Image

കോഴിക്കോട് വ്യാഴാഴ്ച പിടിച്ചെടുത്തത് അഞ്ഞൂറിലധികം വാഹനങ്ങള്‍

Published on 26 March, 2020
 കോഴിക്കോട് വ്യാഴാഴ്ച പിടിച്ചെടുത്തത് അഞ്ഞൂറിലധികം വാഹനങ്ങള്‍
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിനെതിരേ ലോകം പൊരുതുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ഇനിയും മനസിലാക്കാതെ ചിലര്‍. വീട്ടിലിരിക്കണമെന്ന നിര്‍ദേശം അവഗണിച്ച് പലരും അനാവശ്യമായി റോഡുകളിലേക്കിറങ്ങുന്നു. ചിലര്‍ ബോധപൂര്‍വം പ്രതിരോധങ്ങളോട് മുഖം തിരിക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു.  പുറത്തിറങ്ങരുതെന്ന് ആരു പറഞ്ഞാലും കേള്‍ക്കില്ലെന്ന മട്ടാണ് ചിലര്‍ക്ക്.  ഒഴിഞ്ഞ റോഡുകള്‍ കാണുമ്പോള്‍ പലര്‍ക്കും ലഹരി. കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞദിവസം  വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പറഞ്ഞത് കേട്ട് പോലീസുകാരും ചിരിച്ചു-'സര്‍ പെട്ടന്ന് തിരിച്ചു പോകും, ഒരു ചായകുടിക്കാന്‍ ഇറങ്ങിയതാണ്'. 

ചായക്കടകള്‍ പോയിട്ട് ഒരു മുറുക്കാന്‍ കടപോലും തുറക്കാത്ത നഗരത്തിലേക്കാണ് കിലോമീറ്ററുകളോളം ബൈക്കോടിച്ച് ചായകുടിക്കാനെത്തുന്നത്. ചിലര്‍ കോഴിക്കോട്ട് നഗരത്തിലേക്ക് 15 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വരെ മീന്‍ വാങ്ങാന്‍ വന്നുവെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. മറ്റു ചിലര്‍ക്ക് ചിപ്സും ബിസ്‌ക്കറ്റും വാങ്ങാന്‍ വരെ നഗരത്തില്‍ എത്തണമത്രേ. ഇതിനുപുറമേ യുവാക്കളുടെ കൂട്ടംകൂടലിനും കുറവുമില്ല. 

കൂട്ടംകൂടി ബസ് സ്റ്റോപ്പുകളില്‍ ഇരിക്കുന്നവരെയും ചെറിയ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും കാണാം. പുറത്തു കറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് 21 ദിവസത്തെ ഐസൊലേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ്. കോഴിക്കോട് സിറ്റി, റൂറല്‍ പരിധിയില്‍നിന്ന് മാത്രം അഞ്ഞൂറിലധികം വാഹനങ്ങളാണ് നിയമം ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്തത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക