Image

കൊറോണ വൈറസും അമേരിക്കയുടെ ഉപരോധവും ഇറാന്റെ നട്ടെല്ല് തകര്‍ക്കുന്നു; ഇന്ത്യയുടെ സഹായം തേടി

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 16 March, 2020
കൊറോണ വൈറസും അമേരിക്കയുടെ ഉപരോധവും ഇറാന്റെ നട്ടെല്ല് തകര്‍ക്കുന്നു; ഇന്ത്യയുടെ സഹായം തേടി
കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ആഗോള നേതാക്കള്‍ക്ക് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി സഹായമഭ്യര്‍ത്ഥിച്ച് കത്തെഴുതി. കോവിഡ് 19 നെതിരെ പോരാടാനുള്ള ശ്രമങ്ങള്‍ യുഎസ് ഉപരോധത്തെ ബാധിച്ചിട്ടുണ്ടെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സംയുക്ത അന്താരാഷ്ട്ര നടപടികള്‍ ആവശ്യമാണെന്ന് പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി കത്തില്‍ ഊന്നിപ്പറഞ്ഞു. ഈ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ തന്ത്രത്തിന് അദ്ദേഹം പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.

‘അതിരുകളില്ലാതെയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. രാഷ്ട്രീയ, മത, ജാതി, വംശീയ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി ജനങ്ങളുടെ ജീവനെടുക്കുന്നു,’ എന്ന് റുഹാനി കത്തില്‍ എഴുതിയിട്ടുണ്ട്. അതേ സാഹചര്യത്തില്‍, ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ഒരു ട്വീറ്റില്‍ എഴുതി, ‘കൊറോണ വൈറസ് പകര്‍ച്ചവ്യാധി ലോകമെമ്പാടും പടര്‍ന്നു പിടിക്കുമ്പോള്‍, അത്തരം നിര്‍ണായക സമയങ്ങളില്‍ നിരോധനം തുടരുന്നത് കടുത്ത അനീതിയാണ്.’ അമേരിക്കന്‍ ഉപരോധത്തെക്കുറിച്ച് ആഗോള നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിച്ച് പ്രസിഡന്‍റ് റുഹാനി ലോകത്തിലെ തന്‍റെ എതിരാളികള്‍ക്കും കത്തെഴുതിയിട്ടുണ്ട്. നിരപരാധികള്‍ കൊല്ലപ്പെടുന്നത് തികച്ചും അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് രാഷ്ട്രീയത്തെയോ ഭൂമിശാസ്ത്രത്തെയോ കാണുന്നില്ല, അതിനാല്‍ നമ്മളും അത് അങ്ങനെ കാണരുത്.

രണ്ട് വര്‍ഷത്തെ വ്യാപകവും നിയമവിരുദ്ധവുമായ ഉപരോധങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന കടുത്ത പ്രതിബന്ധങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ രാജ്യം നേരിട്ടിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്‍റ് ലോക നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നതായി ഇറാന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷവും ഇറാനു മേലെയുള്ള സമ്മര്‍ദ്ദത്തിന് യു എസ് അയവു വരുത്തിയിട്ടില്ല. വാഷിംഗ്ടണിന്‍റെ വിഢിത്തവും മനുഷ്യത്വരഹിതവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ മാത്രമേ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ‘ലജ്ജയില്ലാതെ’ ടെഹ്റാനിലേക്ക് മാനുഷിക സഹായം അയക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയുള്ളൂ എന്നാണ് ഇറാന്റെ വിലയിരുത്തല്‍.

ഐക്യരാഷ്ട്രസഭയിലെ ഇറാന്‍റെ പ്രതിനിധി അമേരിക്കയോട് ഉപരോധം പിന്‍വലിക്കണമെന്നും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ തുടരുന്നതിന് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം വേദനാജനകമായ സാഹചര്യത്തില്‍ അമേരിക്ക രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നും, മാനുഷിക ശ്രമങ്ങള്‍ നടത്തണമെന്നും, ഐക്യരാഷ്ട്രസഭയുടെ ഇറാനിയന്‍ പ്രതിനിധി മജിദ് തഖ്ത് രവാഞ്ചി ട്വീറ്റില്‍ എഴുതി.

പശ്ചിമേഷ്യയില്‍ കൊറോണ വൈറസിന്‍റെ കേന്ദ്രബിന്ദുവായി ഇറാന്‍ മാറിയിരിക്കുകയാണ്. അവിടെ 12,700 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ മരിച്ചു. സര്‍ക്കാരിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യ ഇറാന്‍റെ ഒരു പ്രധാന പങ്കാളിയാണെന്നത് ശ്രദ്ധേയമാണ്. കശ്മീര്‍, സിഎഎയും അടുത്തിടെ നടന്ന ദില്ലി കലാപങ്ങളുടെ കാര്യത്തിലും ടെഹ്റാന്‍ ഇന്ത്യയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, ഇന്ത്യ എല്ലായ്പ്പോഴും ഇറാന്റെ അഭിപ്രായത്തോട് യോജിക്കാറുണ്ട്. ഇറാനില്‍ യുഎസ് ശിക്ഷാ ഉപരോധം ഏര്‍പ്പെടുത്തിയതുമുതല്‍ ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചു. ചബഹാര്‍ തുറമുഖത്തെ യുഎസ് ഉപരോധത്തില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ടെങ്കിലും, തുറമുഖത്തിന് ഇപ്പോഴും വളരെ പരിമിതമായ അധികാരമേ ഉള്ളൂ. ആ അധികാരം ഇറാന്റെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കാര്യമായൊന്നും സഹായിക്കുകയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക