Image

അമ്മ കാത്തിരുന്ന രാത്രിയിൽ (കവിത :അമല സജി മെൽബൺ)

Published on 01 April, 2020
അമ്മ കാത്തിരുന്ന രാത്രിയിൽ (കവിത :അമല സജി മെൽബൺ)
അമ്മയെ 
സ്വപ്നം കണ്ട രാത്രിയിൽ
മഴപെയ്തിരുന്നു
മുടിനാര് പോലെ ഇരുട്ട്
പരതി നടക്കുന്നു കാറ്റിനൊപ്പം...

താഴെ റോഡിൽ 
ഒരാളൊറ്റയ്ക്ക് നിൽക്കുന്നു
ജനലരുകിൽ നിലാവിറങ്ങിവന്ന്
ഫിഷ് ടാങ്കിൽ നെറ്റിചുളിച്ച് നിന്നു
മര ശാഖികൾ കൊളുത്തി
വലിച്ചിട്ട വെട്ടം മാത്രം മുറിയിൽ

നിഴലുപോൽ 
വികാരങ്ങൾ കറുത്തു പോയ രാവുകൾ
ഒറ്റയ്ക്കൊരാൾ വെറുതെ നിൽക്കുന്നു
ശീതികരിച്ച മുറിയിൽ

നനഞ്ഞ മാറുമായ് 
തെരുവുകൾ
വഴി വിളക്കിനെ പ്രണയിക്കുന്നു
വിജനമായ് വന്യമായ്
ഒരൊറ്റ ശ്വാസം കൊണ്ട് പോലും
തകർന്നു പോകുമായിരുന്ന നിശബ്ദത
വലകെട്ടിയെന്നെ എന്നേ വിഴുങ്ങിയിരിക്കുന്നു !

ബാരിക്കേഡുയർത്തി മനസ്
ആർക്കും പ്രവേശനമില്ലെന്ന്
ബോർഡു തൂക്കി 
വൃത്തിയാക്കാൻ എത്ര നാളെടുക്കും!

എപ്പോഴും
ആരോ ഒരാൾ
വിഴിവിളക്കിനരുകിൽ
ഒറ്റയ്ക്കു നിൽക്കുന്നു

തൊട്ടു നോക്കി 
പൊള്ളിയ വിരലുമായി
അടർന്നു വീഴുന്നു ഞാൻ
മാറാല കെട്ടിയൊരോർമ്മയുടെ
ശാപ മുറിയിലേക്ക്

ഒരമ്മ മാത്രം
കാത്തിരുന്ന രാത്രിയിൽ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക