Image

ഹോം ഓഫീസ്: എര്‍ഗോണമിക്സും സുരക്ഷയും (മുരളി തുമ്മാരുകുടി, നീരജ ജാനകി)

മുരളി തുമ്മാരുകുടി, നീരജ ജാനകി Published on 02 April, 2020
 ഹോം ഓഫീസ്:  എര്‍ഗോണമിക്സും സുരക്ഷയും (മുരളി തുമ്മാരുകുടി, നീരജ ജാനകി)
വീട്ടില്‍ ഓഫീസ് സെറ്റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തില്‍ എര്‍ഗണോമിക്‌സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേര്‍ പരാതി പറഞ്ഞിരുന്നു. പൊതുവെ മലയാളികള്‍ക്ക് അത്ര പരിചയമുള്ള പദമല്ല എര്‍ഗോണോമിക്‌സ്, മലയാളത്തില്‍ ഇതിനൊരു വാക്ക് ഉണ്ടോ എന്നുമറിയില്ല.

 'an applied science concerned with designing and arranging things people use so that the people and things interact most efficiently and safely' (വ്യക്തികളുടേയും പ്രവര്‍ത്തന പരിതഃസ്ഥിതികളുടേയും പഠനം) എന്നതാണ് എര്‍ഗണോമിക്‌സിന്റെ നിര്‍വ്വചനം.

 

ശരാശരി ആളുകള്‍ ഓഫിസില്‍ ദിവസം എട്ടുമണിക്കൂറോളം ജോലി എടുക്കുന്നു. അപ്പോള്‍ അവിടെ നിന്നാണോ ഇരുന്നാണോ ജോലി ചെയ്യുന്നത്, എവിടെ ഇരിക്കുന്നു (അഥവാ നില്‍ക്കുന്നു), കൂടുതല്‍ സമയം കന്പ്യൂട്ടറില്‍ ആണോ ഫോണില്‍ ആണോ (സാധാരണ ഓഫീസ് സമയത്ത് മറ്റെവിടെയെങ്കിലും ആണോ) എന്നതൊക്കെ പ്രധാനമാണ്. ഒരേ ജോലി തന്നെ വര്‍ഷങ്ങളായി ചെയ്യുന്‌പോള്‍ സാധാരണഗതിയില്‍ പ്രശ്‌നമല്ലാത്ത കാര്യങ്ങള്‍ പോലും ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആധുനിക ഓഫീസുകള്‍ ഡിസൈന്‍ ചെയ്യുന്‌പോള്‍ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പോരാത്തതിന് ഓരോ ആധുനിക ഓഫിസുകളിലും ഒക്ക്യൂപ്പേഷണല്‍ ഹെല്‍ത്ത് അഡൈ്വസര്‍ ഉണ്ടാകും. അവര്‍ പൊതുവിലുള്ള എര്‍ഗോണോമിക്‌സ് ചെക്ക് ചെയ്യുന്നത് കൂടാതെ ഒരോ വ്യക്തിയുടെയും ജോലിയും, ഓഫീസ് സെറ്റ് അപ്പും പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. ചിലപ്പോള്‍ പ്രത്യേകതയുള്ള ഓഫീസ് ഉപകരണങ്ങളും നല്‍കും. ജനീവയില്‍ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്ന എനിക്ക് നടുവേദന ഉണ്ടാകാതിരിക്കാന്‍ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു മേശയുണ്ട്. ഒരു മണിക്കൂര്‍ ഇരുന്നു ജോലി ചെയ്താല്‍, അടുത്ത അരമണിക്കൂര്‍ നിന്ന് ജോലി ചെയ്യാം. മേശയുടെ അറ്റത്തുള്ള സ്വിച്ച് അമര്‍ത്തിയാല്‍ മേശയുടെ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

 വീട്ടില്‍ ഓഫീസ് സെറ്റ് ചെയ്യുന്‌പോള്‍ നമുക്ക് പല പരിമിതികളുമുണ്ട്. പോരാത്തതിന് നമുക്ക് ഉപദേശം തരാന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അല്ലെങ്കില്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി ഉപദേഷ്ടാവ് അവിടെയില്ല. അതുകൊണ്ട് സാമാന്യമായ കുറച്ച് ഉപദേശങ്ങള്‍ തരാം, കൂടുതല്‍ എങ്ങനെ ലഭിക്കുമെന്ന് പറയുകയും ചെയ്യാം.

 
1. ഈ ലോക്ക് ഡൌണ്‍ കാലം മൂന്നാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, അതില്‍ത്തന്നെ ഒരാഴ്ച കഴിഞ്ഞു. ഇനിയിപ്പോള്‍ രണ്ടാഴ്ചക്ക് വേണ്ടി ഓഫീസ് എര്‍ഗണോമിക്‌സ് നോക്കേണ്ടതുണ്ടോ എന്ന ചിന്ത നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇപ്പോഴേ ദൂരെ കളയുക. ഒരു വെടിക്കെട്ടു കൊണ്ട് തീരുന്ന പൂരമല്ല ഇത്. എപ്പോഴാണ് കൊറോണക്കാലം അവസാനിക്കുക, സാധാരണ ഓഫീസ് ജീവിതം സാധ്യമാവുക എന്ന് ആര്‍ക്കും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പോരാത്തതിന് കൊറോണ കഴിഞ്ഞുള്ള കാലത്തും സ്ഥിരമല്ലെങ്കിലും വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ ജീവിത രീതിയായി മാറാന്‍ പോവുകയാണ്. അതുകൊണ്ടു തന്നെ ഹോം ഓഫീസ് സെറ്റ് അപ്പും ഓഫീസ് എര്‍ഗണോമിക്സും കാര്യമായി എടുക്കുക.

 
2. നമ്മുടെ ഓരോരുത്തരുടെയും പരിമിതിക്കുള്ളില്‍ ഏറ്റവും ഉചിതമായ സ്ഥലം ഹോം ഓഫീസിനായി കണ്ടുപിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികളോ ഗാരേജോ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കിയെടുക്കുന്നതാണ് ബെഡ്റൂമോ ഡൈനിങ്ങ് റൂമോ ടി വി റൂമോ  ഓഫീസ് ആക്കുന്നതിലും നല്ലത്.  

 
3. സ്റ്റോര്‍ റൂമും ഗാരേജുമൊക്കെ വേഷം മാറ്റിയെടുക്കുന്‌പോള്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രകാശം വേണം. (എവിടെ നിന്നാണ് പ്രകാശം വരേണ്ടത് എന്ന് പിന്നെ പറയാം). രണ്ടാമത് മുറിയിലുള്ള ലൊട്ടു ലൊടുക്ക് സാധനങ്ങള്‍ തല്‍ക്കാലം വെബ് കാം റേഞ്ചില്‍ നിന്നു മാറ്റി വെറുതെ കൂട്ടിവെക്കരുത്. അലമാരിക്ക് മുകളിലിരിക്കുന്ന പഴയ മോണിറ്റര്‍ തലയിലേക്ക് വീഴുന്ന സാഹചര്യം നല്ലതല്ല.

 4. കസേര, മേശ തുടങ്ങി ഫര്‍ണിച്ചറുകള്‍, മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നീ ഇലക്ടോണിക് എക്വിപ്‌മെന്റുകള്‍, നല്ല ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ആശയവിനിമയത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയാണ് ഒരു ഹോം ഓഫീസിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍. ജോലിയുടെ സ്വഭാവമനുസരിച്ച്, ഒന്നിലധികം മോണിറ്ററുകളോ മറ്റുപകരണങ്ങളോ ആവശ്യമായി വരും.

 5. ഹോം ഓഫീസ് ജോലികള്‍ ബഹുഭൂരിപക്ഷവും ഇരുന്നുകൊണ്ട് ചെയ്യേണ്ടവയാണ്. നമ്മള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനവധി പ്രത്യേകതകളുള്ള കസേരയാണ് ഓഫീസുകളില്‍ ഉള്ളത്. റോളര്‍ വീലുകള്‍ (അഞ്ചെണ്ണം), ഉയരം മാറ്റാവുന്നത്, ആം റെസ്റ്റ് ഉള്ളത്, ബാക്കില്‍ സപ്പോര്‍ട്ട് ഉള്ളതും അഡ്ജസ്റ്റ് ചെയ്യാവുന്നതും, എന്നിങ്ങനെ. വീടുകളില്‍ സാധാരണഗതിയില്‍ ഇത് ഉണ്ടായിക്കൊള്ളണം എന്നില്ല. അതിനാല്‍ നല്ലൊരു കസേരക്കായി അല്‍പ്പം പണം മുടക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലിചെയ്യുന്നവര്‍ക്ക് ജോലിസമയങ്ങളില്‍ നടുവിനും സ്പൈനല്‍ കര്‍വുകളെയും സപ്പോര്‍ട്ടു ചെയ്യുന്ന കസേരകള്‍ ഇല്ലെങ്കില്‍ ലോക്ക് ഔട്ട് കഴിയുന്‌പോഴേക്കും നടുവൊടിയും!

6. ഇനി ഇരിപ്പുരീതി (sitting posture) പറയാം. കസേരയില്‍ നിവര്‍ന്നിരിക്കാന്‍ കഴിയണം. മേശയുടെ/മോണിറ്ററിന്റെ പൊസിഷന്‍, നിങ്ങളുടെ ഉയരം എന്നിവക്കനുസരിച്ചു കസേരയുടെ ഉയരം കാല്‍പ്പാദം പൂര്‍ണമായും നിലത്തുറപ്പിക്കുന്ന വിധത്തില്‍ ക്രമീകരിക്കാം. ആവശ്യമെങ്കില്‍ കാലുകള്‍ വെയ്ക്കാനായി ഫൂട്ട് റെസ്റ്റ് ഉപയോഗിക്കാം. തുടകള്‍ തറക്കു സമാന്തരമായിവരുന്നരീതിയിലായിരിക്കണം കാലുകളുടെ പൊസിഷന്‍. കൂടാതെ ഇരിക്കുന്ന അവസ്ഥയില്‍  ശരീരം (നട്ടെല്ല്) കാലുകളില്‍നിന്നും 90 ഡിഗ്രി ആങ്കിളിലായിരിക്കണം. ഇവിടെ മേശയുടെ ഉയരവും പ്രധാനമാണ്. കാലോ കാല്‍മുട്ടുകളോ മേശയില്‍ തട്ടുന്ന വിധത്തില്‍ ഇരിക്കരുത്.

7. ജോലിചെയ്യുന്‌പോള്‍ (കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്‌പോഴും മറ്റും) കൈമുട്ടുകള്‍ 90 ഡിഗ്രി ആങ്കിളിലായിരിക്കണം. കൈകള്‍ സുഗമമായി വെക്കാന്‍ ആംറെസ്റ്റിന്റെ സ്ഥാനം അനുയോജ്യമായ രീതിയിലാക്കുക. കീ-ബോര്‍ഡിലേക്കെത്താന്‍ കൈകള്‍ മുന്നോട്ടായേണ്ടി വരരുത്. മൗസ്, കീബോര്‍ഡ് എന്നിവ ഉപയോഗിക്കാന്‍ ഷോള്‍ഡര്‍ മുഴുവനായി ഇളക്കുന്നതിനു പകരം കൈമുട്ടുകളുപയോഗിച്ചു ചലിപ്പിക്കുക. മൗസും കീബോര്‍ഡും അധികം അകാലത്തിലല്ലാതെ വെക്കുകയും വേണം.

8. അടുത്തയായി ശ്രദ്ധിക്കേണ്ടത് നിങ്ങളും മോണിറ്ററും തമ്മിലുള്ള അകലമാണ്. മോണിറ്ററിന്റെ മുകള്‍ഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തില്‍, ഏകദേശം ഒരു കയ്യകലത്തില്‍ വെക്കാം. ഒരു കാരണവശാലും മോണിറ്ററില്‍ നോക്കുന്നതിനായി മുന്നോട്ടായുകയോ കുനിയുകയോ ചെയ്യാനിട വരരുത്. രണ്ടു മോണിറ്ററുകളുണ്ടെങ്കില്‍ രണ്ടിന്റെയും മധ്യത്തില്‍ മുഖം വരുന്നതുപോലെ ഇരിക്കണം.

9. കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസം കൊടുക്കാതെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്സ് നിജപ്പെടുത്തുക. എങ്ങനെ? ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ നിങ്ങളുടെ മുറിയിലെ വെളിച്ചത്തിനു തുല്യമായ തെളിച്ചം കന്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഉണ്ടായിരിക്കണം. കൂടുകയും ചെയ്യരുത്. അല്ലാത്തപക്ഷം കണ്ണിനു കൂടുതല്‍ സ്ട്രെയിന്‍ ഉണ്ടാകാം. ഈ സ്ഥിതി വളരെനേരം തുടര്‍ന്നാല്‍ ഇറിറ്റേഷന്‍, വേദന, കണ്ണുകള്‍ കൂടുതല്‍ വരണ്ടുപോകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

10. ഓഫീസ് ഫോണ്‍ എപ്പോഴും തൊട്ടടുത്തുതന്നെ വെയ്ക്കുക. ഫോണ്‍ ഉപയോഗിക്കുന്‌പോള്‍ തോളിനും ചെവിക്കുമിടയില്‍ ഫോണ്‍/റീസിവര്‍ തിരുകിവെക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. കൂടുതല്‍സമയം ഉപയോഗത്തിലുണ്ടെങ്കില്‍ സ്പീക്കര്‍ ഉപയോഗിക്കുകയോ ഹെഡ് ഫോണ്‍ വെയ്ക്കുകയോ ചെയ്യാം. ഹോം ഓഫീസ് സാഹചര്യത്തില്‍ ഫോണ്‍ കോളുകള്‍ എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമുള്ള അവസരമായി ഉപയോഗിക്കാം.

11. പലരും കൂടുതല്‍ നേരം ഒരേ പൊസിഷനിലിരുന്നു ജോലിചെയ്യുന്നവരായതിനാല്‍ ഓരോ ഒരുമണിക്കൂറിലും കസേരയില്‍നിന്ന് എഴുന്നേല്‍ക്കുക. അല്‍പ സമയം സ്‌ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യാം. കണ്ണുകള്‍ക്ക് സ്ട്രെയിന്‍ തോന്നുന്നെങ്കില്‍ അല്പസമയം കണ്ണടച്ചിരിക്കാം. സ്‌ക്രീനില്‍ നിന്നു കണ്ണു മാറ്റി ഒന്നിലേക്കും ഫോക്കസ് ചെയ്യാതെ ദൂരത്തേയ്ക്ക് നോക്കിയിരിക്കാം.

12. ആധുനിക ഓഫിസുകളില്‍ എ സി ഉണ്ടായിരിക്കുമെങ്കിലും വീട്ടില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ ഇനിവരുന്ന നാളുകള്‍ കേരളത്തിലെ ചൂട് അധികമാകുന്നതിനാല്‍ മുറിയിലെ ചൂട്, ജോലിചെയ്യാന്‍ അനുകൂലമായ നിലയില്‍ ക്രമീകരിക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കില്‍ ഇരിക്കുന്നിടം നല്ല വായൂസഞ്ചാരമുള്ള സ്ഥലമാകാന്‍ ശ്രദ്ധിക്കുക.

13. കന്പ്യൂട്ടറും മറ്റും കണക്ട് ചെയ്യുന്ന കോഡുകള്‍ കൃത്യമായി ഒതുക്കിവെക്കണം. പ്രത്യേകിച്ച് ഇലക്ട്രിസിറ്റി സപ്ലൈ വയറുകള്‍. നിലത്തോ, നിങ്ങളുടെ കാലുകള്‍ വെയ്ക്കുന്നിടത്തോ അലക്ഷ്യമായി ഇടരുത്. ഷോക്ക് അടിക്കുന്നത് കൂടാതെ അവയില്‍ തട്ടിവീഴുന്ന സാഹചര്യം ഒഴിവാക്കണം (സ്ലിപ്പ് ആന്‍ഡ് ട്രിപ്പ് ഹസാര്‍ഡ്).

14.  തീപിടിക്കാന്‍ സാധ്യതയുള്ളതോ അപകടമുണ്ടാക്കാവുന്നതോ ആയ വസ്തുക്കള്‍ മുറിയില്‍ സൂക്ഷിക്കരുത്. ഹോം ഓഫിസ് ആയതിനാല്‍ ഭക്ഷണവും ചായകുടിയും ഓഫീസ് ടേബിളില്‍ ചെയ്യാം എന്ന പരിപാടി വേണ്ട.

15. വളരെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാണാതാകുകയോ, കുട്ടികളോ മറ്റോ നശിപ്പിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്യരുത്. അത്തരം സാധനങ്ങള്‍ സൂക്ഷിക്കാതെ അലക്ഷ്യമായി വെക്കുന്നത് തികച്ചും അണ്‍പ്രൊഫഷണലായ രീതിയാണെന്ന് ഓര്‍ക്കണം. ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനവും ഉണ്ടായിരിക്കണം.

16. ഹോം ഓഫീസ് ടേബിളില്‍ വായിക്കാന്‍ വേണ്ടി വെളിച്ചം അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു ടേബിള്‍ ലാംപ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് നിങ്ങള്‍ എഴുതുന്ന കൈയുടെ എതിര്‍ വശത്തായിരിക്കണം. മോണിറ്ററിലേക്ക് പ്രകാശമടിച്ച് കാണാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാക്കരുത്,

17. ഇന്ത്യയിലെ അനവധി ആളുകളുടെ ജോലി വിദേശത്തെ സമയവുമായി ചേര്‍ന്നുപോകേണ്ട സാഹചര്യം ഉണ്ടാകാം. അതിനാല്‍ കൃത്രിമ വെളിച്ചം വേണ്ടി വരും. അത് നിങ്ങള്‍ക്ക് ആയാസകരമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

18. കൂടുതല്‍ സമയം ഫോണ്‍ ചെയ്യേണ്ട ജോലി ആണെങ്കില്‍ ഒരു ബാക്ക്ഗ്രൗണ്ട് നോയ്സ് ക്യാന്‍സെല്ലിങ് ഹെഡ് ഫോണ്‍ നിര്‍ബന്ധമായും വേണം.

 ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തുക. നാടുവിനോ കൈക്കുഴയ്ക്കോ വേദന തോന്നുന്നുണ്ടോ, കണ്ണുകള്‍ക്ക് ആയാസം അനുഭവപ്പെടുന്നുണ്ടോ, ചെവി വേദന ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. നിങ്ങളുടെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടുക. ഇന്റര്‍നെറ്റിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

സുരക്ഷിതരായിരിക്കുക.

 ഹോം ഓഫീസ്:  എര്‍ഗോണമിക്സും സുരക്ഷയും (മുരളി തുമ്മാരുകുടി, നീരജ ജാനകി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക