Image

‘കടക്ക് പുറത്ത്’ -ലഹരിക്കെതിരെ ആഞ്ഞടിക്കാം... ജോബി ബേബി

Published on 28 March, 2020
‘കടക്ക് പുറത്ത്’ -ലഹരിക്കെതിരെ ആഞ്ഞടിക്കാം... ജോബി ബേബി
എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരുപടര്‍ത്തുന്ന ലഹരി മാഫിയ നാടിന്‍റെ മുന്നിലുള്ള ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ്. അതിന്‍റെ പേരില്‍ ഇങ്ങു ദൂരെ കഴിയുന്ന നമ്മള്‍ അമേരിക്കന്‍ മലയാളികളിലുമുണ്ട് ജന്മനാടിനെപ്പറ്റിയുള്ള ആശങ്ക.                                                    
ലഹരിമരുന്നുകളുടെ വ്യാപനം കൊടിയ         സാമൂഹികവിപത്താവുകയാണെന്നതും ലഹരിസംഘത്തിന്‍റെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്നവരില്‍ ഭൂരിപക്ഷവും യുവാക്കളും വിദ്യാര്‍ഥികളുമാണെന്നതും കേരളം നേരിടുന്ന അതീവ ഭീഷണമായ ശാപംതന്നെ. മദ്യവും പുകയിലയും കടന്ന് ലഹരി ഉപയോഗം കഞ്ചാവും ബ്രൗണ്‍ഷുഗറും മുതല്‍ മാരകമായ രാസലഹരികളിലേക്കുവരെ എത്തിയിരിക്കുന്നത് സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും ഉറക്കംകളയേണ്ടതാണ്.

സംസ്ഥാനത്തെ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളും വില്‍പനക്കാരുമുണ്ടെന്നതാണു യാഥാര്‍ഥ്യം. വലിയ നഗരങ്ങള്‍ വലിയ ലഹരിവലയിലാണു മയങ്ങിക്കിടക്കുന്നത്. നാടന്‍ കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെ ഒഴുകിയെത്തുന്ന കേന്ദ്രമായി കൊച്ചി ‘വളര്‍ന്നു’കഴിഞ്ഞു. ചെറുപൊതിക്കച്ചവടക്കാര്‍ക്കു പുറമേ, ഓണ്‍ലൈന്‍ ലഹരിവ്യാപാരികളും ഉപയോക്താക്കളും നമ്മുടെ നാട്ടില്‍ സജീവമാണ്. മാരകമായ ന്യൂജെന്‍ ലഹരികളും നിശ്ശബ്ദമായി കേരളത്തെ കീഴടക്കുന്നു.

രാജ്യാന്തര ലഹരിവിപണിയുമായി കേരളത്തിനുള്ള ബന്ധം തെളിയിക്കുന്നതാണ് ഇവിടെ ലഭിക്കുന്ന ലഹരി മരുന്നുകളുടെ വൈവിധ്യം. വിദേശ കമ്പോളങ്ങളിലെ വിലകൂടിയ ലഹരിപദാര്‍ഥങ്ങള്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങള്‍ വഴി നേപ്പാള്‍ അതിര്‍ത്തി കടത്തിയാണ് റോഡ്, റെയില്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്നതെന്ന വിവരവുമുണ്ട്. ലഹരിയുടെ ആവശ്യക്കാരിലേറെയും കൗമാരം പിന്നിടാത്തവരാണ്; വെറുമൊരു തമാശയ്ക്ക് തുടങ്ങി പിന്നീട് അടിമകളായി മാറുന്നവര്‍. ലഹരിക്കെണിയില്‍ വീണവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന വിവരം പൊലീസിനെ മാത്രമല്ല, കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നു.
ഇന്റർനെറ്റിലെ അധോലോകമാണ് ഡാർക് വെബ്. ലഹരിക്കടത്തുകാർ മുതൽ രാജ്യാന്തര കള്ളക്കടത്തുകാരും കൊലപാതകികളും വിഹരിക്കുന്ന ഇടം. കൊക്കെയ്ൻ അടക്കമുള്ള വിദേശനിർമിത ലഹരിമരുന്നുകൾ കേരളംവഴി കടന്നുപോകുന്നുണ്ട്. കൊച്ചിയിൽ ഒരു വർഷത്തിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നാലു കേസുകളിലായി 11 കിലോയിലധികം കൊക്കെയ്ൻ പിടികൂടിയിരുന്നു. ഒരു വനിതയടക്കം പിടിയിലായ 4 കാരിയർമാരും വിദേശികളാണ്. ഡാർക് വെബ് വഴിയാണ് ഇതിന്റെ ഇടപാടുകൾ നടക്കുന്നതെന്നാണു വിവരം. കൊക്കെയ്ൻ കടത്തിയതിനു വിദേശികളായ കാരിയർമാർ എറണാകുളത്തു പിടിയിലായെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഡാർക്‌ വെബ് വഴിയുള്ള ഇടപാടുകളായതിനാലാണ്, മറ്റു കണ്ണികളെ കണ്ടെത്തുന്നതിനു തടസ്സം (ക്രോം, ഫയർഫോക്സ് തുടങ്ങിയ സാധാരണ ഇന്റർനെറ്റ് ബ്രൗസറുകൾക്ക് പകരം പ്രത്യേകതരം ബ്രൗസർ വഴിയാണ് ഡാർക് വെബ് ഉപയോഗിക്കുക).

കൃത്രിമ രാസലഹരികളാണ് സിന്തറ്റിക് ഡ്രഗ്സ്. എംഡിഎംഎ, എൽഎസ്ഡി, കെറ്റമീൻ, ഫെന്റനിൽ സിട്രേറ്റ്, പെന്റാസോസിൻ തുടങ്ങിയവ രാസലഹരികളുടെ കൂട്ടത്തിൽപെടും. ഇന്ത്യയിൽ വ്യവസായ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ദുരുപയോഗം ചെയ്താണ് ഇവയുടെ നിർമാണം.
                                       
എംഡിഎംഎയുടെ വിളിപ്പേര് റേപ്പ് ഡ്രഗ് എന്നാണ്. പാർട്ടികൾക്കിടെ നഖത്തിന്റെ തുമ്പോളം എംഡിഎംഎ ബീയറിലും മറ്റും രഹസ്യമായി കലർത്തി പെൺകുട്ടികൾക്കു നൽകി ചൂഷണം ചെയ്യുന്ന രീതി ബെംഗളൂരുവിലും മറ്റും വ്യാപകമായപ്പോഴാണ് ഈ പേരുവീണത്. ലൈസർജിക് ആസിഡ് ഡൈതൈലമൈഡ് എന്ന ലഹരിവസ്തുവിന്റെ ചുരുക്കപ്പേരാണ് എൽഎസ്ഡി. ഒരു കിലോയിൽ താഴെവരെ കഞ്ചാവ് കൈവശം വയ്ക്കുന്നതു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, എൽഎസ്ഡി .002 ഗ്രാമിലധികം കയ്യിൽ വച്ചാൽ ജാമ്യം കിട്ടില്ല. എംഡിഎംഎ ഒരു ഗ്രാമിന് 1000 രൂപയാണു വില. 3 തവണ ഉപയോഗിക്കാമെന്നതും ഒരു തവണ ഉപയോഗിച്ചാൽ 3 ദിവസത്തോളം ലഹരി ലഭിക്കുമെന്നതും പ്രത്യേകത. മിനി എൽഎസ്ഡി സ്റ്റാംപിന് 1500 രൂപയാണു വില. എന്നാൽ, ലഹരി ഒരു ദിവസം കൊണ്ടു തീരുമത്രേ.

കെറ്റമീൻ, ഫെന്റനിൽ സിട്രേറ്റ് വ്യവസായ – വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകരാസവസ്തുക്കളാണിവ. ഓവർഡോസ് ഉള്ളിലെത്തിയാൽ തൽക്ഷണം മരണം. ഇത്തരം രാസപദാർഥങ്ങളുടെ ‘.002’ ഗ്രാം മാത്രമേ, മനുഷ്യശരീരത്തിനു താങ്ങാനാകൂ. പെന്റാസോസിൻ ഷെഡ്യൂൾ എച്ച് വൺ ഇനത്തിൽപെട്ട മാരക ലഹരി ആംപ്യൂൾ. പച്ചകുത്തലിന്റെ വേദന ഇല്ലാതാക്കാനെന്ന പേരിൽ കേരളത്തിനു പുറത്തെ ചില ടാറ്റൂ സെന്ററുകളിൽ ഉപയോഗിക്കുന്നു. ഒരുവട്ടം ഉപയോഗിച്ചാൽ പിന്നെ മോചനമില്ല. കോളജ് വിദ്യാർഥികളാണു പ്രധാന ഇരകൾ.

ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല നമ്മുടെ പുതുതലമുറ. ജീവിതത്തിന്‍റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളര്‍ത്തി വലുതാക്കിയ സ്വപ്നങ്ങള്‍ കൈമോശംവന്നു കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താന്‍ ലഹരിമരുന്നുസംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ഈ വലിയ ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേ ദിശയില്‍ മുന്നോട്ടുനീങ്ങേണ്ടതുണ്ട്.

 ലഹരിമരുന്നു മാഫിയക്കാര്‍ക്കും ഗുണ്ടകള്‍ക്കും കടുത്ത മുന്നറിയിപ്പുമായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചു പൊലീസ് സജീവമായ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ ബോള്‍ട്ടും’ കൊച്ചി സിറ്റി പൊലീസിന്‍റെ ‘ഓപ്പറേഷന്‍ കിങ് കോബ്ര’യും പ്രതീക്ഷ തരുന്ന പുതുമുന്നേറ്റങ്ങള്‍തന്നെ.

ലഹരി വസ്തുക്കൾ, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരാതികൾ നൽകാൻ എക്സൈസ് വകുപ്പിന്റെ വാട്സാപ് നമ്പറുകൾ: 9447178000, 9061178000
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക