Image

കേന്ദ്രമന്ത്രി മുരളീധരന്‍ ഇടപെട്ടു; പാക്ക് സ്വദേശിയുടെ വെട്ടേറ്റു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തി

Published on 02 April, 2020
കേന്ദ്രമന്ത്രി മുരളീധരന്‍ ഇടപെട്ടു; പാക്ക് സ്വദേശിയുടെ വെട്ടേറ്റു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തി
മസ്കറ്റ്: ഒമാനിലെ ബുറൈമിയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ വെട്ടേറ്റുമരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കാര്‍ഗോ വിമാന സര്‍വീസ് ഉപയോഗപ്പെടുത്തിയാണു മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചത്. കേന്ദ്ര മന്ത്രി മുരളീധരന്റെ ഇടപെടല്‍ നടപടികള്‍ വേഗത്തിലാക്കി.

കഴിഞ്ഞ മാസം 28ന് ബുറൈമിയിലെ സാറ പ്രദേശത്താണ് തൃശൂര്‍ പൂവത്തൂര്‍ സ്വദേശി രാഗേഷ് (36) വെട്ടേറ്റു മരിച്ചത്. കൂടെ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയാണു രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. താമസ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേത്തിക്കുന്നത് കുടുംബാംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ വഴികള്‍ അടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജേഷിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ നന്ദേഷ് പിള്ള വിഷയത്തില്‍ ഇടപെടുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനുമായി ബന്ധപ്പെടുകയും ചെയ്യുന്നത്.

തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടുകയും മൃതദേഹം കാര്‍ഗോ വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. ബുധനാഴ്ച വൈകിട്ട് ദോഹ വഴിയുള്ള കാര്‍േഗാ വിമാനത്തില്‍ അയച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30നാണ് ബെംഗളുരുവില്‍ എത്തിയത്. ഇവിടെ നിന്നു റോഡ് മാര്‍ഗം രാഗേഷിന്റെ ജന്‍മനാടായ തൃശൂര്‍ പാവറട്ടി പൂവത്തൂരില്‍ എത്തിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക