Image

പ്രവചിച്ച പോലെ നാം ഒന്നാം സ്ഥാനക്കാര്‍... അടുത്ത ഘട്ടത്തിലും ആ സ്ഥാനം നിലനിര്‍ത്തുമോ? (ഫ്രാന്‍സിസ് തടത്തില്‍)

Published on 28 March, 2020
പ്രവചിച്ച പോലെ നാം ഒന്നാം സ്ഥാനക്കാര്‍... അടുത്ത ഘട്ടത്തിലും ആ സ്ഥാനം നിലനിര്‍ത്തുമോ? (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: പ്രവചനങ്ങള്‍ തെറ്റിയില്ല; അങ്ങനെ അതും സംഭവിച്ചു! ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച രാജ്യമെന്ന 'ബഹുമതി'യും അമേരിക്ക സ്വന്തമാക്കി. രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റുകളുടെ പ്രവചനം ശരി വയ്ക്കുന്ന രീതിയിലാണ് ഇതുവരെയുള്ള കാര്യങ്ങളുടെ പോക്ക്.

ലോകത്തു സ്ഥിരീകരിക്കപ്പെട്ട കൊറോണ രോഗികളില്‍ലഭ്യമായ ഡാറ്റയുടെ മോഡലിംഗ് നടത്തിയായിരുന്നു അവരുടെ പ്രവചനം. ഈ നിലയില്‍ മരണ നിരക്കിലും അമേരിക്ക ഒന്നാം സ്ഥാനം കരസ്ഥമാക്കും. അങ്ങനെ നമ്മള്‍ എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനക്കാര്‍ എന്ന 'പെരുമ' എന്നും നില നിര്‍ത്തും. ലെറ്റ് അസ് മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍!

കാത്തിരുന്നു കാണുക. അടുത്ത രണ്ടാഴ്ച്ച അമേരിക്കയിലെ കോവിഡ് മരണം പ്രവചനങ്ങള്‍ക്കും അതീതമായിരിക്കും. ഭീതിപ്പെടുത്താനോ പരിഭ്രാന്തി പരത്താനോ വേണ്ടി അതിശയോക്തി പറയുന്നതല്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പാണ്. സമ്പദ് വ്യവസ്ഥ, ഹെല്ത്ത് കെയര്‍, ഓട്ടോമൊബൈല്‍, സയന്‍സ് ആന്‍ഡ് ടെക്നോളജി, മിലിട്ടറി, ആണവശക്തി, ആയുധ നിര്‍മ്മാണം, ഭഷ്യസുരക്ഷ, ഷെല്‍ ഗ്യാസ് തുടങ്ങിയ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനക്കാരായ അമേരിക്കക്ക് എന്തൊക്കെ ബഹുമതികളാണുള്ളത്. ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം, ലോക പോലീസ്, ലോക സാമ്പത്തിക തലസ്ഥാനം എന്നൊക്കെ. ഇപ്പോള്‍ ഇതും.

ലോകേെത്ത 17 ശതമാനത്തോളം കൊറോണ രോഗബാധിതര്‍ അമേരിക്കയിലാണ്. ലോകത്ത് ഇതുവരെ 607,965പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 104,880 പേരും അമേരിക്കയില്‍. 28,200പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്. അതില്‍ 1,720 പേര്‍ അമേരിക്കക്കാര്‍ .വെള്ളിയാഴ്ച്ച മാത്രം 402 പേര്‍.ഇറ്റലി, സ്‌പെയിന്‍, ചൈന എന്നീ രാജ്യങ്ങളാണ് മരണ സംഖ്യയില്‍ ഇപ്പോള്‍ മുന്‍പില്‍. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക മാരണ സംഖ്യയിലും ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം കൊറോണ വൈറസിന്റെ ഏറ്റവും വലിയ പ്രഭവ കേന്ദ്രമായി മാറും അമേരിക്ക.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിക്ക് അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിയില്ലെന്നായിരുന്നു പ്രസിഡണ്ട് ട്രമ്പ് ഉള്‍പ്പെടയുള്ളവര്‍ കരുതിയത്. ചൈനയില്‍ നിന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ കഴിഞ്ഞ ജനുവരി 29 നു എത്തിയ ഒരാളില്‍ നിന്ന് പടര്‍ന്ന ഈ മഹാമാരി രാജ്യം മുഴുവന്‍ വ്യാപിച്ച്ഇപ്പോള്‍ ഒരു ലക്ഷത്തില്‍ പരം പേരിലേക്ക് എത്തിച്ചേര്‍ന്നു. ലോകം മുഴുവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ അമേരിക്ക തുടക്കത്തില്‍ തന്നെ വിചാരിച്ചാല്‍ നടക്കുമായിരുന്നു.

ലോകത്തെ ഏറ്റവും മികച്ച ആശുപത്രികളും വൈറോളജി ലാബുകളും ഉള്ളത് അമേരിക്കയിലാണ്. പക്ഷെ കതിരില്‍ കൊണ്ടുപോയി വളം വച്ചിട്ട് എന്ത് കാര്യം?. ലോക്കു്ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് എത്രയോ മുന്‍പായിരുന്നു. അമേരിക്കയ്ക്ക് ഇപ്പോഴത്തെ അവസ്ഥയുണ്ടാകുമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്.

മുന്നറിയിപ്പ് ഗവര്‍ണ്മെന്റ്ഗൗവരമായി എടുത്തില്ല. സങ്കേതിക വിദ്യയില്‍ ലോകത്ത് ഏറ്റവും മുന്‍ നിരയില്‍ ഉള്ള അമേരിക്കയ്ക്ക് ആവശ്യവസ്തുക്കള്‍ക്കു മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. വെന്റിലേറ്റര്‍, മാസ്‌ക്കുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയെല്ലാം ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇവയുടെയെല്ലാം പേറ്റന്റ് അമേരിക്കയുടേത്. ഫോര്‍മുലകളുടെ ഉടമസ്ഥാവകാശം അമേരിക്കയുടേത്. അതുകൊണ്ടാണ് വൈകിയ വേളയില്‍ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളോട് വെന്റ്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ട്രമ്പ് ഉത്തരവിട്ടത്.

കാര്‍ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ഈ കമ്പനികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മ്മാണത്തിലേക്കു കടക്കാന്‍ സമയം വേണ്ടിവരും.ഇലട്രിക്ക്കാര്‍നിര്‍മ്മാണ രംഗത്തേക്ക് കടന്ന ടെസ്ല മാത്രമാണ് ഇതുവരെ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു തുടങ്ങിയത്. ടെസ്ല കാലിഫോര്‍ണിയയ്ക്ക് ആയിരവും ന്യൂയോര്‍ക്കിനു നൂറിലേറെയും വെന്റിലേറ്ററുകള്‍ നല്‍കി. ടെസ്ലയുടെന്യൂയോര്‍ക്കിലെജിഗാ യൂണിറ്റ് പരമാവധി വെന്റ്റിലേറ്ററുകളുടെ നിര്‍മ്മാണം നടത്തി വരികയാണെന്നു ടെസ്ല സി.ഇ ഒ. ഇലോണ്‍ മസ്‌ക്ക് പറഞ്ഞു. അത്ര സങ്കീര്‍ണ്ണമായടെക്‌നോളജിയുടെ ആവശ്യമില്ലാത്തലോവര്‍ എന്‍ഡ് വെന്റിലേറ്ററുകളുടെ നിര്‍മ്മാണം എളുപ്പമാണെന്നു പറഞ്ഞ അദ്ദേഹം ഇവ അത്ര ഗുരുതരമല്ലാത്ത രോഗികള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താമെന്നും പറഞ്ഞു.

അതെ സമയം, ഫോര്‍ഡ്, ജി.എം തുടങ്ങിയ കമ്പനികളുടെ വെന്റ്റിലേറ്ററുകള്‍ ഇനിയും പുറത്തിറങ്ങിയിട്ടില്ല.വളരെ സങ്കീര്‍ണ്ണമായ സോഫ്റ്റ് വെയര്‍ ആവശ്യമുള്ള വെന്റ്റിലേറ്ററുകളുടെ നിര്‍മ്മാണം എളുപ്പം സാധ്യമല്ലെന്നു ഫോര്‍ഡ് , ജി.എം. കമ്പിനികള്‍ പറയുന്നത്. അമേരിക്കയില്‍ ആകെ ഇപ്പോള്‍160,000 വെന്റ്റിലേറ്ററുകളാണുള്ളത്. 740,000 വെന്റിലേറ്ററുകളുടെ ആവശ്യം മൂന്നാഴ്ചകക്ക് വേണ്ടിവരുമെന്നാണ് ജോണ്‍ ഹോപ്ക്കിന്‍സ് സെന്റര് ഫോര്‍പബ്ലിക്സെക്യൂരിറ്റിയുടെ പഠന റിപ്പോര്‍ട്ട്.ഈ സമയത്തിനുള്ളില്‍ ഇത്രയേറെ വെന്റ്റിലേറ്ററുകള്‍ ലഭ്യമാക്കുക എളുപ്പമല്ല.

അമേരിക്കയില്‍ നിലവില്‍ ലഭ്യമാകുന്ന ഡാറ്റ മോഡലിംഗ് പഠനത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ഗുരുതരമായ ശ്വാസകോശ രോഗമുള്ള രോഗികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വെന്റ്റിലേറ്ററുകളുടെ നിര്‍മ്മാണത്തിന് കുറഞ്ഞത് 50,000 ഡോളര്‍ വേണ്ടി വരും. ടെസ്ല പോലുള്ള കമ്പനികള്‍ തികച്ചും സൗജന്യമായാണ് ഇതുവരെ വെന്റ്റിലേറ്ററുകള്‍ വിതരണം ചെയ്തിട്ടുള്ളത്. തുടര്‍ന്നും സൗജന്യമായി വിതരണം ചെയ്യാന്‍ കഴിയുമോ എന്നറിയില്ല.

ജനുവരി 29 നാണു അമേരിക്കയില്‍ ആദ്യത്തെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പരസ്പരം പഴിചാരുകയല്ലാതെ അന്ന് തന്നെ ത്വരിത നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ കൊറോണ ഉയര്‍ത്തുന്ന വലിയ ദുരന്തത്തില്‍ നിന്ന് അമേരിക്കയ്ക്ക് കരകയറാമായിരുന്നു. വെറും 10 ദിവസം മുന്‍പ് മാത്രമാണ് വെന്റ്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ട്രമ്പ് കാര്‍ നിര്‍മ്മിതാക്കളോടു അഭ്യര്‍ത്ഥിച്ചത്. വിലപ്പെട്ട ഒന്നരമാസം നഷ്ട്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആഭ്യന്ത ആവശ്യങ്ങള്‍ക്ക് ശേഷം മറ്റു രാജ്യങ്ങള്‍ക്കുകൂടി നല്‍കാനുള്ള വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമായിരുന്നു .

അതാണ് ശരിയായ ഗ്രേറ്റ് അമേരിക്ക. അങ്ങനെയാണ് അമേരിക്കയെ ഒരു മഹത്തായ രാജ്യമായി വളര്‍ത്തേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക