Image

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു

Published on 03 April, 2020
 കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു

മാഡ്രിഡ്‌/റോം:രണ്ടാം ലോകയുദ്ധത്തിന്‌ ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തോളമായി. ഇതനുസരിച്ച്‌ 5 ശതമാനത്തോളമാണ്‌ ആഗോള മരണനിരക്ക്‌. എന്നാൽ മരണസംഖ്യയിൽ മൂന്നിൽരണ്ടും യൂറോപ്പിലായതിനാൽ അവിടെയാണ്‌ ഇപ്പോൾ മരണനിരക്ക്‌ ഏറ്റവും കൂടുതൽ. ഇതുവരെ രണ്ടേകാൽ ലക്ഷം പേർക്ക്‌ രോഗം ബാധിച്ച അമേരിക്കയിൽ ബുധനാഴ്‌ച മാത്രം ആയിരത്തിലധികമാളുകൾ മരിച്ചത്‌ അവിടെയും സ്ഥിതി ആശങ്കപ്പെടുത്തുന്നതാക്കി.

മരണസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള സ്‌പെയിനിൽ വ്യാഴാഴ്‌ച അറിയിച്ച മരണസംഖ്യ അവിടത്തെ റെക്കോഡാണ്‌. 24 മണിക്കൂറിനിടെ 950 പേർ കൂടി മരിച്ചപ്പോൾ സ്‌പെയിനിലും മരണസംഖ്യ 10000 കടന്നു. 10003 പേരാണ്‌ മരിച്ചത്‌. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 760 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13915 ആയി. ഇറ്റലിയിൽ ആദ്യമായി ജയിലിലും കോവിഡ്‌ ബാധിച്ച്‌ മരണമുണ്ടായി.ബെൽജിയത്തിൽ 183 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 1011 ആയി. മരണം ആയിരം കടന്ന ആറാമത്തെ യൂറോപ്യൻ രാജ്യമാണിത്‌. നെതർലൻഡ്‌സിൽ 166 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1339 ആയി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക