Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 77: ജയന്‍ വര്‍ഗീസ്)

Published on 26 March, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍- 77: ജയന്‍ വര്‍ഗീസ്)
ന്യൂ യോര്‍ക്കില്‍ രൂപീകരിക്കപ്പെട്ട ' ഉത്സവ് ' എന്ന സാംസ്കാരിക സംഘടനയുടെ ആറ് പേട്രന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. ചലച്ചിത്ര നടനും, സംവിധായകനുമായ ശ്രീ ആന്റണി മാത്യു, ചലച്ചിത്ര സംയോജകനും, സൗണ്ട് എന്‍ജിനീയറുമായ ശ്രീ ജോയി കളംബാട്ടേല്‍, അനുഗ്രഹീത ചിത്ര കാരനായ ശ്രീ തോമസ് ചാമക്കാലാ, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തനായ ശ്രീ അനിയന്‍ അബ്രഹാം, സംഘാടകനും, സഹൃദയനുമായ ശ്രീ ജോണ്‍ അബ്രഹാം എന്നിവരായിരുന്നു മറ്റു രക്ഷാധികാരികള്‍.

പതിവ് സംപ്രദായങ്ങളില്‍ നിന്ന് മാറി സംഘാടകര്‍ക്ക് പൊങ്ങാനും, പോക്കപ്പെടാനുമുള്ള ഒരു വേദിക ആവരുത് ഉത്സവിന്റെ വേദികള്‍ എന്ന മുന്‍കൂര്‍ തീരുമാനത്തോടെയായിരുന്നു തുടക്കം. അത് കൊണ്ട് തന്നെ ഭാരവാഹികളുടെ പേരുകളും, മോര്‍ഫിയന്‍ ചിത്രങ്ങളും മാധ്യമങ്ങള്‍ക്ക് കൊടുക്കേണ്ടതില്ല എന്നായിരുന്നു ആദ്യ തീരുമാനം. പകരം നിലവാരമുള്ള കലാ  സാഹിത്യ മുന്നേറ്റങ്ങള്‍ നിസ്സാരമായ ഒരു മുതല്‍ മുടക്കില്‍ സഹൃദയരില്‍ എത്തിക്കുന്നതിനും, പ്രോത്സാഹനം അര്‍ഹിക്കുന്നവരെ ആദരിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് ഉത്സവ് മുന്നോട്ടു നീങ്ങിയത്.

ഓരോ വര്‍ഷവും  മൂന്നില്‍ കുറയാതെ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും, നൂറു ഡോളര്‍ മുടക്കി ഒരു സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുന്ന ഒരു സ്‌പോണ്‍സര്‍ക്കും, അയാളുടെ കുടുംബത്തിനും ആ മൂന്നു പരിപാടികളും കാണുന്നതിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു ഉത്സവിന്റെ രീതി. മാത്രമല്ലാ, ഉത്സവ് സംഘടിപ്പിച്ച മിക്ക വലിയ പ്രോഗ്രാമിനോടൊപ്പവും  സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ കൂടി ചെയ്തു കൊണ്ട് ഉത്സവ് പൊതു പ്രവര്‍ത്തനത്തിന് ഒരു മാതൃകയാവുകയായിരുന്നു.

െ്രെട സ്‌റ്റേറ്റ് ഏരിയായില്‍ നിന്നുള്ള പ്രതിഭാ ശാലികളായ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ' ഉത്സവ് കലോത്സവം ' സംഘടിപ്പിക്കുകയും, പ്രതിഭാ ശാലികളായ കുട്ടികള്‍ക്ക് ശ്രീ തോമസ് ചാമക്കാലാ രൂപ കല്‍പ്പന നിര്‍വഹിച്ച അതി മനോഹരമായ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു. പ്രതിഭാ ധനരായ സാഹിത്യ പ്രതിഭകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്ന ചടങ്ങു കൂടി കലോത്സവത്തില്‍ അരങ്ങേറി. ഒരു പ്രതിഭാ ശാലിക്ക് മറ്റൊരു പ്രതിഭാ ശാലി അവാര്‍ഡ് കൊടുത്ത് ആദരിക്കുന്ന ഒരു രീതിയാണ് ഉത്സവ് പിന്തുടര്‍ന്നത്. എന്നതിനാല്‍ അവാര്‍ഡ് കൊടുക്കുന്നതിനും, അവാര്‍ഡ് സ്വീകരിക്കുന്നതിനായി  ഒട്ടേറെ പ്രതിഭാ ശാലികള്‍ ഉത്സവിന്റെ വേദിയിലെത്തി. സര്‍വ്വശ്രീ തോമസ് പാലക്കല്‍, ജെ. മാത്യൂസ്, ജോണ്‍ വേറ്റം, ജോയന്‍ കുമരകം, പീറ്റര്‍ നീണ്ടൂര്‍, എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമായിരുന്നു.

പത്മശ്രീ പത്മാ സുബ്രഹ്മണ്യത്തിന്റെ ക്ലാസിക്കല്‍ നൃത്ത പരിപാടിയായിരുന്നു ഉത്സവിന്റെ രണ്ടാമത്തെ പ്രോഗ്രാം. രാമായണത്തിന്റെ ആത്മാവില്‍ സ്പര്‍ശിച്ചു കൊണ്ട് അവര്‍ ചിട്ടപ്പെടുത്തിയെടുത്ത നൃത്ത ശില്‍പ്പം, അവരെപ്പോലെയോ, അതിലുപരിയോ പ്രതിഭാ ശാലികളായ പിന്നണിയിലെ കലാകാരന്മാരോടൊപ്പം രംഗത്തുണര്‍ന്നപ്പോള്‍ അതാസ്വദിക്കാന്‍ അവസരം ലഭിച്ച യഥാര്‍ത്ഥ സഹൃദയര്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചിട്ടുണ്ടാവണം. പ്രേക്ഷകര്‍ക്ക് വിഭവ സമൃദ്ധമായ ആഹാരം കൂടി ഉത്സവിന്റെ വകയായി വിളന്പിയിരുന്നത് മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ആയിത്തന്നെ വിലയിരുത്തപ്പെട്ടു. ഞങ്ങള്‍ പേട്രന്‍സിന്റെ ഭാര്യമാര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കിയത്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ബോംബെ ജയശ്രീ എന്ന വിഖ്യാത അംഗീതജ്ഞയുടെ സംഗീത കച്ചേരിയായിരുന്നു ഉത്സവിന്റെ മൂന്നാമത്തെ പ്രോഗ്രാമായി അരങ്ങിലെത്തിയത്. ശാസ്ത്രീയ സംഗീതത്തില്‍ അവര്‍ക്കുള്ള അവഗാഹം ന്യൂ യോര്‍ക്കിലെ മലയാളി പ്രേക്ഷകരില്‍ എത്ര ശതമാനം പേര്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നത് ഇന്നും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. വളിപ്പന്‍ മിമിക്രിക്കാരായ സ്‌റ്റേജ് ഷോക്കാരോടൊപ്പം കുണ്ടി വെട്ടിച്ചും, കാളത്തൊഴി ഡാന്‍സിനൊപ്പം കള്ളടിച്ചു കാലു പൊക്കിയും  മാത്രം പരിചയമുള്ളവര്‍ക്ക് വേണ്ടത് ഇത്തരം കലാരൂപങ്ങള്‍ അല്ലെന്ന് സംഘാടകര്‍ക്ക് തന്നെ ബോധ്യപ്പെട്ട ഒരു സന്ദര്‍ഭമായിരുന്നു അത്.

അന്ന് വിശിഷ്ടതിഥിയായി പങ്കെടുത്ത ഒരു പ്രമുഖ നടിയെക്കൂടി അനുസ്മരിക്കാതെ ഇത് പൂര്‍ത്തിയാവുകയില്ല. മലയാള സിനിമയില്‍ ഒരു കാലത്ത് കത്തി നില്‍ക്കുകയും, ഇപ്പോള്‍ വിവാഹ ബന്ധത്താല്‍ ന്യൂ ജേഴ്‌സിയില്‍ പാര്‍ക്കുകയും ചെയ്തിരുന്ന ഈ നടി നല്ല വാക്കുകളില്‍ പ്രസംഗിക്കുകയും. ഉത്സവിന് ആശംസകള്‍ നേരുകയും, പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ഒക്കെ ചെയ്തുവെങ്കിലും, അവരെ അടുത്തറിയാവുന്ന ( ഞാനല്ല ) ഞങ്ങളിലാരോ വാങ്ങി വച്ച വിലകൂടിയ സ്‌കോച്ചിന്റെ ഫുള്‍ ബോട്ടിലില്‍ നിന്ന് മുക്കാലും അകത്താക്കുകയും, മൂന്നു മണിക്കൂര്‍ പ്രോഗ്രാമിനിടയില്‍ നാല് തവണ പട്ടുസാരി മാറുകയും ചെയ്തു കൊണ്ടായിരുന്നു അവരുടെ പ്രകടനം.

യാതൊരു ലാഭേശ്ചയുമില്ലാതെ ഇത്രയും പ്രവര്‍ത്തങ്ങള്‍ നടത്തിയ ഉത്സവിന് വേണ്ടത്ര മാധ്യമ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചില്ല. ഉത്സവിന്റെ വാര്‍ത്തകള്‍ കൈരളി മാത്രം കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. മറ്റു പത്രങ്ങള്‍ ഇതൊന്നും കണ്ടതായി ഭാവിക്കുന്നതേയില്ല. പത്രക്കാരെ ഉണര്‍ത്താനും, പ്രചോദിപ്പിക്കാനും ചില പൊടിക്കൈകളൊക്കെ നിലവില്‍ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും, അത്തരം തരികിടകള്‍ ഉത്സവിന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുത് എന്ന മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളിലാരും പത്രക്കാരെ കാണുകയോ, പ്രചോദിപ്പിക്കുകയോ ചെയ്തിരുന്നില്ല എന്നതാവാം ഇതിന്റെ ഒരു കാരണം എന്ന് കരുതുന്നു. 

ഇതിനിടയില്‍  ഉത്സാവിന്റെ ഉള്ളില്‍ തന്നെ  ചില പൊട്ടിത്തെറികള്‍ രൂപം കൊള്ളുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. രണ്ടാം വര്‍ഷ കലാ മത്സരങ്ങള്‍ നടക്കുന്‌പോള്‍ ലളിതഗാന മത്സരത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിക്ക് സമ്മാനം ലഭിക്കാതെ പോയതില്‍ കുട്ടിയുടെ പിതാവും, ഉത്സവിന്റെ പേട്രനുമായ ഒരാള്‍ ഇടഞ്ഞതാണ് ആദ്യത്തെ സംഭവം. കയ്യില്‍ നിന്ന് കാശും മുടക്കി രാപകലില്ലാതെ കഷ്ടപ്പെടുന്നത് ഇങ്ങനത്തെ ചില അംഗീകാരങ്ങള്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം തുറന്നടിച്ചപ്പോള്‍, അങ്ങിനെയെങ്കില്‍ മറ്റു സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി നമുക്ക് ഉണ്ടെന്നു പറയുന്നത് എന്താണ് എന്നായിരുന്നു മറ്റൊരു പേട്രന്‍റെ ചോദ്യം. ഇതാണ് കാഴ്ചപ്പാടെങ്കില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താനുണ്ടാവുകയില്ലെന്നു വരെ അദ്ദേഹം പറഞ്ഞു വച്ചു.

ഉത്സവിന്റെ നാലാം പ്രോഗ്രാമായി ' ജ്യോതിര്‍ഗമയ ' എന്ന എന്റെ നാടകം അരങ്ങിലെത്തിക്കുവാന്‍ തീരുമാനമായി. ' അമ്മേ, ഭാരതമേ ' എന്ന നാടകം വിജയകരമായി അരങ്ങിലെത്തിച്ച സംവിധായകനും, ഞങ്ങളുടെ സഹ പേട്രണുമായ ശ്രീ ആന്റണി മാത്യു തന്നെ സംവിധാന ചുമതല ഏറ്റെടുത്തു. ' അമ്മെ, ഭാരതമേ ' യില്‍ മികച്ച അഭിനയം കാഴ്ച വച്ച ശ്രീ മാത്യുവും, വാവച്ചനുമൊക്കെ അഭിനേതാക്കളായി എത്തി. പ്രശസ്ത കവിയും, നടനുമായ ശ്രീ പീറ്റര്‍ നീണ്ടൂരാണ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീ സജി കരിന്പന്നൂരും, ശ്രീ കുര്യാച്ചന്‍ കളന്പാട്ടേലുമെല്ലാം അഭിനേതാക്കള്‍ ആയിട്ടെത്തിയെങ്കിലും, ഓരോരോ കാരണങ്ങളാല്‍ പിന്മാറി.  ശ്രീ മനോഹര്‍ തോമസ് ഒരു റോള്‍ ചെയ്യാമെന്ന് പറഞ്ഞെത്തിയെങ്കിലും അദ്ദേഹവും പിന്മാറി.

പിന്നീട് കണ്ടെത്തിയ അഭിനേതാക്കളില്‍ എടുത്തു പറയേണ്ട ഒരാള്‍ എന്റെ സഹ ജോലിക്കാരന്‍ ആയിരുന്ന ശ്രീ സെറാഫിന്‍  ബോനീജയായിരുന്നു. പോര്‍ട്ടോറിക്കക്കാരനായ ബോനീജ ഒരു മലയാള നാടകത്തില്‍ അഭിനയിക്കാന്‍ വന്നത് അയാളില്‍ നിക്ഷിപ്തമായിരുന്ന കലാ വാസന കൊണ്ടും, എന്നോടുള്ള കഠിനമായ സൗഹൃദം കൊണ്ടുമായിരുന്നു. സംഭാഷണങ്ങള്‍ ഇല്ലാത്തതും, പ്രാകൃതവും, പൗരാണികവുമായ ശാരീരിക ചേഷ്ടകള്‍ കൊണ്ട് മരണത്തിന്റെ ഭീകരത വരച്ചു കാട്ടുന്നതുമായ ' മരണം ' എന്ന കഥാപാത്രത്തെ അതി വിദഗ്ധമായി രംഗത്തവതരിപ്പിച്ചു കൊണ്ട് ബോനീജ കയ്യടി നേടുന്‌പോള്‍ ദേശത്തിനും, കാലത്തിനും അതീതമായ ദൈവീക സ്പന്ദനങ്ങളുടെ ആവിഷ്കാരമാണ് കല എന്ന സത്യം ഫഌിങ്ങിലെ ഹിന്ദു ടെംബിള്‍ ഓഡിറ്റോറിയത്തില്‍ ഒരിക്കല്‍ കൂടി  അയാള്‍ തെളിയിക്കുകയായിരുന്നു.
 
( കുറേക്കാലം കൂടി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തുവെങ്കിലും, തനിക്കു മാത്രം അറിയാവുന്ന ഏതോ കാരണങ്ങളാല്‍ ബൊനീജാ ജോലി ഉപേക്ഷിച്ചു പോയി. പോര്‍ട്ടോ റിക്കോയില്‍ എവിടെയോ മണ്ണിനടിയില്‍ താന്‍ ഒരു നിധി സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും, താമിയെ ഉപേക്ഷിച്ചു പോകാന്‍ മനസില്ലാഞ്ഞിട്ടാണ് പോകാതെ നില്‍ക്കുന്നതെന്നും, അവസരം വരുന്‌പോള്‍ തിരിച്ചു ചെന്ന് അതെടുത്ത് സുഖമായി ജീവിക്കണമെന്നും, ഒരിക്കല്‍ ബൊനീജാ എന്നോട് പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ട്. എന്നെ ഏറെ സ്‌നേഹിച്ചിരുന്ന '  മനോഹരനായ മാലാഖ ' എന്നര്‍ത്ഥമുള്ള സെറാഫിന്‍ ബോനീജ  എന്ന നല്ല സുഹൃത്തിനെ പിന്നീട് ഇത് വരെയും ഞാന്‍ കണ്ടിട്ടില്ല. )

യോങ്കേഴ്‌സിലെ സൂര്യാ മൂവീസ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ അവരുടെ ഒരു വലിയ വീടിന്റെ ബേസ്‌മെന്റ് മുഴുവനുമായി ഞങ്ങളുടെ റിഹേഴ്‌സലിനു വേണ്ടി സൗജന്യമായി വിട്ടു തന്നിരുന്നു. െ്രെട സ്‌റ്റേറ്റ് ഏരിയായില്‍ നിന്നുള്ള നാടക പ്രവര്‍ത്തകര്‍ കൃത്യ സമയത്ത് അവിടെയെത്തി റിഹേഴ്‌സല്‍ തുടരുന്‌പോളും ഉത്സവിന്റെ രക്ഷാധികാരികള്‍ മുന്‍പ് കാണിച്ചിരുന്ന താല്‍പ്പര്യം ഞങ്ങളോട് കാണിച്ചിരുന്നില്ല.

ക്രമേണ നാടകാവതരണം അടുക്കുന്‌പോഴേക്കും അവതരണ ചെലവിനായി ആയിരത്തിലധികം ഡോളര്‍ എനിക്ക് മുടക്കേണ്ടി വന്നു. തിരിച്ചു തരാം എന്ന വ്യവസ്ഥയില്‍ സംഘാടകര്‍ കൈപ്പറ്റിയ ഈ തുക ഇന്ന് വരെയും ആരും തിരിച്ചു തന്നിട്ടില്ല എന്ന് മാത്രമല്ലാ, ഭാര്യയും മകനുമൊത്ത് ഉത്സവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ നടത്തിയ യാത്രകള്‍ക്ക് തന്നെ വലിയ തുകകള്‍ മുടക്കു വന്നിട്ടുണ്ട്. ഒരു മൂവായിരം ഡോളര്‍ എന്റെ കൈയില്‍ നിന്ന് തന്നെ സുഖമായി പോയിക്കിട്ടി. ( നാട്ടിലെ സ്കൂളില്‍ പി. ടി. എ. പ്രസിഡണ്ടായിരിക്കുന്‌പോള്‍ വാട്ടര്‍ ടാങ്കും, ഫുട്ബാള്‍ കോര്‍ട്ടും എന്ന വികസനം നടപ്പാക്കിയ വകയില്‍ അക്കാലത്തെ ഏഴായിരം ഇന്ത്യന്‍ രൂപ ' സ്വാഹ ' യായത് മുന്‍പ് എഴുതിയിരുന്നല്ലോ ?  പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് ലാഭം കൊയ്യുന്ന മിടുക്കന്മാരുടെ ഈ ലോകത്തില്‍ എന്നെപ്പോലുള്ള വിഡ്ഢികളും ഉണ്ട് എന്ന് പറയാനാണ് ഇതിവിടെ എഴുതുന്നത്?)

നാടകത്തിനായി ഞാനെഴുതിക്കൊടുത്ത അവതരണ ഗാനം നാട്ടിലുള്ള  ( വളരെ പ്രസിദ്ധനാണത്രെ! )ഏതോ കൊശമാടന്‍ സംഗീതജ്ഞനെക്കൊണ്ട് പാടിച്ചു വികൃതമാക്കി കൊണ്ട് വന്നു സംവിധായകന്‍. വെറുതേ പാടിയാല്‍ പോലും മനോഹരമാവുമായിരുന്ന  ഈ അവതരണ ഗാനം ഭാവിയില്‍ ഏതെങ്കിലും സമിതികള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന സദുദ്ദേശത്തോടെ ഇവിടെ ചേര്‍ക്കുന്നു.  ആരുടെ അനുവാദവും വാങ്ങിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നല്ല മനസ്സുണ്ടെങ്കില്‍ മാത്രം എന്നെ അറിയിക്കുക.

പ്രപഞ്ച സ്വരൂപം ബ്രഹ്മ :
ഭാവ ഭാവാതീതം ബ്രഹ്മ :
സ്വാനുഭാവാതീതം...,
ഏകമേവ, ദ്വിതീയം ബ്രഹ്മ :

പ്രപഞ്ച മാനസ്സ രംഗ വിതാനം,
ഇതിലേ, ഇതിലേ, ഇതിലേ ....!
ഇതിലേ, ഇതിലേ, ഇതിലേ ....!
പ്രഭാത നൂപുര ശിഞ്ജിത രാഗം,
ഇതിലേ , ഇതിലേ, ഇതിലേ ...!
ഇതിലേ, ഇതിലെ, ഇതിലേ ....!

ആദിമ തമസ്സിന്‍ നാഭിയില്‍ നിന്നുമൊ 
രാന്പല്‍ പ്പൂമുകുളം,
പ്രകാശം, പ്രകാശം, പ്രകാശം ...!
പ്രകാശം, പ്രകാശം, പ്രകാശം ....!
അനാദികാല സ്മൃതികളി, ലുഷസി 
ന്നപൂര്‍വ സംയോഗം,
പ്രഭാതം, പ്രഭാതം, പ്രഭാതം ....!
പ്രഭാതം, പ്രഭാതം, പ്രഭാതം .....!

അനന്ത കോടി യുഗങ്ങ ളുറക്ക
ച്ചടവിലുണര്‍ന്നൂ വീണ്ടും,
ഉയര്‍ന്നു കേള്‍പ്പൂ, യുഗ ചേതനയുടെ 
യജയ്യ മന്ത്രങ്ങള്‍,
മനുഷ്യകം, മനുഷ്യകം, മനുഷ്യകം ...!
മനുഷ്യകം, മനുഷ്യകം, മനുഷ്യകം .....!

ഉയിര്‍ത്തുമല്ലോ നമ്മള്‍ നമ്മുടെ
പുതിയ കൊടിക്കൂറ,
വിടര്‍ത്തുമല്ലോ നമ്മള്‍ നമ്മുടെ
പുതിയ വിഭാതങ്ങള്‍,
മനുഷ്യകം, മനുഷ്യകം, മനുഷ്യകം ....!
മനുഷ്യകം, മനുഷ്യകം, മനുഷ്യകം .....!

പ്രപഞ്ച മാനസ്സ രംഗ വിതാനം,
ഇതിലേ, ഇതിലെ, ഇതിലെ ... !
പ്രഭാത നൂപുര ശിഞ്ജിത രാഗം,
ഇവിടേ, ഇവിടേ, ഇവിടേ ....!
ഇതിലേ, ഇതിലെ, ഇതിലെ ....!
ഇവിടേ, ഇവിടേ, ഇവിടേ .....!

ആത്മ ചൈതന്യമുള്ള ഒരു സംഗീത സംവിധായകന് ആണ്‍  പെണ്‍ ശബ്ദങ്ങള്‍ ഇടകലര്‍ത്തി അതി മനോഹരമായി ഇത് ചിട്ടപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. അങ്ങിനെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ടിന്റെ അവതരണ ഗാനമായിത്തീരാന്‍ ഈ രചനക്ക് സാധിച്ചേക്കും.

ഫ്‌ലഷിങ്ങിലെ ഹിന്ദു ടെംബിള്‍ ആഡിറ്റോറിയം ഉത്സവിന്റെ നാടകാവതരണത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. ഗ്രീന്‍ റൂമില്‍ മേക്കപ്പ് നടക്കുകയാണ്. ഞാന്‍ ഗ്രീന്‍ റൂമിലേക്കു ചെല്ലുന്‌പോള്‍ അവിടെ ഒരാള്‍ നമ്മുടെ മേക്കപ്പ് മാനെ സഹായിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്. പത്രത്തില്‍ പല അവസരങ്ങളിലും അദ്ദേഹത്തിന്‍റെ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. പെട്ടന്ന് തന്നെ ആളെ മനസ്സിലായി. തേവര കോളേജിലെ മുന്‍ അധ്യാപകനും, ഇപ്പോള്‍ കൈരളിയുടെ മുഖ്യ പത്രാധിപരുമായ ഡോക്ടര്‍ തോമസ് പാലക്കനാണ് മേക്കപ്പിനു സഹായിക്കുന്നത് എന്ന് മനസിലായി. അദ്ദേഹത്തിന് ഞാന്‍ നന്ദി പറഞ്ഞു. എഴുത്തിലൂടെ ചിലപ്പോഴൊക്കെ ഞങ്ങള്‍ ഏറ്റു മുട്ടിയിരുന്നെങ്കിലും, ഒരു കലാ സംരംഭത്തിന്റെ പിന്നണിയില്‍ സ്വമേധയാ സഹായിയായി ഇഴചേര്‍ന്ന ഈ വലിയ മനുഷ്യന്‍, ' അതിരുകള്‍ക്കും, ലേബലുകള്‍ക്കും അതീതമായി നില കൊള്ളുന്ന മഹത്തായ മനുഷ്യാവസ്ഥയാണ് കല ' എന്ന സര്‍ഗ്ഗ സന്ദേശം ഒരിക്കല്‍ കൂടി എന്നെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.

വളരെ വിജയകരമായി നാടകം അവതരിപ്പിക്കപ്പെട്ടു. സ്‌റ്റേജിനു പിന്നില്‍ നിന്ന് ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഒരു മൊട്ടു സൂചി തറയില്‍ വീഴുന്ന ശബ്ദം പോലും തിരിച്ചറിയാവുന്ന ഏകാഗ്രതയിലാണ് പ്രേക്ഷകര്‍ നാടകം കണ്ടത്. നാടകാവതരണത്തിന് മുന്‍പ് തന്നെ നാടകം ഉള്‍ക്കൊള്ളുന്ന പ്രത്യേകതകളെ കുറിച്ച് സംവിധായകന്‍ ഒരു അവലോകനം നടത്തിയിരുന്നു എന്നതിനാല്‍ നന്നായി ആസ്വദിച്ചു തന്നെ നാടകം കണ്ടു തീര്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിരിക്കണം.

ഉത്സവിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ മന്ദീഭവിച്ചു. നിഷ്ക്കാമ കര്‍മ്മം എന്നൊക്കെ പറയുന്നത് വേദികളില്‍ പ്രസംഗിക്കാന്‍ മാത്രം കൊള്ളാവുന്ന ഒന്നാണെന്ന് മിക്കവര്‍ക്കും മനസ്സിലായി. നയ രൂപീകരണത്തിലെ ഉദാരത നിമിത്തം മിക്കവരുടെയും പോക്കറ്റില്‍ നിന്ന് നല്ല തുകകള്‍ ഇറങ്ങിപ്പോയി. ( പ്രോഗ്രാമിന് വരുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി വിളന്പിയ സംഘടനകള്‍ വേറെ ഉണ്ടായിരുന്നതായി കേട്ടിട്ട് പോലുമില്ല.

പിന്നീടൊരു പ്രോഗ്രാം കൂട്ടായി സംഘടിപ്പിക്കുവാന്‍ ഉത്സവിന് സാധിച്ചില്ല. പേട്രന്‍സില്‍ ഒരാളായ ജോണ്‍ ആദ്യം വിട്ടു പോയി. പിന്നീട് ചിത്രകാരനായ ഷാജി എന്ന തോമസ് ചാമക്കാലാ. തൊഴിലിടം ദുബായിയിലേക്കു മാറിയതിനാല്‍ ജോയി കളംന്പാട്ടേല്‍,  പിന്നെ ഞാന്‍. അനിയന്‍ മുന്‍കൈയെടുത്തു കുറേക്കാലം കൂടി പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ക്രമേണ അതും നിന്ന് പോയി. സ്ത്രീകളും കുട്ടികളും ഒക്കെക്കൂടിയുള്ള ഒരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്തുവാന്‍ ഉത്സവിന് സാധിച്ചിരുന്നുവെങ്കിലും, പിന്നീടത് വല്ലപ്പോഴുമുള്ള ഒരു ഫോണ്‍ വിളിയില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക