Image

കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 March, 2020
 കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രംപിന്റെ ഉത്തരവ്.

യുഎസിനും മെക്‌സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎസ് - കാനഡ അതിര്‍ത്തിയെ സംബന്ധിച്ചും നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. വ്യാപാരം ഒഴിവാക്കുന്ന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്യൂ ക്വോമോ സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ അപ്രധാന ബിസിനസ് സ്ഥാപനങ്ങളും ഞായറാഴ്ച രാത്രിയോടെ അടയ്ക്കണമെന്നും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

'ന്യൂയോര്‍ക്കിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തുഷ്ടനാകും,' ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു.  

കൊവിഡ്-19നെതിരായ പോരാട്ടം അമേരിക്കക്കാരെ ആഴ്ചകളോളം വീട്ടില്‍ തന്നെ ഇരുത്തേണ്ടി വരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. കൊറോണ വൈറസ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ ഫലപ്രദമാകുമെന്ന ട്രംപിന്റെ അഭിപ്രായത്തോട് ഡോ. ഫൗസി വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇറ്റലിയില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വൈറസ് ബാധിക്കുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലായിരിക്കുമെന്നും, മരണവും അതുപോലെ തന്നെയായിരിക്കുമെന്നും പ്രസിഡന്റ് ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ ഉന്നത ഡോക്ടറായ ഡോ. ഡെബോറ ബിര്‍ക്‌സ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ പുതിയ യാത്രാ നിയന്ത്രണങ്ങളും, ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ സംസ്ഥാനവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ യു എസ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.

ഫെഡറല്‍ ആദായനികുതി സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രില്‍ 15-ല്‍ നിന്ന് ജൂലൈ 15-ലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് മാസമായി കൊറോണ വൈറസില്‍ നിന്ന് പരിരക്ഷ നേടാന്‍ എന്‍ 95 റെസ്പിറേറ്ററുകളുടെ ഉത്പാദനം ഇരട്ടിയാക്കിയതായി മിനസോട്ട ആസ്ഥാനമായുള്ള കമ്പനി 3 എം പറഞ്ഞു.

അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള ദമ്പതികള്‍ അവരുടെ കൗണ്ടിയിലെ ഒരു പുതിയ ടെസ്റ്റിംഗ് സൈറ്റിനായി നൂറുകണക്കിന് സംരക്ഷിത ഫെയ്‌സ് മാസ്‌കുകളാണ് നിര്‍മ്മിക്കുന്നത്.  

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂജേഴ്‌സിയിലെ പ്രാദേശിക മേഖലയില്‍ ഡ്രൈവ്ത്രൂ കൊറോണ വൈറസ് പരീക്ഷണ കേന്ദ്രം തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജനബാഹുല്യം കൊണ്ട് ആളുകളെ തിരിച്ചയക്കേണ്ടതായി വന്നു.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ കൊറോണ പോസിറ്റീവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പോലീസ് കേഡറ്റുകളുടെ ബിരുദ ദാനച്ചടങ്ങ് മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം അക്കാദമിയിലെ അടുത്ത ക്ലാസ് റദ്ദാക്കാനും തീരുമാനിച്ചു.

മേയര്‍ ബില്‍ ഡി ബ്ലാസിയോ ലോവര്‍ മന്‍ഹാട്ടനിലെ വിവാഹ രജിസ്‌ട്രേഷന്‍ ബ്യൂറോ അടച്ചു. രണ്ട് ദമ്പതികള്‍ കെട്ടിടത്തിന് പുറത്തുവെച്ച് വിവാഹിതരായി.

 കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക