Image

ചന്ദ്രശേഖരന്‍ വധം: പ്രതിഷേധവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്

Published on 21 May, 2012
ചന്ദ്രശേഖരന്‍ വധം: പ്രതിഷേധവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്
കൊച്ചി: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. ടി.പിയുടെ അരുംകൊലയില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാന്‍ മടിക്കുമ്പോഴാണ് ബ്ലോഗിലൂടെ മോഹന്‍ലാലിന്റെ പ്രതികരണം. 

ഇന്ന് 52-ാം പിറന്നാള്‍ ആഘോഷിക്കുന്ന അവസരത്തിലാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ ചന്ദ്രശേഖരന്‍ വധത്തിലെ തന്റെ പ്രതിഷേധ കുറിപ്പെഴുതിയത്. 'ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍' എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ ടി.പിയുടെ അമ്മയുടെ വേദന ലാല്‍ സ്വന്തം നെഞ്ചിലേറ്റിയിരിക്കുകയാണ്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍- മെയ് 21ന് എന്റെ പിറന്നാളാണ്. ജീവിതയാത്രയില്‍ 52 നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുന്നു. തീര്‍ച്ചയായും സന്തോഷം ഉണ്ടാവേണ്ട കാര്യമാണ്. എന്നാല്‍ ഈ വര്‍ഷം എന്റെ പിറന്നാള്‍ ദിനത്തിന് മുകളില്‍ നിറയെ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നു. രണ്ട് അമ്മമാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൂടലുകള്‍ക്കിടയില്‍ വിങ്ങിനില്‍ക്കുന്നു. ഒന്ന് മൂന്ന് മാസമായി ഗുരുതരാവസ്ഥയില്‍ അമൃതാ ആശുപത്രിയില്‍ കഴിയുന്ന എന്റെ അമ്മ. പിന്നെ, മുഖത്ത് അമ്പതിലേറെ വെട്ടുകള്‍ ഏറ്റുവാങ്ങി മരിച്ചുവീണ ടി.പി ചന്ദ്രശേഖരന്റെ അമ്മ.

അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. പത്രങ്ങളില്‍ വായിച്ച പരിമിതമായ അറിവേ ഉള്ളൂ. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഏകദേശം എന്റെ പ്രായമായിരിക്കും. ആ അമ്മയ്ക്കും എന്റെ അമ്മയുടെ വയസുണ്ടാകും. എനിക്കൊന്നു നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ് പിടയ്ക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തിനുറുക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്റെ ആ കടലില്‍ എന്റെ ജന്മദിന ആഹ്‌ളാദങ്ങള്‍ മുങ്ങിപ്പോകുന്നു.

അസുഖം വന്നതിനു ശേഷം എന്റെ അമ്മ ഒന്നും വായിക്കുന്നില്ല. അല്ലെങ്കില്‍ ആ അമ്മയുടെ സ്ഥാനത്തുനിന്ന് എന്റെ അമ്മയും കരയുമായിരുന്നു. അമ്മമാര്‍ക്കറിയാം അവരിരിക്കെ മക്കള്‍ പോകുന്നതിന്റെ വേദന. അമ്മയെ തനിച്ചാക്കി പോകുന്ന വേദന നെഞ്ചില്‍ സ്‌നേഹം കെട്ടുപോകാത്ത മക്കള്‍ക്കുമറിയാം. മനുഷ്യരെന്നു പേരിട്ടു വിളിക്കാന്‍ പാടില്ലാത്ത ഒരു സംഘം ഒരു മനുഷ്യനെ വെട്ടികൊന്നത് വായിച്ചപ്പോള്‍ ആശുപത്രിയിലെ മുറിയ്ക്കുള്ളില്‍, എന്റെ അമ്മയുടെ കൈപിടിച്ച് കൊണ്ട് ഞാന്‍ സ്വയം ചോദിച്ചുപോയി, ഒരു കുഞ്ഞുറുമ്പിന് ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്കു കഴിയുമോ?

ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് അറിയില്ല. പക്ഷെ ഒന്നു പറയുന്നു. കൊല്ലുകയും കൊല്ലിക്കയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പു തോന്നുന്നു. കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ?. രണ്ട് അമ്മമാരുടെയും നെഞ്ചിലെ സങ്കടക്കടല്‍ തൊട്ടറിഞ്ഞ ലാല്‍ ഗിരീഷ് പുത്തഞ്ചേരിയുടെ 'അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു' എന്ന വരികളോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

http://www.thecompleteactor.com/articles2/

ചന്ദ്രശേഖരന്‍ വധം: പ്രതിഷേധവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്  ചന്ദ്രശേഖരന്‍ വധം: പ്രതിഷേധവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്  ചന്ദ്രശേഖരന്‍ വധം: പ്രതിഷേധവുമായി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക