Image

ഹോം ഐസലേഷന്‍: ചട്ടം പാലിച്ചില്ലെങ്കില്‍ 2 വര്‍ഷം തടവ്

Published on 21 March, 2020
ഹോം ഐസലേഷന്‍: ചട്ടം പാലിച്ചില്ലെങ്കില്‍ 2 വര്‍ഷം തടവ്
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 രോഗനിരീക്ഷണത്തിലുള്ളവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 2 വര്‍ഷം വരെ തടവ്. ജില്ലയിലെ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവയുള്‍പ്പടെ ഏതു പൊതു–സ്വകാര്യചടങ്ങുകളിലും 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതും നിരോധിച്ച് കലക്ടര്‍ ഉത്തരവായി. ഇതു ലംഘിച്ചാലും 2 വര്‍ഷം വരെ തടവ് ലഭിക്കാം.

2005ലെ ദുരന്തനിവാരണ നിയമം, 1995ലെ തിരുവിതാംകൂര്‍ കൊച്ചി പൊതുജന ആരോഗ്യനിയമം എന്നിവയനുസരിച്ചാണ് നിയന്ത്രണമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് ഒന്നിനു ശേഷം വിദേശത്തുനിന്ന് എത്തിയ എല്ലാവരും നിര്‍ബന്ധമായും 14 അല്ലെങ്കില്‍ 28 ദിവസം ഹോം ഐസലേഷനില്‍ കഴിയണം. ഇതിനു വിപരീതമായി മറ്റ് വ്യക്തികളുമായി അടുത്തിടപഴകുകയോ ആശുപത്രി ഒഴിച്ചുള്ള പൊതുസ്ഥലങ്ങളില്‍ പോകുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും.

ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ക്വാറന്റീനുമായി ബന്ധപ്പെട്ട ഉത്തരവ് ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും ഹെല്‍ത്ത് ഓഫിസര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് നടപ്പാക്കേണ്ടത്. ആള്‍ക്കൂട്ടം സംബന്ധിച്ച ഉത്തരവ് പൊലീസും.അതിഥി തൊഴിലാളികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമായി വന്നാല്‍ അതിനുള്ള സാഹചര്യം ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരുക്കണം. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക