Image

സൗദിയില്‍ മൂന്നാഴ്ച ഭാഗിക നിരോധനാജ്ഞ നിലവില്‍വന്നു

Published on 23 March, 2020
സൗദിയില്‍ മൂന്നാഴ്ച ഭാഗിക നിരോധനാജ്ഞ നിലവില്‍വന്നു


റിയാദ്: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവായി. മാര്‍ച്ച് 23 (തിങ്കള്‍) മുതല്‍ 21 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യു.

ഞായറാഴ്ച മാത്രം 119 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച് രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 512 ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജാവിന്റെ പുതിയ പ്രഖ്യാപനം. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിയമ വാഴ്ച നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കമുള്ള സുരക്ഷാ ജീവനക്കാരും രാത്രിയിലും ജോലി ചെയ്യേണ്ടി വരുന്ന സ്ഥാപങ്ങളിലെ ജോലിക്കാരും ആരോഗ്യ മാധ്യമ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയും കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിരോധനാജ്ഞയുടെ സമയത്ത് സ്വന്തം വീടുകളില്‍ കഴിയാനും അവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ മുഴുവന്‍ ആളുകളോടും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക