Image

കാലം പറഞ്ഞത്( കവിത : വിഷ്ണു പകല്‍ക്കുറി)

വിഷ്ണു പകല്‍ക്കുറി Published on 20 March, 2020
കാലം പറഞ്ഞത്( കവിത :  വിഷ്ണു പകല്‍ക്കുറി)
വില്‍പ്പനയ്ക്ക്
വയ്ക്കുന്നുണ്ട്
അടിമച്ചങ്ങലകളാല്‍
താഴിട്ടുപൂട്ടിയ
ഓര്‍മ്മകളടക്കിയ
പുസ്തകത്തില്‍

മഴകൊണ്ടുപോയ
പ്രളയത്തിന്റെ
തിരുമുറിവുകളുണ്ട്

വവ്വാല്‍ കടിച്ചു
കുടഞ്ഞൊരുപനിയുടെ
നൊമ്പരമുണ്ട്

ദൈവനാമത്തില്‍
പുരഷകേസരികളുടെ
സംഘര്‍ഷഭരിതമായ
പ്രാര്‍ത്ഥനകളുണ്ട്

ഖദറുകളില്‍
കാമത്തിന്റെചെളിപുരണ്ടു
തൂങ്ങിയാടുന്നകുരുന്നുകളുടെ
പൊലിഞ്ഞുപോയ സ്വപ്നങ്ങളുണ്ട്

വനിതകളുടെ
വാമൊഴിപാട്ടുകള്‍
കോര്‍ത്തൊരു
മനുഷ്യച്ചങ്ങലയുണ്ട്

ദാരിദ്ര്യത്തിന്റെ
കണക്കുപുസ്തകത്തില്‍
മണ്ണുതിന്നവരുണ്ട്

മനുഷ്യചിലന്തികള്‍
വിഷം പുരട്ടിയ
മതമെന്നമതില്‍
പണിയുന്നുണ്ട്

പ്രണയത്തിന്റെ
കടലിടുക്കില്‍
എറിഞ്ഞുടക്കപെട്ടൊരു
കുഞ്ഞിന്റെകഥയുണ്ട്

മതഭ്രാന്തന്മാര്‍
തിരികൊളുത്തിയതീപ്പൊരി
ചിതറുന്നസംഘട്ടനത്താല്‍
 രക്തം ചീന്തിചുവന്ന
നഗരത്തിന്റെമിഴിനീരുണ്ട്

പുഴകൊണ്ടുപോയ
നാളെയുടെ
പ്രതീക്ഷകളുടെ
വിങ്ങലുകളുണ്ട്

ഭയാനകമായൊരു
പകര്‍ച്ചവ്യാധി
പടര്‍ന്നുപന്തലിക്കുന്ന
നേര്‍ചിത്രങ്ങളുണ്ട്

വായനമരിച്ചു
പോയൊരു തലമുറയുടെ
കഥകള്‍ വാങ്ങി
ഒരിക്കലെങ്കിലും
വായിക്കാന്‍ ശ്രമിക്കണം

കാലം പറഞ്ഞത്( കവിത :  വിഷ്ണു പകല്‍ക്കുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക