Image

വുഹാന്‍ സാധാരണനിലയിലേക്ക്; തീവണ്ടി സര്‍വീസ് ആരംഭിച്ചു

Published on 29 March, 2020
വുഹാന്‍ സാധാരണനിലയിലേക്ക്; തീവണ്ടി സര്‍വീസ് ആരംഭിച്ചു
വുഹാന്‍ (ചൈന): ആയിരക്കണക്കിന് യാത്രക്കാരുമായി ശനിയാഴ്ച വീണ്ടും ചൈനയിലെ വുഹാനില്‍ തീവണ്ടികളെത്തി. ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ മാസങ്ങള്‍ നീണ്ട അടച്ചിടലിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. യാത്രവിലക്കിന് ഇളവുലഭിച്ചതോടെയാണ് തീവണ്ടി സര്‍വീസ് പുനരാരംഭിച്ചത്.

യാത്രക്കാരില്‍ ചിലര്‍ രണ്ട് മുഖാവരണംവരെ അണിഞ്ഞിരുന്നു. ഒപ്പം കൈയുറയും വൈറസ് പ്രതിരോധ കുപ്പായവും ധരിച്ചെത്തിയവരെ അതേവേഷത്തിലെത്തിയ റെയില്‍വേ ജീവനക്കാര്‍ സ്വീകരിച്ചു. തീവണ്ടി നഗരത്തോട് അടുക്കുമ്പോള്‍ താനും മകളും അത്യന്തം ആകാംക്ഷയിലായിരുന്നെന്നാണ് 36കാരി പറഞ്ഞത്. 10 ആഴ്ചയായി ഭര്‍ത്താവില്‍നിന്നും അകലെയായിരുന്നു. തീവണ്ടി എന്നത്തേക്കാളും വേഗത്തിലാണ് ഓടുന്നതെന്ന് തോന്നിയെന്നും വുഹാനില്‍ ഇറങ്ങി മകള്‍ അച്ഛന്റെ അടുത്തേക്ക് ഓടുന്നതു കണ്ടപ്പോള്‍ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞെന്നും അവര്‍ പറഞ്ഞു.

വൈറസ് നിയന്ത്രണവിധേയമായതോടെയാണ് വുഹാനിലേക്ക് വീണ്ടും ജനങ്ങളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്. നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തേതന്നെ പൂര്‍ണമായും ബുക്കുചെയ്ത് കഴിഞ്ഞിരുന്നു. ജനുവരിമുതലാണ് നഗരം പൂര്‍ണമായി അടച്ചിട്ടത്. എന്നാല്‍, വുഹാനിലുള്ളവര്‍ക്ക് പുറത്തേക്കുപോവാന്‍ ഏപ്രില്‍ എട്ടുവരെ അനുവാദമില്ല. അപ്പോഴേ വിമാനത്താവളങ്ങളും തുറക്കൂ.

വുഹാനില്‍ 50,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മറ്റുനഗരങ്ങളെ അപേക്ഷിച്ച്് മരണവും ഇവിടെ കൂടുതലായിരുന്നു. ശനിയാഴ്ചയും മൂന്നുമരണം ഉണ്ടായി. 2500 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക