Image

ഈ കൊറോണക്കാലത്ത് (ശിവകുമാർ)

Published on 17 March, 2020
ഈ കൊറോണക്കാലത്ത് (ശിവകുമാർ)
ആയുധമില്ലാതെയാണ് നമ്മൾ മനുഷ്യർ, കൊറോണയോട് അങ്കം വെട്ടുന്നത്. അതു കൊണ്ട് തന്നെ ഒഴിഞ്ഞു മാറുക, ഒഴിഞ്ഞ് നിൽക്കുക എന്നതാവണം നമ്മുടെ അടവ്. കൊറോണയെ തുരത്തുന്നതിൽ നമ്മൾ ഓരോരുത്തർക്കും വലിയ പങ്കുണ്ട്, ഉത്തരവാദിത്തമുണ്ട്. നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിന് വേണ്ടി, സമൂഹത്തിന് വേണ്ടി, നാടിന് വേണ്ടി, മാനവരാശിക്ക് വേണ്ടി നമ്മൾ, അത് നിറവേറ്റുക തന്നെ ചെയ്യും.

ചിത്രത്തിൽ കാണുന്നത് പോലെ ഒരാൾ വിചാരിച്ചാലും കൊറോണയെ വലുതായി പ്രതിരോധിക്കാൻ കഴിയും. നമ്മൾ ഒഴിഞ്ഞു നിൽക്കുക, ആൾക്കൂട്ടങ്ങളിൽ നിന്ന്, അത്യാവശ്യമല്ലാത്ത യാത്രകളിൽ നിന്ന്, ആഘോഷങ്ങളിൽ നിന്ന്. കുറച്ചു കാലത്തേക്ക് മാത്രം. നമ്മുക്ക് അസുഖം ബാധിക്കാതെ നോക്കുന്നതിലൂടെ, നമ്മൾ സംരക്ഷിക്കുന്നത് നമ്മുടെ കുടുംബത്തെയും ചുറ്റുമുള്ളവരെയും കൂടിയാണ് എന്നോർക്കുക.

വ്യക്തി ശുചിത്യം പാലിക്കുകയും പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യാം നമുക്ക്.

പ്രധാനപ്പെട്ട കാര്യം, വിദഗ്ദ നിർദ്ധേശങ്ങൾ, ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്നത് മാത്രം പിന്തുടരാം. നിർദ്ധേശങ്ങൾ ബുദ്ധിമുട്ടുള്ളതാണെങ്കിലും കർശനമാക്കും പാലിക്കാം. പ്രത്യേകിച്ചും ആഗോള നിലവാരത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ പൂർണ്ണമായി വിശ്വസിക്കാം.

ഭയപ്പെടാതിരിക്കാം, ഒപ്പം ഭയപ്പെടുത്താതെയുമിരിക്കാം. അസുഖം വരാതെ നോക്കാം, അഥവാ വന്നാലും മറ്റുള്ളവർക്ക് വരാതെ നോക്കാം.

രസം, സാമ്പാർ, അച്ചാർ, തോരൻ, പച്ചടി, കിച്ചടി പായസം ഒക്കെ നമ്മുക്ക് കഴിക്കാം. പക്ഷേ ഇതൊക്കെ കഴിച്ചാൽ കോറോണ വരില്ല എന്ന് മറ്റുള്ളവരോട് പറയാതിരിക്കാം.

ഉള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക്, കറുവാപ്പട്ട എന്നിവയെല്ലാം കറി വയ്ക്കാൻ ഉപയോഗിക്കാം. എന്നാൽ, ചികിത്സക്കായി ഉപയോഗിക്കാതിരിക്കാം. അതിലുപരി ഇത്തരം കാര്യങ്ങൾ മറ്റുള്ളവരോട് പറയാതെയിരിക്കാം, ഇത്തരം വാർത്തകൾ ഫോർവേഡ് / ഷെയർ ചെയ്യാതിരിക്കാം.(ഫൈറ്റോ കെമിക്കൽസിനെയും ഫൈറ്റോ ന്യൂട്രിയൻറ്സിനെയും കുറച്ചു കാണുകയല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വജീവനും മറ്റുള്ളവരുടെ ജീവനും വച്ച് കളിക്കരുതെന്ന് മാത്രം).

പരസ്പരം, കുറ്റപ്പെടുത്താതെ, പഴി ചാരാതെ, പരിഭ്രമം പടർത്തുന്ന കാര്യങ്ങൾ പങ്കുവയ്ക്കാതെ ഒരുമിച്ച് നിൽക്കാം. ഒന്നിച്ച് നേരിടാം നമുക്കീ സാംക്രമിക രോഗത്തെ..

നമ്മുടെ ഇച്ഛാ ശക്തിക്ക് മുന്നിൽ, ഐക്യത്തിന് മുന്നിൽ, കൂട്ടായ പ്രവർത്തനങ്ങൾക്ക് മുൻപിൽ, ജാഗ്രതക്ക് മുൻപിൽ മുട്ടുമടക്കാത്ത ഒരു വൈറസും ലോകത്തില്ല.

തോൽപ്പിക്കും നമ്മളീ വൈറസിനെ, ജയിക്കും നമ്മൾ ഒന്നായി, ഒരുമിച്ച്, ഒറ്റക്കെട്ടായി....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക