Image

ഭുവന വൈറസ്വിനി ( കഥ: ഫെലിക്സ് ദേവസ്യാ )

Published on 12 March, 2020
ഭുവന വൈറസ്വിനി ( കഥ: ഫെലിക്സ് ദേവസ്യാ )
പത്ത് മിനിറ്റ് നേരത്തേക്കാവശ്യമുള്ള ശ്വാസം അവൾ വലിച്ചെടുത്തു. എന്നിട്ട് വിളിക്കായി അവൾ കാത്തു നിന്നു . 
“അടുത്തത് എന്റെ പേരാ.”
" ലേഡീസ് ആൻഡ് ജെന്റിൽ മെൻ , ... ഹിയർ കംസ് മിസ് ചൈന.." 
           അപ്പോൾ അവൾ  റാംപിലേക്ക് ഉരുണ്ടു കയറി . വിധികർത്താക്കൾ അവളെ തുറിച്ചു നോക്കി .ദേഹമാകെ ചുവന്ന കാലുകൾ ഉള്ള വെളുത്ത സുന്ദരി!! . ഉരുണ്ട രൂപം. അവളുടെ അഴകളവുകളിൽ വിധികർത്താക്കൾ വീണു.
 ലോകം ആർത്തു വിളിച്ചു. ആൾക്കൂട്ടത്തെ കണ്ട അവൾ അമ്പരന്നു. 
‘’എത്ര നാളത്തെ കഠിന പരിശ്രമം കൊണ്ടാണ് ഞാൻ ഈ റാംപിൽ എത്തിയത്. ഏതൊരു വൈറസും കൊതിക്കുന്ന നിമിഷം .’’
           അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു . പത്ത് മിനിട്ടാണ് എൻ്റെ  ആയുസ്. അതിനു മുമ്പ് മത്സരം തീരണമെന്ന് അവൾ ആഗ്രഹിച്ചു.
മുതിർന്ന ജഡ്ജ് മിസ്റ്റർ അർണോൾഡ്  ഈ കോളി എന്ന ബാക്ടീരിയ അവളോട് ചോദ്യം ചോദിച്ചു. 
" ബാക്ടീരിയയാണോ വൈറസ് ആണോ ഉയർന്ന മാനവികത പ്രകടിപ്പിക്കേണ്ടത്?"
അവൾ പരുങ്ങി. അവൾ വായിച്ച ഗൈഡിലൊന്നും ഈ ചോദ്യം കണ്ടിരുന്നില്ല. അവൾക്ക് ശ്വാസം മുട്ടൽ കൂടി.
മിച്ചമുണ്ടായിരുന്ന ശ്വാസം ആവാഹിച്ച് അവൾ പറഞ്ഞു.
" സാർ ,പ്രകൃതിയിൽ ജീവിക്കാനുള്ള എല്ലാ അവസ്ഥകളും ഒരു ബാക്ടീരിയക്കുണ്ട്. ഒരു വൈറസ് അങ്ങനെയല്ല. അവൾക്ക്  അവളുടെ ആവാസ വ്യവസ്ഥയെ കണ്ടെത്തേണ്ടതുണ്ട് .എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കാത്തിരിപ്പുകളെയും കടന്ന് വേണം അവൾക്ക് ഉന്നതിയിലെത്താൻ. അതവളുടെ ജീവിത സമരമാണ് .''
പറഞ്ഞു തീർന്നതും ദിഗന്തങ്ങൾ പൊട്ടുമാറ് ആരവം മുഴങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്ക് അവാച്യവും അനിർവചനീയവുമായ അനുഭൂതി അനുഭവപ്പെട്ടു. ഈ കോളി എഴുന്നേറ്റ് നിന്ന് കൈ അടിച്ചു. നൂറിൽ 98 മാർക്ക് കിട്ടിയ അവൾ പുതിയ ഭുവനവൈറസ്വിനിയായി തിരഞ്ഞെടു ക്കപ്പെട്ടു. അവളുടെ നാമം  ചരിത്രത്തിന്റെ സെറാമിക് ഫലകങ്ങളിൽ ചേർക്കപ്പെട്ടു . 
" ലേഡീസ് ആൻഡ് ജെന്റിൽ മെൻ , ... ഹിയർ ഈസ് ഔർ ന്യൂ  മിസ് ഭുവനവൈറസ്വിനി 2019 .. കൊ ... റോ .. ണാ .. വോങ് യാങ്..... "
“കിരീടം ചാർത്താൻ 2018 ലെ വൈറസ്വിനി മിസ് നിപ്പ ഫെർണാണ്ടസിനെ ക്ഷണിക്കുന്നു.” അനൗൺസ്വിനി മൊഴിഞ്ഞു.
                     നിപ്പ ഫെർണാണ്ടസ് അവളിലേക്ക് ഉരുണ്ടടുത്തു. അവളുടെ തലയിൽ  മുൻ വൈറസ്വിനി കിരീടം ചാർത്തി.  കാണികളുടെ ഇടയിലിരുന്ന് പൂർവ വൈറസ്വിനികളായ സീക്കാ  ഒഗാദി , എബോള സൊളാനി ,സാർസ് മരിയ , ആന്ത്രാക്സ് ഡിസിൽവ എന്നിവർ ആർത്തുവിളിച്ചു. കൈകൾ ഇല്ലാതിരുന്നതിനാൽ അവർ കൈയടിച്ചില്ല.
തല കറങ്ങുന്നു . ഇനി എനിക്കായുസ് കഷ്ടിച്ച് ഒരു മിനിറ്റ് മാത്രം. വൈറസ്വിനി പട്ടം എന്നെഴുതിയ നാട ധരിപ്പിച്ചതും  മിസ് കൊറോണ  അവിടെനിന്നു മുങ്ങി . പൊങ്ങിയത് ഒരു ചൈനക്കാരന്റെ മൂക്കിന്റെ തുമ്പത്ത് . ആ പതിഞ്ഞ ചീനനാസികാഗ്രം കണ്ടതും അവൾ അതിലേക്കൂളിയിട്ടു.  ആ ചൈനീസ് നിർമ്മിത ശ്വാസകോശത്തിലെത്തുമ്പോൾ അവൾക്ക് ശ്വാസം കിട്ടിത്തുടങ്ങി. അവൾ ദീർഘമായി ശ്വസിച്ചു. ഏതാനും പ്രാണായാമങ്ങളും ചെയ്തു.
 വീട്ടിൽ നിന്ന് പോരുമ്പോൾ  അമ്മ പറഞ്ഞത് അവളോർത്തു . 
"മോളേ , നിന്റെ ജന്മ ദൗത്യം മറക്കരുത്. അതെപ്പോഴും ഓർമ്മയുണ്ടായിരിക്കണം "
"അതെ, എനിക്കൊരു ദൗത്യമുണ്ട് . വളരെ ഉത്തരവാദിത്തപ്പെട്ട ദൗത്യം . ആധുനികമനുഷ്യനെ കൈ  കഴുകാൻ പഠിപ്പിക്കണം."
-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക