Image

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധം- മുഖ്യമന്ത്രി

Published on 02 April, 2020
സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധം- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

പോത്തന്‍കോട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ജനജീവിതം സ്തംഭിപ്പിക്കാന്‍ അല്ല ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ നല്ല കരുതലോടെ നാം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

ഒരു കുടുംബത്തെയും ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലര്‍ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടപെഴകുന്നുന്നതായി കാണുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിക്കണം. അതോടൊപ്പം ആവശ്യമായ ബോധവല്‍ക്കരണവും ഉണ്ടാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക