Image

കോവിഡ് രാഷ്ട്രീയത്തിനപ്പുറം (ജെ എസ് അടൂര്‍)

Published on 29 March, 2020
കോവിഡ് രാഷ്ട്രീയത്തിനപ്പുറം (ജെ എസ് അടൂര്‍)
ഇന്ത്യയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോഗ്യ സംവിധാനത്തിന്റെ ന്യൂനതകളും അഭാവവും ആശങ്കകള്‍ക്ക് വക നല്‍കുന്നുണ്ട്.

അതില്‍ വലിയ ഒരാശങ്ക രോഗം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന ആശങ്കയാണ്. അതുപോലെയുള്ള ആശങ്ക ഇതു യൂറോപ്പില്‍ പലയിടത്തും സംഭവിച്ചത് പോലെ ആളിപ്പടരുമോ എന്നാണ്. ആളുകളില്‍ അങ്കലാപ്പ് കൂടുതല്‍ ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയില്‍ ഒരു അടിയന്തരാവസ്ഥക്കുള്ള സാഹചര്യം ഇല്ല. എന്നാല്‍ അതീവ ജാഗ്രത വേണ്ട സമയവുമാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പല പ്രതിരോധ നടപടികളും എടുത്തിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ട കാര്യമാണ്. രാജ്യം പ്രതി സന്ധിനേരിടുമ്പോള്‍ എല്ലാവരും ഒരുമിച്ചു മുന്‍കരുതല്‍ എടുക്കേണ്ടതാണ്

ഇപ്പോള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാവുന്ന പാന്‍ഡെമിക് -ദുരന്ത ലഘൂകരണവും, ദുരന്ത പ്രതിരോധവും വേണ്ട ജാഗ്രതയും മുന്‍കരുതലുകളുമാണ്. ഒരു ലോക പാന്‍ഡെമിക് മെയ് മാസത്തിനു മുമ്പ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ അതു ലോകമാകെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിക്കും. ഇപ്പോള്‍ തന്നെ ക്ഷീണ അവസ്ഥയിലുള്ള ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അതു തകര്‍ച്ചയുടെ വക്കില്‍ എത്തിക്കാം. അതു കൊണ്ടു തന്നെ ഇതിനോട് സര്‍ക്കാര്‍ വളരെ അവധാനതയോടയാണ് പ്രതികരികണ്ടത്.

ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വലിയ പോളിസി മാറ്റങ്ങളോ അടിയന്തരാവസ്ഥയോ പ്രതീക്ഷിച്ചവര്‍ നിരാശരായി. അതു പ്രതീക്ഷിക്കാത്തത് കൊണ്ടു പ്രസംഗം നിരാശപ്പെടുത്തിയില്ല.പലരും അടിയന്തരാവസ്ഥയോ പൂര്‍ണ്ണ അടവോ അതിന്റെ വരുംവരായ്കളെകുറിച്ച് ചിന്തിക്കാതെ പ്രതീക്ഷിച്ചു എന്നാല്‍ ഇപ്പോള്‍ 194 റിപ്പോര്‍ട്ട് കേസുള്ള ഇന്ത്യയില്‍ അടിയന്തരാവസ്ത പ്രഖാപിച്ചാല്‍ അതു സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂടുകയും സ്റ്റോക് എക്‌സ്‌ചേഞ് വീഴ്ച്ചയുള്‍പ്പെടെ പല പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇപ്പഴുളള സര്‍ക്കാര്‍ ഈ അവസരം ഉപയോഗിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ അതു വലിയ രാഷ്ട്രീയ ആശങ്കകള്‍ക്കും ഇടം നല്‍കും. അടിയന്തരാവസ്ഥ കാര്യത്തില്‍ പല അധികാര ദുര്വിനിയോഗത്തിനുമുള്ള സാധ്യതകളുണ്ട്. അതു ഇപ്പഴുള്ള അവസ്ഥയില്‍ ഇന്ത്യയില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല

അതു കൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവല്‍ക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസിയായാണ് കേട്ടത്. . അതില്‍പറഞ്ഞത് ജനങ്ങള്‍ എടുക്കണ്ട മുന്‍കരുതലുകളെയും ജാഗ്രതയെയും കുറിച്ചാണ്. ഇനിയും വരാന്‍ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജനങ്ങളില്‍ ജാഗ്രത വളര്‍ത്താനുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടില്‍ തന്നെ ഇരിക്കുന്ന ഒരു ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കര്‍ഫ്യുവിന്റെ ലക്ഷ്യം.

അതു രാജ്യമൊട്ടുക്ക് 130 കോടി ജനങ്ങള്‍ ചെയ്താല്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ സാമൂഹിക പരീക്ഷണമായിരിക്കും. അതുകൊണ്ടു അതു പുശ്ചിച്ചു തള്ളുന്നതും ട്രോളുന്നത്മൊക്കെ അതിന്റ സാധ്യതകളെകുറിച്ച് ധാരണ ഇല്ലാത്തവരാണ്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത് പക്ഷെ രാഷ്ട്രീയ പാര്‍ട്ടി ലെന്‌സുകളും മുന്‍വിധികളും മാറ്റി വച്ചാല്‍ പ്രധാനമന്ത്രി രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് മുന്‍കരുതലുകളെക്കുറിച്ചും പ്രതിരോധത്തിനെകുറിച്ചുമുള്ള ചില ആശയങ്ങളും നിര്‍ദേശങ്ങളും പങ്കു വയ്ക്കുയാണ് വേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ ദുരന്ത ലഘുകരണ കാര്യത്തില്‍ ഇതുവരെ ഗൗരവമായിതന്നെയാണ് നിര്‍ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്ക് കരുതല്‍ നടപടികള്‍ പ്രചരിപ്പിച്ചത് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത നല്ല നടപടികളിലോണാണ്.

194 റിപ്പോര്‍ട്ടേഡ് കേസും 130 കോടി ജനങ്ങളും 29 സംസ്ഥാനങ്ങളും 7 യൂണിയന്‍ ടെറിട്ടറിയൂ മുള്ള ഇന്ത്യയുടെ അവസ്ഥയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അവസ്ഥയും ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ യൂറോപ്പ്യന്‍ രാജ്യങ്ങളെപ്പോലെ ഇപ്പോള്‍ അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ദുരന്ത പാക്കേജ് പ്രഖ്യാപിക്കണമെന്നോയൊക്കെ ചിലര്‍ പറയുന്നത് കൃത്യമായി കാര്യങ്ങള്‍ പഠിച്ചിട്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ ഇപ്പോള്‍ വൈറസ് പകര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലാണ്. സര്‍ക്കാരിന് ഇപ്പോള്‍ ചെയ്യാവുന്നത് പ്രധാനമായും ആറു കാര്യങ്ങളാണ്.

1) ജന പങ്കാളിത്തത്തോട് മുന്കരുതലുകളും പ്രതിരോധവും
2).ടെസ്റ്റിംഗ് സംവിധാനവും പൊതു ജനാരോഗ്യ സംവിധാനവും സര്‍ക്കാര്‍ -പ്രൈവറ്റ് ആരോഗ്യ മേഖലകളെ ഏകോപിച്ചു യുദ്ധകാലാടിസ്ഥാനത്തില്‍ വലിയ ദുരന്തത്തിന് തയ്യാറെടുക്കുക. 

3)രോഗം ബാധിതരെയും വരാനുള്ളവരെയും മാറ്റിപാര്‍പ്പിക്കുവാന്‍ കുറഞ്ഞത് ഒരു ലക്ഷം പേര്‍ക്കുള്ള സംവിധാനമുണ്ടാക്കുക. സ്‌കൂളുകള്‍, കോളേജുകള്‍ മുതലായവയെ ഉപയോഗിച്ചു വേണ്ടത് ചെയ്യുക. വേണ്ടിവന്നാല്‍ ഹോട്ടലുകള്‍ ഉപയോഗിക്കുവാന്‍ സൗകര്യങ്ങളുണ്ടാക്കുക. ഇന്ത്യയെപ്പോലെ ഒരിടത്തു വീടുകളില്‍ ക്വറന്റ്റീനു വെണ്ട പോളിസി നിര്‍ദേശങ്ങള്‍ ആവശ്യമാണ്.

4)സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുവാനുള്ള നടപടികള്‍. പ്രധാനമായും ദിവസക്കൂലികിട്ടുന്നവര്‍ക്കും ദാരിദ്ര്യ രേഖക്ക് പുറത്തുള്ളവര്‍ക്കും പൈസ നേരിട്ട് എത്തിക്കുക.

5)ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കുകയും രോഗം ബാധിതര്‍ കൂടുവാനുള്ള പഴുത് അടക്കുകയും ചെയ്യുക.

6)ഇന്ത്യ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും കാബിനറ്റ് ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പും ആരോഗ്യ രംഗത്തെ വിദഗ്ദ്ധ എപിഡമോളേജി, പബ്ലിക് ഹെല്‍ത്ത് വിദഗ്ധരും ചേര്‍ന്നു ഇന്ത്യക്ക് അത്യാവശ്യമായി പാന്‍ഡെമിക് -ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ അത്യാവശ്യമായി തയ്യാറാക്കേണ്ട സമയമാണിത്.

ഇതില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു തുടങ്ങി. ഈ ആഴ്ചയോടെ 172 ടെസ്റ്റിംഗ് ലാബുകള്‍ ഉണ്ടായിരിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഐ സി എം ആര്‍ -72 ലാബ്, വിവിധ സര്‍ക്കാര്‍ ലാബുകള്‍ -49. സര്‍ക്കാറിനോടൊപ്പം പ്രവര്‍ത്തിക്കുന്ന 51 പ്രൈവറ്റ് ലാബുകള്‍. അടുത്ത ആഴ്ചയില്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ജില്ലാ തലത്തില്‍ ടെസ്റ്റിംഗ് സംവിധാനമുണ്ടേകേണ്ടതുണ്ട്.

അതുപോലെ സര്‍ക്കാര്‍ -പ്രൈവറ്റ് ആശുപത്രികള്‍ ഏകോപിച്ച പ്രവര്‍ത്തിക്കുവാന്‍ കൃത്യമായി പോളിസി ഗൈഡ്‌ലൈനും അതു നടപ്പാക്കാന്‍ കളറ്ററും ഡി എം ഓയും ഉള്‍പ്പെടെയുള്ള ഒരു സമിതിയെ കളക്റ്ററുടെ നേത്രത്വത്തില്‍ നിയമിക്കണം. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും അതുപോലുള്ള നടപടികള്‍ തുടങ്ങി.

ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളാണ് ഇതു നടപ്പാക്കേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇതിന് വേണ്ട നിര്‍ദേശങ്ങളും ദുരന്ത നിവാരണം ഫണ്ടില്‍ നിന്ന് ആവശ്യങ്ങള്‍ അനുസരിച്ചു ശരാശരി അഞ്ഞൂറ് കോടിവരെ രൂപയുടെ ആരോഗ്യ സുരക്ഷ പാക്കേജ് കൊടുക്കാവുന്നതാണ്.

സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യണ്ടത് പാന്‍ഡെമിക് ഡിസാസ്റ്റര്‍ റിസ്‌ക് അസ്സെസ്സ്‌മെന്റ് നടത്തി അടുത്ത നാല് ആഴ്ചയിലുള്ള ആരോഗ്യ ദുരന്ത സാധ്യതകളെകുറിച്ച് പഠിച്ചു കൃത്യമായ കണ്ടിജന്‍സി പ്ലാനുകള്‍ ആരോഗ്യ സാമ്പത്തിക സാമൂഹിക മേഖലകളില്‍ നടപ്പാക്കുക എന്നതാണ്. പക്ഷേ ലോകത്തു മിക്കവാറും രാജ്യങ്ങളില്‍ പാന്‍ഡെമിക് -ഡിഡസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ പ്ലാനുകള്‍ ഇല്ല എന്നതാണ് വാസ്തവം. അതിവിടെ ഉണ്ടാകേണ്ടതുണ്ട്

ഇന്ത്യയില്‍ രണ്ടാം ഘട്ടത്തില്‍ രോഗം പിടിച്ചു നിര്‍ത്തി പകരാതിരിക്കുവാനുള്ള തയ്യാറെടുപ്പാണ് ഇപ്പാള്‍ അത്യാവശ്യം. കേന്ദ്ര സര്‍ക്കാര്‍ വിദേശ വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു. പല സ്വദേശ വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പരീക്ഷകള്‍ മാറ്റി വച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി. വീട്ടില്‍ ഇരുന്നു ജോലി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ /നടപടികള്‍. ഇതു വരെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപനത്തതൊടെയാണ് പ്രവര്‍ത്തിക്കുന്നത്.

ലോകത്തിലെ രാജ്യങ്ങള്‍ ഇതുപോലെ ഒരു വന്‍ പകര്‍ച്ച വ്യാധി അരക്ഷിത അവസ്ഥയും രോഗപ്പേടിയും ഇതുപോലെ നേരിട്ടിട്ടില്ല. യാത്രയുടെയും വാര്‍ത്തവിനിമയത്തിന്റയും ടെക്‌നൊലെജിയുടെയും ആഗോളവല്‍ക്കരണത്തിലൂടെ വൈറസിനെക്കാളില്‍ വേഗം ആശങ്കകളും ഭയവും പടരുകയാണ്.

ഭയം പകരുമ്പോള്‍ എല്ലാവരും സര്‍ക്കാരിലേക്കാണ് പരീരക്ഷക്ക് നോക്കുന്നത്. മാര്‌കെറ്റിനേക്കാളും ഇന്‍ഷുറന്‍സിനെക്കാളും പ്രൈവറ്റ് ആശുപത്രികളെക്കാളും ജനങ്ങള്‍ നോക്കുന്നത് സര്‍ക്കാരിനെയാണ്.

അതുകൊണ്ടു തന്നെ സര്‍ക്കാര്‍ എല്ലാ തലത്തിലും അവധാനതയോടും തികഞ്ഞ ഉത്തരവാദിത്തോടുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെയുള്ള അവസരങ്ങളില്‍ സര്‍ക്കാരും എല്ലാ ജനങ്ങളും തമ്മിലുള്ള കമ്മ്യുണിക്കേഷനും പ്രധാനമാണ്.. ഈ കാര്യങ്ങളില്‍ കേരളത്തിലെ സര്‍ക്കാരും ജനങ്ങളും സാമാന്യം നല്ല ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്

അതുകൊണ്ടു തന്നെ ഭരണ -പ്രതിപക്ഷ വേര്തിരിവുകള്‍ക്കപ്പുറം ജാതി മത വേര്‍തിരിവുകള്‍കപ്പുറം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണ്.

സര്‍ക്കാരുകള്‍ എല്ലാ ജനങ്ങളുടേതുമാണ്. അല്ലാതെ ഭരിക്കുന്ന പാര്‍ട്ടികളുടേതല്ല. സര്‍ക്കാരിന് നികുതി കൊടുക്കുന്നത് എല്ലാ ജനങ്ങളുമാണ്.

അതുകൊണ്ടു പാര്‍ട്ടി രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളും സര്‍ക്കാരും പ്രവര്‍ത്തിക്കേണ്ട സമയവുമാണ്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള അവസരം ഇപ്പഴല്ല. സ്ഥിരം പഴിചാരല്‍ രാഷ്ട്രീയ കലാ പരിപാടികള്‍ വൈറസ് ബാധപോയികഴിഞ്ഞാവാം.

ജെ എസ് അടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക