Image

അഭയം തേടി അന്യസംസ്ഥാന തൊഴിലാളികള്‍ നാല്‍ക്കവലകളില്‍ (എഴുതാപ്പുറങ്ങള്‍ 57: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 29 March, 2020
അഭയം തേടി അന്യസംസ്ഥാന തൊഴിലാളികള്‍ നാല്‍ക്കവലകളില്‍ (എഴുതാപ്പുറങ്ങള്‍ 57:  ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
"അവശന്മാര്‍ ആര്‍ത്തന്മാര്‍ ആലംബഹീനമാര്‍ അവരുടെ സങ്കടം ആരറിയാന്‍?"
ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല, ഹോട്ടലുകള്‍, കടകള്‍ ചെറുകിട വ്യവസായങ്ങള്‍, കാര്യാലയങ്ങള്‍ എന്നിവ അടഞ്ഞു കിടക്കുന്നു.  അത്യാവശ്യ സേവനങ്ങള്‍  കുറച്ചു സമയത്തിന് മാത്രം തുറന്നു പ്രവര്ത്തിയ്ക്കുന്നു. ബസ്സ്, ട്രെയിന്‍ തുടങ്ങിയ  യാത്ര സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയിരിയ്ക്കുന്നു.

 കൊറോണ വൈറസിനെ അഭിമിഖീകരിയ്ക്കാന്‍ ഗവണ്മെന്റിന്റെ ഉത്തരവനുസരിച്ച് കേരളജനത തയ്യാറെടുത്തിരിയ്ക്കുന്നു. നിന്നവരുടെ പ്രശനം ആരോഗ്യം മാത്രമാണ് എന്നാല്‍ ഇന്ന് നിങ്ങള്‍ അടച്ചു താമസിയ്ക്കുന്ന സൗധങ്ങള്‍, പണം നിങ്ങളുടേതാണെങ്കിലും, കെട്ടി ഉയര്‍ത്തിയത് ആരുടെ പ്രയത്‌നമാണ്? ഇന്നത്തെ പരിസ്ഥിതിയില്‍ നിങ്ങളെ മുതലാളിയാക്കിയത് ആരുടെ കഠിനാദ്ധ്വാനമാണ്? ഇന്ന് നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണം ആരുടെ വിയര്‍പ്പാണ്? കേരം തിങ്ങും കേരളനാട്ടില്‍ ഒരു തേങ്ങാ പറിയ്ക്കണമെങ്കില്‍ നമുക്ക് അന്യസംസ്ഥാനക്കാരന്‍ തന്നെ വേണം. ഇന്ന് നിങ്ങള്‍ വീട്ടില്‍ ഇരുന്നു മൊബയില്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ ഹോട്ടലില്‍ തയ്യാറാക്കണമെങ്കില്‍ അന്യസംസ്ഥാനക്കാരന്‍ തന്നെ വേണം.  എന്നാല്‍ കൊറോണ എന്ന മഹാമാരി ലോകത്തെ  കീഴടക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കേരളീയന്‍ അന്യ സംസ്ഥാനക്കാരനെ തിരിച്ചറിയുന്നു. അവനെ അകറ്റിനിര്‍ത്തുന്നു.

എന്നാല്‍ ഇന്നലെവരെ കേരളീയനുവേണ്ടി  വേണ്ടി വിയര്‍പ്പൊഴുക്കിയ അന്യസംസ്ഥാനക്കാരന് ആര് ഭക്ഷണം നല്‍കും, അവരുടെ കുടുംബം ഇനി ആരെ ആശ്രയിയ്ക്കും? മുന്ന്  നേരത്തും നിരത്തുന്ന  പ്ലെയ്റ്റില്‍ അവര്‍ എന്ത് വിളമ്പും? എവിടെ ഉറങ്ങും?  തുടങ്ങിയ ഒരുപാട് സമസ്യകള്‍ ഉള്ളില്‍ പുകയുമ്പോള്‍ അവര്‍ തന്റെ കുടുമ്പത്തിന്റെയും, ഉറ്റവരുടെയും അരികിലെത്താന്‍ ആഗ്രഹിയ്ക്കുന്നതില്‍ അതിശയോക്തിയില്ല.
 
ലോക്ക് ഔട്ടോ, നിബന്ധനകളോ, യാത്ര നിബന്ധനകളോ ഇന്നവര്‍ക്കു   മുന്നില്‍ ഒരു പ്രതിസന്ധിയാണ്. മണിക്കൂറുകളോളം പാതകള്‍ താണ്ടി, വഴിയോരങ്ങളില്‍ ഭക്ഷണമില്ലാതെ, നാട് നിവര്‍ത്താന്‍ ഒരിടം ലഭിയ്ക്കാതെ ഉപജീവനത്തിനായി കേരളത്തെ ആശ്രയിച്ച തമിഴ്‌നാട്, ഒറീസ്സ, ബംഗാള്‍ എന്നിവിടങ്ങള്‍ നിന്നുമെത്തിയവര്‍  ഇന്ന് ജീവിത യാതനയുമായി യാത്രയാകുന്നു.

ഭാരതീയ പൗരന്മാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന മൗലിക സ്വാതന്ത്ര്യത്തിലെ  (വകുപ്പ്  19 22 ) പത്തൊമ്പതാം വകുപ്പിലെ ഉപവിഭാഗം (d) പ്രകാരം ഭാരതത്തില്‍ എവിടെയും സഞ്ചരിക്കാം. എവിടെയും ജോലി ചെയ്യാം, താമസിക്കാം. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തം സംസ്ഥാനങ്ങള്‍ വിട്ടു പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാറുണ്ട്. മിക്കവാറും ഉദ്യോഗാര്‍ത്ഥമാണ് ഇങ്ങനെ സഞ്ചരിക്കുന്നത്.

മലയാളികള്‍ ഒരുകാലത്ത് ഉത്തരേന്ത്യയിലെ നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. ഗുലാട്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടെക്‌സെഷന്‍  ഈ അടുത്തകാലത്ത്  നടത്തിയ പഠനമനുസരിച്ച് ഇരുപത്തിയഞ്ചു ലക്ഷം അന്യസംസ്ഥാനക്കാരാണ് നമ്മുടെ കേരളത്തില്‍ തൊഴില്‍ തേടി എത്തിയിരിയ്ക്കുന്നത് എന്നാണു വ്യക്തമാക്കിയത്.

കേരളത്തില്‍ തൊഴില്‍ തേടി എത്തുന്ന ബംഗാളികളെ കുറിച്ച് ഈ അടുത്തകാലത്ത് വായിയ്ക്കുകയുണ്ടായി "കേരളത്തില്‍ എത്തുന്ന ബംഗാളിയ്ക്ക് കേരളം ദുബായ് ആണെന്ന്"  ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ വിലയിരുത്തുകയാണെങ്കില്‍ അന്യസംസ്ഥാനക്കാരന്റെ വിയര്‍പ്പാണ് ഇന്ന് കേരളത്തിന്റെ നിലനില്‍പ്പ് എന്ന് വേണമെങ്കില്‍ പറയാം. ഇന്ന് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്ന കൃഷി വാണിജ്യം വ്യവസായം തുടങ്ങിയ തുറകളില്‍ അധികഭാഗവും അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ആശ്രയിയ്ക്കുന്നു.

ഇങ്ങനെ എത്തുന്നവരില്‍ പലരും ദിവസക്കൂലിക്കാരാണ്. അവര്‍ക്ക് അവരുടെ നാട്ടില്‍ 500 രൂപയാണ്  ഒരു ദിവസം ലഭിയ്ക്കുന്നത് എങ്കില്‍ കേരളത്തില്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 1000  രൂപയാണ് കേരളത്തിലെ ഒരു തൊഴിലാളിയ്ക്ക് കൊടുക്കേണ്ടതായ ഭാവി സുരക്ഷാ വാഗ്ദാനങ്ങളോ, ആനുകൂല്യങ്ങളോ ഒന്നും ഇവര്‍ക്ക് കൊടുക്കേണ്ടതില്ല, അന്യസംസ്ഥാനക്കാര്‍ അതിനായി സമരം ചെയ്യാന്‍ മുന്നോട്ടു വരില്ല എന്ന ഒരു സ്ഥിതിവിശേഷം കേരളത്തില്‍ ഉള്ളതുകൊണ്ട് തന്നെയാണ് കേരളം ഇവരെ കൂടുതലായി ആശ്രയിയ്ക്കാന്‍ തുടങ്ങിയത് എന്നും നമ്മുടെ നാട്ടുകാര്‍ മനസ്സിലാക്കണം. ദാരിദ്രം മുന്നില്‍ കാണുന്ന അന്യസംസ്ഥാനക്കാരന്‍ നിത്യജീവിതത്തിനായി എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാകുന്നു എന്നതും ഇവര്‍ക്ക് ഇവിടെ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇടവരുത്തി. 

ചങ്ങനാശ്ശേരിയിലെ പായിപ്പാട്ടില്‍ ഇന്ന് തുടക്കം കുറിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ പല രാഷ്ട്രീയ താല്പര്യങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു. സത്യാവസ്ഥ എന്തും ആകട്ടെ. മനുഷ്യത്വത്തിന്റെ പേരില്‍ കാണുകയാണെങ്കില്‍,   ഇന്ന് ലോകം മുഴുവന്‍ ഭീഷണിയായി തീര്‍ന്നിരിയ്ക്കുന്ന കൊറോണ നിരാലംബരായ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയെ ദയനീയ സ്ഥിതിയില്‍  എത്തിച്ചിരിയ്ക്കുകയാണ്. സ്വന്തം ജന്മനാട്ടിലേക്കുള്ള യാത്രയും, ഉപജീവനവും ചോദ്യചിഹ്നമായി തുടരുന്ന ഇവരെ താല്‍ക്കാലികമായെങ്കിലും സംരക്ഷിയ്‌ക്കേണ്ട ഉത്തരവാദിത്വം ഇവരെ ഉപയോഗിയ്ക്കുന്ന ജനങ്ങളുടേതാണ്. കുറച്ച് കാലത്തേയ്ക്ക് താമസസൗകര്യം, ഭക്ഷണം പാര്‍പ്പിടം എന്നിവ നല്‍കുക അല്ലെങ്കില്‍ സുരക്ഷിതമായി ജന്മനാട്ടിലേക്ക് തിരിച്ചെത്തനുള്ള സൗകര്യം ഒരുക്കി കൊടുക്കുക എന്നിവ ഈ അവസരത്തില്‍  അവരോടു ചെയ്യാന്‍ കഴിയുന്ന ഒരു കാരുണ്യമാകും. മാത്രമല്ല  ജന്മനാട്ടിലെത്താനുള്ള പരക്കം പാച്ചിലില്‍ രോഗത്തെ കുറിച്ചോ, രോഗപ്രതിരോധത്തെ കുറിച്ചോ  ചിന്തിയ്ക്കാത്ത ഇവര്‍ രോഗം പടര്‍ത്താനുള്ള ഒരു കാരണവും ആയി മാറാന്‍ സാധ്യതയുണ്ട്.  അതുകൊണ്ടുതന്നെ കേരള ഗവണ്മെന്റും, നിരാലംബര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്ന സ്ഥാപനങ്ങളും ഇവരുടെ വഴിമുട്ടിയ ജീവിതത്തിലേയ്ക്ക് എത്തിനോക്കുമെന്നു പ്രത്യാശിയ്ക്കാം

Join WhatsApp News
ഹരികൃഷ്ണൻ 2020-03-29 22:58:39
രാജ്യം നിശ്ചലം ആണ് , ഒരിടത്തു നിന്നും ഇങ്ങിനെ ആളെ കൊണ്ടു പോകാൻ തുടങ്ങിയാൽ അതു എവിടെ ചെന്നു നിൽക്കും എന്നു ഊഹിക്കാമോ ???
Das 2020-03-30 07:48:10
Great Insight ! Notwithstanding the public health emergency, a joint efforts by WHO & other NGO consortiums must ensure humanitarian assistance and protection of the needy.
ഗിരീഷ് നായർ 2020-03-30 02:52:51
ശ്രീമതി ജ്യോതിലക്ഷ്മി പറഞ്ഞിരിക്കുന്നതല്ല കാര്യങ്ങൾ വേറെ ചില നിഗൂഢതകൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. കേരളാ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിനു നേരത്തെ തന്നെ ഈ നിഗൂഢ നീക്കം അറിയാൻ കഴിഞ്ഞിരുന്നു. പല വിഡിയോ ക്ലിപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നമ്മുടെ ഗവൺമെൻറ് അന്യസംസ്ഥാന തൊഴിലാളികളെ അവരെ അന്യരായല്ല കണ്ടിരിക്കുന്നത് അതിഥികളായിട്ടാണ്. ലോക്ക്ഡൗൺ തുടങ്ങിയഅന്നുമുതൽ അവർക്ക് വേണ്ടുന്ന സഹായങ്ങൾ നമ്മുടെ ഗവർമെന്റ് ചെയ്‌തുകൊണ്ടാണിരിക്കുന്നത്. ആ സമയത്താണ്‌ നമ്മുടെ കൊച്ചു കേരളത്തെ ഒന്നാകെ ഇല്ലാതാക്കാൻ തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ. ആരാണ് അവർക്ക് നിർദ്ദേശം നൽകിയത്. ഇതിലെ നിഗുഢത കണ്ടെത്തുക തന്നെ വേണം. തീവ്രസ്വഭാവം ഉള്ള സംഘടനകൾ ഉണ്ട് എന്നാണ് വിലയിരുത്തൽ. ശരിയാണെങ്കിൽ അത് കണ്ടെത്തുക തന്നെ വേണം. ഇന്നലെ കേരളത്തിലും സമാനമായി ഡൽഹിയിലും ആദ്യമായി ജനക്കൂട്ടം കർഫ്യു ലംഘിച്ചു. നിരോധനാജ്ഞ ലംഘിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ ലംഘിച്ചു. രാജ്യമൊന്നാകെ നമ്മുടെ നാടിനെ രക്ഷിക്കാൻ അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോൾ അന്യസംസ്ഥാനത്തൊഴിലാളികളെ കലാപത്തിന് ഇറക്കിയത് ആര്? ഇത് നമ്മുടെ ജനതയോട് ചെയ്ത ക്രൂരത തന്നെയാണ്. നാടിനെ രക്ഷിക്കാൻ വെള്ളവും ആഹാരവും മരുന്നും ഒന്നും തന്നെ ഇല്ലാതെ വീട്ടിൽ കഴിയുമ്പോൾ നമ്മുടെ തെരുവിൽ അതിഥി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇവർ കാണിച്ച തോന്യാസം കാണാതെ പോകരുത്. എന്തിനും ഒരു കലാപം പരിഹാരമല്ല. ഇതുപോലെ അന്യ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എത്ര ഭാരതീയർ ഉണ്ട്. അവരെല്ലാം കലാപത്തിന് ആഹ്വാനം ചെയ്യുന്നുണ്ടോ? കൊറോണ ഭീഷണി നിലനിൽക്കുന്ന ഈ അവസരത്തിൽ ഒരു ചോരപ്പുഴ ഒഴുക്കാതെ പ്രശ്നം രമ്യമായി പരിഹരിച്ച നമ്മുടെ ഭരണാധികാരികളുടെയും പോലീസിന്റെയും പ്രവർത്തനം പ്രശംസനീയമാണ്. ഇതിനായി ഇറങ്ങിത്തിരിച്ചവർക്കെതിരെ പോലീസ് കേസെടുത്ത് അവരുടെ നിഗൂഢ ലക്ഷ്യം പുറത്തുകൊണ്ടുവരും എന്ന് പ്രത്യാശിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക