരും ,എം എൽ എ മാർ,ജില്ലാ കളക്ടർമാർ തുടങ്ങിയവരുമായി അടുത്തു പ്രവർത്തിക്കുമ്പോൾ കേരളത്തിന് വേണ്ടതും നമുക്ക് ചെയ്യാൻ കഴിയുന്നതുമായ നിരവധി കാര്യങ്ങളിൽ നമുക്ക് ശ്രദ്ധിക്കുവാൻ സാധിക്കും .കഴിഞ്ഞ രണ്ടു പ്രളയ സമയത്തും സാധാരണക്കാരായ ആളുകൾക്ക് സുരക്ഷാ ഒരുക്കുന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ ഫൊക്കാനയ്ക്കും വ്യക്തിപരമായും ചെയ്യുവാൻ സാധിച്ചത് ഇത്തരം പദവികൾ കിട്ടുന്നതുകൊണ്ടു കൂടിയാണ് . ഫൊക്കാനാ ഇന്ന് നടപ്പിലാക്കുന്ന ഭവനം പ്രോജെക്ടിൽ കൂടി 100- വീട് പദ്ധതിക്ക് രൂപം കൊടുത്തു ഗവർമെന്റുമായി കരാറിൽ ഏർപെട്ടതും കൺവെൻഷനോടനുബന്ധിച്ചു ആണ്. ഒരു പദവിയും  അലങ്കാരമായി ഞാൻ കൊണ്ട് നടക്കാറില്ല .അവയെല്ലാം നമ്മുടെ പ്രവർത്തങ്ങൾക്ക് സമൂഹം നൽകുന്ന ആദരവായി മാത്രമേ കണ്ടിട്ടുള്ളു

ചോ: വളരെ ശക്തമായ ഒരു ടീമിനെയാണല്ലോ ജോർജി വർഗീസ് ഫൊക്കാനയുടെ അടുത്ത ഭരണത്തിനായി അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് .എന്തെല്ലാം വാഗ്ദാനങ്ങൾ ആണ് അമേരിക്കൻ മലയാളികൾക്കും നൽകുന്നത് ?

ഉ: നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയുന്നുള്ളു .ഒരു ശക്തമായ ഒരു ഒരു നേതൃത്വം ഫൊക്കാനയ്ക്ക് വേണം.പുതിയ തലമുറ ഫൊക്കാനയിലേക്ക് വരണം .എല്ലാ റീജിയനുകളും ശക്തമാക്കണം .എന്റെ ടീം എന്നതല്ല പ്രശ്നം .ഒപ്പം പ്രവർത്തിക്കാൻ അടുത്ത കുറെ സുഹൃത്തുക്കൾ .മുൻവിധികൾ ഒന്നുമില്ലാതെ ഫൊക്കാനയ്ക്കായി, ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുറച്ചആളുകൾ. അവരെ കോ-ഓർഡിനേറ്റ് ചെയ്യുന്ന ഉത്തരവാദിത്വം മാത്രമേ ഞാൻ ഏറ്റെടുക്കുന്നുള്ളു .

പ്രധാനമായും എല്ലാ റീജിയനുകളും ശക്തമാക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം. കൂടുതൽ അംഗ സംഘടനകൾ ഫൊക്കാനയ്ക്ക് ഉണ്ടാകണം. അവിടെയെല്ലാം പുതിയ യുവ സമൂഹത്തിന്റെ സാന്നിധ്യമുണ്ടാകണം .പഴയ തലമുറയിൽപെട്ടവർ നിർദേശങ്ങളും സഹായവുമായി ഒപ്പമുണ്ടാവണം.

അമേരിക്കൻ മലയാളികളിലേ ആദ്യ തലമുറ വാര്ധക്യത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ, യവ്വനം തുളുമ്പുന്ന പുതു തലമുറ രംഗപ്രവേശനം ചെയ്യുകയാണ്. എല്ലാവര്ക്കും വേണ്ടപോലെ പരിഗണന നൽകണം. നാട്ടിലെ വസ്തുവകകൾ  പരിരക്ഷിക്കുന്നതിന് ഗവര്മെന്റിനോട് ചേർന്ന് നിയമ നിർമാണത്തിന് വേദിയൊരുക്കണം.

ഫൊക്കാന എന്തിനാണോ രൂപീകൃതമായത് ,അതുപോലെ ഒത്തൊരുമയോടെ ജാതിമത വർഗ വിത്യാസമില്ലാതെ മുന്നോട്ടു പോകണം. അത് നേതൃത്വം കൊടുക്കാൻ ഒരവസരം ലഭിക്കുമെന്നണ് വിശ്വാസം . ഏതാണ്ട് നാൽപ്പതോളം സ്ഥാനാർത്ഥികളെ ഞങ്ങളുടെ ടീമിൽ വിവിധ പദവികളിലായി അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലിൽ നിന്നും സ്ഥാനാർത്ഥികൾ ടീമിലുണ്ട്. ഞാൻ പലയിടത്തും പോയി അവരുടെ സംഘടന പ്രവർത്തങ്ങൾ വിലയിരുത്തിയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുള്ളത് .നല്ലൊരു നേതൃത്വ നിര ഫൊക്കാനയ്ക്കുണ്ടാകണം എന്ന ആഗ്രഹം മാത്രമാണുള്ളത്. അധികാരക്കൊതിയില്ലാതെ പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു കൂട്ടം ആളുകളെയാണ് ഞാൻ ലക്‌ഷ്യം വയ്ക്കുന്നത. അതിന്റെ നേട്ടം ലഭിക്കേണ്ടത് അമേരിക്കൻ മലയാളിക്കും,  കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കും ,യുവ സമൂഹത്തിനും ആകണം . ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുകയും അമേരിക്കയിൽ യുവജങ്ങളെ ഫൊക്കാനയുടെ നേതൃത്വ രംഗത്ത് കൊണ്ടുവരികയും അവരെ രാഷ്ട്രീയമായി ശക്തരാക്കുകയും വേണം .അതിനും കൂടിയാണ് ഞങ്ങളുടെ ശ്രമം .

ചോ: ഫൊക്കാന പ്രസിഡന്റ് ആകുവാൻ അർഹതയുണ്ടെന്ന് തോന്നിയതെപ്പോഴാണ്?. ഈ നാൾവഴിയിലെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ?

ഉ: ഫൊക്കാനയിൽ ഒരു മെമ്പർ ആയി പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ ഒരു പദവികളോടും താല്പര്യം തോന്നിയിട്ടില്ല. ഏൽപ്പിക്കുന്ന എന്ത് കാര്യവും ആത്മാർത്ഥമായി ചെയ്യുക, പരാതികൾക്ക് ഇടം നൽകാത്ത വിധം അവ സംഘടിപ്പിക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു . പിന്നെ നമുക്ക് ചില പദവികൾ ലഭിക്കുമ്പോൾ കുറേക്കൂടി വിജിലന്റ് ആകുവാനും ആ പദവിയുടെ ബലത്തിൽ ജനങ്ങളുമായി കൂടുതൽ ഇടപെടുവാനും സാധിക്കുമെന്നതാണ്  ഒരു നേട്ടം. ഫൊക്കാന എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ പദവികളോടും നീതി പുലർത്തിയിട്ടുണ്ട്. മോശം അഭിപ്രായം ആരിൽ നിന്നും എനിക്ക് കേൾക്കേടി വന്നിട്ടില്ല . അസ്സോസിയേറ്റ് ട്രെഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, ട്രസ്റ്റിബോർഡ് ചെയർമാൻ ,ഫൊക്കാനാ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ , കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇൻഡ്യാ പ്രസ്സ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറിയായും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്, ഡയോസിഷ്യൻ കൗൺസിൽ മെംബർ തുടങ്ങി  നിരവധി സ്തുത്യര്ഹയമായ പദവികളിലും  പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ഒരു ഉൾക്കരുത്തായി ഞാൻ കരുതുന്നു.

ചോ: സംഘടനാ രംഗത്ത് പ്രവർത്തിക്കാനുള്ള കരുത്തും  ഊർജ്ജവും  സ്വരൂപിച്ചതെങ്ങനെ?

ഉ: കരുത്തുറ്റ ഈ സംഘടനയെ പരാതിക്കിട നൽകാതെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുമെന്നു എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
പറയുന്ന കാര്യങ്ങൾ ചെയ്യാനുറച്ചാണ് ജോർജി വർഗീസ് രംഗത്തിറങ്ങിയിരിക്കുന്നത് .അതിനായി ശക്തമായ ഒരു ടീമിനെയും ഒരുക്കിയിരിക്കുന്നു. ഇൻഡോർ യൂണിവേഴ്സിറ്റിയിൽ ശക്തമായ മത്സരത്തിലൂടെ യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി ആയി മത്സരിച്ചു ജയിച്ച ചരിത്രവും എം എസ്‌ .ഡബ്ള്യു മാസ്റ്റർ ബിരുദം റാങ്കോടുകൂടിയാണ് വിജയിക്കുകയും ചെയ്ത ഉൾക്കരുത്താണ് സംഘടന പ്രവർത്തനരംഗത്തെ വിജയരഹസ്യം.

ജോർജി വർഗീസ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് തൊഴിലാളികൾക്കിടയിലാണ് എന്നത് മറ്റൊരു പ്രത്യേകതയുമുണ്ട് . ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡ് എന്ന വലിയ അന്തർദേശീയ കമ്പനിയിൽ ലേബർ ഓഫിസർ ആയി തുടങ്ങിയ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാക്കുവാൻ ഉപകരിച്ചപ്പോൾ വൈ എം സിയിലൂടെ സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാകുവാനും സാധിച്ചു. റീജിയണൽ വൈ എം സി എ ചെയർമാൻ പദവിയിൽ പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് .എവിടെയായാലും തന്റെ ദൗത്യം ഒപ്പം നിൽക്കുവരുടെ പ്രശ്നങ്ങൾ കേൾക്കുക ,അവയ്ക്ക് പരിഹാരം കാണുക എന്നത് തന്നെയയാണ്. അതാണ്  ജോർജി വർഗീസിന്റെ പൊതുപ്രവത്തനത്തിന്റെ പ്രഥമ ലക്‌ഷ്യം. അതു തന്നെയാണ്  ഫൊക്കാന പോലെ പാരമ്പര്യമുള്ള ഒരു സംഘടന സമൂഹത്തിനു നൽകുന്ന സന്ദേശമെന്നും ഞാൻ വിശ്വസിക്കുന്നു.

ജോർജി വർഗീസ് ശുഭാക്തിവിശ്വാസത്തിലാണ്. ഫൊക്കാന ആത്യന്തികമായി മലയാളികൾ ഒരു കുടക്കീഴിൽ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്. പ്രവൃത്തിയിലാണ് എന്റെ വിശ്വാസം. ഞാൻ സ്നേഹിക്കുന്ന എന്റെ ഫൊക്കാന കുടുംബാംഗങ്ങൾ എന്റെ സ്‌ഥനാര്ഥിത്വത്തിനു ഊറ്റമായ പിന്തുണ നൽകുന്നുണ്ട്. ഒപ്പം നിൽക്കുവരുടെ പ്രശ്നങ്ങൾ കേൾക്കുക ,അവയ്ക്ക് പരിഹാരം കാണുക എന്നത് തന്നെയയാണ് ജോർജി വർഗീസിന്റെ പ്രഥമ ലക്‌ഷ്യം. അതാണ് ഫൊക്കാന പോലെ പാരമ്പര്യമുള്ള ഒരു സംഘടന സമൂഹത്തിനു നൽകുന്ന സന്ദേശമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഫൊക്കാനയ്ക്ക് പുതിയൊരു ദിശാ ബോധം നൽകും: ജോർജി വർഗീസ്ഫൊക്കാനയ്ക്ക് പുതിയൊരു ദിശാ ബോധം നൽകും: ജോർജി വർഗീസ്
Join WhatsApp News
Rajeev v Kumaran 2020-03-13 10:03:23
Congratulation . Keep it up 2020 strongest president of the Fokana I promise.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക