Image

അമേരിക്കന്‍ മലയാളികളുടെയും ജീവനെടുത്ത് കൊറോണ ഞെട്ടിക്കുന്നു (ശ്രീനി)

Published on 01 April, 2020
അമേരിക്കന്‍ മലയാളികളുടെയും ജീവനെടുത്ത് കൊറോണ ഞെട്ടിക്കുന്നു (ശ്രീനി)
അത്യന്തം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തകളാണ് അമേരിക്കന്‍ മലയാളി സമൂഹം കഴിഞ്ഞ മണിക്കൂറുകളില്‍ കേട്ടത്. രണ്ട് അമേരിക്കന്‍ മലയാളികള്‍ കൊലയാളി വൈറസായ കോവിഡിന് കീഴടങ്ങിയ ദുരന്ത വൃത്താന്തമായിരുന്നു അത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43)ന്യൂയോര്‍ക്കിലും എറണാകുളം, രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവേല്‍ (85) ന്യൂജഴ്‌സിയിലുമാണ് അന്ത്യശ്വാസം വലിച്ചത്.

തോമസിന്റെയും കുഞ്ഞമ്മ സാമുവലിന്റെയും ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെയെന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഇവരുടെ വേര്‍പാടില്‍ അനുശേചനം രേഖപ്പെടുത്തുകയും ചെയ്യുകയാണ് അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം.

അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു ശതമാനം പേരും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണല്ലോ. ഡോക്ടര്‍മാരും നേഴ്‌സുമാരും റസ്പിറ്റോറി തെറാപ്പിസ്റ്റുകള്‍ പോലുള്ള പാരാമെഡിക്കല്‍ സ്റ്റാഫുകളും ടെക്‌നീഷ്യന്‍മാരുമെല്ലാം ഈ കൊറോണക്കാലത്ത് ഹൈ റിസ്‌ക് എടുത്തുകൊണ്ടാണ് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നത്.

ഒരു ജീവനും കൊറോണ കൊണ്ടുപോകരുത് എന്ന പ്രഖ്യാപിത മുദ്രാവാക്യത്തോടെ സാമൂഹിക പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും പതാകയേന്തിക്കൊണ്ടാണ് മലയാളികളും മറ്റുള്ളവര്‍ക്കൊപ്പം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമയുടെ കരുത്തുറ്റ കണ്ണികളാവുന്നത്. ചിക്കാഗോയില്‍ 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍...' പോലുള്ള സന്നദ്ധ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാണ്.

പക്ഷേ, മനുഷ്യന്റെ കരുതലിനും പ്രയത്‌നങ്ങള്‍ക്കും ജാഗ്രതയ്ക്കും പിടികൊടുക്കാതെ കൊറോണ ലോകത്തിന്റെ സജീവമായ ദേവാലയങ്ങളും തെരുവുകളും കളി മൈതാനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇരുളും നിശബ്ദതയും ശൂന്യതയും കൊണ്ട് നിറച്ചിരിക്കുന്നു. ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിലും മഹാമാരികളുടെ വേലിയേറ്റങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ പേടിപ്പെടുത്തലുകളിലും മനുഷ്യര്‍ ഇങ്ങനെ അവനവന്റെ വീടുകളില്‍ മാത്രമായി ഉല്‍വലിഞ്ഞിരുന്നിട്ടില്ല. എന്നാലിത് അതിജീവനത്തിന്റെ അണിയൊരുക്കമാണ്.

കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം ഒരു തിരിച്ചറിവാണ്, അത് മാനവരാശിയെ പലതും പഠിപ്പിക്കുന്നു. കേവലം നാനോമീറ്റര്‍മാത്രം വലിപ്പമുള്ള കോവിഡ് 19 ന്റെ മുന്നില്‍ മനുഷ്യന്‍ എത്രയോ ചെറുതാണ് എന്ന സത്യം നാം ഇപ്പോള്‍ തിരിച്ചറിയുന്നു.

നമ്മുടെ പല ദുശ്ശീലങ്ങളും കൊറോണ വൈറസിനൊപ്പം പടികടത്തിവിടാന്‍ പറ്റിയ സമയമാണ് ലോക്ക് ഡൗണ്‍ കാലം. അഹന്തയും അസൂയയും അക്രമവാസനയും അധാര്‍മിതകയും മൗലികവാദവും വെടിഞ്ഞ് പുതിയ മനുഷ്യരായി പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള ആത്മസമര്‍പ്പണത്തിന്റെ ഒരു നോമ്പ്കാലമായി ഈ ദിവസങ്ങളെ ഹൃദയത്തിലേറ്റേണ്ടതുണ്ട്.

''ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ...! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചു കളയേണമേ...!'' എന്ന് സങ്കീര്‍ത്തനങ്ങളില്‍ (51-1) പറയുന്നു.

''ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു (ഖുര്‍ ആന്‍ 21:01).

അവനവന്റെ കര്‍മത്തില്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നുവെന്നാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്.

കൊറോണ മൂലം അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും ഈ സമയത്ത് ഒരു ലക്ഷം മുതല്‍ 2,40,000 മരണങ്ങള്‍ വരെ ഉണ്ടായേക്കാമെന്ന പസിഡന്റ് ട്രംപിന്റെ വാക്കുകള്‍ളില്‍ വൈകിയുദിച്ച തിരിച്ചറിവിന്റെ നിസ്സഹായത പ്രകടമാകുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങള്‍ക്കായി തയാറാകണമെന്നും യാത്രകള്‍ ഒഴിവാക്കാണമെന്നും റസ്‌റ്റോറന്റുകളില്‍ പോകരുതെന്നും വീട്ടിലിരിക്കണമെന്നും ട്രംപ് അഭ്യര്‍ത്ഥിക്കുന്നു. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 865 പേര്‍ കൊറോണ ബാധിച്ച് മരിച്ച സംഭവമുണ്ടായി. ആദ്യമായാണ് ഒരു ദിവസം (മാര്‍ച്ച് 31) ഇത്രയുമധികം ആളുകള്‍ മരിക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ഗുരുതരമായ സ്ഥിതിയിലെത്തിനില്‍ക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ അമേരിക്കയിലാണ്. ന്യുയോര്‍ക്ക് സംസ്ഥാനത്താണ് കോവിഡ് ഏറ്റവും വിനാശകാരിയാകുന്നത്. ന്യുയോര്‍ക്ക് കഴിഞ്ഞാല്‍ ന്യൂജേഴ്‌സിയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. കലിഫോര്‍ണിയ, മിഷിഗണ്‍, മാസച്യുസെറ്റ്‌സ്, ഫ്‌ളോറിഡ, വാഷിംഗ്ടണ്‍, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അയ്യായിരത്തില്‍ കൂടുതലാണ്.

കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ 200ന് അടുത്ത് രോഗികള്‍ മരിച്ചിട്ടുണ്ട്. 1.88 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,500ലധികം ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 7,251ഓളം രോഗികള്‍ കോവിഡില്‍നിന്നു മുക്തിനേടി. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് പ്രകാരം 4,055 ആളുകളുടെ ജീവന്‍ കോവിഡ് കവര്‍ന്നു കഴിഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ആദ്യഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്ന വിമര്‍ശനം തുടക്കം മുതല്‍ ശക്തമായിരുന്നു. തിരിഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കൊറോണ വൈറസ് മുന്നറിയിപ്പുകളെ അവഗണിച്ചെന്നായിരുന്നു ട്രംപിനെതിരെ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ട്രംപിന്റെ തന്നെ ചില പരാമര്‍ശങ്ങളും വിമര്‍ശനങ്ങള്‍ക്ക് കരുത്തേകി. മരണസംഖ്യ കണക്കാക്കിയാല്‍ ഫ്‌ളൂവിന്റെ അത്രയും ഗുരുതരമല്ല കൊവിഡ് 19 എന്നായിരുന്നു ട്രംപ് പറഞ്ഞത്. 2019ല്‍ ഫ്‌ളൂ ബാധിച്ച് 37000 അമേരിക്കക്കാരാണ് മരിച്ചത്. ഓരോ വര്‍ഷവും 2,70,00 നും 70,000നും ഇടയില്‍ ആളുകള്‍ ഇത്തരത്തില്‍ ഫ്‌ളൂ ബാധിച്ച് മരിക്കുന്നുണ്ട്. അപ്പോഴൊന്നും നിയന്ത്രണം ഏര്‍പ്പെടുത്താറില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ട്രംപ് തയ്യാറായിരിക്കുന്നുവവെന്നത് ആശ്വാസകരമാണ്.

അതുകൊണ്ടാണ് അമേരിക്ക നേരിടാന്‍ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്ന് അദ്ദേഹം യാഥാര്‍ത്ഥ്യ ബോധത്തോടെ പറഞ്ഞത്. ജനങ്ങള്‍ അതീവ ജാഗ്രത തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്നാണ് കൊവിഡ് 19 റെസ്‌പോണ്‍സ് കോ-ഓഡിനേഷന്‍ തലവന്‍ ഡിബോറ ബെര്‍ക്‌സിന്റെ പ്രതീക്ഷ. വൈറസ് പടരുന്നത് തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് രണ്ട് ലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്ന് വൈറ്റ് ഹസിലെ കോവിഡ് പ്രതിരോധ വിഭാഗം മേധാവി ഡോ. ആന്റണി ഫൗച്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുന്നതും ഇതിന് അനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വൈറസ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ വര്‍ധിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിയുമെന്നതാണ് സ്ഥിതിയെന്ന് പറയപ്പെടുന്നു.

ഇതിനിടെ കൊറോണ ലോകവ്യാപകമായി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയുമെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഈ തകര്‍ച്ചയെ അതിജീവിക്കുകയെന്നും അവ ജനസംഖ്യാ അനുപാതത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ചൈനയും ഇന്ത്യയുമാണെന്നും യു.എന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ വളരെ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതും ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ സാധാരണ അവസ്ഥയിലേക്ക് വന്നതുമാണ് ഈ പ്രവചനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

വാല്‍ക്കഷണം

മംഗലാപുരം-കാസര്‍ഗോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടകം ഹൈക്കോടതിയില്‍ വീണ്ടും വ്യക്തമാക്കിയതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ മംഗലാപുരം അതിര്‍ത്തി മണ്ണിട്ടടച്ചതിനാല്‍ തുടര്‍ ചികിത്സക്കായി പോവുന്ന രോഗികള്‍ തലപ്പാടി ജംക്ഷനില്‍ ആംബുലന്‍സില്‍ മരിച്ചുവീഴുകയാണ്. കഴിഞ്ഞ ദിവസവും ചികിത്സകിട്ടാതെ ഇപ്രകാരം ഒരു മരണം കൂടി സംഭവിച്ചു. ഇതോടെ ചികിത്സ കിട്ടാതെ മരിച്ച മലയാളികളുടെ എണ്ണം കാസര്‍ഗോഡ് ആറായി.

കര്‍ണാടകം അയല്‍ക്കാരെ ശത്രുവിനെപ്പോലെ സ്‌നേഹിക്കുന്നു... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക