Image

അകത്തിരുന്ന് അകറ്റാം (മീട്ടു റഹ്മത്ത് കലാം)

Published on 28 March, 2020
അകത്തിരുന്ന് അകറ്റാം (മീട്ടു റഹ്മത്ത് കലാം)
എല്ലാ  100 വർഷങ്ങളിലും ഏതെങ്കിലും തരം മഹാമാരികളുടെ നീരാളിപ്പിടുത്തത്തിൽ ലോകം ഞെരിഞ്ഞമർന്നിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.  എലിപ്പനി, കോളറ, വസൂരി എന്നിങ്ങനെ പല രോഗങ്ങൾ കൊണ്ടും ജനങ്ങൾ മരണഭയം പേറി മുൻപും ജീവിച്ചിട്ടുണ്ട്. 

ആഗോളവൽക്കരണത്തിന് ശേഷം എന്നതാണ് മുൻകാലങ്ങളെക്കാൾ  നിയന്ത്രണാതീതമായി CoVID-19 മൂലമുള്ള രോഗം പടർന്നു പിടിക്കാൻ കാരണം. വികസനത്തിന്റെ  പേരിൽ ലോകം ഒരു കുടക്കീഴിൽ ഒതുങ്ങുമ്പോൾ ആപത്തിന്റെ  പ്രതിഫലനവും ഒരേ അളവിൽ ആയിരിക്കും എന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.  കാതങ്ങൾ അകലെ ഉള്ളവർക്ക് തമ്മിൽ കണ്ട് സംസാരിക്കാനും മണിക്കൂറുകൾകൊണ്ട് ഏതു രാജ്യത്തേക്കും പറന്നെത്താനും   ശാസ്ത്രം വഴിയൊരുക്കുമ്പോൾ  ചൈനയിലെ വുഹാനിൽ  ഒരു വൈറസ് ഉടലെടുത്താൽ അതിനും ഏതു കോണിലും എത്തിപ്പെടാൻ വഴി ഉണ്ടെന്ന് എന്തുകൊണ്ടോ നമ്മൾ ഓർത്തില്ല.

2019 ഡിസംബറിൽ ചൈനയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച  വാർത്ത പത്രത്തിൻറെ നാലാം പേജിൽ അഞ്ചാം കോളത്തിൽ ചെറിയ  തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടപ്പോൾ, നമ്മളിൽ പലരും അതിനെക്കുറിച്ച് വായിക്കാൻ പോലും മിനക്കെട്ടില്ല.  മരണനിരക്ക് ആയിരം കടന്നപ്പോൾ CoVID-19 എന്ന പേരിനോട് പരിചയമായി.  അപ്പോഴും നമ്മൾ താമസിക്കുന്ന രാജ്യത്ത്  അവൻ വരാൻ പോകുന്നില്ലെന്ന് ഉറപ്പായിരുന്നു.  ഫെബ്രുവരി അവസാനത്തോടെ കാര്യങ്ങൾ കൈവിട്ടു എന്ന് വികസിതരാജ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ മാത്രമാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും  കൊറോണയെ      ഗൗരവത്തോടെ കണക്കിലെടുക്കുന്നത്. അപ്പോഴും       "ക്വാറന്റൈൻ, ലോക്ക് ഡൗൺ"    എന്നീ പേരുകൾ കേട്ടു തുടങ്ങിയിരുന്നില്ല. 
 
 CoVID-19  സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുന്ന വ്യക്തികളെ എയർപോർട്ടിൽ നിന്ന് തന്നെ quarantine ചെയ്യുകയായിരുന്നു എങ്കിൽ ഈ മഹാവ്യാധി എളുപ്പത്തിൽ  പിടിച്ചുകെട്ടാമായിരുന്നു.  പുതിയ  രോഗികളെ സൃഷ്ടിക്കാനും വൈറസിന് വ്യാപിക്കാനും അവസരമൊരുക്കി കൊടുക്കുകയായിരുന്നു ഓരോ രാജ്യവും.  മാനവരാശിയുടെ  അഹന്തയ്ക്കുമേൽ ഏറ്റ പ്രഹരമായി കൊറോണയെ കാണാം.  ഒരു കുഞ്ഞൻ വൈറസ് വിചാരിച്ചാൽ നിശ്ചലമാക്കി നിർത്താൻ കഴിയുന്നതേ ഉള്ളു നമ്മൾ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ എന്ന ഓർമ്മപ്പെടുത്തൽ. പ്രകൃതിയെ സംരക്ഷിക്കാൻ മലിനീകരണം തടയുന്ന നിയമങ്ങൾ കൊണ്ടുവന്നിട്ട്  കാണാത്ത മാറ്റമാണ് ലോക്ക് ഡൗണിലൂടെ സാധ്യമായിരിക്കുന്നത്. ആകാശം ഉൾപ്പെടെ എല്ലാ ഗതാഗത സൗകര്യങ്ങളും നിലച്ച് ജനം മുറിക്കുള്ളിൽ ഒതുങ്ങിയപ്പോൾ, പ്രകൃതി ആഗ്രഹിച്ച മാറ്റം കൈവന്നു. കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉണ്ടാകുന്ന ചെറിയ അസുഖങ്ങൾ വ്യക്തികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുപോലെ ഭൂമിയും സ്വയം നവീകരിക്കാൻ വേണ്ടിയാകാം  ഓരോ 100 വർഷങ്ങളിലും മഹാമാരിയുടെ വിത്തുകൾ വിതയ്ക്കുന്നത്. പ്രപഞ്ചത്തിന്‌ ദോഷമുണ്ടാകുന്ന പ്രവൃത്തികൾ ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. അതുകൊണ്ടുതന്നെ മാനവരാശിയെ പിടിച്ചുകുലുക്കേണ്ടത് ചിലപ്പോഴെങ്കിലും പ്രകൃതിക്ക് അനിവാര്യതയായി മാറുന്നു എന്ന് വേണം മനസിലാക്കാൻ. 

'സോഷ്യൽ ഡിസ്റ്റൻസിങ്'  അഥവാ 'സാമൂഹിക അകലം'  പാലിക്കുന്നതിലൂടെ ഒരു മഹാവിപത്തിനെ പിടിച്ചുകെട്ടാമെങ്കിൽ  അത് എത്ര നിസ്സാരമായി പ്രാവർത്തികമാക്കുന്ന കാര്യമാണ്?  തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന വ്യക്തിക്ക് ചിക്കൻപോക്സ് ആണെന്ന് അറിഞ്ഞാൽ ആ പരിസരത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുന്ന നമുക്ക് ഇതിൽ എന്താണ് ബുദ്ധിമുട്ട്? 
 
വീടുകൾക്ക് പുറത്തായത് കൊണ്ടാണ് വീട്ടിൽ തങ്ങുക എന്ന ഉപാധി വെക്കുന്നത്.  നമുക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി ഇനി  ഒരു മാസം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടർ പറഞ്ഞാൽ ഉയരുന്ന പതിവ് സംശയമുണ്ട്:  'എന്തു ചെയ്താൽ അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും?' ആ ജീവനുവേണ്ടി എന്തും ത്യജിക്കാനും എത്ര പണം മുടക്കാനും സമ്പാദ്യം മുഴുവൻ ചിലവിടാനും തയ്യാറായി നിൽക്കുന്ന സന്ദർഭം. 'ഒരു രൂപ പോലും മുടക്കാതെ രോഗം സുഖപ്പെടുത്താം,  നിങ്ങൾ ഒരു മാസക്കാലം വീട്ടിൽ ഇരിക്കണം' എന്നാണ് ഡോക്ടർ നിർദ്ദേശിക്കുന്നതെങ്കിലോ?   ഒന്നല്ല  രണ്ടോ മൂന്നോ  മാസം വീട്ടിൽ ഇരിക്കാം, പ്രിയപ്പെട്ടയാൾ ജീവിച്ചിരിക്കണം എന്ന് നമ്മൾ പറയും.  ഒരാളുടെ ജീവന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകുന്ന നമ്മുടെ മുന്നിൽ, 199 രാജ്യത്തെ ജനങ്ങളുടെ ജീവൻ ആണ് ഉള്ളത്.  ഒരുമയോടെ അതത്  രാജ്യങ്ങൾ പറയുന്നത് അനുസരിച്ചാൽ  സ്വന്തം കുടുംബം, ഒപ്പം ജോലിചെയ്യുന്നവർ, സുഹൃത്തുക്കൾ, തുടങ്ങി ലോകത്തിൻറെ പലകോണുകളിൽ പലവിധമായ സ്വപ്നങ്ങളുമായിരിക്കുന്ന കോടി
ക്കണക്കിന് ആളുകൾക്ക് രോഗം വരാതിരിക്കും.  ഇതൊരിക്കലും  തടങ്കൽ അല്ല.  അകലം പാലിച്ചു കൊണ്ട് എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.  പുസ്തകങ്ങൾ വായിക്കാം, പാട്ടു കേൾക്കാം, ടിവി കാണാം, പ്രിയപ്പെട്ടവരുമായി മണിക്കൂറുകളോളം സംസാരിക്കാം, പാതിവഴിയിൽ നഷ്ടമായ സൗഹൃദങ്ങൾ പുതുക്കാം, സർഗാത്മകത വീണ്ടെടുക്കാം, ഇഷ്ടഭക്ഷണം ഉണ്ടാക്കാം, കഴിക്കാം, ചെടികൾ നട്ടു വളർത്താംം, കുടുംബവുമൊത്ത് കൂടുതൽ സമയം ചിലവിടാം... അങ്ങനെ പലതും ചെയ്യാൻ സാധിക്കും. ഇങ്ങനെ ഒരു ക്വാറന്റൈൻ കാലത്താണ് വില്യം ഷേക്സ്പിയർ കിങ്‌ലിയർ എഴുതിയതെന്ന് അടുത്തിടെ വായിച്ചു.  സത്യമാണോ എന്നറിയില്ല. എന്തുതന്നെയായാലും സമയമില്ലെന്ന് പരിതപിക്കുന്നവർക്ക് വീണുകിട്ടിയ അവസരമാണ് കൊറോണ കാലം.
 
രോഗഭീതി നിലനിൽക്കുന്നുണ്ടെങ്കിലും മനസ്സു മടുപ്പിക്കുന്ന  മറ്റു പല വാർത്തകൾക്കും  കൊറോണ വന്നശേഷം  കുറവുണ്ട്.  ഓരോ മണിക്കൂറിലും ഓരോ പെൺകുട്ടി വീതം പീഡിപ്പിക്കപെടുന്നു എന്ന് പറഞ്ഞ  രാജ്യങ്ങളിൽ അത്തരം സംഭവങ്ങൾ   ഇല്ലാതായി.  അപകടമരണങ്ങളും  ഉണ്ടാകുന്നില്ല.  ഇത് ശുഭസൂചനയാണ് എന്നല്ല പറയുന്നത്.  കൊറോണ ചെറുക്കാൻ  സദാ സജ്ജമായി നിൽക്കുന്ന പൊലീസുകാർ തുടർന്നും ഇത്തരം സേവനം കാഴ്ചവെച്ചാൽ പലതും തടയാൻ കഴിയും. 
 ഇവിടെ സൗദി അറേബ്യയിൽ ആയിരം കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ലോക ഡൗൺ പ്രഖ്യാപിച്ച്.  സമൂഹ വ്യാപനം തടയുന്നതിന് ഇത് സഹായകമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അറിവ് പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ നിരന്തരം ചെക്കിങ് ഉണ്ട്.  കമ്പനികൾ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ശുചിത്വത്തിന് ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്.  തൊഴിലിടങ്ങളിൽ 40 ശതമാനം  ആളുകൾ  മാത്രം ജോലിചെയ്യുകയും  മറ്റുള്ളവർക്ക്  വേതനത്തിൽ കുറവ് വരാതെ  വീട്ടിലിരുന്ന്  ജോലി ചെയ്യാനുള്ള അവസരവും  മറ്റുചിലർക്ക് ശമ്പളത്തോട് കൂടിയ അവധിയും  അനുവദിച്ചിട്ടുണ്ട്.  രാത്രി 7 മുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ.  അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ  ഈ സമയം  പ്രവർത്തിക്കൂ.  നൂറു മീറ്റർ അകലം പാലിക്കേണ്ടതുണ്ട്.  നോൺ കോൺടാക്ട് തെർമോമീറ്റർ ഉപയോഗിച്ച് പനി ഉണ്ടോ എന്ന് പരിശോധിച്ചശേഷമാണ് പൊതുഇടങ്ങളിൽ പ്രവേശനം. മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്. കർഫ്യൂ സമയത്ത് പുറത്തിറങ്ങിയാൽ പതിനായിരം റിയാലാണ് പിഴ. ചു പോലെ ചെറിയ ലക്ഷണങ്ങൾ കണ്ടാൽ വിളിക്കാൻ എമർജൻസി നമ്പർ നൽകിയിട്ടുണ്ട്  '9 3 7'. ഇതിലേക്ക് വിളിച്ചാൽ ആംബുലൻസ് എത്തി ആളെ കൊണ്ടുപോയി പരിശോധിക്കും. ഇന്ത്യയും പ്രത്യേകിച്ച് കേരളവും ജാഗ്രതയോടെ തന്നെയാണ് കൊറോണ നേരിടുന്നത് എന്നത് ആശാവഹമാണ്.  അനേകം ഡോക്ടർമാരുടെയും നഴ്സുമാരുടെയും  അധ്വാനത്തിന്  ജനങ്ങൾക്ക് പകരാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് പുറത്തിറങ്ങാതെ ഇരിക്കുക എന്നത്.  ഇനിയുള്ള മൂന്നാഴ്ച കാലം നിർണായകമാണ്.  ചെറിയൊരു തുന്നൽകൊണ്ട്   ശരിപ്പെടുത്താവുന്നതിനെ   വീണ്ടും വീണ്ടും  കീറി നശിപ്പിക്കാതിരിക്കാം.  യുദ്ധകാലങ്ങൾക്ക് സമാനമായി ചീറിപ്പായുന്ന വെടിയുണ്ടകളോ ബോംബോ  വീട്ടിലെ സുരക്ഷിതത്വത്തെ തകർക്കാൻ വരില്ല. അകത്തിരുന്ന് നേരിടാവുന്ന  യുദ്ധമാണിത്. ഒരു  കാരണവശാലും പുറത്തേക്ക് ഇറങ്ങാതെ മനുഷ്യർ സഹകരിച്ചാൽ ശത്രുവായ വൈറസ് ലോകത്ത് നിന്ന് എന്നെന്നേക്കുമായി വിട പറയും. രോഗികളുടെ എണ്ണം ആറര ലക്ഷം കടക്കുകയും മരണനിരക്ക് മുപ്പതിനായിരം പിന്നിടുകയും ചെയ്തിരിക്കെ ഒരേ മനസോടെ രാജ്യവും ഭാഷയും എല്ലാം മറന്ന് മനുഷ്യരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌താൽ നമുക്കിതും അതിജീവിക്കാം. 

അകത്തിരുന്ന് അകറ്റാം (മീട്ടു റഹ്മത്ത് കലാം)അകത്തിരുന്ന് അകറ്റാം (മീട്ടു റഹ്മത്ത് കലാം)അകത്തിരുന്ന് അകറ്റാം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക