Image

മികച്ച പരിചരണം, നന്ദി: കോവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍

Published on 02 April, 2020
മികച്ച പരിചരണം, നന്ദി: കോവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍
കൊച്ചി : കോവിഡ് 19 ബാധിച്ചു  ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരന്‍ ബ്രയാന്‍ നീല്‍ (57) രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.  കേരളത്തെയും ഇന്ത്യയെയും സ്‌നേഹിക്കുന്നുവെന്ന് ബ്രയാന്‍ നീല്‍ പറഞ്ഞു. ജില്ലാ ഭരണകൂടം പുറത്തുവിട്ട വിഡിയോയില്‍ കേരള സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കും ജില്ലാ ഭരണകൂടത്തിനും കലക്ടര്‍ക്കും കളമശേരി മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ബ്രയാന്‍ നീല്‍ നന്ദി പറഞ്ഞു. മികച്ച ചികിത്സയാണു തനിക്കു ലഭിച്ചതെന്നും ബ്രയാന്‍ പറഞ്ഞു.

എച്ച്‌ഐവി ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നുകളായ റിത്തൊനവിര്‍, ലോപിനവിര്‍ എന്നീ മരുന്നുകള്‍ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. മൂന്നാറിലെ ഹോട്ടലില്‍ നിന്നു മുങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വിദേശത്തേക്കു മടങ്ങാന്‍ ശ്രമിക്കവേ വിമാനത്തില്‍ നിന്നു തിരിച്ചിറക്കിയാണു 15ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ ജെയ്ന്‍ ലോക്‌വു!ഡും ഇവിടെ നിരീക്ഷണത്തിലായിരുന്നെങ്കിലും രോഗമില്ലാത്തതിനാല്‍ നേരത്തേ ആശുപത്രി വിട്ടു. മൂന്നാര്‍ സംഘത്തിലുണ്ടായിരുന്ന 4 പേരെ മെഡിക്കല്‍ കോളജില്‍ നിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കി തുടങ്ങി 3 ദിവസത്തിനകം ബ്രയാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും പനി തുടര്‍ന്നു. ഇടതു ശ്വാസകോശത്തില്‍ പൂര്‍ണമായും വലതു ശ്വാസകോശത്തില്‍ ഭാഗികമായും ന്യുമോണിയ ബാധയുണ്ടായിരുന്നു.

ആന്റി വൈറല്‍ ചികിത്സ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പനി ശമിക്കുകയും ന്യുമോണിയ കുറഞ്ഞു തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കോവിഡ് 19 പരിശോധന ഫലവും നെഗറ്റീവായി. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഡോ. എ. ഫത്തഹുദ്ദീന്‍, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ. ഗീത നായര്‍, ഡോ. വിധുകുമാര്‍, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോള്‍ എന്നിവരടങ്ങുന്ന സംഘമാണു ചികിത്സിച്ചത്.

നഴ്‌സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍, സ്റ്റാഫ് നഴ്‌സുമാരായ നിര്‍മല, വിദ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ടി. രതീഷ് തുടങ്ങിയവരടങ്ങിയ സംഘം മികച്ച പരിചരണമാണു നല്‍കിയതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക