Image

കൊവിഡ്-19: അമേരിക്കയിൽ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Published on 25 March, 2020
കൊവിഡ്-19: അമേരിക്കയിൽ മൂന്ന് ദിവസം കൊണ്ട് 50,000 ആയി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ ഡി.സി :  അമേരിക്കയിൽ 'കൊവിഡ്-19' വൈറസ് കേസുകള്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 26,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേ സമയം മരണസംഖ്യ 500 കവിഞ്ഞു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ സ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ളത്.
 
യു എസില്‍ കൊവിഡ്-19 വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണുബാധയുടെ വ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ല്യു‌എച്ച്‌ഒയുടെ മുന്നറിയിപ്പ്.
 
ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഹുബെ പ്രവിശ്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വൈറസ് കുറഞ്ഞത് 169 രാജ്യങ്ങളിലായി 400,000 ആളുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 103,000 ത്തിലധികം പേര്‍ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. മരണസംഖ്യ 17,200 കവിഞ്ഞു.
 
യുഎസിന് വൈറസിന്‍റെ പുതിയ പ്രഭവകേന്ദ്രമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്  'യുഎസില്‍ വൈറസിന്റെ വ്യാപനം ഇപ്പോള്‍ ത്വരിതപ്പെടുകയാണ്. അതിനാല്‍, പ്രഭവ കേന്ദ്രമാകാന്‍ സാധ്യതയുണ്ട്.'
 
യുഎസ് സെന്‍റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ (സിഡിസി) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയുള്‍പ്പടെ വാഷിംഗ്ടണ്‍ ഡി.സി, അമെരിക്കയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഈ വൈറസ് പടരുകയാണ്.
 
സ്ഥിരീകരിച്ച മൊത്തം കേസുകളില്‍ 449 എണ്ണവും യാത്രയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 539 എണ്ണം രോഗബാധിതനായ വ്യക്തിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതിലൂടെ പടര്‍ന്നതാണ്. സിഡിസിയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 32,416 കേസുകളെങ്കിലും ഇപ്പോള്‍ അന്വേഷണത്തിലാണ്.
 
വാഷിംഗ്ടണ്‍ സ്റ്റേറ്റ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവിടെയുള്ള താമസക്കാര്‍ അവരവരുടെ വീടുകളില്‍ തുടരാനും, അനിവാര്യമല്ലാത്ത എല്ലാ ബിസിനസ്സുകളും അടയ്ക്കാനും, യാത്രകള്‍ ഒഴിവാക്കാനും, സമൂഹ കൂടിക്കാഴ്ചകള്‍ ഒഴിവാക്കാനും മൂന്ന് സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാന്‍ അതു മാത്രമേ പോംവഴിയുള്ളൂ.
 
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ ഓഫീസില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്കില്‍ ഇതുവരെ 25,665 അണുബാധകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച കേസുകളുടെ പകുതിയിലധികം ന്യൂയോര്‍ക്കില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം കുറഞ്ഞത് 12,305 കേസുകളാണുള്ളതെന്ന് ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണസംഖ്യ 188 ആണ്.
 
വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ നേതൃത്വത്തിലുള്ള വൈറസ് ടാസ്ക് ഫോഴ്സിലെ ആരോഗ്യ വിദഗ്ധനായ ഡോ. ഡെബോറ ബിര്‍ക്സ് വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ മുറിയിപ്പ് നല്‍കി: 'ന്യൂജേഴ്സിയിലെ ന്യൂയോര്‍ക്ക് മെട്രോ ഏരിയ, ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡിന്‍റെ ചില ഭാഗങ്ങളില്‍ വൈറസിന്റെ ആക്രമണം വലിയ തോതിലായിരിക്കുകയാണ്.' രാജ്യത്തെ മറ്റു പ്രദേശങ്ങളിലേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും അവര്‍ പറഞ്ഞു.
 
പരിശോധനയ്ക്കായി സമര്‍പ്പിച്ച മേഖലയില്‍ നിന്നുള്ള 28 ശതമാനം സാമ്പിളുകളും വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് പോസിറ്റീവ് കണ്ടതെന്നും അവര്‍ വിശദീകരിച്ചു.
 
വാഷിംഗ്ടണ്‍ സംസ്ഥാനത്ത് കുറഞ്ഞത് 2,221 പോസിറ്റീവ് കേസുകളും 110 ഓളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ 46 കേസുകള്‍ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരായിരുന്നു. അടുത്തിടെ സാന്‍ ഫ്രാന്‍സിസ്കോ തീരത്ത് തടഞ്ഞു വച്ചിരുന്ന ഗ്രാന്‍ഡ് പ്രിന്‍സസില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്കും (ഡയമണ്ട് പ്രിന്‍സസ് ക്യൂയിസ് കമ്പനിയുടെ മറ്റൊരു കപ്പല്‍) വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക