Image

ചരിത്രത്തിലാദ്യം; കൊടുങ്ങല്ലൂര്‍ കാവുതീണ്ടിലിന് ഏകനായി ദേവീദാസന്‍

Published on 28 March, 2020
ചരിത്രത്തിലാദ്യം; കൊടുങ്ങല്ലൂര്‍  കാവുതീണ്ടിലിന് ഏകനായി ദേവീദാസന്‍
കൊടുങ്ങല്ലൂര്‍: കോമരക്കൂട്ടങ്ങളോ കൂട്ടമായെത്തുന്ന ഭക്തരോ ഇല്ലാതെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഒരാള്‍ മാത്രം കാവുതീണ്ടി. ലോക് ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തില്‍ അവകാശികായ പാലക്കവേലന്‍ ദേവീദാസന്‍ മാത്രമാണ് കാവുതീണ്ടിയത്.നൂറ്റാണ്ടിന്റെ ഓര്‍മയില്‍ ആദ്യമായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഒരാള്‍ മാത്രമായി കാവുതീണ്ടുന്നത്. അവകാശികളും ക്ഷേത്രം അധികൃതരും ഉള്‍പ്പടെ 30 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭക്തര്‍ക്കു പ്രവേശനം നിരോധിച്ചിരുന്നു.

രാവിലെ എട്ടിനു വലിയതമ്പുരാന്റെ ചുമതല വഹിക്കുന്ന ചിറക്കല്‍ കോവിലകം രഘുനന്ദന്‍രാജ ക്ഷേത്രത്തിലേക്കു എഴുന്നള്ളി. 10  ഇളമുറക്കാര്‍ അനുഗമിച്ചു.  ഉച്ചയ്ക്ക് 1 ന് തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കു അനുമതി നല്‍കി. ഈ സമയം പൂജകള്‍ കാലേക്കൂട്ടി നിര്‍വഹിച്ചു ശാന്തിക്കാരും മറ്റുള്ളവരും പുറത്തിറങ്ങി. അവകാശികളായ നീലത്ത് മഠം പ്രദീപ് കുമാര്‍ അടികള്‍, കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികള്‍, മഠത്തില്‍ മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവരാണു രഹസ്യ വിധികളോടെയുള്ള തൃച്ചന്ദനച്ചാര്‍ത്ത് പൂജ നിര്‍വഹിച്ചത്.

ഇതിനിടെ ദേവീദാസന്‍ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞു പടിഞ്ഞാറേ നടയില്‍ പീഠമിട്ടു ഉപവിഷ്ഠനായി. പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ അടികള്‍മാര്‍ കിഴക്കേനടയില്‍ ബലിക്കല്‍ പുരയില്‍ വലിയ തമ്പുരാനെ കണ്ടു.  വലിയതമ്പുരാന്‍ അടികള്‍മാര്‍ക്കും മറ്റു അനന്തരാവകാശികള്‍ക്കും അധികാരദണ്ഡ് നല്‍കി.  4.30ന് വലിയ തമ്പുരാന്‍ നിലപാട് തറയിലേക്ക് എഴുന്നള്ളി. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഉടനെ കീഴ്ശാന്തി രമേശന്‍ നമ്പൂതിരി ചുവന്ന പട്ടുകുട ഉയര്‍ത്തി. ഇതോടെ പാലക്കവേലന്‍ ദേവീദാസന്‍ കാവുതീണ്ടി. പിന്നീട് ക്ഷേത്ര നട അടച്ചു. ഡപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷിന് വലിയ തമ്പുരാന്‍ പുടവ നല്‍കി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ.കെ. മനോജ്, സുനില്‍ കര്‍ത്ത, മാനേജര്‍ യഹുലദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ചുമതല വഹിച്ച ഡപ്യൂട്ടി കലക്ടര്‍മാരായ എം.ബി. ഗിരീഷ്, പി. പാര്‍വതിദേവി,എന്‍.കെ. കൃപ, തഹസില്‍ദാര്‍ കെ. രേവ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക