Image

കോവിഡ് ബാധിച്ച ഇടുക്കിയിലെ രാഷ്ട്രീയ നേതാവ് സംസ്ഥാനമാകെ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്

Published on 26 March, 2020
കോവിഡ് ബാധിച്ച ഇടുക്കിയിലെ രാഷ്ട്രീയ നേതാവ് സംസ്ഥാനമാകെ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്
തൊടുപുഴ: ഇടുക്കിയില്‍ വ്യാഴാഴ്ച കൊറോണബാധ സ്ഥിരീകരിച്ച പ്രമുഖ രാഷ്ട്രീയനേതാവ് സംസ്ഥാനമാകെ സഞ്ചരിച്ചു. ചെറുതോണി സ്വദേശിയായ നേതാവ് സംസ്ഥാന നേതാക്കളടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇദ്ദേഹം തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലുമെത്തി. ഏറെ യാത്രചെയ്ത ഇദ്ദേഹത്തിന്റെ ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നേതാക്കളോടും അടുത്തിടപഴകിയവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 23 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കുമാറ്റി.

പനിയെത്തുടര്‍ന്ന് ഈ മാസം 13ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാല്‍ മരുന്നുനല്‍കി വിട്ടു. പനി മാറാതിരുന്നതിനെത്തുടര്‍ന്ന് 23ന് ജില്ലാആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.

വ്യാഴാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിപക്ഷ പോഷകസംഘടനയുടെ നേതാവുകൂടിയായ ഇദ്ദേഹം മാര്‍ച്ച് 10നുശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. പാലക്കാട്, ഷോളയൂര്‍, മറയൂര്‍, മൂന്നാര്‍, ആലുവ, പെരുമ്പാവൂര്‍, മാവേലിക്കര, തിരുവനന്തപുരം, നിയമസഭാമന്ദിരം എന്നിവിടങ്ങളില്‍ പോയതായാണ് ഔദ്യോഗികസ്ഥിരീകരണം. ചെറുതോണി മുസ്‌ലിംപള്ളിയില്‍ മാര്‍ച്ച് 13, 20 തീയതികളിലും പോയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ച് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പവും പല പൊതുപരിപാടികളിലും പങ്കെടുത്തു. ഇടുക്കിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള രണ്ടാമത്തെയാളാണ് ഇദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക