Image

ന്യു യോര്‍ക്ക് കത്ത്-1 ഞങ്ങള്‍ സുരക്ഷിതര്‍ (അല്ല)

ജിജെ Published on 29 March, 2020
ന്യു യോര്‍ക്ക് കത്ത്-1 ഞങ്ങള്‍ സുരക്ഷിതര്‍ (അല്ല)
വരും, വരാതിരിക്കില്ല,എം.ടിയുടെ മഞ്ഞിലെ കഥാപാത്രം തന്റെ അജ്ഞാതനായ പിതാവിനെ പ്രതീക്ഷിക്കുന്നത് കോളജ് പഠന കലത്ത് മിക്കപ്പോഴും ഉരുവിടുന്ന ഒരു സൂക്തമായിരുന്നു.

പിതാവ് വന്നില്ലെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു. ഇവിടെ ഞങ്ങളും പ്രതീക്ഷയില്‍ ആണ്--എപ്പോഴാണവന്‍ വരുന്നത്? എവിടെ നിന്ന്?

മഹാമാരിയായ പ്ലേഗില്‍ മനുഷ്യര്‍ മരിക്കുന്നതും ജീവിച്ചിരിക്കുന്നവര്‍ ആശ നഷ്ടപ്പെട്ടു കഴിയുന്നതും വായിച്ചറിഞ്ഞിട്ടുണ്ട്. അത്തരമൊരു അവസഥയിലൂടെ ഈ കാലത്ത്, ലോകത്തിലെ ഏറ്റവുംവലിയ പട്ടണത്തില്‍, കടന്നു പോകേണ്ടി വരുമെന്ന് സ്വപ്‌നേപി കരുതിയില്ല. ഭാവി ചരിത്രത്തിലും കഥകളിലും ന്യു യോര്‍ക്കുകാരും കഥാപാത്രങ്ങളാവുമോ?

പ്രിയപ്പെട്ട ന്യു യോര്‍ക്ക്.. ഫിഫ്ത്ത് അവന്യുവിലൂടെ, ബ്രോഡ് വേയിലൂടെ, ടൈംസ് സ്‌ക്വയറിലൂടെ നടക്കുമ്പോള്‍ നീ എന്റെയും സ്വന്തം. ഈ മഹാ നഗരത്തില്‍ ഈയുള്ളവന്‍ ആരുമല്ലെങ്കിലും വരമ്പത്ത് കൂടി പോകുന്ന പഥികനെങ്കിലും എനിക്കും നീ സ്വന്തം. കോട്ടയത്ത് കെ.കെ. റോഡിലൂടെയൊ കോഴിക്കോട്ട് മിഠായിത്തെരുവിലൂടെയോ നടക്കുന്ന അതേ വികാരം..

പ്രിയ നഗരമെ, മരണം നിന്റെ തെരുവുകളില്‍ ദുഖം വിതക്കുമ്പോള്‍ ഈ മഹാമാരിയെ ഞങ്ങളൊക്കെ അതിജീവിക്കുമൊ?

ഓരൊ നിമിഷവും കൂടുതല്‍ പേരിലേക്ക് കോവിഡ് പടരുന്നു. ഒന്‍പതര മിനിറ്റില്‍ ഒരു മരണം. പ്രശസ്ത ഷെഫ് ഫ്‌ലോയ്ഡ് കൊര്‍ഡോസയെപ്പോലെ വ്യക്തിപരമായി സൗഹ്രുദമുള്ളവര്‍ കാലയവനികക്കുള്ളില്‍ മറയുന്നു. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ഇപ്പോഴും കൂടെ ഉണ്ടാകേണ്ടിയിരുന്നവര്‍.

ആദ്യമൊക്കെ ഞങ്ങള്‍ക്ക് പേടി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് നിസഹായതയുടെ മരവിപ്പിനു വഴി മാറിയിരിക്കുന്നു. എങ്ങോട്ടും ഓടി ഒളിക്കാനില്ല. രക്ഷിക്കാന്‍ ആര്‍ക്കും ആവില്ല. വരാനുള്ളത് വരും. വിമാനം പിടിച്ചു വന്നവന്‍ ഇവന്‍. തക്ഷകനെ കാത്തിരുന്ന പരീക്ഷിത്തും ഇതേ മാനസികാവസ്ഥയിലൂടെ ആകാം കടന്നു പോയത്.

സിറ്റിയിലെ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ ചികില്‍സിക്കുന്ന ഫിസിഷ്യന്‍ അസിസ്റ്റന്റായ പുത്രിയോട് കഴിയുന്നത്ര കുറച്ച് സമയം മാത്രം ജോലി ചെയ്താല്‍ മതി എന്ന് ഉപദേശിച്ചപ്പോള്‍ കക്ഷിക്കു ദ്വേഷ്യം. മലയാളിയുടെ കുരുട്ടു ബുദ്ധി ഒന്നും ഇവിടെ വളര്‍ന്ന പിള്ളേര്‍ക്ക് പഥ്യമല്ല. അവര്‍ക്ക് ജോലി എന്നാല്‍ ജോലി തന്നെ. സാംസി കൊടുമണ്ണും കോരസണ്‍ വര്‍ഗീസും എഴുതിയ പോലെതന്നെ. (
https://www.emalayalee.com/varthaFull.php?newsId=207982  https://www.emalayalee.com/varthaFull.php?newsId=208095

മരണത്തിന്റെ നിസഹായവാസ്ഥയാണു ശ്രീകുമാര്‍ ഉണ്ണിത്താന്‍ വരച്ചു കാട്ടുന്നത്. അതിലും മെച്ചമായി അത് അവതരിപ്പിക്കാനാവില്ല. മരണം ഇപോള്‍ ഒരു അക്കം മാത്രം. ആശുപത്രിയില്‍ ആക്കുമ്പോള്‍ തന്നെ ബന്ധങ്ങള്‍ അവസാനിക്കുന്നു.പിന്നെ കാണാന്‍ പറ്റിയെന്നു വരില്ല... അന്ത്യയാത്ര ഇല്ല, അന്ത്യ ചുംബനമില്ല, സംസ്‌കാര ചടങ്ങുകളില്ല. ഒന്നും വിശ്വസിക്കാനാവുന്നില്ല (
https://www.emalayalee.com/varthaFull.php?newsId=208053)


ഇതിനകം ഏതാനും ഇന്ത്യാക്കാര്‍ മരിച്ചു. മലയാളികള്‍ മരിച്ചോ എന്ന് ഇനിയും വ്യക്തമല്ല. ഒട്ടേറേ പേര്‍ക്ക് രോഗമൂണ്ട്. ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ നിക്കൊളോവൊസിനെ പോലെ അത് പരസ്യമായി പറയുന്നവര്‍ ചുരുക്കം. ചിലരൊക്കെ വെന്റിലേറ്ററില്‍ കഴിയുന്നു.

ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല. നമ്മുടെ കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. ആവശ്യക്കാര്‍ക്ക് അത്യാവശ്യ സഹായം ചെയ്യാന്‍ സംഘടനകളും വ്യക്തികളും രംഗത്തുണ്ട്. അത് ആശ്വാസം പകരുന്നു.

ഈ മാഹാമാരി പെയ്‌തൊഴിയുമ്പോള്‍ ആരൊക്കെ എന്തൊക്കെ അവശേഷിക്കും? സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ ഇതിനെല്ലാം കാരണം (
https://www.emalayalee.com/varthaFull.php?newsId=208052 ഫ്രാന്‍സിസ് തടത്തില്‍) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക