വാഷിങ്ടന്‍ : കോവിഡിനെതിരെ വിജയം നേടുമെന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഎസില്‍ 30ല്‍ അധികം സ്റേറ്റുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.
യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ ക്രമാതീതമായതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സാഹചര്യം നേരിടാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതല്‍ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും തയാറായി വരികയാണ്. ഇറ്റലിയില്‍ ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തിയത്. 3,37,881 പേര്‍ക്കാണ് ആഗോളതലത്തില്‍ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 14,400 പിന്നിട്ടു.
ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5,400 കഴിഞ്ഞു. രാജ്യത്തെ രോഗബാധിതര്‍ 59,138. യുഎസില്‍ വിവിധ സ്റ്റേറ്റുകളില്‍ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകത്താകെ 189 രാജ്യങ്ങളില്‍ രോഗമെത്തി.
രോഗം ബാധിക്കുന്ന കൂടുതല്‍ പേരിലും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമാണു കാണിക്കുന്നത്. പ്രായമായവരില്‍ ന്യൂമോണിയ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും നയിക്കുന്നു. രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപ്പെടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരില്‍ രണ്ടാഴ്ച കൊണ്ടും ഗുരുതരമായ പ്രശ്നങ്ങളുള്ളവരില്‍ ആറാഴ്ച കൊണ്ടുമാണു രോഗം ഭേദപ്പെടുന്നത്. ഇറ്റലിയില്‍ കോവിഡ് രൂക്ഷമായ വടക്കന്‍ മേഖലയില്‍ ശക്തമായ നിയന്ത്രണമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഇറ്റലിയിലേക്കു മെഡിക്കല്‍ സംഘങ്ങളെ ഉടന്‍ അയക്കുമെന്നു റഷ്യ അറിയിച്ചു.