Image

ആഘോഷങ്ങളകന്ന്‌, ഉള്ളുലഞ്ഞ്‌ ഇറ്റലി (സില്‍ജി ജെ ടോം)

സില്‍ജി ജെ ടോം Published on 01 April, 2020
ആഘോഷങ്ങളകന്ന്‌, ഉള്ളുലഞ്ഞ്‌ ഇറ്റലി  (സില്‍ജി ജെ ടോം)

കോവിഡ്‌ 19 രോഗവ്യാപനത്തോടെ ആളും ആരവവുമകന്ന റോമാ നഗരത്തിലെ വിയ ഡെല്‍ കോര്‍സോ വീഥികളിലൂടെ ഏകനായി നടന്നുനീങ്ങിയ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ചിത്രം ഉള്ളുലച്ചിട്ട്‌ ആഴ്‌ചകളേ ആയിട്ടുള്ളൂ. വീണ്ടും കഴിഞ്ഞ ദിവസം ലോകത്തിന്റെ മുഴുവന്‍ ദു:ഖം തളംകെട്ടിയതെന്നതുപോലെ ആളൊഴിഞ്ഞ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍, റോമിലെ സെന്റ്‌ മാര്‍സലസ്‌ ദൈവാലയത്തില്‍ നിന്ന്‌ കൊണ്ടുവന്ന അദ്‌ഭുത കുരിശുരൂപത്തിന്‌ മുന്നില്‍ പ്രാര്‍ഥിച്ച്‌, വിശേഷാല്‍ ഉര്‍ബി എത്‌ ഒര്‍ബി ആശീര്‍വാദം ലോകത്തിന്‌ നല്‍കുമ്പോഴും ഇറ്റലിയെയും കൊറോണയുടെ പിടിയിലകപ്പെട്ട ലോകത്തെയും ഓര്‍ത്ത്‌, ലോകം സ്‌നേഹിക്കുന്ന പാപ്പായുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.
1522 കാലഘട്ടത്തില്‍ പടര്‍ന്ന്‌ പിടിച്ച പ്ലേഗ്‌ എന്ന മഹാമാരിയില്‍നിന്നും റോമിനെ രക്ഷിച്ച സെന്റ്‌ മാര്‍സലസ്‌ ദൈവാലയത്തിലെ അദ്‌ഭുതകുരിശുരൂപത്തിന്‌ മുന്നില്‍ പ്രാര്‍ഥിക്കാനായിരുന്നു പാപ്പാ റോമിന്റെ തെരുവിലൂടെ നടന്നുപോയത്‌.

1519 മെയ്‌ 23ന്‌ റോമിലുണ്ടായ അഗ്‌നിബാധയില്‍ സെന്റ്‌ മാര്‍സലസ്‌്‌ ദൈവാലയം കത്തിയെരിഞ്ഞപ്പോഴും ഈ കുരിശുരൂപത്തിന്‌ മാത്രം നേരിയ നിറഭേദമുണ്ടായതൊഴിച്ചാല്‍ മറ്റ്‌ കേടുപാടുകളൊന്നും പറ്റിയിരുന്നില്ല. എ ഡി 64ല്‍ നീറോ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ഏഴ്‌ രാത്രിയും ആറ്‌ പകലും നീണ്ട അഗ്നിബാധയില്‍ റോമാ നഗരം മുക്കാല്‍ ഭാഗവും കത്തിയമര്‍ന്നത്‌.
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പ്ലേഗ്‌ എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിലേക്ക്‌ ഈ അദ്‌ഭുതകുരിശുരൂപം കൊണ്ടുവന്നതിനുപിന്നാലെ, പ്ലേഗ്‌ റോമില്‍ നിന്നും തുടച്ചുനീക്കപ്പെട്ടിരുന്നു.
കോവിഡ്‌ 19ന്റെ സംഹാരതാണ്‌ഡവത്തില്‍ ഇറ്റലിയില്‍ മരണത്തിന്‌ കീഴടങ്ങിയവരുടെ സംഖ്യ പന്ത്രണ്ടായിരത്തിനാനൂറും കടന്നിരിക്കുന്നു. 

കാര്‍ണിവലിന്റെയും ആഘോഷങ്ങളുടെയും ദ്രുതതാളങ്ങള്‍ മാത്രം കണ്ടുശീലമുള്ള ഇറ്റലിയുടെ തെരുവുകളിന്ന്‌ മരണത്തിന്റെ കമ്പളം പുതച്ചുമരവിച്ചുനില്‍ക്കുന്ന കാഴ്‌ച വേദനാജനകമാണ്‌. സന്തോഷത്തിന്റെ മാത്രം നാടായിരുന്നു ഇറ്റലി, ഒരു മാസം മുമ്പുവരെ. കൊറോണയില്‍ നാട്‌ ലോക്‌ ഡൗണ്‍ ആയതോടെ ടസ്‌കന്‍ പട്ടണമായ സിയന്ന മുതല്‍ തെക്കന്‍ നഗരമായ നേപ്പിള്‍സ്‌ വരെയുള്ള ഇറ്റലിക്കാര്‍ വീടുകളുടെ ബാല്‍ക്കണികളിലിരുന്ന്‌ ഗിറ്റാറും വയലിനും അടക്കമുള്ള വാദ്യോപകരണങ്ങളുമായി ഒരേ സ്വരത്തില്‍ പാടിയത്‌ ദുഖത്തിലും ഇത്തിരി സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
മെഡിറ്റനേറിയന്‍ കടലാല്‍ ചുറ്റിയ, ആഘോഷങ്ങളുടെ നാടാണ്‌ ഇറ്റലി. ഒലിവും പൈന്‍ മരങ്ങളും മുന്തിരിത്തോട്ടങ്ങളും താഴ്‌വാരങ്ങളും മലനിരകളും മനോഹാരിത പകരുന്ന നാട്‌. ഇന്ന്‌ പക്ഷേ ഇവിടെ സന്തോഷത്തിന്റെ ചിത്രങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.

`മര്‍ച്ചന്റ്‌ ഓഫ്‌ വെനീസി'ലൂടെ ഷേക്‌സ്‌പിയര്‍ പരിചയപ്പെടുത്തിയ ഇറ്റലിയുടെ വെനീസ്‌ മുതല്‍ ഫാഷന്റെയും ഡിസൈനുകളുടെയും ലോക തലസ്ഥാനമായ മിലാന്‍ വരെ ഇന്ന്‌ ശ്‌മശാനമൂകമാണ്‌. 118 ദ്വീപുകളിലായി കനാലുകളാലും പാലങ്ങളാലും ബന്ധിപ്പിക്കപ്പെട്ട വെനീസ്‌ ദ്വീപസമൂഹം പൊതുവേ വിജനമാണ്‌. സഞ്ചാരികളുമായി തലങ്ങും വിലങ്ങും ദ്വീപസമൂഹങ്ങള്‍ക്ക്‌ ചുറ്റും പായുന്ന ഗോണ്ടോ(വള്ളം)കളും വാപ്പോരെറ്റോ(വാട്ടര്‍ ബസ്‌)കളും എവിടെയും കാണാനില്ലാത്ത സ്ഥിതി. വെനീഷ്യന്‍ വീഞ്ഞുകടകളില്‍ ഓമ്പ്ര(ഒരു തരം വീഞ്ഞ്‌)മോന്തി വിശേഷങ്ങള്‍ പങ്കുവയ്‌ക്കാനെത്തുന്ന സാധാരണക്കാരുമില്ലെങ്ങും. കനാലുകളിലും തോണികളിലും ആളനക്കമില്ല. റാന്നിയിലെത്തി നാട്ടില്‍ രോഗം വിതച്ചുവെന്ന പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന കുടുംബം എത്തിയത്‌ ഇവിടെയടുത്ത്‌ കവാസോയില്‍ നിന്നാണ്‌്‌. (റാന്നി കുടുംബം രോഗം ഭേദമായി ആശുപത്രി വിട്ടു എന്നതാണ്‌ സന്തോഷകരമായ വാര്‍ത്ത. ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കള്‍ 93 വയസുള്ള തോമസും 88വയസുള്ള മറിയാമ്മയും അടുത്തനാള്‍ വരെ അതീവഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈറസില്‍നിന്ന്‌ രോഗമുക്തി നേടിയത്‌ ആരോഗ്യകേരളത്തിന്‌ അഭിമാനിക്കാവുന്ന നേട്ടവുമായി).
ചൂണ്ടകളില്‍ മീന്‍ കൊത്തുന്നതും കാത്ത്‌ പുസ്‌തകവായനയില്‍ മുഴുകിയിരിക്കുന്ന വൃദ്ധജനങ്ങളെ ഇനി വെനീഷ്യന്‍ തീരങ്ങളില്‍ കാണാനാവുമോ എന്ന്‌ ആശങ്കപ്പെടുന്നവരേറെ... കാരണം അത്രയേറെ വൃദ്ധജനങ്ങളാണ്‌ ഈ മഹാമാരിയില്‍ മരണത്തിന്‌ കീഴടങ്ങിയിരിക്കുന്നത്‌. 

വെനീഷ്യന്‍ ജനറലായിരുന്ന `ഒഥല്ലോ'യുടെ നഗരത്തെ പോലെ തന്നെ ഷേക്‌സ്‌പിയറിന്റെ തന്നെ `റോമിയോ ആന്‍ഡ്‌ ജൂലിയറ്റിന്‌' പശ്ചാത്തലമായ `വെറോണ'യിലും ആളനക്കമില്ലാത്ത സ്ഥിതി തന്നെ.
ആഘോഷങ്ങളൊക്കെയും ഉപേക്ഷിക്കേണ്ടിവന്ന്‌ മനുഷ്യര്‍ വീടകങ്ങളിലേക്ക്‌ ഒതുങ്ങുമ്പോള്‍ നാളിതുവരെ കാണാപ്പുറങ്ങളിലേക്ക്‌ മറഞ്ഞിരുന്ന ഡോള്‍ഫിനുകളെയും നീരാടുന്ന അരയന്നങ്ങളെയുമൊക്കെ വെനീഷ്യന്‍ തീരങ്ങളോടടുത്ത്‌ കണ്ട ദൃശ്യങ്ങളും പങ്കുവയ്‌ക്കപ്പെടുന്നുണ്ട്‌, മനുഷ്യന്‌ മാത്രമല്ല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌ ഈ ഭൂമി എന്ന്‌ വിളിച്ചോതും പോലെ.

അഭയാര്‍ഥി പ്രശ്‌നങ്ങളോട്‌ മറ്റ്‌ രാജ്യങ്ങള്‍ പുറംതിരിഞ്ഞ്‌ നില്‍ക്കുമ്പോള്‍ ബോട്ടുകളിലും മറ്റും മെഡിറ്റനേറിയന്‍ കടന്നെത്തുന്ന അഭയാര്‍ഥികളെയും അനധികൃതകുടിയേറ്റക്കാരെയുമൊക്കെ കൈനീട്ടി സ്വീകരിച്ചൊരു പാരമ്പര്യമാണ്‌ ഈ നാടിനുള്ളത്‌. അതുപോലെതന്നെ മലയാളികളടക്കം ഇന്നാട്ടില്‍ ജോലിക്കെത്തുന്ന ഏതൊരു വ്യക്തിയോടും ജോലിയുടെ വലിപ്പചെറുപ്പം നോക്കാതെ സ്‌നേഹത്തോടെ പെരുമാറുന്നവരാണ്‌ ഇന്നാട്ടുകാരെന്ന്‌ ഇവിടുത്തെ മലയാളികള്‍ പറയുന്നു.
കോവിഡ്‌19നെ പ്രതിരോധിക്കുന്നതില്‍ തുടക്കത്തില്‍ മതിയായ നടപടികളെടുക്കാന്‍ ഗവണ്‍മെന്റ്‌ വൈകിയതാണ്‌ കാര്യങ്ങള്‍ വഷളാക്കിയതെന്നുവേണം കരുതാന്‍. നൂറുകണക്കിനാളുകള്‍ ദിവസവും മരിച്ചുവീഴുമ്പോഴും പലരും സാഹചര്യങ്ങളെ ഗൗരവമായി കാണാന്‍ തയാറായിരുന്നില്ല.

ആശുപത്രികളിലൊന്നും സ്ഥലമില്ലാത്തതിനാല്‍ രക്ഷപ്പെടാന്‍ ചാന്‍സില്ലാത്തവരെ അഡ്‌മിറ്റ്‌ ചെയ്യാന്‍ പോലുമാകാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. സംസ്‌കരിക്കാനിടമില്ലാതെ മൃതദേഹങ്ങള്‍ കുന്നുകൂടികിടക്കുന്ന കാഴ്‌ച. തെരുവുകളില്‍, മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന പട്ടാളട്രക്കുകളുടെ നീണ്ടനിരകള്‍. ടൗണിലെ പാര്‍ക്കിംഗ്‌ ഏരിയകളിലും മറ്റും പട്ടാള ക്യാമ്പുകള്‍ പോലെ ടെന്റുകള്‍ കെട്ടിയൊരുക്കിയ താല്‍കാലിക ആശുപത്രികള്‍.

20 റീജിയണുകള്‍ ഉള്‍പ്പെടുന്ന ഇറ്റലിയില്‍ ഉത്തരമേഖലയിലെ മിലാന്‍ ഉള്‍പ്പെടുന്ന ലൊംബാര്‍ദിയ റീജിയണിലും മറ്റും കൊറോണ കണ്ടെത്തിയതിനെതുടര്‍ന്ന്‌ മാര്‍ച്ച്‌ 8ന്‌ ഇവിടം റെഡ്‌ സോണ്‍ ആയി പ്രഖ്യാപിക്കുന്നതറിഞ്ഞ്‌ തലേന്ന്‌ രാത്രി രണ്ടായിരത്തിലധികംപേര്‍ തെക്കന്‍ മേഖലകളിലുള്ള തങ്ങളുടെ വേനല്‍കാല വസതികളിലേക്ക്‌ പലായനം ചെയ്‌തത്‌ ഈ പ്രദേശങ്ങളിലും രോഗം പടര്‍ത്തി. പ്രദേശത്തെ ജനസംഖ്യയേക്കാള്‍ ഇരട്ടിയിലേറെ ടൂറിസ്റ്റുകള്‍ ദിവസവും വന്നുപോകുന്ന സ്ഥലമാണ്‌ മിലാന്‍. വാണിജ്യപരമായും മറ്റും ചൈനയുമായി വളരെ ശക്തമായ ബന്ധമാണ്‌ ഇറ്റലിക്കുള്ളത്‌, അതുകൊണ്ടുതന്നെ ചൈനീസ്‌ ബന്ധം കോവിഡ്‌ 19 ഇവിടേക്ക്‌ പകര്‍ന്ന്‌ സ്ഥിതിഗതികള്‍ വഷളാകാനിടയാക്കി. ചൈനീസ്‌ സൂപ്പര്‍മാര്‍ക്കറ്റുകളും റസ്‌റ്ററന്റുകളും ബിസിനസുകളും ഏറെയുണ്ട്‌ ഇറ്റലിയില്‍.

ഇറ്റലിയില്‍ കൊറോണ വൈറസ്‌ സ്ഥിരീകരിച്ച്‌ അപകടാവസ്ഥ റിപ്പോര്‍ട്ട്‌ ചെയ്‌തതുമുതല്‍ മനസ്‌ വല്ലാതെ അസ്വസ്ഥമാണ്‌. എന്റെ ആന്റിയുടെ മകള്‍ കോട്ടയം ചമ്പക്കരയില്‍ നിന്നുള്ള സിസ്റ്റര്‍ ഫിലോമ ജോബ്‌ വടക്കേടം, റോമിലെ വിയ ലത്തീന(Via Latina)യിലെ സോം(സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേഴ്‌സി) കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുന്നുണ്ട്‌. ഇവിടെനിന്നും ഏതാനും കിലോമീറ്റര്‍ യാത്രാദൂരമേയുള്ളൂ വത്തിക്കാനിലേക്ക്‌. ഈ കോണ്‍വെന്റിലുള്ള, സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേഴ്‌സിയുടെ ഇറ്റാലിയന്‍ ഡലഗേഷന്റെ സുപ്പീരിയര്‍- പൊന്‍കുന്നത്തുനിന്നുള്ള സി. ലിസി കാഞ്ഞിരക്കാട്ടിനെ എനിക്ക്‌ പരിചയമുണ്ട്‌. സിസ്‌റ്റര്‍ ലിസിയുടെ ജ്യേഷ്‌ഠ സഹോദരി സി.അന്ന മരിയ അമേരിക്കയില്‍ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള സോം കോണ്‍ഗ്രിഗേഷന്റെ ലൂസിയാന ശാഖയിലെ ആശുപത്രിയില്‍ സേവനം ചെയ്യുന്നുണ്ട്‌.

മുമ്പ്‌ റോമിലെ സെന്റ്‌ ജോണ്‍സ്‌ ഹോസ്‌പിറ്റലില്‍ ജോലി ചെയ്‌തിരുന്ന സി. ഫിലോമ എനിക്ക്‌ ഓര്‍മവച്ച നാളുകള്‍ മുതല്‍ ഇറ്റലിയിലാണ്‌. മഞ്ഞയും വെള്ളയും നിറമുള്ള, കനംകുറഞ്ഞ പേപ്പറില്‍, വിശേഷങ്ങള്‍ പങ്കിട്ട്‌, ചേച്ചി, വീട്ടിലേക്ക്‌ എഴുതിയിരുന്ന കത്തുകള്‍ മനസില്‍ ഇറ്റലിയോടൊരിഷ്‌ടം പണ്ടേകൂട്ടിവച്ചിരുന്നു. ചേച്ചിയുടെ അനുജത്തി, ചങ്ങനാശേരിയില്‍ നിന്നുള്ള അശ്വതി ജോയി തൂമ്പുങ്കലും റോമില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്‌. അശ്വതി ചേച്ചിയുടെ മകന്‍ ടോണിയും മകള്‍ എവീസ്‌ (മാളു) ലൈജുവുമൊക്കെ കുടുംബസമേതം റോമിലെ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലുണ്ട്‌. അതുകൊണ്ടുതന്നെ ഇറ്റലിയില്‍ നിന്നുള്ള ഓരോ വാര്‍ത്തകളും ശ്രദ്ധിക്കാറുണ്ട്‌. എന്തായാലും റോമിലേക്ക്‌ കൊറോണ എത്തരുതേ എന്ന പ്രാര്‍ഥനയുമായി ഐസൊലേറ്റഡ്‌ ആയി കഴിയുകയാണ്‌ ഈ പ്രിയപ്പെട്ടവരെല്ലാം.

ഏതൊരു അസുഖത്തിനും 112 വിളിച്ചാല്‍, അല്‍പം വൈകിയാണെങ്കിലും ഡോക്‌ടറും ഓക്‌സിജനുമടക്കം സജ്ജീകരണങ്ങളുമായി ആംബുലന്‍സ്‌ എത്തുന്നതാണ്‌ ഇവിടുത്തെ രീതിയത്രേ. ഫാമിലി ഡോക്‌ടറുടെ സേവനമടക്കം ആളുകളുടെ ചികില്‍സാ കാര്യങ്ങളിലെല്ലാം കരുതലും ശ്രദ്ധയും കൊടുക്കുന്ന അധികാരികള്‍ക്ക്‌ കൊറോണയുടെ താണ്‌ഡവത്തിന്‌ മുന്നില്‍ കരുതലോടെ പിടിച്ചുനില്‍ക്കാനായില്ല.

ലോക്‌ ഡൗണ്‍ പ്രഖ്യാപിച്ചിട്ടുപോലും ആളുകള്‍ നിസംഗതയോടെ പെരുമാറുന്നതാണ്‌ ഇവിടെ കാര്യങ്ങള്‍ ഇത്ര വഷളാകാന്‍ ഇടയാക്കിയതെന്ന്‌ പറയുന്നു റോമില്‍ തന്നെ ജോലിചെയ്യുന്ന പാലക്കാട്‌ സ്വദേശി ബാബു എന്ന പ്രവീണ്‍ കരോക്കല്‍. താന്‍ ജോലി ചെയ്യുന്നതിനടുത്ത അമ്യൂസ്‌മെന്റ്‌്‌ പാര്‍ക്കില്‍ അടുത്ത രണ്ടാഴ്‌ച മുമ്പുപോലും യുവതികള്‍ കുഞ്ഞുങ്ങളുമായെത്തി മടങ്ങുന്നത്‌ കണ്ടുവെന്ന്‌ അദ്ദേഹം പറയുന്നു. മരണഗന്ധം നിറഞ്ഞുനില്‍ക്കുന്ന ലൊംബാര്‍ദിയ മേഖലയിലും രണ്ടാഴ്‌ച മുമ്പും ഫുട്‌ബോള്‍ കളിച്ചു നടക്കുന്ന യുവാക്കളെ കണ്ടുവെന്നും ഇദ്ദേഹം. ലോക്‌ ഡൗണ്‍ ലംഘിച്ചിറങ്ങുന്നവരെ വീട്ടിലേക്ക്‌ തിരിച്ചുവിടുകയോ ഫൈന്‍ ചുമത്തുകയോ ആണ്‌ ഇവിടെ പോലിസിയ(പോലിസ്‌) ചെയ്യുക, നാട്ടിലേതുപോലെ കര്‍ക്കശമായി അനുസരിപ്പിക്കുന്ന ശീലമൊന്നുമില്ല.
നിലവില്‍ കാര്യങ്ങള്‍ കൈവിട്ടുപോയ അവസ്ഥയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മാത്രമാണ്‌ പുറത്തിറങ്ങാനാകുന്നത്‌. പ്രത്യേക സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയാല്‍ തന്നെ പലയിടത്തും ചെക്കിംഗുണ്ടാകും, ടോണിയും ലൈജുവും പറയുന്നു.

പ്രായമായ മാതാപിതാക്കളോട്‌ ഏറെ അറ്റാച്ച്‌മെന്റ്‌ കാട്ടുന്ന, അവരെ ശുശ്രൂഷിക്കാനും സ്‌നേഹിക്കാനും മനസ്‌ കാട്ടുന്ന സമൂഹമാണ്‌ ഇവിടുത്തേത്‌. പ്രായമായവരുടെ പരിചരണങ്ങള്‍ക്കായി ഹോംനേഴ്‌സുമാരെ വെക്കാറുണ്ട്‌ ഇവര്‍. ഇവിടുത്തെ ജനസംഖ്യയില്‍ നല്ലൊരുപങ്കും പ്രായമേറിയവരാണ്‌. നാട്ടില്‍ നിന്ന്‌ ഹോം നേഴ്‌സുമാരായും ഓള്‍ഡ്‌ ഏജ്‌ ഹോമിലുമൊക്കെ ജോലി ചെയ്യുന്ന മലയാളികള്‍ ഏറെയുള്ള ഇവിടെ മലയാളി വൈദികരും സിസ്റ്റേഴ്‌സും ധാരാളമുണ്ട്‌.

തനിക്ക്‌ അനുവദിച്ചുകിട്ടിയ വെന്റിലേറ്റര്‍ ഒരു ചെറുപ്പക്കാരന്‌ നല്‍കി ജീവത്യാഗം ചെയ്‌ത എഴുപത്തിരണ്ടുകാരനായ ഫാ. ഡോണ്‍ ജൂസപ്പെ ബെറാര്‍ദലിയുടെ ജീവത്യാഗത്തിന്റെ കഥയും ഇറ്റലിയില്‍ നിന്ന്‌ അടുത്തിടെ കേട്ടു. (രോഗം വ്യാപകമായതോടെ വെന്റിലേറ്ററുകളും മറ്റും ഇവിടെ കിട്ടാനേയില്ല). രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നാസി തടവറയില്‍ മരണത്തിന്‌ വിധിക്കപ്പെട്ട ഗയോണിഷെക്‌ എന്ന വ്യക്തിക്ക്‌ പകരം മരിക്കാന്‍ തയാറായ ഫാ. മാക്‌സിമില്യന്‍ കോള്‍ബേയുടെ ജീവത്യാഗത്തിന്‌ ശേഷം മനസിനെ സ്‌പര്‍ശിച്ച മറ്റൊരു സംഭവമാണ്‌ ഫാ. ജൂസപ്പെയുടെ ജീവിതം പകര്‍ന്നിടുന്നത്‌.

എന്തായാലും കോവിഡ്‌ 19 ലോകത്താകെ സംഹാരതാണ്‌ഡവം തുടരുകയാണ്‌. അമേരിക്കയിലും യു കെയിലും ഗള്‍ഫ്‌ നാടുകളിലും മറ്റുമുള്ള സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കടുത്ത ഉത്‌കണ്‌ഠയിലാണ്‌. ഏറെയാളുകളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്‌ ജോലിചെയ്യുമ്പോള്‍ ഉത്‌കണ്‌ഠ സ്വാഭാവികം. അമേരിക്കയില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷമാകുന്നുവെന്നതാണ്‌ ആശങ്കാജനകമായ വാര്‍ത്ത. കോവിഡ്‌ 19ന്റെ പിടിയില്‍ നിന്ന്‌ മോചിതമായി ലോകം എത്രയും വേഗം സാധാരണ ജീവിതത്തിലേക്കും സന്തോഷത്തിലേക്കും മടങ്ങിവരട്ടെ.

ആഘോഷങ്ങളകന്ന്‌, ഉള്ളുലഞ്ഞ്‌ ഇറ്റലി  (സില്‍ജി ജെ ടോം)ആഘോഷങ്ങളകന്ന്‌, ഉള്ളുലഞ്ഞ്‌ ഇറ്റലി  (സില്‍ജി ജെ ടോം)ആഘോഷങ്ങളകന്ന്‌, ഉള്ളുലഞ്ഞ്‌ ഇറ്റലി  (സില്‍ജി ജെ ടോം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക