Image

കൊറോണക്കാലത്തെ മലയാളി ഹൌസ് ! (മുരളി തുമ്മാരുകുടി, നീരജ ജാനകി)

Published on 27 March, 2020
കൊറോണക്കാലത്തെ മലയാളി ഹൌസ് ! (മുരളി തുമ്മാരുകുടി, നീരജ ജാനകി)
അപരിചിതരായ കുറച്ചാളുകളെ കുറച്ചുനാൾ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ പരസ്പരപെരുമാറ്റവും മത്സരവും ആളുകളെ കാണിക്കുന്ന മലയാളി ഹൌസ്, ബിഗ് ബോസ് പരിപാടികൾ നമുക്ക് പരിചിതമാണല്ലോ.

 ഒട്ടും പ്രതീക്ഷിക്കാതെ മലയാളികളെല്ലാം ഇപ്പോൾ ഓരോ മലയാളി ഹൗസിലാണ്. ഇവിടെ ബിഗ് ബോസ്സില്ല. ടാസ്ക് തരുന്നതും ചെയ്യുന്നതും നമ്മൾ തന്നെയാണ്. കളിക്കാരും കാണികളുമെല്ലാം നമ്മൾ തന്നെ.

പക്ഷെ ഒന്നുറപ്പിച്ചോളൂ. ഇരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയാണെങ്കിലും ചുറ്റുമുള്ളത് നമുക്കറിയാവുന്നവരും ഉറ്റവരും ബന്ധുക്കളുമൊക്കെയാണെങ്കിലും നമ്മുടെ മലയാളി ഹൗസിലും ഈഗോയും ടെൻഷനും ഉണ്ടാകും. മത്സരബുദ്ധിയും വാഗ്വാദവും ഉണ്ടാകും. അടിപിടി കുറച്ചെങ്കിലും ഉണ്ടാകും. അതിനുമപ്പുറത്തേക്ക് പോകാനുള്ള സാധ്യത വേറെയും.

 ലോക്ക് ഡൌൺ നടന്ന ചൈനയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിച്ചത് ലോക്ക് ഡൌൺ കഴിഞ്ഞ് ആളുകൾ പുറത്തുവരികയും കോടതികൾ തുറക്കുകയും ചെയ്തപ്പോൾ ഡിവോഴ്സ് ആവശ്യപ്പെട്ട് ആളുകളുടെ നീണ്ട ക്യു ആയിരുന്നു എന്നാണ്. പലയിടത്തും ഒരു ദിവസത്തിൽ അനുവദനീയമായതിൽ കൂടുതൽ കേസുകൾ ഉണ്ടായി പോലും!.

ലോക്ക് ഡൌൺ നടക്കുന്ന മറ്റു രാജ്യങ്ങളിലും ഡൊമസ്റ്റിക്  വയലൻസിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ കഥകളാണ് കേൾക്കുന്നത്. ഗാർഹിക പീഡന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വ്യാപകമായ സംവിധാനങ്ങളുള്ള വികസിതരാജ്യങ്ങളെല്ലാം ലോക്ക് ഡൗണിന്റെ സമയത്ത് ഇത് വർദ്ധിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് മുൻകരുതലുകൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. കൗൺസലിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.

കേരളത്തിലുൾപ്പെടെ ലോകത്തെന്പാടും ലോക്ക് ടൗണിൽ ഇരിക്കുന്ന മലയാളി കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമാകാൻ പോകുന്നില്ല. അതുകൊണ്ട് ഇക്കാര്യം മുന്നിൽ കണ്ട് കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൗന്ദര്യപ്പിണക്കങ്ങളിൽ നിന്നും വാഗ്വാദത്തിലേക്കും, വാഗ്വാദങ്ങളിൽ നിന്നും അടിപിടിയിലേക്കും, അപൂർവ്വം കേസുകളിൽ അതിനപ്പുറത്തേക്കും കാര്യങ്ങൾ നീങ്ങും. മറ്റു രാജ്യങ്ങളിലെ പോലെയല്ല കേരളത്തിലെ വീട്. അണുകുടുംബങ്ങൾ മാത്രമല്ല, അപ്പച്ഛനും അമ്മയും അമ്മായിയമ്മയും അമ്മായിയപ്പനും നാത്തൂന്മാരും അളിയന്മാരും ബന്ധുക്കളും ഒക്കെയുണ്ടാകാം. ഇവരുടെ സാന്നിധ്യം കാര്യങ്ങൾ വീട്ടിലെ എളുപ്പമാക്കാൻ സഹായിക്കുന്നത് പോലെ തന്നെ വഷളാക്കാനും സഹായിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണനിലയിൽ ഒരുമിച്ചിരിക്കാൻ അവസരം കിട്ടാത്ത കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്പോൾ അത് മോശമായ കാര്യങ്ങളിലേക്ക് നയിക്കണമെന്നില്ല. കുടുംബത്തിൽ കൂടുതൽ ആശയവിനിമയം ഉണ്ടാക്കാൻ, കെട്ടുറപ്പുണ്ടാക്കാൻ, മോശമായ ബന്ധങ്ങൾ റിപ്പയർ ചെയ്യാൻ, മറ്റുള്ളവർക്ക് വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഒക്കെയുള്ള ഒരു അവസരം കൂടിയാണിത്.

വീടിന്റെ ബന്ധനത്തിലിരിക്കുന്ന മലയാളികൾക്ക് വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ പറയാം.

1. സംഘർഷം സ്വാഭാവികം: കുറച്ചാളുകൾ, അത് എത്ര അടുത്ത ബന്ധമുളളവരായാൽ പോലും, കുറച്ചു സ്ഥലത്തിനുള്ളിൽ നിയന്ത്രണത്തോടെ കഴിയുന്നത് സംഘർഷ സാധ്യത വർധിപ്പിക്കും എന്ന കാര്യം മലയാളി ഹൗസിലുള്ള എല്ലാവരും മനസ്സിലാക്കണം. ഇത് ആരുടേയും കുറ്റമല്ല എന്നിരുന്നാലും ഏതൊരു വീട്ടിലും പ്രതീക്ഷിക്കേണ്ടതാണ്. ഇങ്ങനെ മനസ്സിലാക്കിക്കഴിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ അതൊരു വ്യക്തിയുടെ കുറ്റമാണെന്ന് ചിന്തിച്ച് ഒരാളെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ പരിഹരിക്കാൻ നോക്കുന്നതിന് പകരം സാഹചര്യത്തിന്റെ പ്രശ്നവും കൂടെ മനസ്സിൽ വെക്കണം.

 2. മുൻകാല പ്രശ്നങ്ങൾ വഷളാകും: നിങ്ങൾ ഓരോരുത്തരും ഈ മലയാളി ഹൗസിൽ നിന്നും എങ്ങനെ പുറത്തുവരുമെന്നത് നിങ്ങൾ ഏതു തരം ബന്ധങ്ങളുമായിട്ടാണ് അകത്ത് പോയത് എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. മിക്കവാറും കുടുംബങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറച്ച് വിള്ളലുകൾ ഉണ്ടായേക്കും. ഭാര്യയും ഭർത്താവും തമ്മിൽ, ഭാര്യയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ, ഭർത്താവും ഭാര്യയുടെ ബന്ധുക്കളും തമ്മിൽ, ഭാര്യയും ഭർത്താവും അവരുടെ മാതാപിതാക്കളും തമ്മിൽ (ബന്ധുക്കൾ ഉണ്ടെങ്കിൽ അവരെയും കൂട്ടാം), ചെറിയ കുട്ടികൾ തമ്മിൽ, കുട്ടികളും മാതാപിതാക്കളും തമ്മിൽ എന്നിങ്ങനെ അനവധിയായ ബന്ധങ്ങൾ പെർഫെക്ട് ആയിരിക്കുക മനുഷ്യ സഹജമല്ല. സാധാരണഗതിയിൽ ഓരോരുത്തർക്കും അവരുടേതായ സ്ഥലവും സമയവും ഉണ്ട്. അതിനാൽ സംഘർഷം അല്പം വർധിച്ചു കഴിയുന്പോൾ അത് തണുക്കാനുള്ള സമയവും സാഹചര്യവും എല്ലാവർക്കും ഉണ്ടാകും. എന്നാൽ ആളുകൾ ഒറ്റ വീട്ടിലേക്ക് ചുരുങ്ങുകയും ദിവസവും പതിനെട്ട് മണിക്കൂറെങ്കിലും സ്ഥലവും സമയവും പങ്കുവെക്കുകയും ചെയ്യുന്പോൾ അവർക്ക് ‘കൂളിങ്ങ്’ പീരിഡിനുള്ള അവസരം കിട്ടുന്നില്ല. ചെറിയ ചെറിയ പ്രശ്നങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വലുതാകും.

3. പുതിയ ടെൻഷനുകൾ: സാധാരണ രോഗമുണ്ടായി ആളുകൾ വീട്ടിൽ വിശ്രമിക്കുന്നതു പോലെ ഒരു സാഹചര്യമല്ല ഇപ്പോൾ. ആർക്ക് വേണമെങ്കിലും രോഗം ഉണ്ടായേക്കാം എന്നൊരു ഭീതി എല്ലാവർക്കുമുണ്ട്. രോഗമുണ്ടായാൽ പ്രായമായവരാണ് കൂടുതൽ മരിച്ചുപോകുന്നതെന്ന് അറിയാമെന്നതിനാൽ അവർക്ക് അധികമായ പേടിയുണ്ടാകും. തൊഴിലുകൾ വീട്ടിലിരുന്ന് ചെയ്യേണ്ടിവരുന്നവർക്ക് ഓഫീസിലെ ടെൻഷൻ നേരെ വീട്ടിലെത്തുന്നു. തൊഴിലുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവർക്ക് സമയം പോകാത്തതിന്റെ ബുദ്ധിമുട്ടുകൾ. ഗൾഫിൽ നിന്നും നാട്ടിലെത്തിയ സാഹചര്യത്തിൽ അവരുടെ ഉള്ള ജോലി പോകുമോ എന്ന ടെൻഷൻ. വീട്ടിലെ ആരെങ്കിലും മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ഉണ്ടെങ്കിൽ ആ പേടി. സാന്പത്തികമായ ബുദ്ധിമുട്ടുകൾ ഒരു തരത്തിൽ പേടിപ്പിക്കുന്പോൾ ഭാവിയിലെ സാന്പത്തിക കാര്യങ്ങൾ എന്താകുമെന്ന പേടി വേറെയും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവി എല്ലാവർക്കും പ്രശ്നമാകുന്പോൾ കുട്ടികൾക്കത് പ്രത്യേക പ്രശ്‌നമാകുന്നു. വീട്ടിൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാതെയും മറ്റുള്ളവർക്ക് എന്തോ ടെൻഷനുണ്ടെന്ന് മനസ്സിലാക്കിയും അവർക്ക് കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു. എങ്ങനെ നോക്കിയാലും വലിയ വീടും പണവും ഭക്ഷണവും ഉള്ളവർക്ക് പോലും ദുരിതകാലമാണ്.

4. തുറന്ന സംസാരം പ്രധാനം: മുൻപ് പറഞ്ഞ പല കാരണങ്ങളാൽ എല്ലാ വീടുകളിലും തന്നെ എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. ഇതിനൊന്നും പെട്ടെന്നുള്ള പരിഹാരമില്ല. അപ്പോൾ ആദ്യമേ ചെയ്യേണ്ടത്, വീട്ടിലെല്ലാവരും പഴയതും പുതിയതുമായ ടെൻഷനുകളിലാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള ടെൻഷൻ പുതിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മനസ്സിലാക്കുക എന്നതാണ്. ഞങ്ങളുടെ ലേഖനം വായിക്കുന്നവരെങ്കിലും ഇതിന്റെ ഒരു കോപ്പി വീട്ടിൽ എല്ലാവരോടും വായിക്കാൻ പറയണം. വീട്ടിൽ ആളുകൾ പരസ്പരവും കൂട്ടായും അവരുടെ മനസ്സിലെ സംഘർഷങ്ങൾ തുറന്നു സംസാരിക്കാൻ ശ്രമിക്കണം. കുട്ടികളോടും മുതിർന്നവരോടും ഭിന്നശേഷിയുള്ളവരോടും  പ്രത്യേകം കാര്യങ്ങൾ സംസാരിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും വേണം. ഈ ലേഖനം വായിച്ചു കഴിഞ്ഞാൽ കുടുംബത്തിലുണ്ടാകാവുന്ന ടെൻഷനുകളെപ്പറ്റിയും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും എല്ലാവരുമായി ചർച്ച ചെയ്യുന്നതും നല്ലതാണ്.

5. വെടിനിർത്തൽ പ്രഖ്യാപിക്കൂ: ഓരോ കുടുംബത്തിലും ഓരോ തരം സംഘർഷങ്ങളും വിള്ളലുകളും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞല്ലോ. ലോക്ക് ഡൌൺ കാലം ആ വിള്ളലുകൾ വലുതാക്കും, ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബം ശിഥിലമാകും. ഇത് ഒഴിവാക്കണമെങ്കിൽ താൽക്കാലമെങ്കിലും പഴയ യുദ്ധങ്ങൾക്ക് വിരാമമിട്ടാലേ പറ്റൂ. അത് ചെറിയ ഈഗോ കാര്യങ്ങൾ തുടങ്ങി കൂടുതൽ തീവ്രമായ വിഷയങ്ങൾ ആകാം (ധൂർത്ത്, മദ്യപാനം, വിവാഹേതര ബന്ധങ്ങൾ). കാര്യം എന്താണെങ്കിലും അടുത്ത ഇരുപത്തി ഒന്ന് ദിവസം കൊണ്ട് അതിന് പരിഹാരം ഉണ്ടാകാൻ പോകുന്നില്ല. താൽക്കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുക. ഇക്കാര്യം പരസ്പരം സംസാരിക്കാനുള്ള സാഹചര്യം വീട്ടിലുള്ളവർ തമ്മിലുണ്ടെങ്കിൽ സംസാരിച്ചു സമ്മതിക്കുക. ഇല്ലെങ്കിൽ മനസ്സിലെങ്കിലും ‘ഈ ലോക്ക് ഡൌൺ ഒന്ന് കഴിയട്ടെ, നിങ്ങൾക്ക് ഞാൻ വച്ചിട്ടുണ്ട്’ എന്ന് മനസ്സിൽ പറയുക.

6. തൊഴിൽ വിഭജനം: വീട്ടിലുള്ള ഓരോരുത്തർക്കും ഉറങ്ങുന്ന സമയമൊഴിച്ച് ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ലോക്ക് ഡൗണിന് മുൻപ് കാര്യങ്ങൾ എങ്ങനെ ആയിരുന്നാലും വീടുകളിൽ ഇക്കാര്യത്തിൽ പുതിയ തീരുമാനം ഉണ്ടാകണം. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ ഭാര്യ വീട്ടുജോലികൾ ചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും കൂടി ചെയ്യുന്നതാണല്ലോ ശരാശരി മലയാളി ഹൗസിലെ പ്രോട്ടോക്കോൾ. ഭർത്താക്കന്മാർക്ക് സ്ഥിരം ജോലിയില്ലാത്തതോ ഗൾഫിൽ നിന്ന് അവധിയിൽ വരുന്നതോ ആയ ഇടങ്ങളിൽ ഭർത്താവ് മൂന്ന് നേരവും ഭക്ഷണ സമയത്ത് ഡൈനിങ് ടേബിളിൽ എത്തുകയും ഭാര്യ ഭക്ഷണമുണ്ടാക്കുകയും മറ്റെല്ലാ ജോലികളും ചെയ്തു തീർക്കുകയും ചെയ്യുന്നതും നാട്ടു നടപ്പാണ് (ഭർത്താക്കന്മാർ കൂടുതൽ കാര്യങ്ങളിൽ താല്പര്യമെടുക്കുന്ന മലയാളി കുടുംബങ്ങൾ ഇല്ല എന്നല്ല, കുറവാണ് എന്നാണ് ഉദ്ദേശിക്കുന്നത്). ഇത്തരം സാഹചര്യങ്ങൾ ഇരുപത്തി ഒന്ന് ദിവസം നിലനിന്നാൽ (അതായത് ഭർത്താവ് വീട്ടിൽ വെറുതെയിരുന്ന് ടി വി കാണുകയും വാട്ട്സാപ്പിൽ സമയം കളയുകയും ഭാര്യമാർ വീട്ടിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യേണ്ടി വന്നാൽ) നിങ്ങളുടെ അന്ത്യം കൊറോണ കൊണ്ടാവില്ല !. അതുകൊണ്ട് ഇന്ന് വരെ നിങ്ങളുടെ വീട്ടിലെ തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്താണോ അവ പുനർ വിചിന്തനം ചെയ്ത്, വീട്ടിലെ എല്ലാ അംഗങ്ങളും അവർക്ക് ആകുന്ന രീതിയിലും അറിയുന്ന രീതിയിലും തൊഴിലുകൾ വിഭജിച്ചെടുക്കണം. ഇതിൽ കുട്ടികൾ, മുതിർന്നവർ, അപ്പൻ, അമ്മായിയപ്പൻ എന്ന വ്യത്യാസം വേണ്ട. ആര് കഴുകിയാലും കക്കൂസ് വൃത്തിയാകും.

 7. തുല്യത പരിശീലിക്കാനുള്ള അവസരം: കേരളത്തിലെ അനവധി കുടുംബങ്ങളിൽ ഇപ്പോൾ ഭാര്യയും ഭർത്താവും പുറത്തു ജോലി ചെയ്യുന്നവരാണ്. ഇവരിൽ പലർക്കും അതേ ജോലികൾ വീട്ടിലിരുന്നു ചെയ്യാനുള്ള അവസരവുമുണ്ടായിരിക്കും. ഈ ന്യൂ ജെൻ കുടുംബങ്ങൾക്ക് തുല്യത പരിശീലിക്കാനുള്ള അവസരമാണിത്. വീട്ടിലെ പാചകം, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്, തുണി കഴുകുന്നത്, വീട് വൃത്തിയാക്കുന്നത് എന്നീ ജോലികളെല്ലാം ഓരോ ദിവസം ഊഴം വെച്ച് ചെയ്യുക. ആദ്യ ദിവസമുണ്ടാക്കുന്ന ദോശ പെർഫെക്ട് ആവുകയൊന്നുമില്ല (അനുഭവം ഗുരു). പക്ഷെ ഇരുപത്തി ഒന്ന് ദിവസം നീണ്ട സമയമായതിനാൽ പുതിയ തൊഴിൽ പഠിക്കാനും പുതിയ ശീലങ്ങൾ ഉണ്ടാക്കാനും അത് ധാരാളമാണ്.

 8. കുട്ടികളെ പഠിപ്പിക്കാനുള്ള സമയം: സാധാരണഗതിയിൽ കുട്ടികളോടൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കാൻ പറ്റുന്നില്ല എന്നതാണല്ലോ എല്ലാ അച്ഛനുമമ്മമാരുടെയും വിഷമം. ഇത് മാറുന്ന കാലമാണ്, കുട്ടികൾ ആവശ്യത്തിൽ കൂടുതൽ സമയം വീട്ടിലുണ്ടാകുന്നതും അവർക്ക് പഠിക്കാൻ ഒന്നുമില്ലാത്തതും അവരുടെ പഠനത്തെക്കുറിച്ചുള്ള ചിന്തയും അച്ഛനമ്മമാരെ വിഷമത്തിലാക്കും. അവർ തമ്മിൽ സംഘർഷമുണ്ടാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് തല്ലുകിട്ടാനുള്ള സാധ്യതയും കൂടുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഇതില്ലാതാക്കാൻ കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക, അവരെ വീട്ടു ജോലികൾ പഠിപ്പിക്കുക, അവരോട് കൂടുതൽ സംസാരിക്കുക, അവരോടൊപ്പം പുസ്തകം വായിക്കുക, സിനിമ കാണുക, കഥ പറഞ്ഞുകൊടുക്കുക, എന്തെങ്കിലും ഓൺലൈൻ ആയി പുതിയതായി പഠിക്കാൻ പറയുക, എന്നിങ്ങനെ കാര്യങ്ങൾ പോസിറ്റിവ് ആക്കാൻ പല മാർഗ്ഗങ്ങളുണ്ട്.

9. ഒരുമിച്ചുള്ള സമയം മറക്കാത്തതാക്കുക: സാധാരണയിൽ കൂടുതൽ സമയം ഭാര്യക്കും ഭർത്താവിനും ഒരുമിച്ചു കിട്ടുകയാണ്. അത് സംഘർഷങ്ങളിലേക്ക് നയിക്കാനുള്ള പല കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. എന്നാൽ ഒരുമിച്ചു തീരുമാനിച്ചു നടപ്പിലാക്കിയാൽ ജീവിതത്തിലെ മനോഹരമായതും മാറാക്കാനാവാത്തതുമായ ഇരുപത്തി ഒന്ന് ദിവസങ്ങളായി ഇത് മാറ്റുകയും ചെയ്യാം. ആദ്യമായി പരസ്പരം കൂടുതൽ സംസാരിക്കാൻ ശ്രമിക്കുക. രണ്ടുപേരുടെയും ബാല്യത്തെ, അവരുടെ ഏറ്റവും നല്ല ഓർമ്മകളെ (ആദ്യത്തെ പ്രണയം ഒഴിച്ച്), അവരുടെ സ്വപ്നങ്ങളെ, ആശങ്കകളെ പറ്റിയൊക്കെ സംസാരിക്കാം. എന്തെങ്കിലും കാര്യങ്ങൾ ഒരുമിച്ചു ചെയ്യാം. കംപ്യൂട്ടർ ഗെയിം തൊട്ട് പുതിയതായി ഭാഷയോ സ്കില്ലോ പഠിക്കുന്നത് വരെ ആകാം. ഈ ലോക്ക് ഡൌൺ കഴിയുന്പോൾ എവിടെയെങ്കിലും പോകുന്നതിനെപ്പറ്റി വിശദമായി പ്ലാൻ ചെയ്യാം. യാത്രയുടെ ക്ഷീണവും സമയത്തിന്റെ കുറവും ഒട്ടുമില്ലാത്തതിനാലും മറ്റ് എക്സർസൈസിന്റെ കുറവ് ഏറെ ഉള്ളതിനാലും പരമാവധി സമയം സെക്‌സിന് വേണ്ടി ചിലവഴിക്കാം. പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്ലോ കൊയ്‌ലോ സെക്സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം. വനിതയുടെ പഴയ ലക്കങ്ങൾ ഉണ്ടെങ്കിൽ അതിൽ  ഞങ്ങൾ ലൈംഗികതയെ കുറിച്ചെഴുതിയ ലേഖനങ്ങൾ വായിക്കാൻ പറ്റിയ സമയമാണ്, പ്രാക്ടീസ് ചെയ്തു നോക്കാനും. കുറെ നാൾ കഴിയുന്പോൾ ‘ആ ലോക്ക് ഡൌൺ കാലമായിരുന്നു ഏറ്റവും മനോഹരം’ എന്ന് ചിന്തിക്കാൻ ഇടവരണം !

 10. ‘മി ടൈം’ ബഹുമാനിക്കാൻ പഠിക്കുക. സാധാരണ ഗതിയിൽ ഭാര്യക്കും ഭർത്താവിനും രണ്ടുപേരിൽ നിന്നും മാറി കുറെ സമയം സ്വന്തമായുണ്ട്. ഓഫിസുകളിൽ പോവുകയാണെങ്കിൽ ആ സമയം, യാത്ര ചെയ്യുന്ന സമയം, ഭർത്താവോ ഭാര്യയോ പുറത്തു പോകുന്ന സമയം. അപ്പോൾ അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും, ഇഷ്ടമുളളവരോട് സംസാരിക്കും, എഴുതും, വായിക്കും, ഫേസ്ബുക്ക് നോക്കും എന്നിങ്ങനെ. പക്ഷെ ഇരുപത്തിനാലു മണിക്കൂറും രണ്ടുപേരും ഒരുമിച്ചാകുന്പോൾ സ്വന്തമായ ഈ സമയം ഇല്ലാതാകും. ഓരോ ഫോൺ വരുന്പോഴും "അതാരുടെ ആയിരുന്നു” എന്ന് പങ്കാളി വെറുതെയെങ്കിലും ചോദിച്ചേക്കാം. എത്ര സമയം ഫേസ്ബുക്കിൽ ചിറ്റിലവഴിക്കുന്നു എന്ന് പരസ്പരം ശ്രദ്ധിച്ചേക്കാം. പണിയൊന്നുമില്ലെങ്കിൽ ഭാര്യയുടെയോ ഭർത്താവിന്റെയോ ചാറ്റ് ഹിസ്റ്ററി എടുത്തു നോക്കി എന്ന് വരാം. നിങ്ങൾക്ക് എത്ര ബോറടിച്ചാലും, നിങ്ങൾ എത്ര സംശയാലുവാണെങ്കിലും തൽക്കാലം ഈ പരിപാടികൾ മാറ്റിവെക്കുന്നതാണ് നല്ലത്. പരസ്പരം ഒരു മുറിക്കുള്ളിൽ അടച്ചിരിക്കുന്പോഴും പങ്കാളികൾക്ക് പരമാവധി സ്വകാര്യത കൊടുക്കുവാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിലും ഇതേ നിയമം പാലിക്കണം.

ഈ പത്തു നിയമങ്ങൾ പത്തു പോസ്റ്ററായി ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്, വീടുകളിൽ ഒട്ടിച്ചുവെക്കാം, ചർച്ച ചെയ്യാം. ഒരു കുടുംബം എന്ന രീതിയിൽ കൂടുതൽ ശക്തരായി നമുക്ക് ഈ  കൊറോണക്കാലത്തുനിന്ന് പുറത്തു വരാം.
 
സുരക്ഷിതരായിരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക