Image

മദ്യം കൊടുത്ത് രോഗം ചികിത്സിക്കാൻ പറ്റുമോ? ഡോ.മനോജ് വെള്ളനാട്

Published on 28 March, 2020
മദ്യം കൊടുത്ത് രോഗം ചികിത്സിക്കാൻ പറ്റുമോ? ഡോ.മനോജ് വെള്ളനാട്
പറ്റും. വ്യാജമദ്യ ദുരന്തത്തിൻ്റെ ഭാഗമായി മീഥൈൽ ആൽക്കഹോൾ വിഷബാധയേറ്റവരുടെ ചികിത്സയ്ക്ക് ഈതൈൽ ആൾക്കഹോൾ ഉപയോഗിക്കാമെന്നുണ്ട്. പക്ഷേ, 'മദ്യാസക്തി'യുടെ ചികിത്സയ്ക്ക് മദ്യം കൊടുക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ രീതിയല്ല.

മദ്യാസക്തിയുടെ ചികിത്സയ്ക്ക് മദ്യം പ്രിസ്ക്രൈബ് ചെയ്യാൻ ഒരു മോഡേൺ മെഡിസിൻ ഡോക്ടർക്കും അധികാരമില്ല.

എന്താണ് മദ്യാസക്തിയുടെ ചികിത്സ?
മദ്യാസക്തി ഉള്ള രോഗിയുടെ പുനരധിവാസവും മോട്ടിവേഷനും മരുന്നുകൾ കൊടുത്തുള്ള ചികിത്സയും കൗൺസിലിങ്ങും ഒക്കെയാണ്. മദ്യമല്ല.

മദ്യാസക്തി ഒരു രോഗമാണ്. അതിൻ്റെ ലക്ഷണങ്ങൾ പലരീതിയിൽ പ്രകടമാകാം. കൈ വിറയൽ, അസ്വസ്ഥത, വിശപ്പില്ലായ്മ, വിഭ്രാന്തി, മനംപിരട്ടൽ, ശർദ്ദി, ഉൽകണ്ഠ, വിയർപ്പ്, സങ്കോചം, ശക്തമായ തലവേദന, പരസ്പര ബോധമില്ലാതെ സംസാരം, അപസ്മാരം, ഉറക്കമില്ലായ്മ ഒക്കെ അതിൻ്റെ ലക്ഷണമാണ്. ആത്മഹത്യാ പ്രവണതയും കൂടുതലാണ്.

രണ്ടു പേർ ഇന്നലെ ആത്മഹത്യ ചെയ്തു. മരിക്കുന്നവരുടെ വിവരങ്ങൾ പത്രമാധ്യമങ്ങളിൽ വരും. പക്ഷെ ആത്മഹത്യാശ്രമങ്ങൾ വരില്ല. മറ്റുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ വിവരങ്ങളും. ഇന്നലെ തിരുവനന്തപുരത്ത് എൻ്റെ അറിവിൽ ഒരാൾ ആത്മഹത്യ ശ്രമം നടത്തി വന്നിരുന്നു. ഭാഗ്യത്തിനയാൾ രക്ഷപ്പെട്ടു. ഇത്തരം നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ.

ധാരാളം ഹോസ്പിറ്റലുകളിൽ ഒരുപാട് രോഗികൾ കഴിഞ്ഞ രണ്ടുദിവസമായി അഡ്മിറ്റ് ആകുന്നുണ്ട്, ആൾക്കഹോൾ വിത്ഡ്രോവൽ സിംഡ്രോമായിട്ട്. അങ്ങനെ വരുമ്പോൾ 20 ൽ ഒരാൾക്ക് അത് ഗുരുതരമായ ഡെലീറിയം ട്രെമൻസ് ആയി മാറാം. മരണം വരെ സംഭവിക്കാം.

നിലവിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം മദ്യാസക്തി ഉള്ള ആൾക്കാരെ കണ്ടെത്തുകയും എത്രയും വേഗം ചികിത്സിപ്പിക്കുകയുമാണ്. അങ്ങനെയുള്ളവർ ഏതെങ്കിലും വീടുകളിലുണ്ടെങ്കിൽ ആരോഗ്യ /എക്സൈസ് പ്രവർത്തകരെ അറിയിക്കാൻ വീട്ടുകാരോട് പറയാം. എന്നിട്ട് രോഗിയെ സർക്കാർ ഏറ്റെടുക്കുകയും ഡീ അഡിക്ഷൻ സെൻ്ററിൽ ആക്കുകയുമാണ് വേണ്ടത്. വീട്ടുകാർക്കല്ലെങ്കിൽ നാട്ടുകാരിൽ നിന്നോ ബിവറേജസ് ഷോപ്പുകളിലെയോ ബാറുകളിലെയോ തൊഴിലാളികളിൽ നിന്നോ വിവരം ശേഖരിക്കാം.

മദ്യാസക്തി നിസാര പ്രശ്നമല്ലാ.
ചികിത്സിക്കാനോ ചികിത്സിപ്പിക്കാനോ മടി കാണിച്ചാൽ നമുക്ക് ആ ആളിനെ തന്നെ നഷ്ടപ്പെട്ടേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക