Image

കൊറോണ പ്രതിരോധം: 80 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ സുന്ദര്‍ പിച്ചൈ

Published on 31 March, 2020
കൊറോണ പ്രതിരോധം: 80 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ സുന്ദര്‍ പിച്ചൈ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ.

ഔദ്യോഗിക ബ്ലോഗിലൂടെയാണ് പ്രഖ്യാപനം. 'കൊറോണ വൈറസ് ലോകമെമ്ബാടും വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ജീവിതത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നു. 


ഈ വെല്ലുവിളികളില്‍ ചിലത് നേരിടാന്‍ സഹായിക്കുന്നതിന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന് വേണ്ടി ഞങ്ങള്‍ 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നു.- സുന്ദര്‍ പിച്ചൈ അറിയിച്ചു.


ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിന് വേണ്ടിയും ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതെങ്ങനെ എന്നതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന, പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടി നടപടികള്‍ കൈക്കൊള്ളുന്ന നൂറിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടി 25 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റ് ഗൂഗിള്‍ നല്‍കും.


ചെറുകിട-ഇടത്തര വാണിജ്യ സംരഭങ്ങള്‍ക്കായി ദുരിതാശ്വാസ ഫണ്ടുകളെയും മറ്റു സ്രോതസ്സുകളെ കുറിച്ചും പൊതുസേവന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ 2 കോടി ഡോളറിന്റെ പരസ്യഗ്രാന്റ് നല്‍കും.


 ലോകത്തെമ്ബാടുമുള്ള ധനകാര്യ സ്ഥാപനങ്ങളെയും എന്‍ജിഒയെയും പിന്തുണയ്ക്കുന്നതിന് വേണ്ടി 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപ ഫണ്ട്. ചെറുകിട ബിസിനസ്സുകള്‍ക്ക് മൂലധനം കണ്ടെത്തുന്നതിന് സഹായമേകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക