Image

പുഴ ഒരു വരയാണ് ( കവിത: അനുജി. കെ.ഭാസി)

Published on 23 March, 2020
പുഴ ഒരു വരയാണ് ( കവിത: അനുജി. കെ.ഭാസി)



അധികനേരം വിഷാദമായ്
വീണ്ടുമീ പ്രണയപുഷ്പം
വിടരുമ്പൊഴോമനേ
പഥികരായിനി
മുമ്പേനടക്കുന്ന
പഴയകാലങ്ങളോർക്കാം
ഹൃദയമേ....

അവിടെ നീയൊരു
ചെമ്പകപ്പൂവുപോൽ
മലരണിഞ്ഞവസന്തമായ്
മാറവെ,
ഒരുകുടന്നക്കിനാവുമായ്
ശീതള 
ഹരിതമാകും
തണൽനീട്ടിയാദ്യമായ്!

വിരൽതൊടുമ്പോൾ
മണക്കുന്നപൂവിതൾ
പൊലിമതോറും
പറക്കവെയാദ്യത്തെ
പ്രണയമാണുനീ പിന്നെയും
ആദ്യന്ത
പ്രണയമായ്നീ
പുലരുന്നുകൺകളിൽ...!

ഇനിയുമുണ്ട്,
ചമത്ക്കാരസൗഭഗം
ഇവിടെനമ്മൾ
പരിചയിക്കും മരം
ഇവിടെ,ഇവിടമാണാദ്യത്തെ
നൊമ്പര
ധമനികൾക്ക്
നിണംകൊടുക്കുംവരം!

ഒടുവിലീവഴിതീരും
വളവിലാണൊടുവിൽ
നമ്മൾ
കരയാൻശ്രമിച്ചതും,
പുലരുവോളം
തകരുംകിനാവിൻറ
ഭ്രമണവീഥിയിൽ
താനേ നനഞ്ഞതും....
വിടപറയാൻ
മറന്നവരാണുനാം
പിടയുമോർമപോൽ
താനേ മറഞ്ഞവർ..!

പുഴവരയ്ക്കയാണോമനേ
പിന്നെയും
പുതിയ വർണത്തിൽ
നീയെന്ന ശീർഷകം
മഴയിലാണു ഞാൻ
നീയെന്ന ആകാശ
കുടയിലൂടെ
നടക്കുന്ന കാമുകൻ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക