Image

കോവിഡ് 19 : സമാശ്വാസ പാക്കേജുമായി സൗദി അറേ

Published on 20 March, 2020
കോവിഡ് 19 : സമാശ്വാസ പാക്കേജുമായി സൗദി അറേ
ബ്യ

റിയാദ്: കോവിഡ് 19 കൂടുതല്‍ മേഖലകളിലേക്കു കൂടി വ്യാപിക്കുകയും ജനജീവിതം അപ്പാടെ സ്തംഭിപ്പിക്കുകയും ചെയ്ത സൗദി അറേബ്യയിലെ ജനങ്ങള്‍ക്കായി 120 ബില്യണ്‍ റിയാലിന്റെ സമാശ്വാസ പാക്കേജ് ധനകാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ജഥാന്‍, ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഹുമായി ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജൂണ്‍ 30 വരെയുള്ള കാലാവധിയില്‍ ഇഖാമ അവസാനിക്കുന്നവര്‍ക്ക് 3 മാസം നീട്ടി നല്‍കും. ഈ സമയത്തേക്ക് ലെവി അടയ്ക്കുന്നതിലും ഇളവ് അനുവദിക്കുന്നതാണ്. നാട്ടില്‍ പോകുന്നതിനായി എക്‌സിറ്റ് റീ എന്‍ട്രി അടിച്ച് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ക്ക് സ്‌പോണ്‍സര്‍ മുഖേന അത് നീട്ടി നല്‍കാനും തീരുമാനമായതായി ധനകാര്യ മന്ത്രി പറഞ്ഞു.

സക്കാത്ത്, മൂല്യവര്‍ദ്ധിത നികുതി എന്നിവ അടയ്ക്കുന്ന കാര്യത്തിലും ഇളവുകളുണ്ടായിരിക്കും. സര്‍ക്കാര്‍, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒടുക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകള്‍ തിരിച്ചടക്കുന്നതിനും ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് പഠിക്കാനും ഉചിതമായ തീരുമാനമെടുക്കുന്നതിനും കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട എല്ലാ ധനകാര്യ ബാധ്യതകളും നികുതി സംബന്ധമായ റിപ്പോര്‍ട്ടുകളും അടുത്ത 3 മാസത്തേക്ക് സമര്‍പ്പിക്കേണ്ടതില്ല.
ചെറുകിട വ്യവസായ സംരംഭകര്‍ക്ക് 70 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതായും ധനകാര്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍. ശനിയാഴ്ച മുതല്‍ ആഭ്യന്തര വിമാന, ട്രെയിന്‍, ടാക്‌സി, ബസ് സര്‍വീസുകളും അടുത്ത രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. കഴിയുന്നതും രാജ്യത്തെ ജനങ്ങള്‍ രണ്ടാഴ്ചക്കാലം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ ഭരണകൂടവുമായി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്ഥിച്ചു.

രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരി തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് അനിവാര്യം. ഇതിനായി ആരോഗ്യ വകുപ്പിന് അധിക ഫണ്ട് വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട്:ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക