Image

യു.എസില്‍ അഞ്ചിലൊന്നു പൗരന്മാരും വീടുകളില്‍ കഴിയണമെന്ന് മുന്നറിയിപ്പ്

Published on 21 March, 2020
യു.എസില്‍ അഞ്ചിലൊന്നു പൗരന്മാരും വീടുകളില്‍ കഴിയണമെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ചിലൊന്ന് പൗരന്മാരും വീടുകളില്‍തന്നെ കഴിയണമെന്ന് യു.എസ് ഭരണകൂടം നിര്‍ദേശിച്ചു. ന്യൂയോര്‍ക്, കണറ്റിക്കട്ട്, ന്യൂജഴ്‌സി, ഇല്ലിനോയ്‌സ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. പലചരക്കു കട, ഫാര്‍മസി, ഗ്യാസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പോകാന്‍ അനുമതിയുണ്ട്. ന്യൂയോര്‍ക്കില്‍ അത്യാവശ്യമല്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടാനും ഉത്തരവിട്ടു. പൊതുപരിപാടികള്‍ നിയന്ത്രിക്കാനും അത്യാവശ്യമല്ലാത്ത ജോലികള്‍ ഉപേക്ഷിച്ച് വീടുകളില്‍തന്നെ കഴിയാനും ഗവര്‍ണര്‍ അന്‍ഡ്രു കുമോ ഉത്തരവിട്ടു. ന്യൂയോര്‍ക്കില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 7000 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

അടുത്ത മാസത്തിനുള്ളില്‍ കാലിഫോര്‍ണിയയിലെ നാലുകോടി ജനങ്ങളില്‍ പകുതിയും വൈറസിന്‍െറ പിടിയിലാകുമെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം മുന്നറിയിപ്പു നല്‍കിയിരുന്നു. യു.എസില്‍ ഇതുവരെ 18,500ല്‍ അധികം ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 230 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്‍റിന്‍െറ ഓഫിസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹവുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് പെന്‍സും ഇടപഴകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാത്തി മില്ലര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് വൈറ്റ്ഹൗസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ്19 വൈറസിന്‍െറ ജനിതക ഘടന പൂര്‍ണമായി ഡീകോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍. സ്‌മോറോഡിന്‍സ്‌റ്റേവ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിലെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍നിന്നാണ് ജനിതക ഘടന ഡീകോഡ് ചെയ്തത്. ഇതിന്‍െറ ചിത്രങ്ങള്‍ പുറത്തുവിട്ട റഷ്യ ആരോഗ്യ സംഘടനയുടെ ഡേറ്റ കേന്ദ്രത്തിലേക്ക് കൈമാറുകയും ചെയ്തു. സിംഗപ്പൂരില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. സ്വദേശിയായ 75കാരിയാണ് മരിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. മൊത്തം 385 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക