Image

വ്യാജ വാര്‍ത്താ പ്രചാരകരെ സൂക്ഷിക്കുക, ഇവരെ കൊറോണയും ഏശില്ല (ശ്രീനി)

ശ്രീനി Published on 03 April, 2020
 വ്യാജ വാര്‍ത്താ പ്രചാരകരെ സൂക്ഷിക്കുക, ഇവരെ കൊറോണയും ഏശില്ല (ശ്രീനി)
കൊറോണ ബാധ മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുംവിധം ലോകത്ത് വ്യാപിക്കുമ്പോള്‍  സോഷ്യല്‍ മീഡിയകളിലൂടെ സാമൂഹിക വിരുദ്ധരും തല്‍പ്പര കക്ഷികളും പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പോലീസിനും പൊതുജനത്തിനും ഒരുപോലെ ആശങ്കയും  ബുദ്ധിമുട്ടുമുണ്ടാക്കുന്നു. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം തെറ്റും ശരിയുമേതെന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്തവര്‍ അനേകമുണ്ട്. 

കൊറോണ വ്യാപന സമയത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേരളത്തില്‍ അനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലിലടക്കം നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് ലഭിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പാലക്കാട്ടെ ഒരു പോലീസുകാരന്‍ പ്രചരിപ്പിച്ചത്. സത്യത്തില്‍ ഇതൊരു ജനിതക വവൈകല്യമാണ്...പക്ഷേ ചികില്‍സയുണ്ട്...നല്ല ചൂരല്‍ പ്രയോഗം തന്നെ...

കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെയും പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മോഹന്‍ലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉള്‍പ്പെടുത്തിയായിരുന്നു സന്ദേശം. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാര്‍ത്ത. പോസ്റ്റ് പ്രചരിപ്പിച്ചത് സമീര്‍ എന്ന വ്യകതിയാണെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി വിമല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ആകാശത്ത് മരുന്ന് തളിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കൊറോണ വൈറസിനെതിരെ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ത്ഥം തളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. കൊറോണയെ നേരിടാന്‍ നാരാങ്ങാവെള്ളം കുടിച്ചാല്‍ മതിയെന്ന്, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ്.എം അഷ്‌റഫിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതുരെയും കേസുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി പരീക്ഷിച്ച് വിജയിച്ചതാണ് ഈ മാര്‍ഗ്ഗമമെന്നും പിന്നീട് മരുന്ന് കമ്പനികള്‍ ഇതിന്റെ പ്രചാരണം തടഞ്ഞെന്നും വരെ പറഞ്ഞു വക്കുകയാണ് ശബ്ദ സന്ദേശം. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ഒരുക്കിയിട്ടുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം എടവണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ്,  എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊഴിലാളികള്‍ക്ക് മടങ്ങാന്‍ അടുത്ത ദിവസം നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഉണ്ടെന്നാണ് ഇവര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശമാണ് പായിപ്പാട് അതിഥി തൊഴിലാഴികളെ തെരുവിലേയ്ക്ക് ഇളക്കിവിട്ടത്.

ലോകം അവസാനിക്കാന്‍ പോകുന്നുവെന്നായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. കശ്മീര്‍ താഴ്‌വരയില്‍ ചില ദുസൂചനകള്‍ കണ്ടുവെന്നും ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണിതെന്നും പ്രചാരണമുണ്ടായി. ഭയവിഹ്വലരായ ജനങ്ങള്‍ കൂട്ടത്തോടെ അര്‍ധ രാത്രി കൂട്ട ബാങ്ക് വിളി നടത്തി. ഉദ്യോഗസ്ഥരും ആശങ്കയിലായി ശ്രീനഗര്‍ സിറ്റി, സമീപ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ കൂട്ട ബാങ്ക് വിളിച്ചു. സാധാരണ അഞ്ച് നേരം നമസ്‌കരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ബാങ്ക് വിളിക്കാറ്. അര്‍ധരാത്രി എല്ലാവരും ചേര്‍ന്ന് ബാങ്ക് വിളിച്ചത് ഏറെ പരിഭ്രാന്തി പരത്തി. മേഖലയില്‍ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയായി. 

ലോകാവസാന വേളയില്‍ വരുമെന്ന് സെമറ്റിക് മതക്കാര്‍ വിശ്വസിക്കുന്ന 'ദജ്ജാല്‍' എന്ന വിചിത്ര ജീവി പ്രത്യക്ഷപ്പെട്ടുവെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. ആകാശത്ത് നിന്ന് ദജ്ജാല്‍ ഇറങ്ങി വരുന്നുവെന്നായിരുന്നു പ്രചാരണം. ഇത് കണ്ടുവെന്നും ചിലര്‍ തട്ടിവിട്ടു. ഇതോടെ സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ കരച്ചിലും നിലവിളിയും ആരംഭിച്ചു. ആകാശത്ത് പ്രവാചകന്റെ പേര് എഴുതിവച്ചിരിക്കുന്നത് കണ്ടുവെന്നും പ്രചാരണമുണ്ടായി. 2020 മാര്‍ച്ച് 26ന് ഭൂമിക്ക് അടുത്തുകൂടെ ഒരു ഛിന്നഗ്രഹം കടന്നു പോകുന്നുവെന്നാണ് മറ്റൊരു വാര്‍ത്ത. ഇത് ഒട്ടേറെ കിംവദന്തികള്‍ക്കും തോന്നലുകള്‍ക്കും ഇടയാക്കി. 

ഇത്തരത്തില്‍ കേരളത്തിലും രാജ്യത്താകമാനവും ലോകത്തും വ്യാജ പ്രചരണങ്ങല്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് 153 അ/504/505 (1) (യ)/507 സെക്ഷനുകള്‍ പ്രകാരമാണ് ശിക്ഷ. കൊറോണ വൈറസിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരം (Epidemic Diseases Act, 1897) ശിക്ഷാര്‍ഹമാണ്. ഇന്ത്യയില്‍ വൈറസ് ബാധ ചെറുക്കാനായി 1897ലെ പകര്‍ച്ചവ്യാധി നിയമം വീണ്ടും ഉപയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിയമത്തിലെ രണ്ടാം സെക്ഷന്‍ ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശിച്ചത്. രാജ്യത്ത് പ്ലേഗ്, പന്നിപ്പനി, ഡെങ്കി, കോളറ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടച്ച സാഹചര്യങ്ങളില്‍ പലപ്പോഴായി നടപ്പാക്കിയിട്ടുള്ളതാണ് പകര്‍ച്ചവ്യാധി നിയമം.

ബ്രിട്ടീഷ് അധിനിവേശ കാലത്തെ ഈ നിയമം അപകടകരമായ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ഉദ്ദേശിച്ചുള്ളതാണ്. അന്നത്തെ ബോംബെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ വ്യാപനം നേരിടാനാണ് ബ്രിട്ടീഷുകാര്‍ പകര്‍ച്ചവ്യാധി രോഗ നിയമം കൊണ്ടുവന്നത്. 1897 ഫെബ്രുവരി നാലാം തീയതി ഈ നിയമം പാസാക്കി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ നടപ്പിലാക്കാന്‍ അന്നത്തെ കൊളോണിയല്‍ ഇന്ത്യ ഗവര്‍ണര്‍ ജനറല്‍ 'ദ മാര്‍ക്കസ് ഓഫ് റിപ്പണ്‍' പ്രാദേശിക അധികാരികള്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരുന്നു. പ്ലേഗ് ബാധ സംശയിക്കുന്നവരുടെ വീടുകളിലും യാത്രക്കാര്‍ക്കിടയിലും നിര്‍ബന്ധപൂര്‍വ്വം പരിശോധനകള്‍ നടത്താനും രോഗബാധയുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനും കോളനി അധികാരികള്‍ക്ക് പ്രത്യേകാധികാരങ്ങള്‍ നിയമം നല്‍കിയിരുന്നു.

നാല് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും ഹ്രസ്വമായ നിയമങ്ങളിലൊന്നാണ് ഈ നിയമം. ആദ്യ വിഭാഗം നിയമത്തിലെ എല്ലാ ശീര്‍ഷകങ്ങളും പരിധിയും വിവരിക്കുന്നു, രണ്ടാം ഭാഗം രോഗം പടരാതിരിക്കാന്‍ പ്രത്യേക നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും നല്‍കിയിട്ടുള്ള എല്ലാ പ്രത്യേക അധികാരങ്ങളും വിശദീകരിക്കുന്നു. നാല് സെഷനുകളാണ് നിയമത്തിലുള്ളത്. രണ്ടാം ഭാഗത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പകര്‍ച്ച വ്യാധി തടയാനായി പ്രത്യേക നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്നു. റെയില്‍വേ വഴിയോ മറ്റു മാര്‍ഗങ്ങള്‍ വഴിയോ സഞ്ചരിക്കുന്നവരെ പരിശോധിക്കാനും രോഗം സംശയിക്കുന്നവരെയും രോഗമുള്ളവരെയും ആശുപത്രികളിലോ നിരീക്ഷണകേന്ദ്രങ്ങളിലോ എത്തിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനും ഐ.പി.സി 188 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും നിയമത്തിലെ മൂന്നാം ഭാഗം സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് നാലാം ഭാഗം.

പകര്‍ച്ചവ്യാധി നിയമം ഇന്ത്യയില്‍ നടപ്പാക്കുന്ന് ഇതാദ്യമല്ല. 2018ല്‍ ഗുജറാത്തിലെ വഡോദരാ ജില്ലാ കളക്ടറാണ് ഇതിനു മുന്‍പ് ഈ നിയമം ഉപയോഗിച്ചത്. ഖേദ്‌സര്‍മിയ ഗ്രാമത്തില്‍ ഏതാനും പേര്‍ക്ക് കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു നിയമം ഉപയോഗിച്ചത്. ഇതിനു സമാനമായി 2015ല്‍ ചണ്ഡീഗഡില്‍ മലേറിയയും ഡെങ്കിയും നേരിടാനും ഈ നിയമം ഉപയോഗിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് അന്ന് 500 രൂപ പിഴയീടാക്കുകയും ചെയ്തു. 2019ല്‍ പൂനെയില്‍ പന്നിപ്പനി പടര്‍ന്നപ്പോള്‍ രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പകര്‍ച്ചവ്യാധി നിയമത്തിലെ രണ്ടാം സെഷന്‍ ഉപയോഗിച്ച് നഗരത്തില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിരുന്നു.

വാല്‍ക്കഷണം

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് യാത്ര നടത്തിയത് വിവാദമാവുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഏപ്രില്‍ രണ്ടാം തീയതി തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു-വാര്‍ത്ത.

കൊറോണ ശരണം...ഇത്തവണ ഇരുമുടിക്കെട്ടില്ലായിരുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക