Image

കൊറോണ: ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ചൈന; നിയന്ത്രണാതീതമായാല്‍ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാം

Published on 29 March, 2020
കൊറോണ: ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ചൈന; നിയന്ത്രണാതീതമായാല്‍ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാം

കൊറോണ നിയന്ത്രണാതീതമായാല്‍ രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന. വുഹാനില്‍ തങ്ങള്‍ നിര്‍മിച്ചതു പോലെയുള്ള ആശുപത്രി തയ്യാറാക്കാന്‍ സഹായിക്കാമെന്നാണ് ചൈനീസ് അധികൃതരുടെ വാഗ്ദാനം. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ്-19 രോഗപ്പകര്‍ച്ച സംബന്ധിച്ച് ഇന്ത്യയും ചൈനയും വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇന്ത്യയില്‍ നിക്ഷേപമിറക്കിയിട്ടുള്ള ചൈനീസ് വ്യവസായികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇതിനുമപ്പുറം ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹായം ആവശ്യമെങ്കില്‍ കഴിവിനനുസരിച്ച് നല്‍കാന്‍ ചൈനീസ് കമ്പനികള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് ബാധ വ്യാപകമായി പടര്‍ന്ന വുഹാനില്‍ രോഗികളെ ചികിത്സിക്കുന്നതിനായി നിരവധി താത്കാലിക ആശുപത്രികളാണ് ചൈനീസ് അധികൃതര്‍ നിര്‍മിച്ചത്. ഇതില്‍ 1000 കിടക്കകളുള്ള ആശുപത്രി 10 ദിവസം കൊണ്ട് നിര്‍മിച്ചത് ലോകമെങ്ങും വലിയ വാര്‍ത്ത ആയിരുന്നു. ഇങ്ങനെ നിര്‍മിച്ച ആശുപത്രികളില്‍ പകുതിയോളം രോഗികള്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അടച്ചുപൂട്ടി.

ചൈനയില്‍ 82,000 ആളുകള്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. ഇതില്‍ 3300 പേര്‍ മരിച്ചു. ആദ്യം പകച്ചുപോയെങ്കിലും കര്‍ശനമായ നടപടികളിലൂടെ ചൈന വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടി. ചൈനയേപ്പോലെ വന്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ ആയിരത്തോളം ആളുകള്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 പേരാണ് ഇതുവരെ മരിച്ചത്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക