Image

ന്യൂയോര്‍ക്ക് കൊവിഡ്-19-ന്റെ പ്രഭവ കേന്ദ്രമായി മാറുന്നു; 52318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 28 March, 2020
ന്യൂയോര്‍ക്ക് കൊവിഡ്-19-ന്റെ പ്രഭവ കേന്ദ്രമായി മാറുന്നു; 52318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായി ന്യൂയോര്‍ക്ക് മാറിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 52,318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചതായി അദ്ദേഹം തന്‍റെ ദൈനംദിന കൊറോണ വൈറസ് പത്രസമ്മേളനത്തില്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് രോഗം പിടിപെട്ട് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ (എന്‍‌വൈ‌പി‌ഡി) മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ടതായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ ശനിയാഴ്ച പ്രസ്താവിച്ചു. കോവിഡ് 19 മൂലം മരണമടഞ്ഞ ആദ്യത്തെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ ഡിറ്റക്ടീവ് സെഡ്രിക് ഡിക്സണ്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, ഞങ്ങള്‍ക്ക് എന്‍വൈപിഡി കുടുംബത്തിലെ 3 അംഗങ്ങളെ നഷ്ടപ്പെട്ടു. ഇന്ന് ഞങ്ങളെല്ലാവരും ഒരു കുടുംബമെന്ന നിലയില്‍ ദുഃഖിക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ഞങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, ആത്യന്തികമായി ത്യാഗം ചെയ്ത പുരുഷന്മാരെയും സ്ത്രീകളെയും മറക്കരുത്' ഷിയ ട്വീറ്റ് ചെയ്തു.

https://twitter.com/NYPDShea/status/1243943652658987009

അതേസമയം, കൊറോണ വൈറസിനെതിതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭ 250,000 ശസ്ത്രക്രിയാ മാസ്കുകള്‍ സംഭാവന ചെയ്തതായി ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ ശനിയാഴ്ച പ്രഖ്യാപിച്ചു. 29,000 ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ശനിയാഴ്ച രാവിലെ 517 മരണങ്ങളും ഉള്‍പ്പെടുന്നു.

ഞങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മധൈര്യമുള്ളവരാണെന്നും അവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഡി ബ്ലാസിയോ പത്രക്കുറിപ്പില്‍ പറഞ്ഞു. 'ഐക്യരാഷ്ട്രസഭയുടെ സംഭാവനയ്ക്ക് നന്ദി പറയുന്നുവെന്നും,  ന്യൂയോര്‍ക്കുകാരും അന്താരാഷ്ട്ര സമൂഹവും ഈ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ നഗരവാസികള്‍ നേരിടുന്ന ചില സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി ഡി ബ്ലാസിയോ വാടക മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വാടക മരവിപ്പിക്കല്‍ യോഗ്യതയുള്ള താമസക്കാര്‍ക്ക് അടുത്ത വര്‍ഷം അവരുടെ നിലവിലെ വാടക തുക നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള വാടക മാര്‍ഗ്ഗനിര്‍ദ്ദേശ ബോര്‍ഡ് പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി സംസ്ഥാനവുമായി പ്രവര്‍ത്തിക്കും. ഇത് നഗരത്തിലുടനീളം ഒരു ദശലക്ഷം യൂണിറ്റുകളില്‍ താമസിക്കുന്ന 2.3 ദശലക്ഷം വാടകക്കാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമാകുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു.

ആരാധനാ ശുശ്രൂഷകള്‍ക്കായി ഇടവകക്കാരെ സമ്മേളിക്കാന്‍ അനുവദിക്കുന്ന മത സ്ഥാപനങ്ങള്‍ക്കും മേയര്‍ മുന്നറിയിപ്പ് നല്‍കി. പ്രാഥമിക മുന്നറിയിപ്പിനുശേഷം, എന്‍വൈപിഡി ഈ വാരാന്ത്യത്തില്‍ മതസേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് പിഴയും കെട്ടിടം അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള പിഴകളും ഈടാക്കുകയും ചെയ്യുമെന്നും വെബ്സൈറ്റ് പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റിക്ക് ചുറ്റുമുള്ള നിയുക്ത സൈറ്റുകളില്‍ പുതിയ നാല്  ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് ഫെഡറല്‍ അനുമതി ലഭിച്ചു. നഗരത്തിലെ ആശുപത്രി കിടക്കകളുടെ ശേഷി 4,000 കിടക്കകളായി വര്‍ദ്ധിപ്പിക്കുന്നത് യുഎസ് ആര്‍മി കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാരാണ് നിര്‍മ്മിക്കുന്നത്.

 ന്യൂജേഴ്സിയില്‍ 2,289 പുതിയ കൊറോണ വൈറസ് കേസുകളുണ്ടെന്ന് ഗവര്‍ണ്ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ആകെ 11,124 കേസുകളുള്ളതില്‍ 140 മരണങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

മറ്റ് സംസ്ഥാനങ്ങളിലേക്ക് രോഗം പടരാതിരിക്കാനായി ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങളെ ക്വാറന്റൈന്‍ ചെയ്യാന്‍ ആലോചിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തു. 'ഹോട്ട് സ്പോട്ടുകള്‍' വികസിക്കാതിരിക്കാന്‍ ഒരു ക്വാറന്‍റൈനിന് ഞാന്‍ പരിഗണന നല്‍കുന്നുവെന്നും, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ സസ്ഥാനങ്ങളില്‍ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉടന്‍ അത് നടപ്പിലാക്കുമെന്നും ട്രം‌പിന്റെ ട്വീറ്റില്‍ പറഞ്ഞു.
 
https://twitter.com/realDonaldTrump/status/1243953994743103489

കൊവിഡ്-19 അനിയന്ത്രിതമായി തുടരുന്ന ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന യുഎസ് നേവിയുടെ മെഡിക്കല്‍ കപ്പല്‍ യുഎസ്എസ് കംഫര്‍ട്ടിനെ യാത്രയാക്കാനാണ് പ്രസിഡന്റ് വിര്‍ജീനിയയിലെ നോര്‍ഫോക്കിലെത്തിയത്. 

ന്യൂയോര്‍ക്കുകാരുടെ ആരോഗ്യവും നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവുമാണ് പ്രധാനം. അവര്‍ക്ക് ആവശ്യമുള്ള സമയത്ത് സംരക്ഷണം നല്‍കാന്‍ ഒട്ടും മടികാണിക്കുകയില്ല. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍‌ട്രോളിന്റെ (സിഡിസി)യുടെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്
ച് എല്ലാവരേയും ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രം‌പ് പറഞ്ഞു. നിങ്ങള്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ പ്രദേശത്തു നിന്നാണെങ്കില്‍, മറ്റെവിടെയെങ്കിലും യാത്ര  ചെയ്യുന്നുണ്ടെങ്കില്‍ അതുമല്ലെങ്കില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, വൈറസ് പടരുന്നത് തടയാന്‍ ഞങ്ങളെ സഹായിക്കുന്നതിന് 14 ദിവസത്തേക്ക് നിങ്ങള്‍ സ്വയം ക്വാറന്റൈന്‍ ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

എന്നാല്‍, ഈ നിബന്ധന ഡെലിവറികൾ നടത്തുവാന്‍ ന്യൂയോര്‍ക്കിലൂടെ കടന്നുപോകുന്ന പുറത്തുനിന്നുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ലെന്നും, വ്യാപാരത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
ന്യൂയോര്‍ക്ക് കൊവിഡ്-19-ന്റെ പ്രഭവ കേന്ദ്രമായി മാറുന്നു; 52318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചുന്യൂയോര്‍ക്ക് കൊവിഡ്-19-ന്റെ പ്രഭവ കേന്ദ്രമായി മാറുന്നു; 52318 കേസുകളും 728 മരണങ്ങളും സ്ഥിരീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക