Image

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Published on 14 March, 2020
 ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കോവിഡ് 19 വൈറസ് ബാധ ഉയര്‍ത്തുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും രോഗികള്‍ക്കുമായി പ്രാര്‍ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യുകെയുടെ പ്രത്യേകസാഹചര്യത്തില്‍ ആതുര ശുശ്രൂഷകര്‍ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ കരങ്ങളിലൂടെ ദൈവത്തിന്റെ സൗഖ്യവും കരുണയും രോഗികളിലേക്കെത്തട്ടെ എന്നും അദ്ദേഹം പ്രാര്‍ഥനാപൂര്‍വം ആശംസിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഈ വലിയ പ്രതിസന്ധിയില്‍ ആതുര ശുശ്രൂഷകരുടെ ഇടപെടലിന്റെ പ്രാധാന്യം മനസിലാക്കി ദൈവജനം അവരെ ആവും വിധം പിന്തുണയ്ക്കണമെന്നും സഭയുടെയും സമൂഹത്തിന്റെ ശക്തമായ പിന്തുണ അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ബ്രിട്ടനിലെ സീറോ മലബാര്‍ സഭ ഇവിടുത്തെ ആതുരശുശ്രൂഷകര്‍ക്ക് ഒപ്പമാണെന്നും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ ദൈവത്തിന്റെ തിരുസന്നിധിയില്‍ ദൈവജനവും വൈദിക സമൂഹവും നിരന്തരമായി ഉയര്‍ത്തണമെന്നും മാര്‍ സ്രാന്പിക്കല്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക