Image

ആയിരങ്ങള്‍ മരിക്കുന്ന ന്യൂയോര്‍ക്കില്‍ ഉരുകി ജ്വലിക്കുന്ന മേരിയും സൂസനും, ഒപ്പം അജിത്ത്, ടോണി, ജോസ് (കുര്യന്‍ പാമ്പാടി)

Published on 01 April, 2020
ആയിരങ്ങള്‍  മരിക്കുന്ന ന്യൂയോര്‍ക്കില്‍ ഉരുകി ജ്വലിക്കുന്ന മേരിയും സൂസനും, ഒപ്പം  അജിത്ത്, ടോണി, ജോസ് (കുര്യന്‍ പാമ്പാടി)
മലയാളി  തോമസ് ഡേവിഡ് ഉൾപ്പെടെ ആയിരത്തിലേറെ  പേർ മരിച്ചതോടെ അമേരിക്കയിലെ ഏറ്റവും വലിയ കൊറോണ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോർക്കിൽ,  കോവിഡിനോട് പടവെട്ടാൻ മേരിഎബ്രഹാമും സൂസൻ ജോസഫും അവർക്കു പിന്തുണ നൽകാൻ  ഹാർവാർഡിൽ അജിത്ത് തോമസും യേലിൽ   ടോണി റോയിയും റെഡി.  745 കിമീ അകലെ മിഷിഗണിലെ ലേക്ക് ഹുറോൺ  മെഡിക്കൽ സെന്ററിന്റെ പുതിയ സിഇഒ ജോസ് കോട്ടൂരും അവരോടൊപ്പം.

സപ്ലൈ വരുന്നു വരുന്നു  എന്ന് പറയുന്നതല്ലാതെ ഒന്നും കിട്ടുന്നില്ലെന്ന് ക്വീൻസിൽ എംഹേഴ്സ്റ് ഹോസ്പിറ്റൽ എമർജൻസി റൂമിലെ ഡോ. കൊളീൻ സ്മിത്ത് ന്യൂയോർക് ടൈംസിനോട് തുറന്നടിച്ചത് ലോകമാകെ വൈറൽ ആയി. അവർ രണ്ടാം ദിവസവും ഒരേ മുഖമൂടി ധരിക്കുന്നതിന്റെ ചിത്രവും കേരളം കണ്ടു.

''മൻഹാട്ടനിൽ ജോലി കഴിഞ്ഞു ഞാൻ എല്ലാ ദിവസവും ഇറങ്ങുന്നതു എംഹേഴ്സ്റ് ഹോസ്പിറ്റലൈന് മുമ്പിലാണ്. ഷോപ്പിംഗ് കഴിഞ്ഞു അതിന്റെ മുമ്പിലൂടെ അസ്റ്റോറിയ വരെ ഒന്നര കി മീ. നടക്കും-- അസ്റ്റോറിയയിലെ വീട്ടിൽ നിന്ന് മകൻ വിളിച്ചറിയിച്ചു. 

 ന്യൂ യോർക്കിൽ  തോമസ് ഡേവിഡും ന്യൂ ജേഴ്സിയിൽ കുഞ്ഞമ്മ സാമുവലും മരിച്ച വാർത്ത കേരളത്തെ നടുക്കിയപ്പോൾ   ഇറ്റലിയിൽ നിന്നു കൊറോണ ബാധിച്ചെത്തിയ മൂന്നു പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന്  ഡിസ്ചാർജ് ചെയ്യപ്പെട്ടതും    അവരുടെ വയോവൃദ്ധരായ മാതാപിതാക്കൾ  കോട്ടയം മെഡിക്കൽ കോളേജിൽ സുഖം പ്രാപിച്ച്‌ വരുന്നതും കേരളത്തിന് ആശ്വാസം പകർന്നു.

ന്യൂയോർക്കിലെ എംഹേഴ്സ്റ് മെമ്മോറിയൽ ആശുപത്രിയിൽ ഡോക്ടർമാരോ നഴ്‌സുമാരോ ആയി മലയാളികൾ ഉണ്ടാവുമോ എന്ന അന്വേഷണം ആശുപത്രി നടത്തുന്ന ന്യൂയോർക്ക്സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസിന്റെ സൈറ്റിൽ എത്തിച്ചു. സിറ്റിയിലെ 112 രാജ്യങ്ങളിൽ നിന്നുള്ള 88 ലക്ഷം പേരെ കൈകാര്യം ചെയുന്ന 11  ആശുപത്രികളും ആറു  ഡയഗ്നോസ്റ്റിക് സെന്ററുകളും 70 പ്രൈമറി ഹെൽത്ത്  സെന്ററുകളും അവർക്കുണ്ട്.
 
ഹോസ്പിറ്റൽ സൈറ്റിൽ എല്ലാ ഡോകർമാരുടെയും പേരുവിവരങ്ങൾ അടങ്ങിയ 1013 പേജുകൾ ഉള്ള ഡയറക്ടറി ഉണ്ട്. നാലാം പേജിൽ മൻഹാട്ടനിലെ ബെൽവ്യൂ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഡോ. മേരി എബ്രഹാം ഉണ്ട്. ഇന്റേണൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നു. അറിയാവുന്ന ഭാഷകളുടെ കൂട്ടത്തിൽ മലയാളവും. 

ആദ്യത്തെ 60 പേജ് മറിച്ചപ്പോൾ സ്മിത എബ്രഹാം (ബ്രോൺസ്), റോസ് മരിയ ആലപ്പാട്ട് (ക്വീൻസ്),  ജോസഫ് പോൾ  ആലുങ്കൽ (മൻഹാട്ടൻ), ജോസഫ് ജെയിംസ് ആരംപുളിക്കൽ (ബ്രൂക് ലിൻ)), എലിസബത്ത് അഗസ്റ്റിൻ (ന്യുറോസർജറി) എന്നിവരെയും മറ്റനവധി ഇന്ത്യക്കാരെയും കണ്ടെത്തി. ആകെ നാലായിരത്തോളം ഡോക്ടർമാർ.
 
സിറ്റി ഹോസ്പിറ്റലുകളിലെ മികച്ച നഴ്‌സുമാർക്ക് അവാർഡ് നൽകുന്ന പതിവുണ്ട്. 2018ൽ അവാർഡ് നേടിയ 16 പേരിൽ ഒരാൾ ബ്രോൺസിൽ സേവനം ചെയ്യുന്ന സൂസി ജോസഫ് ആണ്.. ബിഎസി നേഴ്സ്. ഐസിയുവിന്റെ ചുമതല.  ലിസ്റ്റിൽ കിങ്‌സ് കൗണ്ടിയിൽ മെഡിക്കൽ , സർജിക്കൽ, സ്ട്രോക്ക് വിഭാഗത്തിൽ ജോലി ചെയ്യുന്ന നബീസ മിനാസും   ബെൽവ്യുവിൽ തന്നെയുള്ള ഷീല പാണ്ഡ്യയുമുണ്ട് .

ന്യൂയോർക്കിൽ നിന്ന് 340 കിമീ. അകലെ മാസച്ചുസെട്സിൽ ബോസ്റ്റന് അടുത്താണ്  പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റി. അവിടെ മെഡിക്കൽ സ്‌കൂളിൽ അസ്സോസിയേറ് പ്രൊഫസറും ബോസ്റ്റണിലെ ബേത്ത് ഇസ്രായേൽ ഡിക്കോണസ് മെഡിക്കൽ സെന്ററിൽ ന്യുറോസർജറി വിഭാഗം മേധാവിയുമാണ് ഡോ. അജിത് തോമസ്.  കോട്ടയം ദേവലോകത്തെ  തോമസ് ജോൺ-മേരികുട്ടി ദമ്പതിമാരുടെ മകൻ. 

കൊറോണമൂലം ഹാർവാർഡ് യൂണിവേഴ്സിറ്റി മാർച്ച് 14നു അടച്ചു. കുട്ടികൾ ഹോസ്റ്റലുകൾ വിട്ടു പോകാൻ ആജ്ഞാപിച്ചു. ഓണലൈനിൽ ആണ് ഇപ്പോൾ വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി പ്രസിഡണ്ട് ലോറൻസ് എസ്. ബാക്കോ കൊറോണ ബാധിച്ച് ഏകാന്ത വാസത്തിലാണ്‌--അജിത് ഈ ലേഖകനോട് പറഞ്ഞു.

എന്നിരുന്നാലും കൊറോണയെ നേരിടാൻ അടിസ്ഥാന ഗവേഷണങ്ങൾ തുടരുന്നു. വിദ്യാർത്ഥികളെ ഒരുക്കൂട്ടി നിരവധി പരിപാടികൾ സർവകലാശാല സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ അധ്യയനം നേരത്തെ പൂർത്തിയാക്കി  ജന സേവനത്തിനുനിയോഗിച്ചു. സർവകലാശാലക്കു ബന്ധമുള്ള  ബോസ്റ്റണിലെ മാസച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലും മറ്റും  കൊറോണബാധിതർക്ക് മുൻഗണന നൽകി വരുന്നു.

ന്യൂയോർക്കിൽ നിന്ന് 125 കിമീ. വടക്കു കണക്ടികട് സ്റ്റേറ്റിലെ ന്യുഹാവനിൽ യേൽ യൂണിവേഴ്സിറ്റി മെഡിക്കൽ സ്‍കൂളിൽ ആറുവർഷത്തെ ഫെല്ലോഷിപ് ചെയ്യുന്ന ഇന്റെര്ണൽ  മെഡിസിൻ റസിഡന്റ് ആണ് ടോണി റോയ്. കോട്ടയം ഗാന്ധിനഗറിലെ ഡോ. റോയ് മാത്യുവിന്റെയും ഡോ. റോയിയുടെയും മകൻ. കാർഡിയോളജിയിൽ എംഡിയും എംആർസിപിയുമാണ്. 

കൊറോണ രോഗികൾ കൂടി വരുന്നതിനാൽ ന്യൂയോർക്, ന്യൂജേഴ്‌സി, കണക്ടിക്കട് എന്നിവിടങ്ങളിൽ  ലോക്ഡൌൺ പ്രഖ്യാപിക്കുമെന്നു ട്രംപ് പറഞ്ഞിരുന്നു. പിന്നീട് അഭിപ്രായം മാറ്റി. യേൽ മെഡിക്കൽ സ്‌കൂളിൽ രോഗബാധിതരെയും രോഗമുണ്ടോ എന്ന് സംശയിക്കുന്നവരെയും കൈകാര്യം ചെയ്യാൻ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ടോണി അറിയിച്ചു.

പ്രശസ്ത ഗൈനക്കോളജിസ്റ് ആയ കുഞ്ഞമ്മ റോയ് കാനഡയിലെ കാൽഗരിയിൽ മൂത്ത മകനെ സന്ദർശിക്കുന്നതിനു പോകും വഴി യേൽ കാമ്പസിൽ എത്തുകയുണ്ടായി. ഐവി ലീഗ് സർവകലാശാലകളിൽ ഒന്നായ യേലിന്റെ വിരിച്ചോരുക്കിയ കാമ്പസിൽ ചുറ്റി നടന്നത് മറക്കാനാവാത്ത ഒരനുഭവം ആയിരുന്നെന്നു  കുഞ്ഞമ്മ പറയുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ഹ്യൂറോണിലേക്ക് നിഴൽ വീഴ്ത്തി നിൽക്കുന്നതാണ് മിഷിഗണിലെ ലേക് ഹുറോൺ   മെഡിക്കൽ സെന്റർ.  അതിന്റെ സിഇഒ ആയി മൂന്ന് മാസം മുമ്പ് ചാർജ് എടുത്ത കോട്ടയം കിടങ്ങൂർ സ്വദേശി ജോസ് കോട്ടൂരിനു മെഡിക്കൽ രംഗത്ത് ഏകദേശം മൂന്നു പതിറ്റാണ്ടിന്റെ അനുഭപരിജ്ഞാനമുണ്ട്. മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കൈനസിയോളജിയിൽ  മാസ്റ്റേഴ്സ് എടുത്ത ആൾ. സർവകലാശാലയുടെ റിഹാബിലിറ്റേഷൻ സർവീസ് ഡയക്ടറായിരുന്നു.  

ന്യൂ യോർക്കിൽ നിന്ന് വളരെ അകലെയാണെങ്കിലും മിഷിഗനും കൊറോണയുടെ പിടിയിൽ അമർന്നുകഴിഞ്ഞു. സ്റ്റേറ്റിൽ  7615 പേരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം 260ൽ  എത്തി. ഡിട്രോയ്റ്, ഓക്ലൻഡ്, മക്കോബ്, വെയ്ൻ  എന്നിവിടങ്ങളിലാണ് രോഗം രൂക്ഷ മായിട്ടുള്ളത്. ലേക്ക് ഹുറോണിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതായി കോട്ടൂർ  പറഞ്ഞു. സിസ്റ്റേഴ്സ് ഓഫ് മേഴ്‌സി എന്ന കാണായ്‌സ്ത്രീ സമൂഹം 1954ൽ സ്ഥാപിച്ചതാണ് ആശുപത്രി.
 
ഇന്ത്യയിൽ 15  കോടി കുടിയേറ്റത്തൊഴിലാളികളുണ്ട്. അതിൽ 15 ലക്ഷം എങ്കിലും കേരളത്തിൽ ഉണ്ടാവും. അവയിൽ ഏറ്റവും കൂടുതൽ പാർക്കുന്ന രണ്ടു മേഖലകളാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരും കോട്ടയം ജില്ലയിലെ പായിപ്പാടും. ആസാം, ബംഗാൾ,  ഒറീസ, ബീഹാർ, ഉത്തരപ്രദേശ്‌എന്നിവിടങ്ങളിൽ നിന്നുള്ള ഇവരെ അന്യ ദേശക്കാരെന്നാണ് ആദ്യം വിളിച്ചിരുന്നത്.ഇപ്പോൾ അവർ .അതിഥി തൊഴിലാളികൾ. 

ലോക്ദറൗണ് മൂലം അവർക്കെല്ലാം പണി ഇല്ലാതായി. ഭക്ഷണത്തിനും ബുദ്ധിമുട്ട്. പായിപ്പാട്ടും പെരുമ്പാവൂരും അവർ സംഘടിതമായി തെരുവിലിറങ്ങി. നാട്ടിലേക്കു മടങ്ങാൻ യാത്രാ ത്ര സൗകര്യം വേണമെന്നായിരുന്നു പ്രധാനആവശ്യം.  ട്രെയിനുകൾ ഒന്നും ഓടാത്തതിനാൽ അത് നടപ്പില്ലെന്നു അധികൃതർ പറഞ്ഞു. ആയിരക്കണക്കിന് കിമീ അകലത്തേക്കു ബസ് ഓടിക്കുന്നതും ത് അപ്രായോഗികം. ഒടുവിൽ  ഭക്ഷണവും താമസവും ഉറപ്പാക്കാമെന്നുള്ള  കരാറിൽ അവർ പിരിഞ്ഞു.

അതിഥികൾക്ക് വേണ്ടി കേരളം ഒട്ടേറെ ചെയ്യുന്നുണ്ട്. അവരെ മലയാളം പഠിപ്പിക്കുന്നു. കുട്ടികൾക്ക് സ്‌കൂളിൽ ചേരാൻ അവസരം ഒരുക്കുന്നു. അവയുടെ ഭാഷ പറയാൻ കഴിവുള്ളവരെ ചേർത്ത് ഹെൽപ്ലൈൻ ഉണ്ടാക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തെ വച്ചുകൊണ്ടു ചിലർ നടത്തുന്ന പ്രചാരണത്തിൽ കുടുങ്ങിയാണ് അവർ തെരുവിലിറങ്ങിയതെന്നു പായിപ്പാട്ടെ പ്രകടനം നേരിൽ കണ്ട സാമൂഹ്യ നിരീക്ഷകൻ ഡോ. യേശുദാസ് എം അത്യാൽ പറയുന്നു. 

പത്തു വര്ഷം ബോസ്റ്റണിൽ പ്രസിഡ്പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിച്ച  ആളാണ് ദാസ്. ബോസ്റ്റനിലും  ഹാർവാർഡിലും  എംഐടിയിലും സുഹ്രുക്കൾ ഉണ്ട്. ഫിലോസഫി പ്രഫസർ ആയിരുന്ന ബോസ്റ്റണിലെ ഡോ. പി.എം ജോൺ (93) ആണ് ഒരാൾ. 

കൊറോണക്കാലത്ത് ദുബൈയിൽ മരിച്ച മലയാളികളെ നാട്ടിലെത്തിക്കാൻ  വിമാനം ചാർട്ടർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ദുബായ് പള്ളി  വികാരി ഞായറാഴ്ചയിലെ മലയാളം  കുർബാനക്കിടയിൽ. "മന്ത്രിയുടെ മക്കൾ ആയിരുന്നു മരിച്ചതെങ്കിൽ  അത് ഉടനടി നടക്കുമായിരുന്നു എന്ന അദ്ദേഹം വിലപിക്കുന്നു. 

സാമൂഹ്യ അകലം നിർബന്ധമായി നടപ്പിലാക്കിയതിൽ ഒരു പരിഭവവും ഇല്ലാത്ത ഒരു കൂട്ടർ നാട്ടിലെ വൃദ്ധ ജനങ്ങളാണെന്നു പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ റവ. ഡോ വത്സൻ തമ്പു ഫേസ്ബുക്കിൽ തന്റെ പ്രതിവാര  വീഡിയോ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. വൃദ്ധജനങ്ങൾ പണ്ടേ അകലത്തിലാണ്. അവർക്കു ജീവിതത്തിൽ  എന്ത് വേണം എന്ത് വേണ്ട എന്ന മുൻഗണനകളെക്കുറിച്ച് നന്നായി അറിയാം. കൊറോണ എന്ന അണു കടുകുമണി പോലെ മുളച്ച് വളർന്നു വൻ വൃക്ഷമായി തണൽ നൽകും--അദ്ദേഹം പറയുന്നു. 

കോട്ടയത്തെ ഓർത്തഡോക്സ്  സെമിനാരി   പ്രിൻസിപ്പലായിരുന്ന ഫാ. ഡോ കെ എം ജോർജ് എക്കാലവും വ്യത്യസ്തനായ  ചിന്തകനാണ്. ലോക് ഡൌൺ  കാലത്തെ ഒരു പ്രഭാതഭക്ഷണം അദ്ദേഹം സ്വന്തമായി തയാറാക്കി. അടുക്കളത്തോട്ടത്തിൽ നിന്നുള്ള ചേമ്പ് പുഴുങ്ങിയത് പ്രധാന ഇനം,  ചെറുപയർ,  പച്ചചീര, വേപ്പില, ഉരുളക്കിഴങ്ങ്, തക്കാളി വേവിച്ചുള്ള  ഒരു കറി,  കോവിഡിന് പ്രതിവിധിഎന്ന്  ലെബനോൻ  മലകളിൽ   സെഡാർ മരങ്ങളുടെ നിഴലിൽ ജീവിക്കുന്ന ഒരു സുഹൃത്ത് നിർദേശിച്ച പ്രകാരം  ഉള്ളി അരിഞ്ഞുണ്ടാക്കിയ  സാലഡ്‌,   നാരങ്ങാനീരു ചേർത്ത  ചൂടുവെള്ളം-- തീർന്നു  വിഭവങ്ങൾ. ലോകം പ്രകൃതിയിലേക്ക് മടങ്ങണം എന്നു സന്ദേശം.
Join WhatsApp News
Rockland NY 2020-04-02 12:40:09
IN Monsey- Rockland NY:-According to the state, Rockland has 3,321 positive cases of Covid-19. One of them is mine. I’ve been quarantined to a bedroom since March 20th. Ya know.... I’m following doctor’s orders! The two images above were captured today at a cemetery in Monsey. They’re right on top of each other (AGAIN) spreading it around. They will then go to Costco, Wegman’s and assorted physician’s offices to share their wealth with people that are responsible. I have made myself very clear hundreds of times in the past. This community, historically, refuses to follow laws. That said, laws must significantly crash down upon them to save our county! Monsey and New Square MUST BE ISOLATED AND QUARANTINED! Nobody comes in and nobody leaves. This lawbreaking is going to result in more deaths! We need the NATIONAL GUARD to corral and arrest those in this community who continue to do this! Our Covid-19 numbers will continue to skyrocket and we will once again become an international embarrassment! It’s truly infuriating that this community continues to behave this way!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക