Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 75 -ജയന്‍ വര്‍ഗീസ്)

Published on 16 March, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍: 75 -ജയന്‍ വര്‍ഗീസ്)
ഞങ്ങളുടെ സാന്പത്തിക നില  ക്രമേണ മെച്ചപ്പെട്ടു  വന്നതോടെ ചേട്ടനും, ചേച്ചിയും അംഗങ്ങളായിട്ടുള്ള പള്ളിയില്‍ അതുവരെ അവരോടൊപ്പം സംബന്ധിച്ചിരുന്ന ഞങ്ങള്‍ ഔദ്യോഗികമായ മെംബര്‍ഷിപ്പ് എടുക്കണം എന്ന നിര്‍ദ്ദേശം ചേട്ടന്‍ തന്നെ മുന്നോട്ടു വച്ചു. മറ്റ് ഇടവകക്കാരില്‍ നിന്നുള്ള ബാഹ്യ സമ്മര്‍ദ്ദം ചേട്ടനെ ഇതിനു പ്രേരിപ്പിച്ചിരിക്കാം എന്നാണു ഞാന്‍ കരുതുന്നത്. ഇതുവരെ അസ്സോസിയേറ്റ് മെംബര്‍ എന്ന സ്ഥാനപ്പേരാണ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. അസ്സോസിയേറ്റ് മെംബര്‍ക്ക് പള്ളിക്കാര്യങ്ങളില്‍ അവകാശമോ, അഭിപ്രായം പറയുവാനുള്ള അനുവാദമോ ഉണ്ടായിരിക്കുകയില്ലെന്നു മാത്രമല്ലാ, വലിഞ്ഞു കയറി വന്ന ഒരതിഥി എന്ന നിലയില്‍ ആണ് ലഭിക്കുന്ന പരിഗണന പോലും എന്നതാണ് സത്യം.

' പള്ളി അച്ചന്മാരുടെ കൊയ്ത്തു പാടമാണ് ' എന്ന അപ്പന്റെ വാക്കുകള്‍ കേട്ട് വളര്‍ന്ന ഞാന്‍, അനുഭവങ്ങളിലൂടെ അത് ശരിയായിരുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞ ഞാന്‍, മത പരമായ കാര്യങ്ങളില്‍ അത്രമേല്‍ തീവ്രത പ്രകടിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ലാ,  ഈ വിഷയത്തില്‍ ഒരു അലസതയാണ് സ്വീകരിച്ചിരുന്നത്. എങ്കിലും, കടുത്ത പള്ളി ഭക്തയായ ഭാര്യയ്ക്ക്  ഇടവക ചേര്‍ന്നില്ലെങ്കില്‍ ഉറക്കം വരില്ല എന്ന ഒരവസ്ഥയില്‍ എത്തിച്ചേര്‍ന്നതോടെ ഇടവക ചേരാന്‍ തന്നെ തീരുമാനിച്ചു.

അമേരിക്കയില്‍ എത്തിയിട്ട് ആദ്യം കുറെ മലയാളികളെ പരിചയപ്പെട്ട ഒരിടം ആയിരുന്നു പള്ളി എന്ന നിലയില്‍ എവിടെയെങ്കിലും എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാമോ എന്ന് ഒത്തിരി ചേട്ടന്മാരോട് യാചിച്ചിരുന്നു. ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഇവിടെ ജോലിയൊന്നും കിട്ടാന്‍ പോകുന്നില്ലെന്നും, നിരന്തരം ടി. വി. കണ്ടുകണ്ട് ഇംഗ്ലീഷ് പഠിച്ച് തങ്ങളെപ്പോലെ സിറ്റിയുടെ പരീക്ഷയൊക്കെ ജയിച്ചാലല്ലാതെ ആര്‍ക്കും ഇവിടെ ജോലി കിട്ടുകയില്ലെന്നും ആയിരുന്നു മിക്ക ചേട്ടന്മാരും അന്ന് പറഞ്ഞിരുന്നത്.

പിന്നെ പള്ളി കഴിഞ്ഞുള്ള ചര്‍ച്ചകളില്‍ ആര്‍. എന്‍. മാര്‍ ആര്‍. എന്‍. മാരോട് മാത്രവും, സിറ്റി ജോലിക്കാര്‍ സിറ്റി ജോലിക്കാരോട് മാത്രവുമേ സംസാരിക്കുകയുള്ളു എന്നൊരു ശീലം മിക്ക മലയാളികളും സൂക്ഷിച്ചിരുന്നു. അങ്ങോട്ടെങ്ങാന്‍ നോക്കിപ്പോയാല്‍ ' പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം ? ' എന്ന നിലയിലാണ് പല അച്ചായന്മാരുടെയും, അമ്മായിമാരുടെയും നോട്ടം. ഈ  പള്ളിയില്‍ത്തന്നെ ഞങ്ങള്‍ ഇടവക ചേരണമെന്ന് ചേട്ടന്‍ ഞങ്ങളോട് സംസാരിക്കുവാന്‍ ഇടയായ സാഹചര്യം കേവലം ' മണി ' യുടേത് മാത്രമായിരുന്നില്ല. മറ്റു ചിലതു കൂടി ഉണ്ടായിരുന്നു.

' അസ്സോസിയേറ്റ് മെംബര്‍മാര്‍ റിഫ്‌റഷ് മെന്റില്‍ പങ്കെടുക്കരുത് '  എന്ന് പകുതി തമാശയായും, പകുതി കാര്യമായും ഉറക്കെ പറഞ്ഞ ഒരച്ചായന്റെ തമാശപ്പകുതിയില്‍ കടിച്ചു തൂങ്ങി ഞങ്ങളും പള്ളിയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണമുള്‍പ്പടെയുള്ള പള്ളി ആനുകൂല്യങ്ങള്‍ കൈപ്പറ്റണമെങ്കില്‍ അതിന്  പൈസ മുടക്കണം എന്നതായിരുന്നു ഈ സംഗതിയില്‍ പറയാതെ പറയുന്ന ഒരു കാര്യം.  എന്റെ ഇടപെടല്‍ മൂലം ആയിടെ ഒരു പ്രമുഖനായ പള്ളി അച്ചായന് ഏറ്റു വാങ്ങേണ്ടി വന്ന ഒരു തോല്‍വി ആയിരുന്നു മറ്റൊന്ന്.

ഒരു വീടിന്റെ ഒരു മുറി മദ്ബഹായായി ( പുരോഹിതനും, സഹായികളും നില്‍ക്കുന്ന സ്ഥലം) രൂപപ്പെടുത്തി നിര്‍മ്മിച്ചതായിരുന്നു അന്നത്തെ പള്ളി. പുറത്തു നിന്നുള്ള ആളുകളെ വിളിക്കാതെ ഇടവകക്കാര്‍ തന്നെ തങ്ങളുടെ സ്കില്‍സ് ഉപയോഗപ്പെടുത്തിയാണ് ഇതൊക്കെ നിര്‍മ്മിച്ചത് എന്നതിനാല്‍ ഓരോരുത്തരും തങ്ങള്‍ക്കാവും  പോലെ ഈ നിര്‍മ്മാണത്തില്‍ പങ്കെടുത്തിരുന്നു.

മദ്ബഹായുടെ ഭിത്തിയില്‍ ചേട്ടന്റെ നേതൃത്വത്തില്‍ കുറേപ്പേര്‍ ചേര്‍ന്ന് ഉറപ്പിച്ച മനോഹരമായ ഒരു അക്രിലിക് ഷീറ്റ് അവിടെ നിന്ന് മാറ്റണമെന്ന് മറ്റൊരു പള്ളി പ്രമാണിയുടെ നേതൃത്വത്തില്‍ മറ്റൊരു കൂട്ടര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ഉടലെടുക്കുന്നത്. സാദാ ക്രിസ്ത്യാനിക്ക് തങ്ങളുടെ വീറും, വാശിയും പ്രകടിപ്പിക്കാനുള്ള ഏക വേദി പള്ളി ആയതിനാല്‍ ഏതൊരു ചെറിയ പ്രശ്‌നവും കുത്തിപ്പൊക്കി വലുതാക്കി സ്വയം നശിക്കുന്നതിന്റെ നേര്‍ സാക്ഷികളും, ബലിയാടുകളുമായിരുന്നു ഇന്ന് വരെയുള്ള പള്ളിക്രിസ്ത്യാനികളുടെ വലിയ സമൂഹം.

നീല എന്നത് അശ്ലീലത്തിന്റെയും, ലൈംഗികതയുടെയും ഒക്കെ പ്രതീകമാണെന്നും, അത് വിശുദ്ധ സ്ഥലമായ മദ്ബഹായില്‍ വയ്ക്കാന്‍
സമ്മതിക്കില്ലെന്നും ആയിരുന്നു വേദ പണ്ഡിതന്‍ കൂടിയായ പള്ളി പ്രമാണിയുടെ വാദം എന്നതിനാല്‍, പള്ളിക്കാര്‍ രണ്ടു ചേരിയായി തിരിഞ്ഞ് വാക്‌പോര് ആരംഭിച്ചു. പ്രശ്‌നം രൂക്ഷമായി അടിവീഴും എന്ന അവസ്ഥയിലെത്തിയപ്പോള്‍ ഇടവക മെത്രാപ്പോലീത്താ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് വരുന്നതായി ( സോറി, എഴുന്നള്ളുന്നതായി ) അറിയിപ്പ് വന്നു. 

ചേട്ടന്റെ ഗ്രൂപ്പ് ശരിക്കും വെട്ടിലായി. ഇടവക മെത്രാപ്പോലീത്തായുമായി വളരെ അടുത്ത വ്യക്തി ബന്ധങ്ങളുള്ള പള്ളി പ്രമാണിക്ക് വേണ്ടിയായിരിക്കും മെത്രാപ്പോലീത്താ സംസാരിക്കുക എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. വളരെ വിഷണ്ണനായിരിക്കുന്ന ചേട്ടനെ സഹായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പഴയ നിയമ ബൈബിളില്‍  ശലോമോന്‍ പണി കഴിപ്പിക്കുന്ന യെരുശലേം ദേവാലയത്തില്‍ മറ്റു നിറങ്ങളോടൊപ്പം ദൈവത്തിന്റെ നേര്‍ നിര്‍ദ്ദേശങ്ങളോടെ സമൃദ്ധമായി നീല നിറം ഉപയോഗിച്ചിട്ടുള്ളതായി ബൈബിള്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായി ഞാന്‍ ചേട്ടനെ അറിയിച്ചു. ദേവാലയത്തില്‍ എഴുപതോളം സ്ഥലങ്ങളില്‍ നീല രത്‌നങ്ങളും, നീല നൂലുകളും ഉപയോഗപ്പെടുത്തിയിട്ടുള്ളതിന്റെ കുറിപ്പികള്‍ അദ്ധ്യായങ്ങളും, വാക്യങ്ങളും അടയാളപ്പെടുത്തി ഞാന്‍ ചേട്ടന്‍ ഗ്രൂപ്പിനെ ഏല്‍പ്പിച്ചു.

മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ യോഗം. നീലച്ചിത്രങ്ങളും, നീല ആസുരതകളും വരെ നിരത്തി പള്ളി പ്രമാണിയുടെ സുദീര്‍ഘമായ വാദം. വിധി അദ്ദേഹത്തിന് അനുകൂലമാകും എന്ന മുന്‍വിധിയോടെ എല്ലാവരും തരിച്ചിരിക്കവേ, ചേട്ടന്റെ ഊഴം വന്നു. നീണ്ട കടലാസ് ചുരുള്‍ ചേട്ടന്‍ തിരുമനസ്സിനെ  ഏല്‍പ്പിച്ചു. ദൈവത്തിന്റെ നേരറിവോടെ യെരുശലേം ദേവാലയത്തില്‍ ഇത്രയും സ്ഥലത്ത് നീല ഉപയോഗിച്ചിട്ടുള്ള നിലക്ക് ഈ നീല നീക്കം ചെയ്‌യണമോ എന്ന ഒരു ചോദ്യവും.

അക്രിലിക് നീലഷീറ്റ് അവിടെത്തന്നെ നില നിന്നു. അണ്ടി കളഞ്ഞ അണ്ണാന്മാരുടെ അവസ്ഥയിലായി ചിലരൊക്കെ. ഇതിന്റെ പിന്നില്‍ ഞാനായിരുന്നുവെന്ന് മിക്കവര്‍ക്കും മനസിലായി. പള്ളിക്കാര്യങ്ങളില്‍ ഒരുത്തന്‍ പുറത്തു നിന്ന് ഇടപെടേണ്ടാ, അകത്തു നിന്ന് കൊണ്ട് തന്നെ ആയിക്കോട്ടെ എന്ന പൊതു വികാരമാണ് ഇടവക ചേരണം  എന്ന വാക്കുകളില്‍  ചേട്ടന്‍ പ്രകടിപ്പിച്ചതും, ഭാര്യയുടെ അതി ശക്തമായ  നിര്‍ബന്ധത്തിനു കൂടി വഴങ്ങി സ്റ്റാറ്റന്‍ ഐലന്‍ഡിലെ ആദ്യ ദേവാലയത്തില്‍ ഞാനും, കുടുംബവും ഔദ്യോഗിക അംഗത്വം സ്വീകരിച്ചതും, രണ്ടായിരമോ,അതിലധികമോ ഡോളര്‍ ഓരോ വര്‍ഷവും അടച്ചുകൊണ്ടിരിക്കുന്നതും.

മതം ഒരു പുതപ്പാണെന്നും, ആവശ്യമുള്ളവര്‍ക്ക് മാത്രം അത് പുതച്ചാല്‍ മതിയെന്നും ചില റിവിഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്‌പോള്‍, അത് ശരിയാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ സാമൂഹ്യ സാഹചര്യങ്ങളുടെ കൊടും തണുപ്പില്‍ ഈ പുതപ്പിന്റെ ചൂടില്‍ ചുരുണ്ടു കൂടുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്ന് സാധാരണ മനുഷ്യന്‍ കണ്ടെത്തിയതിന്റെ അനന്തര ഫലങ്ങളിലാണ്,  ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യത്താവളങ്ങളായി മതങ്ങള്‍ ഇന്ന് വരെയും നില നിന്ന് പോരുന്നത്.

ധീരമായി ഈ പുതപ്പു വലിച്ചെറിഞ്ഞു നെഞ്ചു വിരിച്ചു നിന്നവര്‍ക്ക് പോലും തങ്ങളുടെ ഭാര്യമാരേയോ, മക്കളെയോ തലയില്‍ മുണ്ടിട്ടു ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന് തിരിച്ചറിയുന്‌പോള്‍, അപൂര്‍ണ്ണനായ മനുഷ്യന്റെ മനസ്സ് പൂര്‍ണ്ണതക്കായുള്ള അന്വേഷണത്തില്‍ ആദിവാസിയുടെയും, ആധുനിക മനുഷ്യന്റെയും ചിന്താ ധാരകള്‍ ഒരേ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് നമുക്ക് മുന്നില്‍ തെളിയിച്ചു തരികയാണ് കാലം.

സാഹചര്യങ്ങളെ ആസ്വദിക്കുകയെന്ന കാതലായ ജീവിത വ്യാപാരങ്ങളില്‍ നിന്ന് ഏതൊരു ജീവിയും ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്ന  ആത്മ സംതൃപ്തിയുടെ നറും മുത്തുകള്‍ തേടിയുള്ള മനുഷ്യ വര്‍ഗ്ഗത്തിന്റെ അന്വേഷണമാണ് മതങ്ങളുടെ സ്‌റ്റോറേജുകളായ ക്ഷേത്രങ്ങളിലും, പള്ളികളിലും മനുഷ്യന്‍ എന്ന ചരക്കിനെ ഇത് പോലെ കുത്തി നിറക്കാന്‍ കാരണമായി തീര്‍ന്നത് എന്നാണു എന്റെ വിലയിരുത്തല്‍. എന്ത് കൊണ്ടെന്നാല്‍, തന്റേതായ യാതൊരു പങ്കുമില്ലാതെ, തനിക്കു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കി വച്ച  തന്നെക്കാള്‍ വലിയ ഏതോ ഒന്നിനെക്കുറിച്ചുള്ള ബോധോദയത്തില്‍ നന്ദിയോടെ നമ്ര ശിരസ്കനായി നിന്ന് പോയ മനുഷ്യന്‍, വ്യക്തിയില്‍ നിന്ന്  സമൂഹത്തിലേക്ക്  വഴി മാറിയപ്പോള്‍ കാട്ടു  കൂട്ടായ്മകളുടെയും, ഗോത്ര നാട്ടാചാരങ്ങളുടെയും പടവുകള്‍ കടന്ന്  ഇന്ന് പള്ളികളിലും, ക്ഷേത്രങ്ങളിലും എത്തി നില്‍ക്കുകയാണ്.

കച്ചവടവല്‍ക്കരിക്കപ്പെട്ട ആരാധനാ സമ്പ്രദായങ്ങളില്‍ മത മേധാവികളാല്‍ വില പേശി വില്‍ക്കപ്പെടുന്ന ദൈവം ഒരു ക്ഷേത്രത്തിലെയോ, പള്ളിയിലേയോ കുത്തിയിരിപ്പു കാരനല്ലെന്നും, സര്‍വ പ്രപഞ്ചത്തെയും സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്തു കൊണ്ട് അതില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന ചൈതന്യ ധാരയായ പ്രപഞ്ചാത്മാവാണെന്നും, പന്ത്രണ്ട് ഘനയടി വരുന്ന മനുഷ്യ ശരീരമെന്ന പ്രപഞ്ച വസ്തുവില്‍ അതിനെ രൂപ കല്‍പ്പന ചെയ്ത് നിര്‍മ്മിക്കുകയും, നില നിര്‍ത്തുകയും, നിയന്ത്രിക്കുകയും ചെയ്‌യുന്ന മനുഷ്യാത്മാവിനെപ്പോലെ, അതായത്, സ്ഥൂലം എന്ന ശരീര ഭാഗവും, സൂക്ഷ്മം എന്ന ആത്മ ഭാഗവും ഒരു മനുഷ്യ ശരീരത്തില്‍ എങ്ങനെ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവോ അത് പോലെ,   ദൃശ്യ  സ്പര്‍ശ്യമായ സ്ഥൂല പ്രപഞ്ചത്തില്‍ അദൃശ്യവും, അസ്‌സ്പര്‍ശ്യവുമായ സൂക്ഷ്മ ഭാഗമായ ശക്തി സ്രോതസ്സായി ഞാനും, നിങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വ പ്രപഞ്ചത്തിലും ദൈവം നിറഞ്ഞു നില്‍ക്കുകയാണ് എന്നതല്ലേ സത്യം ?

ഞാനെന്ന  എന്നിലും,  നീയെന്ന നിന്നിലും ആസ്തിത്വ അവബോധത്തിന്റെ അഗ്‌നി നാളമായി പ്രകാശിച്ചു നില്‍ക്കുന്ന ശക്തി സൗന്ദര്യങ്ങളുടെ ഈ സമൂര്‍ത്ത സത്തയെ എന്റെ ഭാഷയിലെ എനിക്കറിയാവുന്ന ഏറ്റവും മനോഹരമായ സംജ്ഞ കൊണ്ട് തന്നെ  വിനയ പൂര്‍വം  ഞാന്‍ വിശേഷിപ്പിച്ചു കൊള്ളട്ടെ : "  സര്‍വ്വ
ശക്തനായ ദൈവം " എന്ന്.

അത്യതിശയകരവും, നിത്യ സത്യവുമായ  ഈ പ്രപഞ്ച വിസ്മയത്തെ  പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ കേവലമായ ഇരുന്നൂറു ഗ്രാം തലച്ചോറിന്റെ ഉടമയായ മനുഷ്യന് ഒരിക്കലും സാധിക്കുകയില്ല എന്നത് കൊണ്ടാണ്, കാലാ കാലങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതിനെയെല്ലാം ദൈവമായി ചിത്രീകരിച്ച് അതിനെ ആരാധിച്ചു തുടങ്ങിയത്. ആയിരക്കണക്കായ ദൈവങ്ങളും, ദൈവ സങ്കല്‍പ്പങ്ങളും രൂപപ്പെട്ടു വന്നത് ഇങ്ങിനെയാണ്.

നിസ്സാരനും, നിലത്തെ പൊടിയുമായ മനുഷ്യന് ഇത്രയൊക്കെയേ സാധിക്കൂ എന്ന് അറിയാമായിരുന്നത് കൊണ്ടാണ്, " അഞ്ജനായ മനുഷ്യന്റെ മുന്നില്‍ വിഗ്രഹം ഒരു മാധ്യമമാണ്, അതവിടെ നില്‍ക്കട്ടെ  എന്നെങ്കിലും വിജ്ഞാനാകുന്‌പോള്‍ അവന്‍ തന്നെ അത് തകര്‍ത്ത് കൊള്ളും " എന്ന വൈജ്ഞാനിക ന്യായ സൂത്രം ആദി ശങ്കരന്‍ തന്നെ പറഞ്ഞു വച്ചത്. വ്യത്യസ്ഥങ്ങളായ ഏതു തരം ആരാധനയും അടിസ്ഥാന പരമായി  എത്തിച്ചേരുന്നത് സാക്ഷാല്‍  പ്രപഞ്ചാത്മാവും, നിത്യ സത്യവുമായ ഏക ദൈവത്തില്‍ മാത്രമാകുന്നു എന്നാണു ഇതിനര്‍ത്ഥം. മനുഷ്യരെയും, മൃഗങ്ങളെയും, എഴുത്തുകാര്‍ സൃഷ്ടിച്ച കഥാ പാത്രങ്ങളെയും ദൈവമാക്കി ആരാധിക്കുന്നവര്‍ ആദി ശങ്കരന്‍ പറഞ്ഞത് എന്താണെന്ന് ഇത് വരേയും മനസിലാക്കിയിട്ടില്ല എന്നതാണ് പരമ ദയനീയം. എന്നില്‍ നിന്ന് പെര്‍പെടുത്താനാവാത്ത അദ്വൈതമായി എന്നിലും കൂടി നില നില്‍ക്കുന്ന എന്റെയും, പ്രപഞ്ചത്തിന്റെയും ഈ ആത്മാവിനെ ആരാധിക്കുവാന്‍ എന്റെ ആത്മ സമര്‍പ്പണം കൊണ്ട് അനായാസം സാധിക്കാം എന്നിരിക്കെ കല്ലിലും, മരത്തിലും നിര്‍മ്മിച്ചെടുത്ത ഭൗതിക ഇടങ്ങളില്‍ തന്നെ പോകണം എന്ന് വാദിക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത് എന്ന് മനസിലാസവുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം പള്ളി ഒരു സോഷ്യല്‍ ക്ലബ് മാത്രമാണ്. അതില്ലാതെ നില നില്‍ക്കുവാന്‍ വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക് സാധിച്ചേക്കാമെങ്കിലും, ' ഒരു സോഷ്യല്‍ അനിമല്‍ ' എന്ന നിലയില്‍ തികച്ചും അസാധ്യമാണ്. ഇത്തരം പള്ളികളിലും, ക്ഷേത്രങ്ങളിലും വ്യാപകമായി വില പേശി വിറ്റു  കൊണ്ടിരിക്കുന്ന ചരക്കാണ് ദൈവം എങ്കിലും, ഇക്കൂട്ടരും, ദൈവവുമായുള്ള ബന്ധം കടലും, കടലാടിയും എന്നതിനേക്കാള്‍ ഒട്ടും മെച്ചമല്ല എന്നാണു എന്റെ അഭിപ്രായം.

എങ്കില്‍പ്പോലും, പള്ളികള്‍ ഇടിച്ചു നിരത്തി തീയറ്ററുകള്‍ പണിയണം എന്ന അഭിപ്രായം എനിക്കില്ല. ചരിത്രാതീത കാലം മുതല്‍ മനുഷ്യ വേദനകള്‍ക്ക് സ്വാന്തനമായി അവന്‍ തന്നെ കണ്ടെത്തിയ ഈ സാംസ്കാരിക കേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടുകയും, നില നിര്‍ത്തപ്പെടുകയും ആണ് വേണ്ടത് എന്നാണു എന്റെ അഭിപ്രായം. ഇവിടെ കടന്നു കൂടിയിട്ടുള്ള മത മേധാവികളുടെ പോത്തട്ടകള്‍ സമൂഹത്തിന്റെ ചോര ഊറ്റിക്കുടിക്കുന്നുണ്ടെങ്കില്‍ അവരെ തൂത്തെറിഞ്ഞു ശുദ്ധി കലശം നടത്തുവാന്‍ തയ്യാറാവുകയാണ് പുതിയ കാലത്തിന്റെ വെല്ലുവിളിയായി സമൂഹം ഏറ്റെടുക്കേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യ നന്മക്ക് കാരണമായി തീരാവുന്ന മാറ്റങ്ങള്‍ മുള പോട്ടേണ്ടതും, വളര്‍ന്നു വികസിക്കേണ്ടതും ഇവിടങ്ങളില്‍ നിന്ന് തന്നെ ആവണം എന്ന അഭിപ്രായവും എനിക്കുണ്ട്. എന്ത് കൊണ്ടെന്നാല്‍ ഏതു കാലത്തും നില നിന്ന വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഈ മനുഷ്യത്താവളങ്ങള്‍ നില നിന്നു പോരുന്നത് എന്നത് കൊണ്ട് തന്നെ.

ഇനി ഇതിനേക്കാള്‍ മെച്ചപ്പെട്ട ആശയ വിസ്‌പോടനങ്ങളില്‍ അഭിരമിക്കുന്ന ജന പഥങ്ങള്‍ ലോകത്തുണ്ടെങ്കില്‍ ( ഉണ്ടായിരിക്കാം ) അവ ഏത് ? എവിടെ ? എന്താണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത് ? ഏതാണ് അവരുടെ പ്രവര്‍ത്തന മേഖല ? അറിയുവാന്‍ അതിയായ  താല്‍പ്പര്യമുണ്ട്.

എന്താണ് ദൈവം എന്ന പ്രസക്തമായ ചോദ്യം എത്രയോ യുഗ സന്ധികളില്‍ ഏതു കാലത്തെയും മനുഷ്യന്‍ നെഞ്ചില്‍ കൈ വച്ച് ചോദിച്ചിരുന്നതായി എഴുതപ്പെട്ടതും, അല്ലാത്തതുമായ ചരിത്രം തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ജന്മം ഉള്‍പ്പടെയുള്ള തന്റെ ജീവിത രംഗങ്ങള്‍ താന്‍ സ്വയം ആവിഷ്കരിച്ചത് അല്ലെന്നും, കാലാതിവര്‍ത്തിയായ ഒരു നാടക കൃത്ത് കോറിയിട്ട രംഗങ്ങള്‍ അഭിനയിച്ചു തീര്‍ക്കുവാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നുമുള്ള   സത്യം തിരിച്ചറിയുകയും ചെയ്ത മനുഷ്യന്‍',  അപ്പോളാണ്,     " അയാളാര് ? "എന്ന  ഈ ചോദ്യം സ്വയം  ചോദിച്ചു പോയത്. ആരുടെയോ ഔദാര്യമായിട്ടാണ്   താന്‍ തന്റേതെന്ന് വിളിക്കുന്ന തന്റെ ജീവിതം സംഭവിക്കുന്നത് എന്നും, തന്റെ സ്വപ്‌നങ്ങള്‍ താങ്ങി നിര്‍ത്തുന്ന സാഹചര്യങ്ങള്‍ പോലും തനിക്ക് സൗജന്യമായി ലഭ്യമാവുന്നതാണെന്നും തിരിച്ചറിയുന്‌പോള്‍ ആ ദാതാവിനോടുള്ള നന്ദിയുടെ നറും മലരുകളാണ് ആരാധനയായി  രൂപപ്പെടുന്നതെന്നും, കാലികവും, ദേശികവുമായ അവസ്ഥകളില്‍ ആണ് അതിന് വ്യത്യസ്തത കൈ വരുന്നതെന്നും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

മനുഷ്യന്റെ യാതൊരു പ്രവര്‍ത്തികളും ' പെര്‍ഫെക്ഷന്‍ ' എന്ന അവസ്ഥയെ പ്രാപിക്കുന്നില്ലാ എന്നത് കൊണ്ട് ഈ സംപ്രദായങ്ങളില്‍ പോരായ്മകള്‍ കടന്നു കൂടിയിട്ടുണ്ട്. ആ പോരായ്മകളുടെ പേരില്‍ അതിനെ തച്ചുടച്ചു തകര്‍ക്കുകയല്ലാ, തഴുകിയുണര്‍ത്തി തിരുത്തുന്നതിലാണ് പ്രസക്തി. എന്ത് കൊണ്ടെന്നാല്‍, മനുഷ്യ വര്‍ഗ്ഗത്തിന്റെ വന്പന്‍ സ്‌റ്റോറേജുകളായി എന്നുമെന്നും നില നില്‍ക്കുന്ന മതങ്ങളില്‍ നിന്ന് തന്നെയാവണം മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങേണ്ടതും, മഹാ മനുഷികള്‍ സ്വപ്നം കണ്ട മണ്ണിലെ സ്വര്‍ഗ്ഗം സൃഷ്ടിച്ചെടുക്കേണ്ടതും.

Join WhatsApp News
Sudhir Panikkaveetil 2020-03-16 16:55:13
എവിടെ മലയാളി ഉണ്ടോ അവിടെ ദേവാലയം ഉണ്ട് എന്നതിന് പകരം "അവിടം ദേവാലയം" എന്ന അവസ്ഥക്കായി കാത്തിരിക്കാം. ശ്രീ ജയൻ വർഗീസിന്റെ ഓർമ്മക്കുറിപ്പുകൾ നന്നാകുന്നു.അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക