Image

റൂമിക്കവിത (കഥ: ഷുക്കൂര്‍ ഉഗ്രപുരം)

Published on 18 March, 2020
റൂമിക്കവിത (കഥ: ഷുക്കൂര്‍ ഉഗ്രപുരം)
രാത്രിയുടെ ശോകത്തെ നെഞ്ചേറ്റി നദി നഗരത്തിന്‍റെ ഓരം ചേര്‍ന്ന്  തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു...

 ഏകാന്തതയുടെ സൂചിമുനകള്‍ അപ്പോഴും അവന്റെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു.
സ്വസ്ഥതക്കായ് ലോകത്തെ പുറത്താക്കി വാതിലടക്കാന്‍ അവനാവില്ല. അനുവാദമില്ലാതെ ജനല്‍പാളിയിലൂടെ കടന്നെത്തുന്ന കാറ്റ് അവന്റെ  ഓര്‍മ്മയിലെ തപിക്കുന്ന കനലുകളെ കൂടുതല്‍ തപിക്കുന്നതാക്കി മാറ്റുന്നു.

പഴയ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതോ ഒരു വരി അവന്റെ മുന്നിലേക്കൊഴുകിയെത്തി,

"ജീവന്‍ സുഖ് ദുഃഖ്ക്കാ സംഗമ് ഹൈ"...
അവന്‍ വന്യമായി പൊട്ടിച്ചിരിച്ചു!!

അവന്റെ ചിരിയുടെ ശബ്ദം നദിക്കരയില്‍ പ്രതിധ്വനി സ്യഷ്ടിച്ചു,
മാനത്തെ നിലാവെളിച്ചീ നദിയില്‍ വിരിച്ച സ്വര്‍ണ്ണ മെത്തയില്‍ സംസര്‍ഗ്ഗം നടത്തുന്ന മല്‍സ്യങ്ങളും അവനോടൊത്ത് ചിരിച്ചിട്ടുണ്ടാകണം.

ഏകാന്തതയുടെ കൂരിരുട്ടില്‍ ഫ്‌ലാറ്റിലെ അടച്ചിട്ട കോണ്‍ക്രീറ്റ് മുറിയിലേക്ക് ഹരിദ്വാറിലെ  ചരസ്സുമായി രണ്ട് സന്യാസികള്‍ ഇറങ്ങി വന്നു,

അവര്‍ ചോദിച്ചു, "അങ്ങേക്ക് എന്താണ് ഞങ്ങള്‍ ചെയ്തു തരേണ്ടത് "?
മൗനമായിരുന്നു അവന്റെ ഉത്തരം!

അവര്‍ വീണ്ടും ചോദിച്ചു , ''അങ്ങയുടെ ബാല്ല്യം തിരിച്ചു തരട്ടേ?''
'' അങ്ങയുടെ പ്രണയിനിയെ തിരിച്ചു തരട്ടേ?''

    ''അങ്ങയെ ഈ ലോകത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയാക്കട്ടേ?''
അവന്‍ പറഞ്ഞു "വേണ്ടാ …….''

       ബീഡി സന്യാസി തിരിച്ച് ബാഗിലേക്ക് തന്നേ വെച്ചു!!
ഹരിദ്വാറിലേക്ക് തിരിച്ചു പോകാന്‍ ഇറങ്ങിയ സന്യാസിമാരോട് അവന്‍ സഹായം ചോദിച്ചു!!
"എനിക്ക് അന്റോണിയോ ഗ്രാംഷിയെ കാണണം",

അവര്‍ നിഷേധാര്‍ത്ഥത്തില്‍ പരസ്പരം നോക്കി,
"ദസ്തയേ വിസ്ക്കിയേ കാണണം"

അപ്പോള്‍ അവര്‍ തല താഴ്ത്തി...
"എഡ്വാഡ് സൈദിനെ നിങ്ങള്‍ക്കറിയുമോ"? അവന്‍ ചോദിച്ചു.

      അവര്‍ നിസ്സഹായരായ് പോവാന്‍ പടിയിറങ്ങി,  അവനും പുറത്തിറങ്ങി....

ദൂരെ ദിക്കിലേക്ക് വെറുതെ കണ്ണെറിഞ്ഞു.

      തെളിഞ്ഞ നിലാവെളിച്ചത്തില്‍ കരിമ്പനകള്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു!! അവ അവന്റെ ഓര്‍മ്മകളെ ഇതിഹാസത്തിന്റെ തസ്രാക്കിലേക്കും, ഖസാക്കിലേക്കും നയിച്ചു...
       മനസ്സിന്റെ കാരണമെന്തെന്നറിയാത്ത  വീര്‍പ്പുമുട്ടലിലും ഓര്‍മ്മകള്‍ പാറിപ്പറന്നു കൊണ്ടിരുന്നു.

        ദൂരെ ദിക്കില്‍ നിന്നും പ്രണയിനിയെ നഷ്ടപ്പെട്ട ഒരു വേഴാമ്പലിന്റെ കരച്ചില്‍ ഇരുട്ടിന്റെ മതിലുകളെ ഭേധിച്ച് കൊണ്ട് അവന്റെ റൂമിലെത്തി ചിതറിത്തെറിക്കുന്നു...

        നിലത്ത് അലമാരിയുടെ നിഴലിനു മീതെ ടേബിളിന്‍ നിഴല്‍ സ്വസ്ഥമായ് കിടന്നുറങ്ങുന്നത് അവന്റെ കണ്ണിലുടക്കി,       ''ഈ ഇരുട്ടിലും നിഴല്‍ നിഴലിനേയാണ് പ്രണയിക്കുന്നത്''!!

             പുറത്ത് ആരോ അവന്റെ ഡോറില്‍ മുട്ടുന്നു!
അവന്‍ കതക് തുറന്നു,
       മുന്നില്‍ ദര്‍വ്വേശ്!!! ,

പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ ജ്വലിക്കുന്ന മുഖം, തലയില്‍ ഉയര്‍ന്ന കറുത്ത നിറത്തിലുള്ള ടെഹ്‌റാന്‍ തൊപ്പി,

അയാള്‍ സമാധാനം തേടി ലോകം ചുറ്റുന്നു.
അവന്‍ അയാളെ അകത്തേക്ക് ക്ഷണിച്ചു.
അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അയാളുടെ തോളില്‍ തൂക്കിയ തുണി സഞ്ചിയില്‍ നിന്നും മൂന്ന് ഡബ്ബകളെടുത്ത് അവന്നു നല്‍കി, കൂടെ എന്തോ എഴുതിയ ഒരു കടലാസും!
 എന്നിട്ടയാള്‍ എങ്ങോ നടന്നകന്നു!

ഡബ്ബ കണ്ടപാടേ അവന് ഓര്‍മ്മ വന്നത് പൗലോ കൊയ്‌ലോയുടെ  ആല്‍ക്കെമിസ്റ്റ് നോവലിലെ "യുമീമും" "തമീമും " പേരുള്ള അല്‍ഭുത കല്ലുകളാണ്‍!

അവന്‍ ഡബ്ബ തുറന്നു, ഒന്നില്‍ ഇറാനിയന്‍ ബദാം, അടുത്തതില്‍ ലബനോനിലെ ഉണക്ക മുന്തിരി, മറ്റൊന്നില്‍ ജറൂസലേമിലെ പിസ്ത്തയും!!

ആ ഡബ്ബകള്‍ എന്തോ വൈജാത്യ സന്ദേഷം നല്‍കുന്ന പോലെ അവന് തോന്നി!!
ദര്‍വ്വേശ് നല്‍കിയ കടലാസവന്‍ വായിക്കാനായി തുറന്നു !
പേര്‍ഷ്യന്‍ കവി റൂമിയുടെ ഒരു കവിതാ ശകലമായിരുന്നുവതില്‍!
"നിന്നിലൊരു മഹാ നദിയുണ്ടായിരിക്കേ ഒരു ചെറിയ കുളത്തേ നീയന്വേഷിക്കുന്നതെന്തിനാണ് "??.
"നിന്നുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിന്റെയുള്ളില്‍ തന്നെയാണ് "!!

വായനക്കിടയിലെപ്പഴോ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അവനുറങ്ങുമ്പോഴും അവനായി പ്രാര്‍ത്ഥിക്കുന്ന എത്രയോ ഹൃദയങ്ങള്‍; അവന്നറിയുന്നതും, അറിയാത്തതും, അപരിചിതവുമായ ഒരു പാട് ഹൃദയങ്ങള്‍...


Join WhatsApp News
Pisharody Rema 2020-03-18 13:34:35
Nannayittundu..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക