Image

കൊറോണ വൈറസ്: പ്രകൃതി നൽകുന്ന സന്ദേശം; വന്യജീവികളെ വെറുതെ വിടുക

Published on 21 March, 2020
കൊറോണ വൈറസ്: പ്രകൃതി നൽകുന്ന സന്ദേശം; വന്യജീവികളെ വെറുതെ വിടുക

ബീജിങ്: ലോകം കൊറോണ വൈറസ് ഭീതിയിൽ തുടരുകയാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 അതിവേഗം ലോകത്തിൻ്റെ വിവിധ കോണുകളിലെത്തി. 11,000 ആളുകൾക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. പതിനായിരങ്ങൾ ചികിൽസ തേടി ആശുപത്രിയിലും വിവിധ സുരക്ഷാ ക്യാമ്പുകളിലും കഴിയുകയാണ്. വൈറസ് ബാധയെ ഒരു പരിധിവരെ ചെറുക്കാൻ ചൈനയ്‌ക്ക് സാധിച്ചെങ്കിലും ഇറ്റലി, ഇറാൻ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ സാഹചര്യം മോശമായി തുടരുകയാണ്. മരണസംഖ്യയുടെ കാര്യത്തിൽ ചൈനയെ ഇറ്റലി മറികടന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇറാനിലും സമാനമായ അവസ്ഥയാണുള്ളത്. പ്രായം ചെന്നവരാണ് കൂടുതലായും മരിക്കുന്നത്. മൃഗങ്ങളിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിന് പലവിധ കാരണങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

വന്യജീവികൾ ഉയർത്തുന്ന ഭീഷണി

വന്യജീവികളുടെ ആവാസവ്യവസ്ഥ വലുതായതിനാൽ തന്നെ പുതിയ തരത്തിലുള്ള വൈറസുകൾ ഉത്ഭവിക്കാൻ കാരണമാകും. ഈ മൃഗങ്ങളെ വേട്ടയാടിയോ അല്ലാതെയോ പിടികൂടുന്ന മനുഷ്യൻ അവയെ പലപ്പോഴും ഭക്ഷണമാക്കും. ചില ജീവികളെ വളർത്താനും കൈമാറ്റം ചെയ്യാനും ശ്രമിക്കും. ഇതോടെ വൈറസ് വ്യാപനം അതിവേഗത്തിലാകും. ഒരാളിൽ നിന്ന് പലരിലേക്ക് വൈറസ് പടരും. സാർസ് അടക്കമുള്ള വൈറസുകൾ ജനങ്ങളിലെത്തിയത് ഇങ്ങനെയാണ്. നിപ വൈറസ്, എബോള എന്നിവയും ഇത്തരം സാഹചര്യങ്ങളിൽ ഉത്ഭവിച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

വൈറസ് വ്യാപനത്തിൽ ഈനാമ്പേച്ചികൾക്ക് എന്ത് കാര്യം

കൊറോണ വൈറസ് അടക്കമുള്ള വൈറസുകൾ വന്യജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത്. ഈനാമ്പേച്ചികളെ കൂട്ടത്തോടെ വേട്ടയാടുകയും അവയെ ഭക്ഷണമാക്കുകയും ചെയ്‌തത് വൈറസുകൾ വ്യാപിക്കാൻ കാരണമായെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകത്ത് സ്ഥിരീകരിച്ച 70ശതമാനം പകർച്ചവ്യാധികളും വന്യജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിരുന്ന ഈനാമ്പേച്ചികളിൽ നിന്ന് ആയിരക്കണക്കിനാളുകളിലേക്കാണ് വൈറസ് വ്യാപിച്ചത്. ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ് ഈ കണക്കുകൾ.

സസ്‌തനികൾ വൈറസ് വ്യാപിപ്പിക്കും?

സസ്‌തനികളെ വേട്ടയാടുന്നതിനും കൈമാറ്റം ചെയ്യുന്നത് മനുഷ്യ ജീവന് ഭീഷണിയായി. ഇവയിൽ പ്രധാനിയാണ് ഈനാമ്പേച്ചി. സസ്‌തനികൾ വൈറസ് വാഹകരാകാനുള്ള സാധ്യതത കൂടുതലാണ്. കൊറോണ വൈറസ് ജനങ്ങളിലേക്ക് എത്തുന്നതിനും കാരണമായത് സസ്‌തനികളെ കൈമാറ്റം ചെയ്തതിലൂടെയാണ്. സാർസ് പൂച്ചകളിൽ നിന്നാണ് മനുഷ്യരിൽ എത്തിയതെന്നാണ് റിപ്പോർട്ട്. എബോള, നിപ വൈറസുകളും ഇത്തരത്തിൽ വന്യജീവികളിൽ നിന്നാണ് ജനങ്ങളിലെത്തിയത്. വനനശീകരണം, ഭൂവിനിയോഗ മാറ്റം, ആവാസവ്യവസ്ഥ വിഘടനം, കയ്യേറ്റം, അതിവേഗ ജനസംഖ്യാ വർധന, നഗരവൽക്കരണം എന്നിവ വന്യജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കും. ഇതോടെ ഇവ കാടുകളിൽ നിന്ന് പുറത്തെത്തുകയും ഇതുവഴി വൈറസ് മനുഷ്യരിലേക്ക് എത്തുകയും ചെയ്യും.

കൊറോണ വൈറസ് വ്യാപനത്തിന് പിന്നിലും വന്യജീവികൾ

സസ്‌തനികൾ ഇന്നും വേട്ടയാടപ്പെടുകയാണ്. എട്ട് തരത്തിലുള്ള സസ്‌തനികളാണ് ഏറ്റവും കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇവയിൽ മൂന്നെണം ഗുരുതരമായി വംശനാശഭീഷണി നേരിടുന്നുണ്ട്. വന്യജീവികളെ പരിശോധിക്കുകയും അവയുടെ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നത് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കിടെയിലേക്ക് മനുഷ്യൻ കടന്നുവരുകയും ഇവയെ വേട്ടയാടുകയും ചെയ്യുന്നത്. ഇതോടെ തിരിച്ചറിയപ്പെടാത്ത വൈറസുകൾ മനുഷ്യരിലേക്ക് എത്തും. കൊവിഡ്-19ൻ്റെ കാര്യത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്. ചൈനയും തെക്കുകിഴക്കൻ ഏഷ്യയും അറിയപ്പെടുന്ന ഹോട്ട്‌സ്പോട്ടുകളാണ്. ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഇവിടെ പലപ്പോഴും തകർക്കപ്പെടുന്നു. ഈ ഇടപെടലുകൾ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നതിൽ സംശയമില്ല. പുതിയ തരം വൈറസുകൾ ഉത്ഭവിക്കുന്നതിനും ഇത് കാരണമാകും.

കൊവിഡ് വ്യാപനത്തിൽ മരണസംഖ്യ ഉയരുന്നു

കൊറോണ വൈറസ് വ്യാപനത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 11,000ലധികം പേർക്ക് ജീവൻ നഷ്‌ടമായി. ഇറ്റലിയിൽ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. മരണനിരക്കിൽ ചൈനയെ മറികന്നും ഇറ്റലി. 4000 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 627 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആകെ രോഗബാധിതർ 47021 ആണ്. സ്‌പെയിൻ, യുഎഇ, ഇറാൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവടങ്ങളിലെ മരണസംഖ്യ വർധിക്കുകയാണ്. ജർമ്മനിയിലും ദക്ഷിണകൊറിയയിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക