Image

വിഡിയോ കോള്‍ മരണങ്ങള്‍ക്ക് വിധിക്കപ്പെട്ടവര്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 28 March, 2020
വിഡിയോ കോള്‍ മരണങ്ങള്‍ക്ക് വിധിക്കപ്പെട്ടവര്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ജനിക്കാനും മരിക്കാനും ഒരു സമയം.... പക്ഷെ ഇത് മരിക്കാന്‍ പറ്റിയ സമയമല്ല. ഇപ്പോള്‍ മരണം ഒരു നമ്പര്‍ മാത്രമാകുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ ഗ്രാഫ് .

കോവിഡ് ബാധിച്ച് ഉറ്റ ബന്ധുവിനെ ആശുപത്രിയിലാക്കുന്നു എന്നു കരുതുക. രോഗം ഭേദമാകുന്നില്ലെങ്കില്‍ അവിടെ മുതല്‍ അന്ത്യയാത്ര തുടങ്ങുകയാണ്.

രോഗം ഭേദപ്പെടാത്ത പക്ഷം പിന്നീട്ആ വ്യക്തിയെ കാണാനാവില്ല. അനിയന്ത്രിതമാം വിധം കൊറോണ പടര്‍ന്നു പിടിക്കുന്നതിനാല്‍ മിക്ക ആശുപത്രികളിലും വിസിറ്റേഴ്‌സിനെ നിരോധിച്ചിരിക്കുകയാണ്. അഡ്മിറ്റ് ചെയ്തു കഴിഞ്ഞല്‍ പിന്നെ ഫാമിലിക്ക് രോഗിയുമായി ഫോണില്‍ക്കൂടെ മാത്രമേ ബന്ധപ്പെടാന്‍ കഴിയൂ.

മിക്ക രോഗികള്‍ക്കും ശ്വാസതടസമാണ് പ്രധാന പ്രശ്‌നം. അവരെ വെന്റിലേറ്ററിലേക്കു മാറ്റും. (വെന്റിലേറ്റര്‍ ചുമതലയുള്ള നിരവധി റെസ്പിറ്റോറി തെറപ്പിസ്റ്റ്മാരെ ഇവിടെ അഭിവാദ്യം ചെയ്യുന്നു.) വെന്റിലേറ്ററിലാകുന്നതോടെ കുടുംബവും രോഗിയും തമ്മിലുള്ള ആശയ വിനിമയം തീരുന്നു. രോഗിക്കു സംസാരിക്കാന്‍ പറ്റില്ല. പിന്നെ ഡോക്ടറോ നഴ്‌സോ വല്ലപ്പോഴും വിളിച്ചു കുടുംബത്തെ വിവരം അറിയിക്കുക  മാത്രമാണ് ചെയ്യുന്നത്.

രോഗി മരിക്കും എന്ന സ്ഥിതി വരുമ്പോള്‍ വിഡിയോ കോള്‍ വഴി വീട്ടുകാരെ വിളിക്കും. മിക്ക കുടുംബാംഗങ്ങള്‍ക്കും ഇത് താങ്ങാവുന്നതിലും അധികമാണ്. നാളെ രോഗം ഭേദമായി ഭര്‍ത്താവോ ഭാര്യയോ അല്ലങ്കില്‍ അഛനോ, അമ്മയോ ഒക്കെ തിരിച്ചുവരും എന്ന് വിചാരിച്ചിരിക്കുബോള്‍ ആണ് നേഴ്‌സിന്റെ വിഡിയോ കോള്‍ വരുന്നത്. കുടുംബാംഗങ്ങള്‍ അലറി കരഞ്ഞുകൊണ്ടു രോഗിയുമായി സംസാരിക്കാന്‍ ശ്രമിക്കും. മിക്ക രോഗിയും അതൊന്നും കേള്‍ക്കറെ ഇല്ല.

ഉറ്റവരുടെയും ഉടയവരുടെയും മരണം വീഡിയോ വഴി കാണേണ്ട ഗതികേടില്‍ മനുഷ്യരാശി എത്തി നില്‍ക്കുന്നു. ഇതു വരെ നാം കൈവരിച്ച പുരോഗതി എവിടെ? സാമ്പത്തിക നേട്ടം എവിടെ. ഒരു പരമാണുവിന്റെ മുന്നില്‍ തകരാന്‍ മാത്രം അശക്തരോ മനുഷ്യന്‍?

കഴിഞ്ഞ ദിവസം മുപ്പതില്‍ താഴെ വയസുള്ള ഒരാളുടെ മരണം നേഴ്‌സ് വിഡിയോ കോളിലൂടെ ഫാമിലിയെ കാണിക്കുകയുണ്ടായി. അയാളുടെ മാതാപിതാക്കള്‍ അലമുറയിട്ട് കരയുവാന്‍ തുടങ്ങി. കണ്ടു നിന്ന ആശുപത്രി ജീവനക്കാര്‍ എല്ലാവരും കൂട്ടകരച്ചില്‍ ആയി. സാധാരണ നഴ്സുമാര്‍ എത്രയോ മരണങ്ങള്‍ കാണുന്നതാണ്. മരണം വീഡിയോ കോളില്‍ കൂടെ കാണുന്ന മാതാപിതാക്കളുടെ അവസ്ഥയും ആ രോഗിയെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ദുഖവും ആയിരിക്കാം അവരെ ആ മാനസികാവസ്ഥയില്‍ എത്തിച്ചത്. എന്ത് തന്നെയായാലും ഇങ്ങനെയുള്ള മരണങ്ങള്‍ നമുക്ക് താങ്ങാവുന്നതിലും അധികമാണ്.

മരിച്ചു കഴിഞ്ഞാലും സ്ഥിതി ദയനീയമാണ്. മിക്ക ഫ്യൂണറല്‍ ഹോമുകള്‍ക്കും ഇപ്പോള്‍ ശവശരീരങ്ങള്‍ വേണ്ട. ഇനി അവര്‍ സമ്മതിച്ചാല്‍ തന്നെ എപ്പോഴെങ്കിലും അവര്‍ വന്ന് ബോഡി നീക്കം ചെയ്യും. ബന്ധുക്കള്‍ക്ക് പ്രവേശനമില്ല. പിന്നീട് സംസ്‌കാരം അവര്‍ തന്നെ നടത്തും. ദിവസങ്ങള്‍ കഴിഞ്ഞ് അത് എവിടെ എന്ന് കുടുംബത്തെ അറിയിക്കും. എല്ലായിടത്തും ഇതാണോ സ്ഥിതി എന്ന് ഉറപ്പില്ല.

കോവിഡ് ഇല്ലാതെ മരിച്ചാലും ഇപ്പോള്‍ 10 പേരില്‍ കൂടുതല്‍ കൂടാനാവില്ല. കരഞ്ഞു തളരുന്ന ബന്ധുക്കള്‍ക്ക് സമാശ്വാസമേകാന്‍ പലര്‍ക്കും എത്തിപ്പറ്റാനാകാതെ വരുന്നു.

ഇങ്ങനെ ഒരു അവസ്ഥ മനുഷ്യ കുലത്തിനുണ്ടാകും എന്ന് ആരും പ്രതിക്ഷിച്ചു കാണില്ല.

കോവിഡ് കണ്ടെത്തിയ 27 ദിവസത്തിനുള്ളില്‍ 719 പേര്‍ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മാത്രം മരിച്ചു. കോവിഡ് ഇല്ലായിരുന്നെങ്കില്‍ അവരൊന്നും മരിക്കേണ്ടവരായിരുന്നില്ല- ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമോ ശനിയാഴ്ച പറഞ്ഞത് സത്യം.

ന്യൂ യോര്‍ക്കിലെ ആശുപത്രികള്‍ മിക്കതും ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഐസലേഷന്‍ വാര്‍ഡില്‍ കയറി പ്രതിരോധ കവചങ്ങളെല്ലാം ധരിച്ചു ബന്ധുക്കള്‍ക്കും മറ്റും രോഗിയെ സന്ദര്‍ശിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് വിലക്കിയിരിക്കുന്നു. പല ഫാമിലിയും അതില്‍ പ്രതിഷേധിക്കാറുണ്ട്. പക്ഷേ പ്രതിഷേധിച്ചിട്ടു കാര്യമില്ലല്ലോ. അല്ലെങ്കില്‍ തന്നെ ആരോടു പ്രതിഷേധിക്കണം?
Join WhatsApp News
Mallu 2020-03-28 15:19:58
The saddest story about corona so far....
Francis Thadathil 2020-03-28 17:27:19
beautiful story! Very touching.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക